ഡൽഹി: അഫ്ഗാനെതിരായ മൂന്നാം ടി20-യിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല തുടക്കം. പവർപ്ലേയിൽ 100 റൺസിലെത്തിയ ഇന്ത്യ 9.5 ഓവറിൽ 142-1 എന്ന നിലയിലാണ്. അതിവേഗ സെഞ്ചുറിയുമായി അഭിഷേക് അഫ്ഗാൻ ബൗളർമാരെ നിലംപരിശാക്കി. 30 പന്തിലാണ് അഭിഷേക് സെഞ്ചുറി നേടിയത്. 34 പന്തിൽ 108 റൺസെടുത്താണ് അഭിഷേക് പുറത്തായത്.

To advertise here,

പവർപ്ലേയിൽ വെടിക്കെട്ട് നടത്തുന്ന സഞ്ജു-അഭിഷേക് ഓപ്പണിങ് സഖ്യത്തെയാണ് മത്സരത്തിൽ കണ്ടത്. അഭിഷേകായിരുന്നു കൂടുതൽ അപകടകാരി. ആദ്യ ഓവറുകൾ മുതൽതന്നെ അഭിഷേക് ശർമ അടിച്ചുതുടങ്ങി. ആദ്യ രണ്ടോവറിൽ ടീം 22 റൺസിലെത്തി. മൂന്നാം ഓവറിൽ അഭിഷേകിന്റെ താണ്ഡവമായിരുന്നു. രണ്ട് സിക്‌സറും രണ്ട് ഫോറും ഉൾപ്പെടെ അഭിഷേക് ഓവറിൽ 22 റൺസെടുത്തു. നാലാം ഓവറിൽ 11 റൺസ് പിറന്നതോടെ ഇന്ത്യൻ സ്‌കോർ അമ്പത് കടന്നു.

അഞ്ചാം ഓവറിൽ സഞ്ജുവും വെടിക്കെട്ടിന് തിരികൊളുത്തി. മുഹമ്മദ് നബി എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളും സഞ്ജു അതിർത്തികടത്തി. പിന്നാലെ അഭിഷേക് സിക്‌സറോടെ അർധസെഞ്ചുറി തികച്ചു. 16 പന്തിലാണ് ഫിഫ്റ്റി തികച്ചത്. പിന്നീട് ഫോറും സിക്‌സറും അടിച്ചതോടെ ഓവറിൽ പിറന്നത് 29 റൺസ്. ആറാം ഓവറിലും അഭിഷേക് കത്തിക്കയറി. ഓവറിൽ 15 റൺസാണ് ഇന്ത്യൻ സഖ്യം അടിച്ചെടുത്തത്. അതോടെ, ആറോവറിൽ ഇന്ത്യ നൂറുറൺസിലെത്തി.

വെടിക്കെട്ട് തുടർന്ന അഭിഷേക് ഒൻപതാം ഓവറിൽ സെഞ്ചുറിയും തികച്ചു. 30 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. ടി20-യിലെ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചുറിയാണിത്. പിന്നാലെ പത്താം ഓവറിൽ താരം പുറത്തായി.

ഒരു മാറ്റം മാത്രമാണ് ഇന്ത്യൻ ടീമിലുള്ളത്. പേസർ അർഷ്ദീപിന് പകരം യാഷ് ഠാക്കൂർ കളിക്കും. ഓപ്പണിങ്ങിൽ പരീക്ഷണങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ത്യ അതിന് മുതിർന്നില്ല. കൗമാരതാരം വൈഭവ് സൂര്യവംശി ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ, കഴിഞ്ഞ മത്സരത്തിലെ സഞ്ജു- അഭിഷേക് ഓപ്പണിങ് സഖ്യം നിലനിർത്താനാണ് ഇന്ത്യ തീരുമാനിച്ചത്. അഫ്ഗാൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്.