
ഇന്ത്യയുടെ മുൻതാരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ് അച്ഛന്റെ വഴിയേ ഇന്ത്യയുടെ ജെഴ്‌സി അണിയാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ ഇന്ത്യയുടെ അണ്ടർ-19 ടീമിനായി ആര്യവീർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളിൽ 28, 47,34 എന്നിങ്ങനെയായിരുന്നു ആര്യവീറിന്റെ സ്‌കോർ. ഡൽഹി പ്രീമിയർ ലീഗിൽ വെസ്റ്റ് ഡൽഹി ലയൺസിനായും രണ്ട് മത്സരങ്ങളിൽ കളിച്ചു. ഇപ്പോഴിതാ തന്റെ പ്രകടനത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ആര്യവീർ. സ്‌പോർട്‌സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് ആര്യവീർ മനസ് തുറന്നത്. സെവാഗിന്റെ മകനായതിനാൽ തന്നെ തന്നിലേക്ക് കൂടുതൽ ശ്രദ്ധ വരുമെന്നും എതിരാളികൾ തന്നെ സമ്മർദ്ദത്തിലാക്കാൻ അത് ഉപയോഗിക്കുമെന്നും ആര്യവീർ പറയുന്നു.
'ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനങ്ങളിൽ മികച്ച തുടക്കം ലഭിച്ചിട്ടും മൂന്ന് മത്സരങ്ങളിലും വലിയ ഇന്നിസ് പടുത്തുയർത്താൻ കഴിഞ്ഞില്ല. അവസാന മത്സരത്തിൽ, മികച്ച തുടക്കത്തിന് ശേഷം സിക്‌സർ അടിക്കാൻ ശ്രമിച്ച് ഞാൻ പുറത്താവുകയും ചെയ്തു. അതിൽ എനിക്ക് വലിയ നിരാശയുണ്ട്. കൂടുതൽ റൺസ് നേടണമെങ്കിൽ കളി വ്യത്യസ്ത ഘട്ടങ്ങളായി തിരിച്ച് വലിയ ഇന്നിങ്‌സ് പടുത്തുയർത്തണമെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ക്രിക്കറ്റ് ലോകത്ത് നിങ്ങളുടേതായ പേരുണ്ടാക്കാനും ആദരവ് നേടാനും ഉയർന്ന സ്‌കോറുകൾ അത്യാവശ്യമാണ്.'-ആര്യവീർ വ്യക്തമാക്കി.
'എന്റെ കുടുംബപ്പേരിലും അച്ഛന്റെ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു. അച്ഛന്റെ പേര് കാരണം ഞാൻ യാതൊരുവിധ സമ്മർദവും ഭാരവും അനുഭവിക്കുന്നില്ല. ഇന്ത്യക്കായി അദ്ദേഹം ചെയ്ത കാര്യങ്ങളിൽ ഞാൻ അഭിമാനിക്കുന്നു. ആളുകളുടെ അഭിപ്രായങ്ങൾ അവരുടെ മാത്രം കാഴ്ചപ്പാടുകളാണെന്നും അവ നല്ലതാണെങ്കിലും ചീത്തയാണെങ്കിലും, എന്നെ പുകഴ്ത്തുന്നതാണെങ്കിലും വിമർശിക്കുന്നതാണെങ്കിലും അവ എന്നെ കാര്യമായി ബാധിക്കില്ലെന്നും സ്വയം പറഞ്ഞുറപ്പിക്കുന്ന ഒരു മാനസികാവസ്ഥ വളർത്തിയെടുക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ഞാൻ ശാന്തനായിരിക്കാനും എന്റെ ബാറ്റിങ് പ്രക്രിയയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കും. അതാണ് കൂടുതൽ നല്ലത്.' ആര്യവീർ വ്യക്തമാക്കി.
ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരം മികച്ച അനുഭവമായിരുന്നുവെന്നും അരങ്ങേറ്റ മത്സരത്തിന് മുമ്പ് നേരിയ പരിഭ്രാന്തിയുണ്ടായിരുന്നുവെന്നും ആര്യവീർ പറയുന്നു. 'ആദ്യ മത്സരം തടസപ്പെട്ടു. നാല് മുതൽ അഞ്ച് മണിക്കൂർ വരെ മഴ നീണ്ടുനിന്നു. എന്റെ അരങ്ങേറ്റ മത്സരത്തിന് മുമ്പ് സ്വാഭാവികമായും നേരിയ പരിഭ്രാന്തിയുണ്ടായിരുന്നു. ഓസ്ട്രേലിയൻ ബൗളർമാർ മികച്ച വേഗതയിലാണ് പന്തെറിഞ്ഞത്. അവർക്കെതിരെ കളിക്കുന്നത് ഞാൻ ആസ്വദിച്ചു. എന്റെ ആത്മവിശ്വാസം വർദ്ധിച്ചു.'-ആര്യവീർ കൂട്ടിച്ചേർത്തു.
പിതാവ് നൽകിയ ഉപദേശവും ആര്യവീർ വെളിപ്പെടുത്തി. 'ബാറ്റിങ് വളരെ ലളിതമായി ചെയ്യണമെന്നാണ് അദ്ദേഹം എപ്പോഴും എന്നോട് പറയാറുള്ളത്. അടിക്കാൻ പറ്റിയ പന്താണെങ്കിൽ അടിക്കുക. ഒഴിവാക്കാവുന്നതാണെങ്കിൽ ഒഴിവാക്കുക. പ്രതിരോധിക്കേണ്ടതാണെങ്കിൽ പ്രതിരോധിക്കുക. സാങ്കേതിക തികവിനേക്കാൾ മാനസിക വശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അച്ഛൻ എന്നോട് പറഞ്ഞത്. കാരണം സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് വളരെധികം ചർച്ചകൾ നടക്കുന്നുണ്ടല്ലോ.'-ആര്യവീർ പറയുന്നു.
Content Highlights: Aaryavir Sehwag reflects on his recent performances for India Under-19 against Australia and West Delhi Lions in the Delhi Premier League., He shares the invaluable batting advice given by his father, legend Virender Sehwag, focusing on simplicity and mental toughness., Aaryavir addresses the pressure of carrying a famous surname and handling social media expectations.
Published: 24 Sept 2026, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented