കൈകൾക്ക് പകരം കാല് കൊണ്ട് അമ്പെയ്ത് ലോകകിരീടം നേടിയ കശ്മീരുകാരിയായ ശീതളിന്റെ ജീവിതകഥ

ശസ്ത്രക്രിയക്കുവേണ്ടി ഊഴം കാത്ത് മുന്നിലിരുന്ന പതിനാലുകാരിയോട് ഡോക്ടർ ശ്രീകാന്ത് ചോദിച്ചു: എന്താണ് നിന്റെ മോഹം? കണ്ണിലെ പ്രതീക്ഷയുടെ വെട്ടം മറയ്ക്കാതെ തന്നെ അവൾ മറുപടി കൊടുത്തു; 'എനിക്കെന്റെ കൈകളിൽ പല നിറങ്ങളുള്ള വളകളണിയണം.' കൈകളുടെ സ്ഥാനത്ത് രണ്ട് മാംസക്കഷ്ണങ്ങൾ വളർന്ന അവളുടെ തോളിൽ തട്ടി തെല്ലൊരു ദീർഘനിശ്വാസത്തോടെ ഡോക്ടർ പറഞ്ഞു: 'നമുക്ക് പ്രാർഥിക്കാം മോളേ'. ആ പ്രാർഥന, പക്ഷേ, വിഫലമായി. ഡോക്ടറുടെ പ്രയത്നവും. ജന്മനാ കൈകളില്ലാത്ത അവൾക്ക് കൃത്രിമക്കൈകൾ ഘടിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. വളയിടാനുള്ള അവളുടെ മോഹവും അന്നാ ആശുപത്രിയിൽവച്ചുതന്നെ വീണുടഞ്ഞു.
സ്വപ്നങ്ങൾ വളപ്പൊട്ടുകൾ പോലെ വീണു ചിതറിയ ബെംഗളൂരുവിൽ നിന്ന് കിഷ്ത്വറിലെ കുന്നിൻമുകളിലെ വീട്ടിലേയ്ക്ക് മടങ്ങിയ അവൾ, പക്ഷേ, കരഞ്ഞില്ല. സങ്കടപ്പെട്ട് വീട്ടിലൊതുങ്ങിയിരുന്നുമില്ല. സ്വപ്നം കണ്ട വളയ്ക്ക് പകരം അന്നോളം കാണാത്ത വില്ലെടുത്തു. മറ്റാരും ചെയ്യാത്ത മട്ടിൽ കാലു കൊണ്ടത് കുലച്ചു. സകലരെയും അമ്പരിപ്പിച്ചുകൊണ്ട് ലക്ഷ്യം പിഴയ്ക്കാതെ എയ്ത് മെഡലുകൾ വീഴ്ത്തിക്കൊണ്ടേയിരുന്നു. ലോകകിരീടം, പാരാലിമ്പിക് വെങ്കലം, മൂന്ന് ഏഷ്യൻ ഗെയിംസ് മെഡലുകൾ, ലോക ഒന്നാം നമ്പർ... ഇപ്പോഴിതാ ലോക പാരാ സീരീസിലും വ്യക്തിഗത കിരീടം. വിധിയെ തോൽപിച്ച ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ ചരിത്രം ഒന്നൊന്നായി വഴിമാറി. ആദരവുകൾ തേടിയെത്തി. രാജ്യം അർജുന നൽകി ആദരിച്ചു. ഏഷ്യായിലെ ഏറ്റവും മികച്ച വനിതാ പാരാ അത്‌ലറ്റായി അംഗീകരിച്ചു. ഇപ്പോഴിതാ ഹ്യൂണ്ടായിയുടെ ബ്രാൻഡ് അംബാസിഡറുമായിരിക്കുന്നു. 'ലക്ഷക്കണക്കിന് വരുന്ന ജനങ്ങൾക്ക് പ്രചോദനമാണ് ആ ജീവിതം'-ഹ്യുണ്ടായിയുടെ വാക്കുകളിലുണ്ട് ആ ജീവിതവിജയത്തിന്റെ സാരാംശം.
അഹമ്മദാബാദിലെ ഉദ്വേഗഭരിതമായ ഫൈനലിലെ ഷൂട്ടോഫിൽ പത്തിൽ പത്തും ബുൾസ് ഐയിൽ എയ്തുകൊള്ളിച്ചാണ് ശീതൾ അസൂയാവഹമായ നേട്ടപ്പട്ടികയിൽ കിരീടം ലോക പാരാ ആർച്ചറി സീരീസ് കിരീടം കൂടി എഴുതിച്ചേർത്തത്. കസാഖ്‌സ്താന്റെ ആയിസാദ സെയ്ദയായിരുന്നു എതിരാളി. നാടകീയവും സ്വപ്‌നതുല്ല്യവുമായിരുന്നു ആ ഫൈനൽ പോരാട്ടം.
കഴിഞ്ഞ വർഷം ഗ്വാങ്ചുവിലാണ് ശീതൾ ആദ്യമായി ലോകകിരീടം സ്വന്തമാക്കിയത്. അതും അന്നത്തെ ലോകചാമ്പ്യനും പാരിലിമ്പിക് സ്വർണമെഡൽ ജേതാവുമായ തുർക്കിയുടെ ഒസ്‌നുർ ക്യുറെയെ വീഴ്ത്തി. അന്നാ നേട്ടം സ്വന്തമാക്കുന്ന, രണ്ട് കൈകളുമില്ലാത്ത ആദ്യത്തെ താരമായിരുന്നു ശീതൾ. അഹമ്മദാബാദിലെ ഇപ്പോഴത്തെ നേട്ടം ആഴ്ചകൾക്കപ്പുറത്തുള്ള പാരാ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടാനുള്ള ആത്മവിശ്വാസം കൂടിയാണ് ശീതളിന് സമ്മാനിച്ചത്. നിലവിൽ വ്യക്തിഗത, മിക്‌സഡ് വിഭാഗങ്ങളിലെ സ്വർണ മെഡൽ ജേതാവാണ് ശീതൾ.
ശീതളിന്റെ നേട്ടങ്ങളുടെ യഥാർഥ മാറ്ററിയണമെങ്കിൽ മഞ്ഞുമൂടിയ കശ്മീരിലെ കിഷ്ത്വറിൽ നിന്ന് അഹമ്മദാബാദ് വരെ കൈകളില്ലാതെ അവൾ താണ്ടിയ ദൂരം കൂടി അറിയണം. കൈകൾ ഒട്ടും വളരാത്ത ഫോക്കോമെലിയ എന്ന അപൂർവമായ അവസ്ഥയുമായിട്ടായിരുന്നു ജമ്മുവിലെ ലോയ്ദർ ഗ്രാമത്തിൽ ശീതളിന്റെ ജനനം. മാൻ സിങ്ങിന്റെയും ശക്തിദേവിയുടെയും മൂന്ന് പെൺമക്കളിൽ മൂത്തവൾക്ക് കൈകളുടെ സ്ഥാനത്ത് രണ്ട് മാംസപിണ്ഡങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. മഞ്ഞുപുതച്ച കാർഗിലിന്റെ അയൽപക്കമായ കിഷ്ത്വർ മലനിരകളിലെ ജീവിതം അത്ര സുഖകരമായിരുന്നില്ല അവർക്ക്. സാമ്പത്തികമായും സുരക്ഷിതമായിരുന്നില്ല കുടുംബം. കുന്നിലും താഴ്വരയിലുമായിലമായി പച്ചക്കറിയും നെല്ലുമൊക്കെ വിളയിച്ചാണ് അച്ഛൻ കുടുംബം പോറ്റിയത്. അമ്മയ്ക്ക് നിത്യവൃത്തിക്ക് നാലഞ്ച് ആടുകളുണ്ട്. ഈ എണ്ണിച്ചുട്ട അപ്പം കൊണ്ട് വേണം മൂന്ന് പെൺകുട്ടികളുള്ള കുടുംബത്തിന് ഉണ്ണാനും ഉടുക്കാനും പഠിക്കാനുമെല്ലാം. കൈകളില്ലാത്ത ശീതളിന് തുടക്കത്തിൽ കടുപ്പമായിരുന്നു കാര്യങ്ങൾ. പക്ഷേ, കഷ്ടപ്പാടും ജീവിതത്തോടുള്ള അഭിനിവേശവും ഇരുപുറവും നിലയുറപ്പിച്ചപ്പോൾ ശീതൾ കുട്ടിക്കാലത്തു തന്നെ കൈകളുടെ കഥ മറന്നു. ചുവടൊന്ന് തെറ്റിയാൽ ജീവിതം കീഴ്മേൽ മറിയുന്ന മലകയറിയിറങ്ങി ബലിഷ്ഠമായ കാലുകളായിരുന്നു അവളുടെ കരുത്ത്. അതായിരുന്നു എല്ലാറ്റിനും ആശ്രയം. അതിലാണവൾ ജീവിതം കരുപ്പിടിപ്പിച്ചത്. കാലുകൊണ്ട് നോട്ടുകളെഴുതി, കണ്ണെഴുതി, മുടി ചീകി... ചെയ്യാത്തതായി ഒന്നുമുണ്ടായിരുന്നില്ല.
കാലുകൾ കൊണ്ട് വീട്ടിലേയ്ക്കുള്ള മല മാത്രമല്ല, വീടിന് ചുറ്റുമുളള മരങ്ങളും അവൾ അനായാസം കയറി. ആദ്യമായി മരത്തിൽ ഓടിക്കയറിയ ദിവസം സകലരും പരിഭ്രമിച്ചു. അവൾ മാത്രം അന്നാ സാഹസം ആസ്വദിച്ചു. പിന്നെ കൂടുതൽ ഉയരങ്ങളിലേയ്ക്ക് കയറി. പതുക്കെ ആ ഉയരങ്ങളെ പ്രണയിച്ചുതുടങ്ങി. ഉയരമുള്ള മരങ്ങളുടെ തുഞ്ചത്തെത്തുകയായിരുന്നു കുട്ടിക്കാലം മുതലുള്ള സ്വപ്നമെന്ന് പറഞ്ഞിട്ടുണ്ട് ശീതൾ. അതിലും സന്തോഷം നൽകുന്ന മറ്റൊന്നും അന്ന് ജീവിതത്തിലുണ്ടായിരുന്നില്ലെന്നും അവൾ പറയും. ആകെ തളർത്തിയത് കൈകളില്ലാത്ത കുട്ടിയെന്ന നാട്ടുകാരുടെ മുള്ളുവെച്ച സഹതാപ നോട്ടം മാത്രമായിരുന്നു. കാലക്രമേണ അതും ശീലമായി. അതിനെയും അവഗണിക്കാൻ അവൾ പഠിച്ചു. സഹതപിക്കുന്നവരുടെ കൺമുന്നിലൂടെ അവൾ കൂറ്റൻ മരങ്ങളുടെ ഉച്ചിയിലേയ്ക്ക് ഓടിക്കയറി. അത് നോക്കി ഗ്രാമവാസികൾ അന്തംവിട്ടുനിന്നു.
അധ്യാപികയാവാനായിരുന്നു കുട്ടിക്കാലം മുതലുള്ള മോഹം. പെട്ടന്നൊരു ദിവസം ആ ജീവിതത്തിന്റെ ട്രാക്ക് മാറ്റിയത് മലനിരകളുടെ കാവലിനെത്തിയ സൈന്യമാണ്. വിഘടനവാദികളെ നേരിടാൻ രൂപവത്കരിച്ച രാഷട്രീയ റൈഫിൾസിന്റെ ദോഗ്ര റെജിമെന്റ് മുഗൾ മൈതാനത്ത് യുവാക്കൾക്കായി സംഘടിപ്പിച്ച ഒരു ക്യാമ്പായിരുന്നു വഴിത്തിരിവ്. കൂട്ടുകാർക്കൊപ്പം ക്യാമ്പിൽ പങ്കെടുക്കാൻ മലയിറങ്ങി ശീതളുമെത്തി. കൈയില്ലെങ്കിലും മറ്റുള്ളവരെപ്പോലെ കാര്യങ്ങളൊക്കെ ചെയ്യുന്ന പെൺകുട്ടി റൈഫിൾസിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഉറച്ച ശരീരപ്രകൃതിയുള്ള അവളിൽ ഒരു കായികതാരമുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് അവരാണ്. കൈകളുടെ കാര്യത്തിൽ മാത്രമായിരുന്നു പോരായ്മ. അങ്ങനെ പഠിപ്പും ചികിത്സയുമായി അവളെ ഏറ്റെടുക്കാൻ അവർ തീരുമാനിച്ചു. ആദ്യം സഹായത്തിനായി സമീപിച്ചത് ബെംഗളൂരുവിലെ മേഘ്ന ഗിരീഷിനെയാണ്. ബെംഗളൂരുവിൽ മകന്റെ പേരിലൊരു സന്നദ്ധ സേവന ട്രസ്റ്റ് നടത്തുകയാണ്, ജമ്മുവിലെ നഗ്രോത്തയിൽ തീവ്രവാദികളുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മേജർ അക്ഷയ് ഗിരീഷിന്റെ അമ്മയായ മേഘ്ന. നടൻ അനുപം ഖേർ അടക്കം നിരവധിയാളുകളുമായി സംസാരിച്ചശേഷമാണ് ശീതളിനുവേണ്ടി കൃത്രിമക്കൈകൾ ഘടിപ്പിക്കാനുള്ള വഴിയൊരുക്കിയത്. ബെംഗളൂരുവിലെ വിഖ്യാത സ്പോർട്‌സ് ഫിസിയോതെറാപിസ്റ്റ് ശ്രീകാന്ത് അയ്യങ്കാറിനായിരുന്നു ആ കൈകൾ ഘടിപ്പിക്കാനുള്ള ചുമതല. എന്നാൽ, അവിടെ ഭാഗ്യം ശീതളിനെ തുണച്ചില്ല. വിദഗ്ദ്ധ പരിശോധനകൾക്കുശേഷം കൃത്രിമക്കൈകൾ അവൾക്ക് ചേരില്ലെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. കൈനിറയേ നിറമുള്ള കുപ്പിവളകളെന്ന അവളുടെ സ്വപ്നം അന്നാ ആശുപത്രിവരാന്തയുടെ നിശബ്ദതയിൽ വീണു ചിതറി. അപ്പോഴും അവൾ കുന്നിൻമുകളിലെ വലിയ മരത്തിന്റെ ഉച്ചിയിലെ ഒരു പച്ചിലയെ സ്വപ്നം കാണുകയായിരുന്നു.
ആ സ്വപ്നം പക്ഷേ, പാഴായില്ല. ആശുപത്രിയിൽ നിന്ന് നിരാശയോടെ നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങിയ ശീതളിനെ മേഘ്ന കൊണ്ടുപോയത് ബെംഗളൂരുവിലെ തന്നെ പ്രീതി റായിയുടെ അടുക്കലേക്കാണ്. ബീയിങ് യൂ എന്ന സന്നദ്ധ സംഘടനയുടെ സഹസ്ഥാപകയാണ് പ്രീതി. ശീതളിന്റെ മനസിൽ വീണ്ടും പ്രതീക്ഷയുടെ കൈത്തിരി തെളിക്കുന്നത് അവരാണ്. പർവതാരോഹണവും മരംകയറ്റവും ഹരമാക്കിയ ശീതളിന്റെ ഉള്ളിലെ കായികതാരത്തിന് കൂടുതുറന്ന് പറക്കാനുള്ള ജാലകം തുറന്നിടുന്നത് അവരാണ്. ഇവരുടെ നിർദേശപ്രകാരം ശരീരശേഷി പരിശോധിച്ച ഡോ.ശ്രീകാന്ത് തന്നെയാണ് നീന്തലിലോ ഓട്ടത്തിലോ ഒരു ശ്രമം നടത്താൻ ശീതളിനെ ഉപദേശിച്ചത്. ബീയിങ് യൂ അതിനുവേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു.
തുടക്കത്തിൽ ഓടാനും നീന്താനുമൊക്കെ തന്നെയായിരുന്നു ശ്രമമെങ്കിലും ക്രമേണ അവളുടെ ഇഷ്ടം അമ്പെയ്ത്തിലേയ്ക്ക് തിരിഞ്ഞു. നാട്ടിലേയ്ക്ക് മടങ്ങിയ ശീതൾ അങ്ങനെ ഒരു ദിവസം കത്രയിലെ മാതാ വൈഷ്ണോദേവി ആർച്ചറി അക്കാദമിയിലേയ്ക്ക് വിളിച്ചു. ധൈര്യമായി വരൂ എന്നായിരുന്നു മറുതലയ്ക്കൽ കോച്ച് കുൽദീപ് ബൈദ്വാന്റെ മറുപടി. അതായിരുന്നു വഴിത്തിരിവ്. പരിശീലനച്ചുമതല ഏറ്റെടുത്തെങ്കിലും കൈയില്ലാത്ത കുട്ടിയെ പരിശീലിപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയാതെ പരിശീലകരായ അഭിലാഷ് ചൗധരിയും കുൽദീപ് ബൈദ്വാനും കുഴങ്ങി. അവരുടെ അന്വേഷണം ചെന്നെത്തിയത് 2012 ലണ്ടൻ പാരാലിമ്പിക്സിലാണ്. അന്നവിടെ വെള്ളി നേടിയ മാറ്റ് സ്്ട്രട്സ്മാനും ശീതളിനെപ്പോലെ രണ്ടു കൈകളുമില്ലായിരുന്നു. കാലുകൊണ്ടായിരുന്നു അമേരിക്കക്കാരനായ സ്ട്രട്സ്മാന്റെ അമ്പെയ്ത്ത്. ആ അത്ഭുതകരമായ പ്രകടനത്തിന്റെ വീഡിയോകളായിരുന്നു പിന്നീട് ശീതളിന്റൈ പാഠപുസ്തകം. സ്ട്രട്സ്മാൻ മാനസഗുരുവുമായി.
സ്ട്രട്സ്മാന്റെ മാതൃകയിൽ പ്രത്യേകമായി നെഞ്ചിലണിയുന്ന സ്ട്രിപ്പും അമ്പ് തൊടുക്കാനുള്ള റിലീസറുമൊക്കെയുള്ള വില്ല് തന്നെയാണ് അവർ ശീതളിനുവേണ്ടിയും ഒരുക്കിയത്. കോച്ച് കുൽദീപാണ് ആദ്യമായി ആ കാലിലേയ്ക്ക് ഈ വില്ല് വെച്ചുകൊടുത്ത് ഹരിശ്രീ കുറിക്കുന്നത്. തുടക്കത്തിൽ കാല് കൊണ്ട് വില്ല് എടുത്തുയർത്താൻ തന്നെ പാടായിരുന്നു ശീതളിന്. ഞാണ് വലിച്ച് അമ്പെയ്യൽ അതിലും ശ്രമകരം. അമ്പുകളൊക്കെ ദിശതെറ്റി തറച്ചപ്പോൾ മനസ് തളർന്നു. ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന ചിന്ത കാടുകയറി. പ്രതീക്ഷയുടെ കൈത്തിരി മെല്ല ഉള്ളിലണഞ്ഞുതുടങ്ങി. ആദ്യമൊക്കെ ഒന്ന് പതറിയെങ്കിലും കുൽദീപിന്റെ ശിക്ഷണത്തിൽ മെല്ലെ വില്ല് ശീതളിന്റെ കാലിന് വഴങ്ങിക്കൊടുത്തു. അമ്പുകൾ കാറ്റിനെ ഭേദിച്ച് ലക്ഷ്യത്തിൽ തറച്ചുതുടങ്ങി. ആദ്യമായി എയ്ത അമ്പ് പത്ത് പോയിന്റിന്റെ മഞ്ഞ ഉൾവൃത്തത്തിൽ കൃത്യമായി ചെന്നുതറച്ചപ്പോൾ മുഖത്തെ കുസൃതിച്ചിരി മറയ്ക്കാൻ പാടുപെട്ട് അവൾ സ്വയം പറഞ്ഞു. 'എനിക്കിത് കഴിയും. ലക്ഷത്തിൽ ഒരുവളാണ് ഞാൻ.' മനസ്‌കൊണ്ട് അന്നേരമവൾ ഉച്ചിയിലെ ഏതോ പച്ചിലയെ തൊട്ടു. തുടക്കത്തിൽ അമ്പത് മുതൽ നൂറ് അമ്പ് വരെയായിരുന്നു ശീതൾ എയ്യാറുണ്ടായിരുന്നത്. പിന്നീടത് മുന്നൂറ് വരെയായി. ലക്ഷ്യം കിറുകൃത്യമായി. വിശ്രമവേളകളിൽ സമാനജീവിതങ്ങളുടെ വിജയകഥകൾ കേട്ടു. വായിച്ചു. ഉള്ളിലെ ചെറുനാളം അങ്ങനെ ജ്വലിച്ചു ജ്വലിച്ച് അഗ്നികുണ്ഡമായി. ശീതൾ ദേവിയെന്ന താരം പിറന്നു.
അങ്ങനെ ആറു മാസത്തെ കഠിനമായ പരിശീലനത്തിനൊടുവിൽ അവൾ ആദ്യമായി ഒരു ടൂർണമെന്റിൽ മാറ്റുരയ്ക്കാൻ യാത്രയായി. ഗോവയിൽ നടന്ന ജൂനിയർ നാഷണൽസായിരുന്നു ആദ്യ വേദി. അന്ന് പൂർണ ആരോഗ്യവാന്മാർക്കൊപ്പമായിരുന്നു ഒറ്റയാനായി, കൈയില്ലാത്ത ശീതളിന്റെ മത്സരം. പിന്നീട് ഖേലോ ഇന്ത്യയിൽ. അന്ന് ആദ്യമായി ഒരു മെഡൽ മാറിലണിഞ്ഞു. വെള്ളി. പിന്നീട് വനിതാ ഖേലോ ഇന്ത്യയിൽ കൂട്ടുകാരി ദീപ് ശിഖയ്ക്കൊപ്പം വെങ്കലം. അതുകഴിഞ്ഞ് സോനാപെട്ടിൽ നടന്ന ദേശീയ പാരാ ഓപ്പൺ നാഷണൽസിൽ വെള്ളി. ശീതളിനെ അങ്ങനെ രാജ്യം ശ്രദ്ധിച്ചുതുടങ്ങി.
അംഗവൈകല്യമൊന്നുമില്ലാത്തവർക്കൊപ്പം ഓപ്പൺ നാഷണൽസിൽ പങ്കടുത്ത് നാലാം സ്ഥാനത്തെത്താനും അക്കാലത്ത് ശീതളിന് കഴിഞ്ഞു. ചെക്ക് റിപ്പബ്ലിക്കിലെ ലോക പാരാ ആർച്ചറി ചാമ്പ്യൻഷിപ്പായിരുന്നു ആദ്യത്തെ അന്തർദേശീയ ടൂർണമെന്റ്. സുഗമമായിരുന്നില്ല കന്നി വിദേശയാത്ര. യാത്ര തുടങ്ങുംമുൻപ് തന്നെ കടുത്ത പനി പിടികൂടി. ദീർഘയാത്ര വയറിനെയും ചതിച്ചു. പിൽസെനിൽ വന്നിറങ്ങുമ്പോൾ തീർത്തും അവശയായിരുന്നു ശീതൾ. പരിശീലനം പോയിട്ട് ആർച്ചെറി റെയ്ഞ്ച് ഒന്ന് പോയിനോക്കാനുള്ള ഊർജം പോലും ബാക്കിയുണ്ടായിരുന്നില്ല. ദിവസം മുഴുവൻ കിടപ്പായി. മത്സരത്തിന് പതിനഞ്ച് മിനിറ്റ് മാത്രമുളളപ്പോഴാണ് വില്ലെടുത്ത് റെയ്ഞ്ചിലെത്തിയതുതന്നെ. തീർത്തും അപരിചിതമായ കാലാവസ്ഥ. പൊതുവേ ദുർബലയും. എന്നിട്ടും നാൽപത്തിയാറു പേർ മാറ്റുരച്ച യോഗ്യതാ റൗണ്ടിൽ ശീതൾ നാലാതായി. തിരിച്ചടികളുടെ ശരവർഷം അവിടെയും നിന്നില്ല. കഠിനമായ മത്സരത്തിനുശേഷം വീണ്ടും പനി കടുത്തു. തളർന്ന് ആശുപത്രിയിലായി. ഡ്രിപ്പായിരുന്നു ആശ്രയം. ആശുപത്രിവാസത്തിന്റെ ക്ഷീണവുമായാണ് രണ്ടാംനാൾ ഫൈനലിന് വീണ്ടും വില്ലുമായി ഇറങ്ങിയത്. തളർച്ചയോടെ തന്നെ പൊരുതിയിട്ടും ചരിത്രം കുറിച്ച അഭിമാനവെള്ളിയുമായിട്ടായിരുന്നു മടക്കം. ഒരു കൈയുള്ള ടോക്യോ പാരാലിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് കൂടിയായ തുർക്കിയുടെ ഒസ്നുറിനോട് രണ്ട് പോയിന്റിന് മാത്രമാണ് രണ്ടു കൈയുമില്ലാത്ത ശീതളിന് തോൽവി വഴങ്ങേണ്ടിവന്നത്. ലോകചാമ്പ്യൻഷിപ്പിൽ കൈകളില്ലാത്ത ഒരു വനിതാ താരം നേടുന്ന ആദ്യത്തെ മെഡലായിരുന്നു അത്. അങ്ങനെ അതും ഒരു ചരിത്രമായി. വെള്ളി മെഡൽ മാത്രമല്ല, അടുത്ത വർഷത്തെ പാരിസ് പാരാലിമ്പിക്സിനുളള യോഗ്യത കൂടിയാണ് പതിനൊന്ന് മാസം മുൻപ് മാത്രം അമ്പെയ്തു തുടങ്ങിയ ശീതൾ ഉറപ്പിച്ചത്.
അന്ന് മറ്റൊരു അത്ഭുതം കൂടി സംഭവിച്ചു. ശീതളിനെ കാണാൻ നിനയ്ക്കാതൊരു അതിഥിയെത്തി. തന്റെ റോൾമോഡലായ മാറ്റ് സ്ട്രട്സ്മാൻ. 'അവൾ ജയിച്ചുകാണാൻ എനിക്ക് വലിയ മോഹമുണ്ട്. ജയിക്കണമെന്ന വല്ലാത്തൊരു വാഞ്ജ അവളിൽ കാണാനുണ്ട്'-സ്ട്രട്സ്മാൻ അന്ന് പ്രവചനസ്വരത്തിൽ പറഞ്ഞു. ശീതളിന്റെ വില്ലിലെ ചില സാങ്കേതിക പ്രശ്നങ്ങളും അന്ന് സ്ട്രട്സ്മാൻ ചൂണ്ടിക്കാട്ടി. എന്തായാലും ഈ പ്രവചനം ഫലിക്കാൻ ചൈനയിലെ ഹാങ്ചൗ വരെയേ കാത്തിരിക്കേണ്ടിവന്നുള്ളൂ. യോഗ്യതാ മത്സരത്തിൽ 689 പോയിന്റാണ് ശീതൾ എയ്തുനേടിയത്. സ്ട്രട്സ്മാനെക്കാൾ നാലു പോയിന്റ് കൂടുതൽ.
അങ്ങനെ സമാനതകളില്ലാത്തതായി ഹാങ്ചൗ പാരാ ഏഷ്യൻ ഗെയിംസിലെ പ്രകടനവും. വ്യക്തിഗത കോമ്പൗണ്ട് ഇനത്തിൽ ആദ്യ മൂന്ന് റൗണ്ടിലും സിംഗപ്പൂരിന്റെ അലിം നൂർ സിയാഹിദയേക്കാൾ പിറകിലായിരുന്നു ശീതൾ. മൂന്നാം റൗണ്ട് എത്തിയപ്പൊഴേയ്ക്കും മൂന്ന് പോയിന്റിന്റെ ലീഡ് വഴങ്ങി. എന്നാൽ, പിന്നീടുളള രണ്ട് റൗണ്ടുകൾ അത്ഭുതമായിരുന്നു. തുടർച്ചയായ ആറ് അമ്പുകളും കൃത്യം പത്ത് പോയിന്റിന്റെ ബുൾസ് ഐയിൽ. അങ്ങനെ രണ്ട് പോയിന്റിന്റെ ലീഡോടെ സ്വർണം. തൊങ്ങലുകെട്ടി ആഘോഷിക്കപ്പെട്ടില്ലെങ്കിലും ഇന്ത്യൻ കായികരംഗം സാക്ഷിയായ ഏറ്റവും ആവേശകരമായ നിമിഷങ്ങളിൽ ഓയിരുന്നു അത്. ആ ഒരൊറ്റ പ്രകടനം കൊണ്ട്തന്നെ ഇന്ത്യൻ സ്പോർട്സിലെ സൂപ്പർതാരമായി മാറിക്കഴിഞ്ഞു ശീതൾ.
അന്ന് ന്യൂഡൽഹിയിൽ നടന്ന സ്വീകരണത്തിൽ ശീതൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊരു വാക്ക് കൊടുത്തു: 'പാരിസ് പാരാലിമ്പിക്‌സിൽ ഞാൻ രാജ്യത്തിനൊരു മെഡൽ നേടിത്തരും. ഇനിയുള്ള ശ്രമമത്രയും അതിനുവേണ്ടിയായിരിക്കും.' ഇത് പറയുമ്പോൾ ശീതളിന്റെ കണ്ണിലെ ആത്മവിശ്വാസത്തിന് ഉച്ചസൂര്യനേക്കാൾ തിളക്കമുണ്ടായിരുന്നു. രാജ്യത്തിന് കൊടുത്ത വാക്ക് ഒരു വർഷത്തിനുള്ളിൽ തന്നെ ശീതൾ പാലിച്ചു. പാരിസ് പാരാലിമ്പിക്‌സിന്റെ കോമ്പൗണ്ട് ഇനത്തിൽ രണ്ട് മെഡൽ. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പാരാലിമ്പിക് മെഡൽ ജേതാവെന്ന ബഹുമതിയും. അവിടെയും നിന്നില്ല ശീതൾ. കഴിഞ്ഞ വർഷം ലോകചാമ്പ്യൻഷിപ്പിൽ ആദ്യമായി വ്യക്തിഗത സ്വർണം. പിന്നെ ടീമിനത്തിൽ ഒരു വെള്ളിയും വെങ്കലവും.
അസാധ്യം എന്നൊരു വാക്ക് അവളുടെ നിഘണ്ടുവിലില്ല. അതൊക്കെ അവൾ എന്നേ വലംകാൽ കൊണ്ട് ശരം തൊടുത്ത് തിരുത്തിയെഴുതിക്കഴിഞ്ഞു. പോരായ്മകളും സാധ്യതകളും ശരീരത്തിലല്ല, മനസിലാണെന്ന് കൈകളില്ലാതെ തെളിയിക്കുകയും ചെയ്തു. ഇവരേയല്ലാതെ മറ്റാരെ നമ്മൾ സൂപ്പർസ്റ്റാറെന്നും സ്പോർട്ടിങ് ഐക്കണെന്നുമൊക്കെ വ്യാകരണം തെറ്റാതെ വിളിക്കും.
Content Highlights: Born without arms due to a rare condition called phocomelia in Jammu., Overcame physical barriers to master archery using her feet., Won multiple international medals including the World Para Archery Series and Paralympics., Honored with the Arjuna Award and appointed as Hyundai's brand ambassador.
Published: 10 Sept 2026, 03:08 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented