തൊടുപുഴ: ആഗ്രഹത്തിന് അതിരുകളുണ്ടോ എന്ന് സംശയിക്കുന്നവർ തൊടുപുഴ കുടയത്തൂർ സ്വദേശിനി സരോജിനിയമ്മയോട് ഇക്കാര്യമൊന്ന് ചോദിക്കണം. വിരമിക്കലും കഴിഞ്ഞ് വിശ്രമജീവിതത്തിലേക്ക് മാറുന്ന പ്രായത്തിൽ, തന്റെ എഴുപത്തിയെട്ടാം വയസ്സിലും ബിരുദാനന്തര ബിരുദത്തിന്റെ റിസൽറ്റിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് കുടയത്തൂർ ചേലപ്ലാക്കൽ വീട്ടിൽ കെ.ഐ. സരോജിനി.

To advertise here,

പഠിക്കാൻ പ്രായമല്ല, അതിനൊരു ശക്തമായ മനസ്സാണ് വേണ്ടതെന്ന് തെളിയിക്കുകയാണ് സരോജിനിയമ്മയുടെ ഈ വിജയഗാഥ. 1966-ൽ പത്താംക്ലാസ് പാസായ സരോജിനിക്ക് പിന്നീട് ആദായനികുതി വകുപ്പിൽ ജോലി ലഭിച്ചു. തുടർന്ന് കുടുംബവും ഔദ്യോഗിക ജീവിതവുമായി മുന്നോട്ടുപോയി. 2008-ൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി വിരമിച്ച ശേഷമാണ് ഉള്ളിലെ പഠനമോഹത്തിന് വീണ്ടും ജീവൻ നൽകിയത്. വിരസമായ വിശ്രമജീവിതത്തിന് പകരം സജീവമായിരിക്കാൻ പഠനമാണ് നല്ലതെന്ന് സരോജിനി തീരുമാനിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് വിജയഗാഥയായിരുന്നു.

2020-ൽ പ്ലസ്ടു പാസായി. അതേവർഷം തന്നെ ബിരുദത്തിന് ചേർന്നു. കോവിഡ് പ്രതിസന്ധിക്കാലത്ത് ഓൺലൈൻ ക്ലാസുകളിലൂടെയും വോയ്‌സ് നോട്ടുകളിലൂടെയും പഠിച്ച് 2024-ൽ 76-ാം വയസ്സിൽ തൊടുപുഴ എം.ജി. കോളേജിൽ നിന്ന് ബി.എ. ഹിസ്റ്ററിയിൽ ബിരുദം സ്വന്തമാക്കി. ബിരുദം പൂർത്തിയാക്കിയപ്പോൾ എം.എ. കൂടി പഠിക്കാൻ മോഹം. അങ്ങെനെ 2024-ൽ എം.എയ്ക്ക് ചേർന്നു. ഓൺലൈനിലൂടെയായിരുന്നു എം.എ. പഠനവും. ഇപ്പോൾ എം.എ. പൂർത്തിയാക്കി നാലാംസെമസ്റ്റർ പരീക്ഷയും കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ്. തന്റെ മക്കളുടെ പ്രായമുള്ള അധ്യാപകരും കൊച്ചുമക്കളുടെ പ്രായമുള്ള സഹപാഠികളും വേറൊരു അനുഭവമായിരുന്നു. എല്ലാവരും നൽകിയ പിന്തുണയോടെ സരോജിനിയമ്മ ആസ്വദിച്ചുപഠിച്ചു.

പരേതനായ അയ്യപ്പൻ സി.ആർ. (റിട്ട. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ) ആണ് ഭർത്താവ്. മക്കൾ: വിമൽ രാജ, വിപിൻ രാജ. ലക്ഷ്യബോധമുണ്ടെങ്കിൽ പ്രായത്തിന്റെ അതിരുകളില്ലാതെ ഏതൊരാൾക്കും സ്വപ്നങ്ങൾ കീഴടക്കാമെന്ന് സരോജിനി പറയുന്നു.