തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്ന് അമേരിക്കയിലെ വിഖ്യാതമായ ബ്രൗൺ സർവ്വകലാശാലയിലേക്ക് കരിയർ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് 17-കാരനായ പ്രണവ് ഇളങ്കോ. ഈറോഡ് സി.എസ് അക്കാദമിയിലെ വിദ്യാർഥിയായ പ്രണവ്, 2026–30 അധ്യയന വർഷത്തെ ബിരുദ പഠനത്തിനായാണ് പ്രമുഖ ഐവി ലീഗ് സ്ഥാപനത്തിൽ പ്രവേശനം നേടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 3.55 കോടി രൂപയുടെ (നാല് വർഷത്തേക്ക്) ഭീമമായ സ്കോളർഷിപ്പാണ് നേട്ടത്തിന്റെ മാറ്റുകൂട്ടുന്നത്. സ്കൂൾ അധികൃതർ ഇത് 90 ശതമാനം സ്കോളർഷിപ്പായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചെറുപ്പത്തിലേ ഗണിതത്തിലും സാങ്കേതികവിദ്യയിലും പ്രശ്നപരിഹാര രീതികളിലും വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്ന പ്രണവ്, ഐ.ജി.സി.എസ്.ഇ മാത്തമാറ്റിക്സിൽ 'വേൾഡ് ടോപ്പർ' എന്ന ബഹുമതിയും ഔട്ട്സ്റ്റാൻഡിങ് കേംബ്രിഡ്ജ് ലേണേഴ്സ് അംഗീകാരവും നേടിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ, എൻട്രപ്രണർഷിപ്പ്, എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ മേഖലകളിലുള്ള താല്പര്യമാണ് മേഖലയിലേക്ക് തിരിയാനുള്ള പ്രധാന കാരണം.
ബ്രൗൺ സർവ്വകലാശാലയിൽ അപ്ലൈഡ് മാത്തമാറ്റിക്സും പബ്ലിക് ഹെൽത്തുമായിരിക്കും പ്രണവ് പഠനവിഷയമായി തിരഞ്ഞെടുക്കുക. ഡാറ്റാ അനാലിസിസ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫറൻസ്, മാത്തമാറ്റിക്കൽ മോഡലിങ് എന്നിവയിലൂടെ ആരോഗ്യരംഗത്തെ സങ്കീർണ്ണമായ വെല്ലുവിളികൾ പരിഹരിക്കാനാണ് പ്രണവ് ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ മേഖലകളിലെ പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാറ്റങ്ങൾ കൊണ്ടുവരുക എന്നതാണ് പ്രധാന ലക്ഷ്യം.
13-ാം വയസ്സ് മുതൽ 'ഡെക്സ്റ്ററിറ്റി ഗ്ലോബലിന്റെ' നാഷണൽ സ്കോളർ ഡെവലപ്‌മെന്റ് പ്രോഗ്രാമിലൂടെ ലഭിച്ച പരിശീലനമാണ് പ്രണവിനെ അന്താരാഷ്ട്ര തലത്തിലുള്ള നേട്ടത്തിന് പ്രാപ്തനാക്കിയത്. അക്കാദമിക് മികവിനൊപ്പം നേതൃപാടവവും പ്രശ്നപരിഹാര ശേഷിയും വളർത്താൻ പ്രോഗ്രാം സഹായിച്ചു.
ഭീമമായ സ്കോളർഷിപ്പ് തുകയാണ് വാർത്തകളിൽ ഇടംപിടിക്കുന്നതെങ്കിലും നേട്ടം എങ്ങനെ വിനിയോഗിക്കണമെന്ന പ്രണവിൻ്റെ വ്യക്തതയും മാതൃകയാണ്. സാങ്കേതികവിദ്യയും ഗണിതശാസ്ത്രവും ഉപയോഗിച്ച് ദരിദ്ര വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യവും പ്രണവിനുണ്ട്.
Content Highlights: A 17-year-old student from Erode, Pranav Elango, has bagged a prestigious ₹3.55 crore (90%) scholarship to pursue Applied Mathematics and Public Health at the renowned Ivy League institution, Brown University.
Published: 14 Aug 2026, 03:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented