
സാമ്പത്തിക പ്രതിസന്ധികൾ വരിഞ്ഞുമുറുക്കുകൊണ്ടിരുന്ന കാറ്റലോണിയൻ കടവിൽ ദിക്കറിയാതെ നിന്ന കപ്പിത്താൻ... സൗദി ക്ലബ്ബുകൾ പൊന്നുംവിലയുമായി കാത്തിരുന്നപ്പോൾ ബാഴ്‌സയ്ക്കും അയാൾക്കും മനംമാറിത്തുടങ്ങിയിരുന്നതാണ്. സാവി കളിപഠിപ്പിച്ച് ക്യാമ്പ് നൗവിന്റെ പടിയിറങ്ങിയ നേരത്ത് പിന്നാലെ യാത്രപറഞ്ഞിറങ്ങാതെ തരമില്ലെന്ന് കണക്കുകൂട്ടിയനേരം. പക്ഷേ കാറ്റലോണിയൻ ഹൃദയത്തിൽ ആലേഖനം ചെയ്തുവെച്ച ആ പതിനൊന്നാം നമ്പറിനേക്കാൾ തൂക്കമില്ല സൗദി ക്ലബ്ബിന്റെ പൊന്നുംവിലയ്ക്കെന്ന് അയാൾ തിരിച്ചറിഞ്ഞ നിമിഷം കഥ മാറി. ക്ലബ്ബ് വിടൂ എന്ന ആരാധകരുടെ മുറവിളികൾക്കിടയിലും ഉള്ളുപിടഞ്ഞുകൊണ്ട് ക്യാമ്പ് നൗവിന്റെ ആകാശം തന്നെ തിരഞ്ഞെടുത്തു റഫീഞ്ഞ്യ. കളിപഠിപ്പിക്കാനെത്തിയ ഫ്ളിക്ക് ഒരു ആംബാൻഡും വെച്ചുകൊടുത്തു. അവിടെ മുതൽ ഒരു നായകന്റെ ചരിത്രം എഴുതപ്പെടുകയായിരുന്നു. അന്നയാളെ കൈവിട്ടിരുന്നെങ്കിലെന്താകുമായിരുന്നുവെന്ന് ചിന്തിക്കാത്ത ഒരു ആരാധകനെയും ഇന്ന് ക്യാമ്പ് നൗവിന്റെ ഗാലറിയിൽ കാണാനാവില്ലെന്നുറപ്പ്. ആ പ്രതീക്ഷകൾക്കും കിരീട സ്വപ്നങ്ങൾക്കും ഇത്രമേൽ നിറംപിടിക്കുന്ന മറ്റൊരുതാരവും ഇന്ന് ആ നിരയിലില്ല. ബാഴ്സയുടെ എല്ലാമെല്ലാമായി മാറുന്നു അവരുടെ സ്വന്തം റഫീഞ്ഞ്യ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ബാഴ്‌സലോണ നട്ടംതിരിഞ്ഞ നാളുകളുണ്ടായിരുന്നു ഏതാനും വർഷങ്ങൾക്ക് മുമ്പ്. അന്ന് ആ പ്രതിസന്ധി മറികടക്കാൻ വിറ്റഴിക്കാവുന്ന താരങ്ങളുടെ പട്ടികയിൽ ആദ്യം ഉയർന്ന പേരുകളിലൊന്ന് റഫീഞ്ഞ്യയുടേതായിരുന്നു. ഇയാൾ ബാഴ്സ നിലവാരത്തിലുള്ള താരമാണോ? എന്ന ചോദ്യം മുതൽ വിറ്റ് ഒഴിവാക്കുന്നതാണ് നല്ലത് എന്ന ആവശ്യം വരെ ക്ലബ്ബിന്റെ ആരാധകർക്കിടയിൽ ശക്തമായിരുന്നു. രണ്ടു സീസണുകൾക്കിപ്പുറം അയാൾ ഇന്ന് ബാഴ്‌സയുടെ ഏറ്റവും മൂല്യമുള്ള താരമാണ്. അവരുടെ ക്യാപ്റ്റനാണ്. പണ്ട് തള്ളിപ്പറഞ്ഞവർ ഇന്ന് പെനാൽറ്റി ബോക്‌സിൽ അയാളുടെ കാലുകളിൽ പിറക്കുന്ന മാജിക്കിനായി കാത്തിരിക്കുകയാണ്.
പുതിയ സീസണിൽ സ്വപ്‌നസമാനമായ നിമിഷങ്ങളാണ് ബാഴ്‌സ, തങ്ങളുടെ ആരാധകർക്ക് സമ്മാനിക്കുന്നത്. ലാ ലിഗയിലെ ആദ്യ നാലു മത്സരങ്ങളിൽ നാലിലും ജയം. മൂന്ന് മത്സരങ്ങളിൽ അടിച്ചുകൂട്ടിയത് അഞ്ചു വീതം ഗോളുകൾ. ഇതുവരെ ലീഗിൽ ആകെ അടിച്ചത് 17 ഗോളുകൾ. ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിലും ഗോളടിച്ചുകൂട്ടിയിരിക്കുകയാണ് ബാഴ്‌സ. ഫെയ്‌നൂർദിനെതിരേ ജയിച്ചു കയറിയത് 5-1. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ എട്ട് ഗോളുകളുമായി, ഒരു കാലത്ത് തന്നെ പുറത്താക്കണമെന്ന് ആഗ്രഹിച്ചിരുന്ന ക്ലബ്ബിന്റെ ഏറ്റവും നിർണായക താരങ്ങളിൽ ഒരാളായി റഫീഞ്ഞ്യ മാറിയിരിക്കുന്നു.
2022 ജൂലായിലാണ് ലീഡ്സ് യുണൈറ്റഡിൽ നിന്ന് റഫീഞ്ഞ്യ ബാഴ്സയിലെത്തുന്നത്. പ്രീമിയർ ലീഗിൽ വേഗത, അറ്റാക്ക്, വൺ-ഓൺ-വൺ മികവ്, ഇടതുകാലിന്റെ കൃത്യത എന്നിവ കൊണ്ട് ശ്രദ്ധ നേടിയ ബ്രസീലിയൻ വിങ്ങറെ ബാഴ്സയുടെ ആക്രമണത്തിന് പുതിയ വേഗം നൽകുന്ന താരമായാണ് കണ്ടത്. എന്നാൽ ബാഴ്സയിലെ ആദ്യ രണ്ട് സീസണുകൾ കണക്കുകൾ സൂചിപ്പിക്കുന്നതുപോലെ മോശമായിരുന്നില്ലെങ്കിലും, ഒരു വലിയ താരത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിച്ച കളിയായിരുന്നില്ല അദ്ദേഹത്തിന്റേത്. ആദ്യ സീസണിൽ 10 ഗോളും 12 അസിസ്റ്റും. രണ്ടാം സീസണിൽ 10 ഗോളും 13 അസിസ്റ്റും. 2022-23 സീസണിൽ ബാഴ്‌സയ്‌ക്കൊപ്പം ലാ ലിഗയും നേടി. റഫീഞ്ഞ്യ ഒരു മോശം താരമായിരുന്നില്ല. പ്രശ്‌നം മറ്റൊന്നായിരുന്നു. അയാളുടെ ഏറ്റവും മികച്ച പതിപ്പ് ക്ലബ്ബിന് ലഭിച്ചിരുന്നില്ല.
സാവി ഹെർണാണ്ടസിന്റെ ബാഴ്സയിൽ റഫീഞ്ഞ്യയുടെ സ്വാഭാവിക സ്ഥാനം വലതു വിങ്ങായിരുന്നു. ആദ്യ സീസണിൽ അവിടെ ഒസ്മാനെ ഡെംബലെയുമായിട്ടായിരുന്നു മത്സരം. സാവിയുടെ പൊഫഷണൽ ഫുട്‌ബോളിൽ വിങ്ങർമാരുടെ ഉത്തരവാദിത്തം കൂടുതലായിരുന്നു. ലീഡ്സിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിച്ച റഫീഞ്ഞ്യയ്ക്ക് അത് എല്ലായ്‌പ്പോഴും അനുകൂലമായില്ല. പന്തില്ലാതെ നടത്തുന്ന ഓട്ടം, പ്രസ്സിങ്, ട്രാൻസിഷൻ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ വലിയ ശക്തികൾ. എന്നാൽ ബാഴ്സയുടെ മന്ദഗതിയിലുള്ള പൊസഷൻ ഘട്ടങ്ങളിൽ പലപ്പോഴും അയാൾക്ക് ടച്ച്ലൈനിനോട് ചേർന്ന് പന്ത് കാത്തുനിൽക്കേണ്ടിവന്നു.
അതേസമയം, 2023-ൽ ഡെംബലെ പിഎസ്ജിയിലേക്ക് പോയപ്പോൾ വലതുവിങ്ങിൽ ഒരു വാതിൽ തുറന്നെങ്കിലും മറ്റൊരു പ്രതിഭ അതിവേഗം വളർന്നു വരുന്നുണ്ടായിരുന്നു. ലമിൻ യമാൽ. 16-ാം വയസ്സിൽ തന്നെ യമാൽ ബാഴ്സ ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ റഫീഞ്ഞ്യയുടെ സ്ഥാനം ചർച്ചയായി.
2023-24 സീസണിന്റെ തുടക്കവും അദ്ദേഹത്തിന് അനുകൂലമായിരുന്നില്ല. ഗെറ്റാഫെയ്‌ക്കെതിരായ ആദ്യ ലീഗ് മത്സരത്തിൽ ചുവപ്പ് കാർഡ്. തുടർന്ന് പരിക്കുകൾ. 2024 ജനുവരിയിൽ ഇടത് തുടയിലെ ബൈസെപ്‌സ് ഫെമോറിസ് പരിക്ക് മൂലം വീണ്ടും പുറത്തിരിക്കേണ്ടിവന്നു. ഫെബ്രുവരി അവസാനത്തോടെ 24 മത്സരങ്ങളിൽ അഞ്ച് ഗോളും എട്ട് അസിസ്റ്റുമായിരുന്നു കണക്ക്.
സാവിയുടെ അവസാന സീസൺ കിരീടമില്ലാതെ അവസാനിച്ചതോടെ ബാഴ്സയിൽ വലിയ മാറ്റങ്ങൾക്കുള്ള സമ്മർദം ശക്തമായി. ക്ലബ്ബിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും കൂടി വന്നതോടെ വിപണിയിൽ മികച്ച വില ലഭിക്കാവുന്ന താരങ്ങളെ വിൽക്കണമെന്ന ചർച്ചയുണ്ടായി. അവിടെ റഫീഞ്ഞ്യയുടെ പേര് നിരന്തരം ഉയർന്നു. സ്പാനിഷ് മാധ്യമങ്ങളിലും ബാഴ്‌സയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പേജുകളിലുമെല്ലാം റഫീഞ്ഞ്യയെ നിർത്തണോ അതോ വിൽക്കണോ എന്ന ചർച്ചകൾ സജീവമായി. സ്‌പെയിനിന്റെ യൂറോ 2024 ഹീറോ നിക്കോ വില്യംസിനെ ബാഴ്സ ഇടതുവിങ്ങിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ഇതിനിടെ ശക്തമായി. യമാൽ വലതു വിങ്ങിൽ സ്ഥാനം ഉറപ്പിച്ചിരുന്നതിനാൽ നിക്കോ വന്നാൽ സ്വാഭാവികമായും സ്ഥാനം നഷ്ടമാകുക റഫീഞ്ഞ്യയ്ക്കായിരുന്നു.
ഇത്തരത്തിലുള്ള ചർച്ചകൾ കണ്ട് ഒടുവിൽ റഫീഞ്ഞ്യയ്ക്ക് തന്നെ പ്രതികരിക്കേണ്ടി വന്നു. താൻ 30 ഗോൾ അടിക്കുന്ന സ്ട്രൈക്കറല്ലെന്നും, അധ്വാനം, പ്രതിബദ്ധത, പ്രസ്സിങ് എന്നിവയാണ് തന്റെ ഫുട്‌ബോളിന്റെ അടിസ്ഥാനമെന്നും റഫീഞ്ഞ്യയ്ക്ക് വിശദീകരിക്കേണ്ടതായി പോലും വന്നു.
ഇതിനിടെയാണ് സൗദി അറേബ്യയിൽ നിന്ന് വമ്പൻ ഓഫർ റഫീഞ്ഞ്യയ്ക്ക് വന്നത്. ഇഎസ്പിഎന്നിന് നൽകിയ ഒരു അഭിമുഖത്തിൽ 2024-ലെ സമ്മർ ട്രാൻസ്ഫറിൽ താൻ ബാഴ്‌സ വിടുന്ന കാര്യം ഗൗരവമായി ആലോചിച്ചിരുന്നുവെന്ന് റഫീഞ്ഞ്യ സമ്മതിച്ചു.
അതിനിടെയാണ് സാവിക്ക് പകരം ജർമൻകാരൻ ഹാൻസി ഫ്‌ളിക്ക് ബാഴ്‌സയുടെ പരിശീലകനായി എത്തുന്നത്. ടീമിൽ താൻ ഉണ്ടാവില്ലെന്ന് അതിനകം തന്നെ റഫീഞ്ഞ്യ ഉറപ്പിച്ചിരുന്നു. എന്നാൽ അവിടെയാണ് ഒരു ഫോൺകോൾ താരത്തെ തേടിയെത്തുന്നത്. ഫ്‌ളിക്ക് ആയിരുന്നു അങ്ങേത്തലയ്ക്കൽ. ''തിടുക്കത്തിൽ തീരുമാനമെടുക്കരുത്. പ്രീസീസൺ പരിശീലനത്തിന് വരൂ. നിന്നെ ഞാൻ എന്റെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്.'' - ഫ്‌ളിക്കിന്റെ വാക്കുകൾ.
ബാഴ്‌സയെ അവരുടെ തനത് ബാഴ്‌സ ഫിലോസഫിയിൽ നിന്ന് പൊളിച്ചെഴുതുകയായിരുന്നു ഫ്‌ളിക്ക്. അവിടെ അയാൾ റഫീഞ്ഞ്യയുടെ അധ്വാനം കണക്കിലെടുത്തു. റഫീഞ്ഞ്യ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു. അതിലും വലിയൊരു കാര്യം സംഭവിച്ചു. ടീമംഗങ്ങൾ തന്നെ അദ്ദേഹത്തെ 2024-25 സീസണിലെ അഞ്ച് ക്യാപ്റ്റൻമാരിൽ ഒരാളായി തിരഞ്ഞെടുത്തു. രണ്ട് സീസൺ മുമ്പ് വരെ ടീമിൽ ഒരു സ്ഥിരം സ്ഥാനത്തിനായി പോരാടിയിരുന്ന താരം ഡ്രസ്സിങ് റൂമിലെ നേതൃസ്ഥാനത്തുള്ളവരിൽ ഒരാളായി.
സാവിയുടെ ടീമിൽ ചങ്ങലക്കെട്ടുകളിലായിരുന്ന റഫീഞ്ഞ്യയെ ഫ്‌ളിക്ക് അങ്ങ് തുറന്നുവിടുകയായിരുന്നു. ഇടതുവിങ്ങറായാണ് കളിക്കുന്നതെങ്കിലും പലപ്പോഴും സ്‌ട്രൈക്കർ പൊസിഷനിലേക്കെത്താനുള്ള സ്വാതന്ത്യം താരത്തിന് ഫ്‌ളിക്ക് നൽകി. ലെവൻഡോവ്‌സ്‌കിക്ക് പിന്നിലും ഇടതിലും വലതിലുമെല്ലാം മാറി മാറി റഫീഞ്ഞ്യയെ കണ്ടു. സാവിക്ക് കീഴിൽ തനിക്ക് കിട്ടാതിരുന്ന സ്വാതന്ത്ര്യം അയാൾ ആവോളം ആസ്വദിച്ചപ്പോൾ എതിരാളികളുടെ വലകൾ ഓരോ തവണയും കുലുങ്ങിക്കൊണ്ടിരുന്നു. പന്തുള്ളപ്പോഴും ഇല്ലാത്തപ്പോഴും ബാഴ്‌സ നിരയിലെ പ്രധാന താരം അയാളായി.
ഫ്ളിക്കിന്റെ ഹൈലൈൻ-ഹൈപ്രസ് സംവിധാനത്തിന് റഫീഞ്ഞ്യയുടെ ശാരീരിക ശേഷിയും നിരന്തര ഓട്ടവും കൃത്യമായി അനുയോജ്യമായി. ഫ്ളിക്ക് തന്നെ പിന്നീട് പറഞ്ഞത്, റഫീഞ്ഞ്യ പന്തുള്ളപ്പോഴും ഇല്ലാത്തപ്പോഴും പ്രസ്സിങ് തുടങ്ങുന്ന ടീമിലെ അത്യന്തം പ്രധാനപ്പെട്ട താരമാണെന്നാണ്. ബാഴ്‌സ വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം ക്ലബ്ബിനായി 182 മത്സരങ്ങളിൽ റഫീഞ്ഞ്യ കളത്തിലിറങ്ങിയിട്ടുണ്ട്. 83 ഗോളുകൾ അദ്ദേഹം ക്ലബ്ബിനായി സ്‌കോർ ചെയ്തു. 53 അസിസ്റ്റുകളും സ്വന്തം പേരിലുണ്ട്. 2024-2025 സീസണിൽ മാത്രം 57 മത്സരങ്ങളിൽ നിന്നായി 34 ഗോളുകൾ. 22 അസിസ്റ്റുകൾ. ആ സീസണിൽ ചാമ്പ്യൻസ് ലീഗിൽ മാത്രം 14 കളികളിൽ നിന്നായി 13 ഗോളുകൾ. ആ സീസണിൽ ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നീ മൂന്ന് കിരീടങ്ങളും ക്ലബ്ബിനൊപ്പം നേടി. ബാലൺദ്യോർ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് മാത്രമായിരുന്നു നിരാശ.
2025-2026 സീസണിൽ പരിക്കുകൾ റഫീഞ്ഞ്യയെ പല ഘട്ടങ്ങളിലും തടഞ്ഞു. എന്നിട്ടും 33 മത്സരങ്ങളിൽ 21 ഗോളും ഏഴ് അസിസ്റ്റും അയാളുടെ അക്കൗണ്ടിലുണ്ട്. റയൽ മാഡ്രിഡിനെതിരായ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ഇരട്ടഗോൾ നേടി താരമായതും റഫീഞ്ഞ്യ തന്നെ. ക്ലബ്ബിനൊപ്പം വീണ്ടും മറ്റൊരു ലാ ലിഗ കിരീടം.
2026-2027 സീസണിൽ റഫീഞ്ഞ്യയുടെ കരിയറിൽ മറ്റൊരു പ്രധാന മാറ്റത്തിന് കളമൊരുങ്ങി. റോബർട്ട് ലെവൻഡോവ്‌സ്‌കിയും ഫെറാൻ ടോറസും ടീമിൽ നിന്ന് പോയതോടെ ഫ്‌ളിക്കിന് ഒരു പ്രോപ്പർ നമ്പർ 9ന്റെ ആവശ്യം വന്നു. ആന്റണി ഗോർഡൻ ഇടത് വിങ്ങിൽ എത്തിയതോടെ റഫീഞ്ഞ്യയെ സ്‌ട്രൈക്കർ പൊസിഷനിലേക്ക് മാറ്റാൻ ഫ്‌ളിക്കിന് അവസരം ലഭിച്ചു. ഈ സീസണിൽ ബാഴ്‌സയുടെ ഇതുവരെയുള്ള മത്സരങ്ങൾ നോക്കിയാൽ അറിയാം. റഫീഞ്ഞ്യ ഒരു സെന്റർ ഫോർവേഡ് അല്ലെങ്കിൽ ഫാൾസ് നയൻ സ്വഭാവമുള്ള അറ്റാക്കിങ് താരമായാണ് കളിക്കുന്നത്. ഇടത് ഗോർഡനും വലത് ലമിൻ യമാലും കളംപിടിക്കുമ്പോൾ സെന്ററിൽ റഫീഞ്ഞ്യയുടെ മുന്നേറ്റങ്ങൾ എതിർ ടീമുകളുടെ സെന്റർ ബാക്കുകൾക്ക് സൃഷ്ടിക്കുന്ന തലവേദന ചില്ലറയൊന്നുമല്ല.
ഈ സീസണിൽ ആദ്യ ലാ ലിഗ മത്സരത്തിൽ എൽചെയ്‌ക്കെതിരേ രണ്ട് ഗോൾ ഒരു അസിസ്റ്റ്. അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരേ ഒരു ഗോൾ. റയോ വയ്യെക്കാനോയ്‌ക്കെതിരേ രണ്ട് ഗോൾ, വലൻസിയക്കെതിരേ ഒരു ഗോൾ. ചാമ്പ്യൻസ് ലീഗിൽ ഫെയ്‌നൂർദിനെതിരേ രണ്ട് ഗോൾ. ആകെ അഞ്ച് മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകൾ.
ലാ ലിഗയിലെ ആദ്യ നാല് മത്സരങ്ങളിലും റഫീഞ്ഞ്യ ഗോൾ നേടി. ബാഴ്സ ചരിത്രത്തിൽ ലീഗിലെ ആദ്യ നാല് മത്സരങ്ങളിലും ഗോൾ നേടുന്ന ആറാമത്തെ താരം മാത്രമാണ് അദ്ദേഹം. ചാമ്പ്യൻസ് ലീഗിയും സ്‌കോർ ചെയ്തതോടെ സീസണിലെ ബാഴ്സയുടെ ആദ്യ അഞ്ച് മത്സരങ്ങളിലും ഗോൾ നേടിയ ആദ്യ താരം എന്ന അപൂർവ നേട്ടവും റഫീഞ്ഞ്യ സ്വന്തമാക്കി.
ഗോളുകളുടെ ഈ കണക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല റഫീഞ്ഞ്യ. മുന്നേറ്റനിരക്കാരനായിട്ടും റഫീഞ്ഞ്യയെ മറ്റ് സെന്റർ ഫോർവേഡുകളെ പോലെ ഒരിടത്ത് മാത്രം കാണാനാകില്ല. പൊസിഷനുകൾ മാറിമാറിക്കളിച്ച് എതിരാളികൾക്ക് അയാൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. ഇങ്ങനെ ലഭിക്കുന്ന ഫ്രീ സ്‌പേസുകൾ ലക്ഷ്യമിട്ടാണ് യമാലും ഗോർഡനുമെല്ലാം ഓടിക്കയറുകയും സ്‌കോർ ചെയ്യുകയും ചെയ്യുന്നത്.
Content Highlights: Raphinha overcame intense fan criticism and transfer rumors to become Barcelona's captain and talisman., Manager Hansi Flick played a crucial role in convincing Raphinha to stay and unlocking his true potential., In the 2026-2027 season, Raphinha excels as a central forward/false nine, scoring 8 goals in his first 5 matches.
Published: 10 Sept 2026, 01:00 pm IST
ABOUT THE AUTHOR

Abhinath Thiruvalath
tabhinath@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented