വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷം, തനിക്ക് ലഭിച്ച 'ഗെയിം ചേഞ്ചർ ഓഫ് ദ മാച്ച്' സമ്മാനമായ സ്മാർട്ട്‌ഫോൺ ഒരു ഒഫീഷ്യലിന് സമ്മാനിച്ച് കെ.എൽ രാഹുൽ. ഈ സ്‌നേഹപ്രകടനം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒഫീഷ്യൽ വ്യക്തമാക്കി.

To advertise here,

'അദ്ദേഹം ആ ഫോൺ എനിക്ക് തന്നു. ഞാൻ അമ്പരന്നുപോയി. ഇങ്ങനെയൊരു സമ്മാനം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വലിയ മനസാണ് ഇതിന് കാരണം.'-ബിസിസിഐ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ഒഫീഷ്യൽ പറയുന്നു. ബിസിസിഐയും രാഹുലിനെ അഭിനന്ദിച്ചു. 'വലിയ കളിക്കാരൻ. വലിയ മനസ്സ്. സ്‌നേഹത്തിന്റെയും അച്ചടക്കത്തിന്റെയും ഉദാത്ത മാതൃക.' വീഡിയോയ്‌ക്കൊപ്പം ബിസിസിഐ കുറിച്ചു.

ശനിയാഴ്ച വെല്ലിങ്ടണിൽ മഴമൂലം വെട്ടിച്ചുരുക്കിയ രണ്ടാം ഏകദിനത്തിൽ ഡി.എൽ.എസ് നിയമപ്രകാരം ഇന്ത്യ നാല് റൺസിനാണ് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി. 41 ഓവറിൽ 134 റൺസിന് ന്യൂസിലൻഡിനെ പുറത്താക്കിയ ഇന്ത്യക്കായി, കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഗുർനൂർ ബ്രാർ 30 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ന്യൂസിലൻഡിനായി ഡാരിൽ മിച്ചൽ 55 റൺസെടുത്ത് ടോപ് സ്‌കോററായി.

135 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റിന് 47 എന്ന നിലയിലേക്ക് തകർന്നുവീണെങ്കിലും, ശ്രേയസ് അയ്യറും (30) കെ.എൽ. രാഹുലും (പുറത്താകാതെ 26 ) ചേർന്ന് ടീമിനെ കരകയറ്റുകയായിരുന്നു.

എന്നാൽ തിരിച്ചടിച്ച ന്യൂസിലൻഡ് ഇന്ത്യയെ 113/7 എന്ന നിലയിലേക്ക് വീഴ്ത്തി. ഇതിനിടെ മഴയെത്തുടർന്ന് കളി തടസ്സപ്പെട്ടപ്പോൾ, ഡി.എൽ.എസ് സ്‌കോറിനേക്കാൾ നാല് റൺസ് മുന്നിലായിരുന്ന സന്ദർശകരായ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു.