യൂത്ത് ടെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചുറിയാണിത്.

വൈഭവ് സൂര്യവംശി (ഫയല് ചിത്രം)
R Senthilkumar | PTI
ബ്രിസ്‌ബെയ്ൻ: അണ്ടർ 19 ടെസ്റ്റ് ക്രിക്കറ്റിൽ വെടിക്കെട്ട് പ്രകടനം ആവർത്തിച്ച് ചരിത്രം കുറിച്ച് ഇന്ത്യയുടെ വൈഭവ് സൂര്യവംശി. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം യൂത്ത് ടെസ്റ്റിലാണ് സൂര്യവംശിയുടെ കിടിലൻ പ്രകടനം. 78 പന്തിൽ നിന്ന് സെഞ്ചുറി തികച്ചാണ് പതിനഞ്ചുകാരനായ സൂര്യവംശി തിളങ്ങിയത്. യൂത്ത് ടെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചുറിയാണിത്.
ഇതോടെ അണ്ടർ 19 ടെസ്റ്റിൽ നൂറിൽ താഴെ മാത്രം പന്ത് നേരിട്ട് രണ്ടു തവണ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരവുമായിരിക്കുകയാണ് വൈഭവ്. ന്യൂസീലൻഡിന്റെ ബ്രെൻഡൻ മെക്കല്ലമാണ് ആദ്യത്തെ താരം. നേരത്തെ ചെന്നൈയിൽ ഓസ്‌ട്രേലിയക്കെതിരേ തന്നെ യൂത്ത് ടെസ്റ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടിയിരുന്നു വൈഭവ്. 56 പന്തിൽ നിന്നായിരുന്നു അന്ന് നേട്ടം.
നേരത്തെ ഇംഗ്ലണ്ടിനെതിരേ നടന്ന അണ്ടർ 19 ഏകദിനത്തിലും വൈഭവ് അതിവേഗസെഞ്ചുറി നേടിയിരുന്നു. 78 പന്തിൽ നിന്ന് 143 റൺസായിരുന്നു അന്ന് സമ്പാദ്യം.
അണ്ടർ 19 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടിയ താരമെന്ന് നേട്ടം കൈവരിച്ച് ഒരാഴ്ച തികയും മുൻപാണ് ടെസ്റ്റിലും വൈഭവ് തന്റെ വെടിക്കെട്ട് വൈഭവം പുറത്തെടുത്തത്. ഇന്ത്യയുടെ തന്നെ ഉൻമുക്ത് ചന്ദിന്റെ 38 സിക്‌സ് എന്ന റെക്കോഡാണ് അത് വൈഭവ് മറികടന്നത്.
ആദ്യ ഇന്നിങ്സിൽ 243 റൺസിന് പുറത്തായ ആതിഥേയരായ ഓസ്‌ട്രേലിയക്കെതിരേ വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയത്. 67 ഓവർ കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യയ്ക്ക് 135 റൺസിന്റെ ലീഡുണ്ട്. വൈഭവ് 86 പന്തിൽ നിന്ന് 113 റൺസ് നേടിയാണ് പുറത്തായത്. 191 പന്തിൽ നിന്ന് 140 റൺസെടുത്ത വേദാന്ത് ത്രിവേദിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. രണ്ടിന് 69 റൺസ് എന്ന നിലയിൽ നിന്നാണ് ഇരുവരും ചേർന്ന് 152 റൺസ് കൂട്ടുകെട്ടോടെ ടീമിനെ മികച്ച നിലയിൽ എത്തിച്ചത്. സ്‌കോർ 221 എത്തിയപ്പോഴാണ് വൈഭവ് ഷില്ലറുടെ പന്തിൽ ലീയ്ക്ക് ക്യാച്ച് കൊടുത്തു മടങ്ങിയത്. എട്ട് സിക്‌സും ഒൻപത് ബൗണ്ടറിയും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്.
Published: 01 Oct 2025, 12:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented