ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ 1982 മുതൽ കേരളത്തിൽ നിന്നുള്ള താരങ്ങൾ ഇന്ത്യൻ ടീമിൽ, പ്രത്യേകിച്ച് വനിതാ ടീമിൽ സാന്നിധ്യമറിയിക്കുന്നു. ടീമിലെ നാലിൽ മൂന്നുപേരും മലയാളികളായത് എത്രയോ തവണ. പക്ഷേ, ബാറ്റൺ കൈവിട്ടോ അവസരം നഷ്ടപ്പെട്ടോ അവരെ നിർഭാഗ്യം പിൻതുടരുന്നു.

To advertise here,

1982-ലെ ന്യൂഡൽഹി ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെള്ളി നേടിയ കെ.കെ. പ്രേമചന്ദ്രൻ 4x400 മീറ്റർ റിലേയുടെ ഫൈനലിൽ പവിത്തർ സിങ്ങിൽ നിന്ന് ബാറ്റൻ സ്വീകരിച്ചപ്പോൾ കൈവിട്ടു. ട്രാക്കിൽ വീണ് ഉരുണ്ടുമാറിയ ബാറ്റൻ എടുത്ത് പ്രേമൻ ഓട്ടം തുടർന്നെങ്കിലും മെഡൽ കിട്ടിയില്ല. ഇന്ത്യ സ്വർണം പ്രതീക്ഷിച്ച ഇനമായിരുന്നു.

ന്യൂഡൽഹി ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4x400 മീറ്ററിൽ ഇന്ത്യക്കു വെള്ളിയായതാകട്ടെ ഒരു ട്രയൽ നാടകത്തിന്റെ ബാക്കിപത്രവും. ഏഷ്യൻ ഗെയിംസിനു മുന്നോടിയായി പട്യാലയിൽ നടന്ന ട്രയൽസിൽ വനിതകളുടെ 4x400 മീറ്റർ റിലേ ടീമിനെ തിരഞ്ഞെടുത്തു. റീത്താ സെൻ, എം.ശ്രീകുമാരിയമ്മ, പി.ടി.ഉഷ, പത്മിനി തോമസ്. പി.ടി. ഉഷയ്ക്ക് സ്പ്രിന്റിൽ ഇരട്ട വെള്ളി ലഭിച്ചെങ്കിലും ഒരു മാസം മുമ്പ് മലമ്പനി ബാധിച്ചതിന്റെ ക്ഷീണം ഉണ്ടായിരുന്നതിനാലാകാം ഉഷയെ മാറ്റി, 400 മീ. ഹർഡിൽസിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണ്ണം നേടിയ എം.ഡി. വത്സമ്മയെ ഉൾപ്പെടുത്തി ടീം അഴിച്ചുപണിതു. ഇത് സ്വാഭാവിക നടപടി മാത്രം.

നവംബർ 25-ന് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങൾ തുടങ്ങിയപ്പോഴും ടീമിൽ മറ്റൊരു മാറ്റമില്ലായിരുന്നു. എന്നാൽ മത്സര ദിവസമായ 26-നു രാവിലെ ഒരു ട്രയൽ നാടകം അരങ്ങേറി. പരിക്കിന്റെ വേദന വിട്ടുമാറാഞ്ഞതിനാൽ ഒരു ട്രയൽ കൂടി ഓടിയാൽ മത്സരത്തെ ബാധിക്കുമെന്നു പറഞ്ഞ ശ്രീകുമാരിയമ്മയെ നിർബന്ധിച്ച് ട്രയൽസിനിറക്കി. അതുവഴി ശ്രീകുമാരിക്കു പകരം ഹമീദാ ബാനുവിനെ ടീമിൽ എടുത്തു. കരുതിക്കൂട്ടിയുള്ള കളി. 400 മീറ്ററിൽ ശ്രീകുമാരിയുടെ മികച്ച സമയം 55.6 സെക്കൻഡും ഹമീദയുടേത് 56.1 സെക്കൻഡുമായിരുന്നു. ശ്രീകുമാരിയുടെ മുൻ പ്രകടനങ്ങളും കണക്കിലെടുത്തില്ല.

