പുതിയ സീസണിൽ സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സലോണയുടെ ആദ്യ മൂന്ന് മത്സരങ്ങൾ കണ്ട ആരാധകർ ആവേശത്തിലാണ്. റോബർട്ട് ലെവൻഡോവ്സ്‌കിയും ഫെറാൻ ടോറസുമില്ലാതിരുന്നിട്ടും ബാഴ്‌സയുടെ ആക്രമണങ്ങളുടെ മൂർച്ച കുറയുന്നില്ല. പരിചയസമ്പന്നനായ പരമ്പരാഗത നമ്പർ 9 ഇല്ലാതെ കളിക്കുന്ന ബാഴ്‌സ എങ്ങനെ ഇത്ര അപകടകാരികളാകുന്നു?

To advertise here,

സീസണിന്റെ തുടക്കത്തിൽ തന്നെ തകർപ്പൻ ഫോമിലാണ് റഫീഞ്ഞ്യ. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ തന്നെ അഞ്ചു ഗോളുകൾ. ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ലഭിച്ച മികച്ച അവസരങ്ങളിൽ 71 ശതമാനവും ഗോളാക്കി മാറ്റിയിട്ടുണ്ട് റഫീഞ്ഞ്യ. ഇടതു വിങ്ങിലെ ബാഴ്‌സയുടെ വിശ്വസ്തനായിരുന്നു റഫീഞ്ഞ്യ. ഇത്തവണ ഫ്‌ളിക്ക് റഫീഞ്ഞ്യയെ വിങ്ങിൽ നിന്ന് മധ്യത്തിലേക്ക് ഒരൽപം മാറ്റി കളിപ്പിച്ചു. ഫ്‌ളിക്കിന്റെ ബാഴ്‌സയിൽ റഫീഞ്ഞ്യയ്ക്ക് കളിക്കാൻ കഴിയാത്ത ഏതെങ്കിലും അറ്റാക്കിങ് പൊസിഷനുണ്ടോ എന്നത് സംശയമാണ്.

ലാ ലിഗയിലെ നിലവിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതാണ് റഫീഞ്ഞ്യ. ലയണൽ മെസ്സിക്കു ശേഷം ബാഴ്സലോണയുടെ ആദ്യ മൂന്ന് ലാ ലിഗ മത്സരങ്ങളിൽ അഞ്ച് ഗോളുകൾ നേടുന്ന ആദ്യ താരവും റഫീഞ്ഞ്യയാണ്. 2017-18 സീസണിലായിരുന്നു മെസ്സിയുടെ ഈ പ്രകടനം.

എന്നാൽ റഫീഞ്ഞ്യ എങ്ങനെ ഇത്രയധികം ഗോളവസരങ്ങളിലേക്ക് എത്തുന്നു എന്നതാണ് പ്രധാനമായും നോക്കേണ്ടത്. കാരണം താരം ഗോളുകൾ നേടുന്നു എന്നതിൽ കൗതുകമൊന്നും വേണ്ട. റഫീഞ്ഞ്യയുടെ കഴിവിൽ ഫ്‌ളിക്കിനെന്നല്ല ബാഴ്‌സ ആരാധകർക്കാർക്കും തന്നെ യാതൊരു സംശയവുമില്ല. റഫീഞ്ഞ്യയുടെ മികവ് തിരിച്ചറിഞ്ഞതിൽ മാത്രമല്ല ഫ്‌ളിക്കിന്റെ സംഭാവന. ആ മികവ് എവിടെ ഉപയോഗിക്കണം എന്ന് കണ്ടെത്തിയതിലാണ്. ചെറിയൊരു പൊസിഷൻ മാറ്റമാണ് റഫീഞ്ഞ്യയെ കൂടുതൽ ആക്രമണകാരിയാക്കുന്നത്. താരത്തെ ഇടതുവശത്തു നിന്ന് കൂടുതൽ മധ്യഭാഗത്തേക്ക് മാറ്റിയാണ് ഫ്‌ളിക്ക് ഈ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്. നോക്കുമ്പോൾ ചെറിയൊരു സ്ഥാനമാറ്റം. എന്നാൽ അത് ബാഴ്‌സയുടെ ആക്രമണത്തിന്റെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞു.

ഒരു പ്രോപ്പർ നമ്പർ 9 ഇല്ലാതെയാണ് ഫ്‌ളിക്ക് ഈ ടീമിനെ ഇത്തരത്തിലുള്ള ഒരു ആക്രമണനിരയാക്കി മാറ്റുന്നത്. ഫ്‌ളിക്കിന്റെ കഴിഞ്ഞ മൂന്ന് സീസണുകളിലെ തുടക്കത്തിലെ കണക്കുകൾ നോക്കിയാൽ മാറ്റം കൂടുതൽ വ്യക്തമാണ്. 2024-25 സീസണിൽ ലാ ലിഗയിലെ ആദ്യ 270 മിനിറ്റിൽ ബാഴ്സലോണ നേടിയത് ആറ് ഗോളുകളായിരുന്നു. 2025-26 സീസണിൽ അതേ സമയത്ത് ഏഴ് ഗോളുകൾ പിറന്നു. ഇത്തവണ ഈ സമയത്തിനുള്ളിൽ പിറന്നത് 12 ഗോളുകൾ. അതും ഒരു പ്രോപ്പർ സ്‌ട്രൈക്കറില്ലാതെ.

ആന്റണി ഗോർഡൻ, റഫീഞ്ഞ്യ, ലമിൻ യമാൽ, ഡാനി ഓൽമോ, ഫെർമിൻ ലോപ്പസ്, കരീം അഡെയേമി. തന്റെ കാലത്തെ ഏറ്റവും മികച്ച ആക്രമണ നിരയാണ് ഫ്‌ളിക്കിനൊപ്പമുള്ളത്. ഓരോരുത്തരും കളിരീതിയിലും അവസരങ്ങൾ വിനിയോഗിക്കുന്നതിലും പൂർണമായും വ്യത്യസ്തരായവർ. സീസണിന്റെ തുടക്കത്തിൽ ലമിൻ യമാൽ താളം കണ്ടെത്താൻ വിഷമിക്കുന്നതായി തോന്നിയിരുന്നു. എന്നാൽ റയോ വല്ലെക്കാനോയ്‌ക്കെതിരായ മത്സരം ആ സംശയങ്ങളെല്ലാം ഇല്ലാതാക്കി. 19-ാം വയസിൽ ബാഴ്‌സയ്ക്കായി ഇതിനോടകം തന്നെ 51 ഗോളുകൾ നേടിക്കഴിഞ്ഞു യമാൽ. ബാഴ്‌സയ്ക്കായി 50 ഗോളുകൾ നേടുമ്പോൾ മെസ്സിക്ക് പ്രായം 20 ആയിരുന്നു. വെറും 19 വർഷവും 49 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് യമാൽ ഈ നേട്ടം പിന്നിടുന്നത്. യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളിൽ ഈ ഗോൾനേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും യമാലാണ്. കിലിയൻ എംബാപ്പെ പോലും യമാലിന് പിന്നിലാണ്. 50 ക്ലബ്ബ് ഗോളുകൾ തികയ്ക്കുമ്പോൾ എംബാപ്പെയ്ക്ക് പ്രായം 19 വയസും 241 ദിവസുമായിരുന്നു. 20 വയസും 196 ദിവസവും പ്രായമുള്ളപ്പോഴാണ് എർലിങ് ഹാളണ്ട് 50 ഗോളുകൾ തികയ്ക്കുന്നത്.

കഴിഞ്ഞ സീസണുകളിൽ ബാഴ്‌സയുടെ പ്രധാന ആയുധമായിരുന്നു യമാൽ. യമാലിനെ എതിരാളികൾ പൂട്ടുമ്പോൾ അത് ബാഴ്‌സയുടെ മുന്നേറ്റങ്ങളെ കാര്യമായി ബാധിച്ചിരുന്നു. എന്നാൽ ഇത്തവണ ഫ്‌ളിക്കിന് ആ റിസ്‌ക് ഇല്ല. അവിടെയാണ് ആന്റണി ഗോർഡന്റെ വരവ് ബാഴ്സലോണയുടെ ആക്രമണസമവാക്യം മാറ്റുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നായി മൂന്ന് അസിസ്റ്റുകൾ. വർഷങ്ങളായി ബാഴ്‌സയുടെ ശൈലിയിൽ കളിക്കുന്ന പോലെയാണ് ഗോർഡന്റെ കളി. റഫീഞ്ഞ്യയുമായുള്ള ഗോർഡന്റെ ധാരണ പ്രത്യേകിച്ചും ശ്രദ്ധേയമാണ്. ഇരുവരും നിരന്തരം അനായാസം പൊസിഷൻ സ്വാപ്പ് ചെയ്ത് കളിക്കുന്നു. ഗോർഡൻ അറ്റാക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഫ്രീ സ്‌പേസ് റഫീഞ്ഞ്യ നന്നായി ഉപയോഗപ്പെടുത്തുന്നു. മുൻ സീസണുകളിൽ ബാഴ്‌സയ്ക്ക് അന്യമായിരുന്ന ഒരു അറ്റാക്കിങ് ഓപ്ഷനാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

മുമ്പ് യമാലും റഫീഞ്ഞ്യയും നിറം മങ്ങുന്ന അവസരങ്ങളിൽ ബാഴ്സലോണയുടെ ആക്രമണത്തെ നിയന്ത്രിക്കുന്നത് എതിരാളികൾക്ക് താരതമ്യേന എളുപ്പമായിരുന്നു. കാരണം ബാഴ്‌സ ആക്രമണങ്ങളുടെ പ്രധാന ഉത്തരവാദിത്തം ഇരുവർക്കുമായിരുന്നു. ഇരുവരും ഒരേസമയം താളം കണ്ടെത്താതെ പോയാൽ ബാഴ്‌സയുടെ ആക്രമണങ്ങളുടെ മൂർച്ച നഷ്ടപ്പെടുമായിരുന്നു. ഗോർഡൻ എത്തിയതോടെ ഇപ്പോൾ ആ സ്ഥിതി മാറുകയാണ്.

തകർന്നുകിടക്കുകയായിരുന്ന ബാഴ്‌സയെ പുതുക്കിപ്പണിതത് ഫ്‌ളിക്കാണ്. ഫ്‌ളിക്കിന്റെ ആദ്യ സീസണിൽ ബാഴ്സലോണയ്ക്ക് സംഭവിച്ച ഏറ്റവും വലിയ മാറ്റം കളിയുടെ വേഗത്തിലും ആക്രമണോത്സുകതയിലുമായിരുന്നു. എതിരാളികളെ സമ്മർദത്തിലാക്കുന്നതായിരുന്നു ഓരോ ബാഴ്‌സ ആക്രമണങ്ങളും. പ്രസ്സിങ്ങും കൗണ്ടർ പ്രസ്സിങ്ങുമായി ബാഴ്‌സ താരങ്ങൾ കളംനിറഞ്ഞു. ദീർഘനേരം പന്ത് കൈവശംവെച്ച് മാത്രമല്ല മത്സരം നിയന്ത്രിക്കേണ്ടതെന്ന് ഫ്‌ളിക്ക് തെളിയിച്ചു. ഹൈലൈൻ ഡിഫൻസ് ഒരു പ്രധാന തന്ത്രമായി. 2024-25 സീസൺ അവസാനിക്കുമ്പോൾ 174 ഗോളുകളാണ് ബാഴ്‌സ നേടിയത്. ആ സീസണിൽ പിഎസ്ജി നേടിയത് 147 ഗോളുകളും ബയേൺ മ്യൂണിക്ക് നേടിയത് 138 ഗോളുകളുമായിരുന്നു. ആ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്‌കോർ ചെയ്തത് ഫ്‌ളിക്കിന്റെ ബാഴ്‌സയായിരുന്നു. ക്ലബ്ബിന്റെ മുഴുവൻ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന ഗോൾനേട്ടമുള്ള സീസൺ കൂടിയായിരുന്നു അത്.

എതിരാളികളുടെ മൈതാനത്തും ബാഴ്‌സ ആധിപത്യം തുടർന്നു. ലാ ലിഗയിൽ ആ സീസണിൽ നേടിയ 88 പോയിന്റിൽ 45 പോയിന്റ് എവേ മത്സരങ്ങളിൽ നിന്നായിരുന്നു. ആകെ നേടിയ പോയിന്റിന്റെ പകുതിയിലധികം. യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളിലൊരു ടീമിനും എവേ മത്സരങ്ങളിൽ ബാഴ്സലോണയെക്കാൾ കൂടുതൽ പോയന്റ് നേടാൻ സാധിച്ചിരുന്നില്ല.

സാന്തിയാഗോ ബെർണബ്യൂവിൽ റയലിനെ 4-0നും മെട്രോപൊളിറ്റാനോയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-2നും അത്‌ലറ്റിക് ക്ലബ്ബിനെ 3-0നും തകർത്തു. റയലാണ് അന്ന് ബാഴ്‌സയ്ക്കു മുന്നിൽ വല്ലാണ്ട് വിറച്ചത്. സ്പാനിഷ് സൂപ്പർ കപ്പ് കലാശപ്പോരാട്ടത്തിൽ 5-2നായിരുന്നു ബാഴ്‌സയുടെ ജയം. കോപ്പ ഡെൽ റേ കലാശപ്പോരിൽ 3-2നും റയലിനെ കീഴടക്കി. ലീഗ് സീസണിന്റെ അവസാനഘട്ടത്തിലെ മറ്റൊരു ആവേശകരമായ എൽ ക്ലാസിക്കോയിൽ 4-3നും വിജയം. നാല് എൽ ക്ലാസിക്കോ പോരാട്ടങ്ങൾ. നാലിലും ജയം. ഫ്‌ളിക്കിന്റെ ആദ്യ സീസൺ അവസാനിക്കുമ്പോൾ ലാ ലിഗയും കോപ്പ ഡെൽ റേയും സ്പാനിഷ് സൂപ്പർ കപ്പും ബാഴ്സലോണയുടെ കയ്യിലായിരുന്നു. ചാമ്പ്യൻസ് ലീഗിലും മികവ് പുറത്തെടുത്തെങ്കിലും നിർഭാഗ്യം സെമിയിൽ ബാഴ്‌സയുടെ പോരാട്ടം അവസാനിപ്പിച്ചു.

2025-26 സീസണിൽ കൂടുതൽ പക്വതയുള്ള സംഘമായി ക്ലബ്ബ് മാറി. 57 മത്സരങ്ങൾ. 44 വിജയങ്ങൾ. മൂന്ന് സമനിലകൾ. വെറും 10 തോൽവികൾ. നേടിയത് 144 ഗോളുകൾ. ഇത്തവണ ശ്രദ്ധേയമായത് ഗോളുകളുടെ എണ്ണമായിരുന്നില്ല. അത് നേടിയ താരങ്ങളുടെ എണ്ണമായിരുന്നു. ആറ് താരങ്ങളാണ് ബാഴ്‌സയ്ക്കായി പത്തിലധികം ഗോളുകൾ സ്‌കോർ ചെയ്തത്. ഫെർമിൻ ലോപ്പസ് - 13. മാർക്കസ് റാഷ്ഫോർഡ് - 14. ലെവൻഡോവ്സ്‌കി - 19. റഫീഞ്ഞ്യ - 21, ഫെറാൻ ടോറസ് - 21, ലമീൻ യമാൽ - 24. 50 ഗോളടിക്കുന്ന ഒരു താരത്തെയല്ല ഫ്‌ളിക്ക് സൃഷ്ടിച്ചത്. ആർക്കും ഗോളടിക്കാവുന്ന ഒരു സംവിധാനം സൃഷ്ടിക്കുകയായിരുന്നു ഫ്‌ളിക്ക് ബാഴ്‌സയിൽ. ആ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയലിന്റെ മൈതാനത്ത് ബാഴ്‌സ തോറ്റു. അന്ന് ലീഗ് ജയിച്ചതുപോലെയായിരുന്നു റയൽ ആ വിജയം ആഘോഷിച്ചത്. പുതിയ സീസണിന്റെ പത്താം മത്സരദിനം മാത്രമായിരുന്നു അത്.

എന്നാൽ ബാഴ്സയുടെ മറുപടി അതിശക്തമായിരുന്നു. ആ തോൽവിക്ക് ശേഷമുള്ള 28 ലീഗ് മത്സരങ്ങളിൽ ബാഴ്സലോണ തോറ്റത് നാലുതവണ മാത്രം. ഒടുവിൽ ക്യാമ്പ് നൗവിൽ റയലിനെതിരായ വിജയത്തോടെ ലീഗ് കിരീടം ഒരിക്കൽ കൂടി ബാഴ്‌സയുടെ ഷെൽഫിൽ.

ഇത്തവണത്തെ സീസൺ ബാഴ്‌സയിൽ ഫ്‌ളിക്കിന്റെ മൂന്നാം ഊഴമാണ്. ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച പ്രകടനമാണ് ബാഴ്‌സ കാഴ്ചവെച്ചത്. റോഡ്രി, ഗോർഡൻ, അഡെയേമി, ഒടുവിലിതാ ഗബ്രിയേൽ ജീസസും. ഇത്തവണ ചാമ്പ്യൻസ് ലീഗിലടക്കം വലിയ പ്രതീക്ഷയുമായാണ് ഫ്‌ളിക്കും സംഘവുമെത്തുന്നത്.