വെല്ലിങ്ടൺ: തങ്ങൾ ആരാധിക്കുന്ന സൂപ്പർ താരങ്ങളെ കാണാനായി മാത്രം ഗാലറിയിലെത്തുന്നവർ ഒട്ടേറെയാണ്. അവരുടെ പ്രകടനം കണ്ട് ആർപ്പുവിളിക്കാനും ചിത്രങ്ങൾ പകർത്താനുമൊക്കെ ആരാധകർ തിരക്ക് കൂട്ടുന്ന കാഴ്ച സ്റ്റേഡിയങ്ങളിൽ പതിവാണ്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ മുതിർന്ന താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫിനായി ശ്രമിക്കുന്ന ആരാധകരാണ് വീഡിയോയിൽ.

To advertise here,

ഗാലറിയിൽ നിന്ന് കുട്ടികളടക്കമുള്ള ആരാധകർ കോലിക്കായി ആർപ്പുവിളിക്കുന്നത് വീഡിയോയിൽ കാണാം. ഫീൽഡിങ്ങിനിടെ കോലിയുടെ ശ്രദ്ധ ഈ ആരാധകരിലേക്ക് മാറുകയും ചെയ്യുന്നുണ്ട്. എന്നാൽ ആരാധകർ പ്ലാസ്റ്റിക് ബാറ്റ് എറിയുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. ഓട്ടോഗ്രാഫിനായാണ് ആരാധകരുടെ ശ്രമം. ഇത് കോലിയുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.

മൈതാനത്ത് പ്ലാസ്റ്റിക് ബാറ്റ് എറിഞ്ഞ പ്രവൃത്തിയോട് കോലിക്കുള്ള അനിഷ്ടം പ്രകടമായിരുന്നു. തുടർന്ന് മൈതാനത്ത് വീണ ബാറ്റ് ബൗണ്ടറി ലൈനിന് പുറത്തേക്ക് താരം എടുത്തുമാറ്റി. ഇങ്ങനെ ചെയ്യരുതെന്ന മുന്നറിയിപ്പും കോലി ആരാധകർക്ക് നൽകി. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

അതേസമയം രണ്ടാം ഏകദിനത്തിനിടെ കോലി പുതിയ റെക്കോഡ് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ഏഴ് റൺസ് മാത്രമാണ് നേടാനായതെങ്കിലും ഏകദിന ക്രിക്കറ്റിൽ കിവീസിനെതിരേ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോലി മാറി. മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡാണ് കോലി മറികടന്നത്. കോലി നിരാശപ്പെടുത്തിയെങ്കിലും മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിന് ഇന്ത്യ ജയിച്ചുകയറി.

ഏകദിനത്തിൽ കിവീസിനെതിരേ 1978 റൺസാണ് കോലി നേടിയത്. പട്ടികയിൽ മൂന്നാമത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറാണ്. 1750 റൺസാണ് സച്ചിൻ കിവീസിനെതിരേ അടിച്ചെടുത്തത്. മുൻ ലങ്കൻ താരങ്ങളായ കുമാർ സംഗക്കാര നാലാമതും സനത് ജയസൂര്യ അഞ്ചാമതുമാണ്. സംഗക്കാര 1568 റൺസ് നേടിയപ്പോൾ സനത് ജയസൂര്യ 1519 റൺസും നേടി. മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്വസ് കാലിസ് 1449 റൺസോടെ പട്ടികയിൽ ആറാമതുണ്ട്.