വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയിച്ചതോടെ പുതിയ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ തവണ കിവീസിനെ തോൽപ്പിക്കുന്ന ടീമായി ഇന്ത്യ മാറി. എല്ലാ ഫോർമാറ്റുകളിലുമായി 11 തവണയാണ് ഇന്ത്യ ന്യൂസീലൻഡിനെ പരാജയപ്പെടുത്തിയത്. രണ്ടാം ഏകദിനത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യയുടെ ജയം.

To advertise here,

21 വർഷം മുൻപുള്ള ഓസ്‌ട്രേലിയയുടെ റെക്കോഡാണ് ശുഭ്മാൻ ഗില്ലും സംഘവും മറികടന്നത്. 2005 ൽ റിക്കി പോണ്ടിങ്ങിന്റെ നായകത്വത്തിലുള്ള ഓസീസ് സംഘം 10 തവണ കിവീസിനെ പരാജയപ്പെടുത്തിയിരുന്നു. 2008 ൽ ഇംഗ്ലണ്ട് ഒൻപത് തവണയും ന്യൂസിലൻഡിനെ തോൽപ്പിച്ചു. ഒരു കലണ്ടർ വർഷം പത്തിലധികം തവണ കിവീസിനെ കീഴടക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.

എന്നാൽ 12 മത്സരങ്ങളിൽ നിന്നാണ് ഓസീസ് പത്ത് തവണ ജയിച്ചത്. ഇന്ത്യയാകട്ടെ 16 തവണ ഏറ്റുമുട്ടിയതിൽ നിന്നാണ് 11-ാം ജയം സ്വന്തമാക്കുന്നത്. ഏകദിന ക്രിക്കറ്റിൽ അഞ്ച് മത്സരങ്ങളും ടി20 യിൽ 11 മത്സരങ്ങളും ഇന്ത്യ കളിച്ചു. അതിൽ മൂന്ന് ഏകദിനങ്ങളിലും എട്ട് ടി20 മത്സരങ്ങളിലും ഇന്ത്യ കിവീസിനെ പരാജയപ്പെടുത്തി. ടി20 ലോകകപ്പ് ഫൈനലിലുൾപ്പെടെ ഇന്ത്യ വിജയിച്ചുകയറി.