ഒടുവിൽ സംഭവിച്ചതോ? ബാറ്റൻ കൈമാറ്റം പിഴച്ചു. സ്വർണ്ണം ഉറപ്പായിരുന്ന ഇന്ത്യ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. ബാറ്റൻ കൈമാറ്റത്തിൽ ഏറെ പരിചയവും പരിശീലനവും ആവശ്യമായിരിക്കെ അവസാന നിമിഷം ഒരാളെ ടീമിൽ തിരുകി കയറ്റിയാൽ എങ്ങനെയിരിക്കും ?അതാണ് സംഭവിച്ചത്. 12 സെക്കൻഡിൽ താഴെ 100 മീറ്റർ ഓടിയ ആദ്യ ഇന്ത്യക്കാരിയായതു മുതൽ ശ്രീകുമാരിയമ്മ താലോലിച്ച സ്വപ്നമായിരുന്നു ഏഷ്യൻ ഗെയിംസ് മെഡൽ. അതാണ് ചീഫ് കോച്ച് ജെ.എസ്. സെയ്‌നിയുടെ നേതൃത്വത്തിൽ തല്ലിക്കെടുത്തിയത്.

1990-ലെ ബെയ്ജിങ് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ ഇന്ത്യ ഒരു മെഡൽ പ്രതീക്ഷിച്ചിരുന്നു. കാരണം തലേവർഷം ന്യൂഡൽഹിയിൽ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ (പി.ബൈജു, പി.വി.രാജു, സി.എസ്.മുരളീധരൻ, അയ്യപ്പ ദുരെ ടീം) വെള്ളി നേടിയിരുന്നു. ബെയ്ജിങ് ഏഷ്യൻ ഗെയിംസിൽ അയ്യപ്പ ദുരെയ്ക്കു പകരം അർജുൻ ദേവയ്യയെ ഉൾപ്പെടുത്തി. അഞ്ചാമത്തെയാൾ 800 മീറ്റർ ഓട്ടക്കാരൻ ബി. വിജയകുമാരൻ. അഞ്ചിൽ നാലും മലയാളികൾ.

ഹീറ്റ്സിൽ മുരളീധരനെ ഒഴിവാക്കിയെങ്കിലും ഭേദപ്പെട്ട പ്രകടനമായിരുന്നു (3:10:43). ഫൈനലിൽ വിജയകുമാറിനു പകരം മുരളിയെത്തുമെന്നായിരുന്നു മുൻ തീരുമാനം. കാരണം വിജയകുമാറിന് 800 മീറ്റർ മത്സരം കഴിഞ്ഞ് വിശ്രമിക്കാൻ സമയമില്ല. മാത്രമല്ല, ഹീറ്റ്‌സ് ഓടിയതിനാൽ ഇന്ത്യ മെഡൽ നേടിയാൽ വിജയകുമാറിനും ലഭിക്കും. എന്നാൽ അവസാന നിമിഷം ഒരു പരിഷ്‌കാരം. പി. ബിജുവിനെ പുറത്തിരുത്തി ക്ഷീണിതനായിരുന്ന വിജയകുമാറിനെ ഓടിച്ചു. ഫലം. ഇന്ത്യ ജപ്പാനും ഖത്തറിനും ചൈനയ്ക്കും പിന്നിൽ നാലാമത് (3:10:70). റിലേയിൽ മെഡൽ ഉറപ്പിക്കാൻ പി.വി.രാജു 400 മീറ്റർ മത്സരത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇവിടെയും പ്രതി ജെ.എസ്. സെയ്‌നി. ആരോട് പരാതിപ്പെടാൻ ? ഒടുവിൽ സെയ്‌നി ദ്രോണാചാര്യ നേടുന്നതും നാം കണ്ടു.