അഹമ്മദാബാദ്: ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ താരം ശീതൾ ദേവി. വനിതകളുടെ കോംപൗണ്ട് ഇനത്തിലാണ് ശീതൾ സ്വർണം നേടിയത്. കസാക്കിസ്ഥാന്റെ ഐസാദ മെയ്ദാനെയാണ് ശീതൾ പരാജയപ്പെടുത്തിയത്. അതോടെ പാരാ ആർച്ചറി സീരീസിൽ ഇന്ത്യയുടെ മെഡൽ നേട്ടം പതിനഞ്ചായി ഉയർന്നു.

To advertise here,

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുക്കമാണ് ശീതൾ കസാക്കിസ്ഥാൻ താരത്തെ മറികടന്നത്. ഇരുവരും 144 പോയന്റ് നേടി സമനില പാലിച്ചു. അതോടെ മത്സരം ഷൂട്ട് ഓഫ് റൗണ്ടിലേക്ക് കടന്നു. ഷൂട്ട് ഓഫിൽ ശീതൾ 10 പോയന്റ് നേടിയപ്പോൾ ഐസാദയ്ക്ക് ഒൻപത് പോയന്റ് മാത്രമാണ് നേടാനായത്. ലോക പാരാ ആർച്ചറി സീരിസിൽ ഇതാദ്യമായാണ് ശീതൾ വ്യക്തിഗത സ്വർണം നേടുന്നത്.

എതിരാളികളുടെ കടുത്ത വെല്ലുവിളി മറികടന്നാണ് ശീതൾ ഫൈനൽ വരെയെത്തിയത്. റൗണ്ട് ഓഫ് 16 ൽ സ്ലൊവാക്കിയയുടെ ലിലിയാന ലൊക്കോവയെ 147-142 എന്ന സ്‌കോറിനാണ് ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ ബ്രിട്ടന്റെ ജെസ്സിക്ക സ്‌ട്രെറ്റണും(145-142) സെമിയിൽ സരിതയും (145-143) ശീതളിന് മുന്നിൽ വീണു.