ണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴയിൽ നിന്ന് ദുബായ് വഴി മാഡ്രിഡിലെത്തിയ കഥയാണ് മലയാളിയായ ജിതിൻ ജനാർദ്ദനന് പറയാനുള്ളത്. ആ യാത്രയിലുടനീളം ജിതിന്റെ കാലുകളിൽ ഒരു ഫുട്‌ബോളുണ്ടായിരുന്നു. അതിനിടയിൽ റൈറ്റ് ബാക്കിലുള്ള റോൾ ടച്ച് ലൈനിലേക്ക് മാറി. രണ്ട് മാസം മുമ്പ് ലാ ലിഗ ക്ലബ്ബ് റയോ വല്ലെക്കാനോയുടെ റിസർവ് ടീമായ റയോ വല്ലെക്കാനോ ബിയുടെ സഹ പരിശീലകനായി ജിതിൻ ചുമതലയേറ്റെടുത്തു. സ്പാനിഷ് ക്ലബ്ബിന്റെ പരിശീലകനാകുന്നതിന് മുമ്പ് പിന്നിട്ട വഴികളെ കുറിച്ചും മാഡ്രിഡിലെ പരിശീലന രീതിയെ കുറിച്ചും ജിതിൻ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.   

To advertise here,

ഫുട്‌ബോളിനോടുള്ള താത്പര്യം വന്നത് എങ്ങനെയാണ്?

കുട്ടിക്കാലം മുതൽ ഞാൻ ഫുട്‌ബോൾ മത്സരങ്ങൾ കാണാറുണ്ടായിരുന്നു. ചെറുപുഴയിലാണ് ജനിച്ചതെങ്കിലും അച്ഛൻ ജനാർദ്ദനൻ ദുബായ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായതിനാൽ കുട്ടിക്കാലത്ത് തന്നെ യുഎഇയിലേക്ക് പോയി. അമ്മ ദീപയും സഹോദരങ്ങളായ ശ്രീഹരിയും പ്രാർഥനയും കൂടെയുണ്ടായിരുന്നു. അവിടെ ഷാർജ ഇന്ത്യൻ സ്‌കൂളിലാണ് പഠിച്ചത്. അന്ന് തന്നെ ഫുട്‌ബോൾ കളിക്കാൻ തുടങ്ങിയിരുന്നു. ഇറ്റലിയുടെ സെൻട്രൽ ബാക്കായ പൗലോ മാൽദീനിയായിരുന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ട കളിക്കാരൻ. ഞാൻ കളിച്ചിരുന്നത് റൈറ്റ് ബാക്ക് പൊസിഷനിലായിരുന്നു. എന്നാൽ പരിക്ക് കാരണം പലപ്പോഴും കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. ഇതോടെയാണ് പരിശീലകന്റെ റോളിലേക്ക് മാറുന്നതിനെ കുറിച്ച് ആലോചിച്ചത്.

മൂന്ന് വർഷം മുമ്പ് മികച്ച പരിശീലനം നേടാനായി മാഡ്രിഡിലേക്ക് വിമാനം കയറി. റയൽ മാഡ്രിഡ് ഗ്രാജ്വേറ്റ് സ്‌കൂളിൽ നിന്ന ഫുട്‌ബോൾ കോച്ചിങ് ആൻഡ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. അന്ന് കോഴ്‌സ് ഡയറക്ടറായിരുന്നത് റയൽ മാഡ്രിഡിന്റെ പ്രധാന ഡിഫൻഡർമാരിൽ ഒരാളായിരുന്ന ആൽവാരോ അർബെലോവയായിരുന്നു. അദ്ദേഹവുമായുള്ള ബന്ധം കരിയറിൽ വഴിത്തിരിവായി. യൂറോപ്യൻ ഫുട്ബോളിലെ തന്ത്രങ്ങൾ അദ്ദേഹം തന്നെ പകർന്നുനൽകിയത് വലിയ മുതൽക്കൂട്ടായി.

എഡി അൽകൊർകോണിൽ നിന്ന് റയോ വല്ലെക്കാനോയിലേക്ക്?

പഠനത്തിനുശേഷം സ്പാനിഷ് ലീഗിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ എഡി അൽകൊർകോണിന്റെ സി ടീമിൽ ഇന്റേൺഷിപ്പിന് അവസരം ലഭിച്ചു. അന്ന് എന്റെ മികവ് തിരിച്ചറിഞ്ഞ പരിശീലകൻ അലക്‌സാണ്ടർ തൻസെസ്‌കി ടീമിന്റെ പരിശീലക സംഘത്തിൽ എന്നേയും ഉൾപ്പെടുത്തുകയായിരുന്നു. പിന്നാലെ സി ടീമിന്റെ സഹപരിശീലകനായി മാറി. അവിടെ നിന്ന് ബി ടീമിന്റെ സഹപരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചു.

രണ്ടര വർഷത്തോളം അൽകൊർകോണിനൊപ്പം പ്രവർത്തിച്ചു. അതിനിടയിൽ ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസമായ അലക്‌സാണ്ടർ ഡെൽ പിയറോയെ പരിചയപ്പെടാനായി. അദ്ദേഹത്തിന്റെ മകൻ ക്ലബ്ബിന്റെ ഭാഗമായിരുന്നു. ഇറ്റാലിയൻ ഫുട്‌ബോളിനെ കുറിച്ചും ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ കുറിച്ചുമെല്ലാം ഡെൽ പിയറോ സംസാരിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങളായിരുന്നു അത്.

കഴിഞ്ഞ ലോകകപ്പിൽ ഖത്തറിനായി കളിച്ച മലയാളി താരം തഹ്‌സീൻ മുഹമ്മദിന് പരിശീലനം നൽകാനും അവസരം ലഭിച്ചു. 2024-2025 സീസണിൽ തഹ്‌സീൻ സ്‌പെയ്‌നിലെത്തിയിരുന്നു. അന്ന് അൽ കൊർക്കോണിൽവെച്ചാണ് അവന് പരിശീലനം നൽകിയത്. സ്‌പെയിൻ യൂറോ കപ്പ് നേടിയപ്പോഴും ലോകകപ്പ് നേടിയപ്പോഴും അവരുടെ വിക്ടറി പരേഡ് നേരിട്ട് കാണാനായി. അത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷമാണ്. രണ്ട് മാസം മുമ്പാണ് അൽകൊർകോണിൽ നിന്ന് റയോ വല്ലെക്കാനോയിലെത്തിയത്. റയോ വല്ലെക്കാനോയുടെ ബി ടീമിന്റെ സഹപരിശീലകനായാണ് ചുമതലയേറ്റെടുത്തത്.

സ്പാനിഷ് ഫുട്‌ബോളിന്റെ ശക്തി?

സ്‌പെയിനുകാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ് ഫുട്‌ബോൾ. കുട്ടിക്കാലം മുതൽ തന്നെ അവർ മക്കൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നുണ്ട്. അത്രയും അവസരങ്ങളാണ് അവിടെയുള്ളത്. മാഡ്രിഡിൽ തന്നെ ആയിരത്തോളം ക്ലബ്ബുകളുണ്ട്. ഓരോ ക്ലബ്ബിനും പല കാറ്റഗറി ടീമുണ്ട്. അണ്ടർ-5 മുതൽ അണ്ടർ-19 വരേയുള്ള ടീമുകളുണ്ട്. ഓരോ കാറ്റഗറിയിലെ ടീമുകളും അഞ്ച് ഡിവിഷനുകളിലാണ് കളിക്കുന്നത്. അണ്ടർ-19 ടീമാകട്ടെ എട്ട് ഡിവിഷനുകളിലാണ് കളിക്കുന്നത്.

കുട്ടികളെ ആറാം വയസ്സിൽ തന്നെ രക്ഷിതാക്കൾ ഫുട്‌ബോൾ പഠിപ്പിച്ചു തുടങ്ങും. അവരുടെ കഴിവ് അനുസരിച്ച് മാത്രമേ മികച്ച ഡിവിഷനിലേക്ക് യോഗ്യത നേടൂ. മൂന്നാം ഡിവിഷനിലും വിജയിച്ചില്ലെങ്കിൽ പലരും തങ്ങളുടെ പ്രൊഫഷൻ മാറുകയാണ് ചെയ്യാറുള്ളത്. ഇന്ത്യയിലുള്ളത് പോലെ മക്കളെ ഫുട്‌ബോൾ കളിപ്പിച്ചാൽ ഒന്നുമാകാതെ ആയിപ്പോകുമോ എന്നുള്ള ഭയം അവിടുത്തെ രക്ഷിതാക്കൾക്കില്ല. മിനിമം സാലറി ലഭിക്കുന്നതിനാൽ രക്ഷിതാക്കൾക്ക് അത്തരത്തിലുള്ള ഒരു പേടിയുമില്ലാതെ മക്കളെ തുറന്നുവിടാം. എന്നാൽ ഇന്ത്യയിലെ സിസ്റ്റവും സ്‌ട്രെക്ച്ചറുമെല്ലാം വേറെയാണ്.

ഇന്ത്യയിലേക്ക് തിരിച്ചുവരുമോ?

ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ ആഗ്രഹമുണ്ട്. കുറച്ചുകാലം കഴിഞ്ഞിട്ട് മാത്രമേ അതിനെ കുറിച്ച് ചിന്തിക്കൂ. ഇപ്പോൾ സ്‌പെയിനിൽ തന്നെ തുടരാനാണ് താത്പര്യം. ഇവിടെ കുറച്ചുകാലം കൂടി കരിയർ ചെലവഴിച്ചശേഷം ഒരു ടീമിന്റെ ഹെഡ് കോച്ച് പൊസിഷനിലേക്ക് എത്തണം. അതിനുശേഷമാകും ഭാവികാര്യങ്ങൾ ആലോചിക്കുക. ഇന്ത്യൻ ടീമിന്റെ ഭാഗമായില്ലെങ്കിൽ ഏതെങ്കിലും ഇന്ത്യൻ ക്ലബ്ബിന്റെ ഹെഡ് കോച്ചാകാനും ആഗ്രഹമുണ്ട്.