ന്യൂഡൽഹി: താമസം മാറാൻ ഭൂമി അനുവദിക്കണമെന്ന അഭ്യർഥനയുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. എക്‌സിലൂടെയാണ് താരം ആവശ്യവുമായി രംഗത്തെത്തിയത്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നതായും എന്നാൽ സ്ഥലം ലഭിക്കുന്നില്ലെന്നും പന്ത് എക്സിൽ കുറിച്ചു. ഭൂമി അനുവദിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയോടാണ് പന്ത് ആവശ്യപ്പെട്ടത്. അതേസമയം കുറിപ്പിൽ ഒട്ടേറെ അക്ഷരതെറ്റുകളുള്ളത് ചർച്ചയായി.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് കളിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ. അതിനിടെയാണ് ഇത്തരമൊരു ആവശ്യവുമായി താരം രംഗത്തെത്തുന്നത്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് താമസം മാറാനായി ഭൂമി വാങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇവിടെ താമസിക്കാൻ സൗകര്യപ്രദമായ ഒന്നും കണ്ടെത്താനായില്ലെന്നും പന്ത് എക്സിൽ കുറിച്ചു.
‘എനിക്ക് എന്റെ ഉത്തരാഖണ്ഡ് വളരെ ഇഷ്ടമാണ്. ഭൂമി വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം ഇന്ന് ഇത് വളരെ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. എല്ലാ കാര്യങ്ങളും മാറ്റിവെച്ച്, എന്റെ നാട്ടിലേക്ക് മടങ്ങിയെത്തി, സഹായിക്കാനും താമസിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജനങ്ങളോടൊപ്പം നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി ഈ വിഷയത്തിൽ ശ്രദ്ധിക്കണം. മൂന്ന് വർഷമായിട്ടും എനിക്ക് ഭൂമി ലഭിച്ചിട്ടില്ല. നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു.’ - ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് പന്ത് ആവശ്യപ്പെട്ടു.
അതേസമയം വിഷയത്തിൽ മറ്റൊരു കുറിപ്പും പന്ത് പങ്കുവെച്ചു. അന്താരാഷ്ട്ര തലങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതിനാൽ ഭൂമി സമ്മാനമായി നൽകാനാവുമോയെന്നും അദ്ദേഹം ചോദിച്ചു. ‘അന്താരാഷ്ട്ര തലങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതിന് ഒരു സമ്മാനം ലഭിക്കുന്നത് സന്തോഷകരമായിരിക്കും. എന്നാൽ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ, സർക്കാർ നിരക്കിൽ ഭൂമി വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ എന്റെ സ്വന്തം സംസ്ഥാനത്തും എന്റെ ആദ്യത്തെ വീട് നിർമ്മിക്കാൻ കഴിയും. ദയവായി സഹായിക്കുക. ഇത് എങ്ങനെ ചെയ്യണമെന്ന് സത്യത്തിൽ എനിക്ക് അറിയില്ല.’ - പന്ത് കുറിച്ചു.
പന്തിന്റെ പോസ്റ്റ് സാമൂഹികമാധ്യമങ്ങളിൽ വൻ ചർച്ചയായി. ഇത്തരമൊരു ആവശ്യവുമായി ഇന്ത്യൻ താരം രംഗത്തെത്തിയതിൽ അസ്വാഭാവികതയും അമ്പരപ്പുമുണ്ടെന്നും പലരും പ്രതികരിച്ചു. മാത്രമല്ല, അർധരാത്രിയാണ് പോസ്റ്റ് പങ്കുവെച്ചതെന്നും ഒട്ടേറെ അക്ഷരതെറ്റുകളുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി.
Content Highlights: Rishabh Pant requests land in Uttarakhand from CM Pushkar Singh Dhami., The wicketkeeper-batter plans to shift his base from Delhi
Published: 08 Aug 2026, 09:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented