ന്യൂഡൽഹി: അഭിഷേക് ശർമ കത്തിക്കയറിയ രാത്രിയിൽ അഫ്ഗാൻ ബൗളർമാർക്ക് നോക്കിനിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ താരത്തിന്റെ ബാറ്റിങ്താണ്ഡവംതന്നെയായിരുന്നു. പന്തെറിഞ്ഞവർക്കെല്ലാം കണക്കിനുകിട്ടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ പവർപ്ലേയിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടി കുറിച്ചാണ് അഭിഷേക് സെഞ്ചുറിയിലേക്ക് കുതിച്ചത്. 34 പന്തിൽ 108 റൺസുമായി മടങ്ങുമ്പോൾ റെക്കോഡുകൾ പലതും തകർന്നുവീണിരുന്നു.
ട്വന്റി-20 ക്രിക്കറ്റിൽ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ വേഗമേറിയ സെഞ്ചുറിയും ഇന്ത്യയുടെ വേഗമേറിയ സെഞ്ചുറിയും അഭിഷേക് ശർമ (30 പന്തിൽ 100) സ്വന്തം പേരിലാക്കിയിരുന്നു. 16 പന്തിൽ അർധസെഞ്ചുറിയിലെത്തിയ അഭിഷേക് 30 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. സെഞ്ചുറിനേടിയതോടെ യോഗാസനത്തിലിരുന്നാണ് താരം നേട്ടം ആഘോഷിച്ചത്. 27 പന്തിൽ സെഞ്ചുറിനേടിയ എസ്തോണിയയുടെ സാഹിൽ ചൗഹാന്റെ പേരിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ ലോകറെക്കോഡ്. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ സിംബാബ്‌വേയുടെ സിക്കന്ദർ റാസയും ന്യൂസീലൻഡിന്റെ ഫിൻ അലനും 33 പന്തിൽ ശതകം നേടിയതിന്റെ റെക്കോഡാണ് അഭിഷേക് മറികടന്നത്. ഇന്ത്യൻ താരത്തിന്റെ റെക്കോഡ് 35 പന്തിൽ സെഞ്ചുറിനേടിയ രോഹിത് ശർമയുടെ പേരിലായിരുന്നു. 34 പന്ത് നേരിട്ട അഭിഷേക് 108 റൺസെടുത്തു. 11 സിക്സും ഒൻപത് ഫോറും ഇന്നിങ്സിലുണ്ട്. 312.64 ആണ് പ്രഹരശേഷി. കരിയറിലെ മൂന്നാം സെഞ്ചുറിയാണ് താരം കുറിച്ചത്.
ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഫസൽഹഖ് ഫാറൂഖിയെ ഫോറടിച്ചാണ് അഭിഷേക് വെടിക്കെട്ടിന് തുടക്കമിട്ടത്. അടുത്ത ഓവറിൽ അസമത്തുള്ള ഒമർസായിയെ രണ്ടുസിക്സിനും ഒരു ഫോറിനും ശിക്ഷിച്ചു. ഫസൽ ഹഖിന്റെ അടുത്ത ഓവറിൽ രണ്ടുവീതം സിക്സും ഫോറും വന്നു. മുഹമ്മദ് നബി എറിഞ്ഞ അഞ്ചാം ഓവറിൽ സഞ്ജു സാംസണും അഭിഷേകും ചേർന്ന് നാലുസിക്സും ഒരു ഫോറും നേടി. പവർപ്ലേയിൽ ഇന്ത്യ 100 റൺസ് കടന്നു. ആദ്യ ആറോവറിൽ 22 പന്തുകൾ നേരിട്ട അഭിഷേക് 76 റൺസാണ് അടിച്ചെടുത്തത്. പോർച്ചുഗലിന്റെ കുൽദീപ് ഗോലിയയുടെ റെക്കോഡാണ് അഭിഷേക് മറികടന്നത്. ആ ഘട്ടത്തിൽ 14 പന്തിൽ നിന്ന് 24 റൺസ് മാത്രമാണ് സഞ്ജു നേടിയത്.
ഓപ്പണിങ് വിക്കറ്റിൽ 9.5 ഓവറിൽ 142 റൺസാണ് വന്നത്. റാഷിദ് ഖാന്റെ പന്തിൽ റഹ്‌മത്തുള്ള ഗുർബാസ് പിടിച്ചാണ് അഭിഷേക് മടങ്ങിയത്. അഭിഷേക് പുറത്തായതോടെ സഞ്ജു ആക്രമണച്ചുമതലയേറ്റെടുത്തു. 35 പന്തിൽ നാലുസിക്സും രണ്ടുഫോറും സഹിതമാണ് സഞ്ജു പരമ്പരയിലെ രണ്ടാമത്തെ അർധസെഞ്ചുറി കണ്ടെത്തിയത്. അഭിഷേകും സഞ്ജുവും പുറത്തായതിനുശേഷം മധ്യനിര ബാറ്റർമാർ വിക്കറ്റ് വലിച്ചെറിഞ്ഞതോടെ പടുകൂറ്റൻ സ്‌കോറിലേക്ക് എത്തിയില്ല. പിന്നാലെ 26 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയിയും 25 റൺസിന് മൂന്ന് വിക്കറ്റെടുത്ത നിധീഷ് കുമാർ റെഡ്ഡിയും ഒൻപത് റൺസിന് രണ്ട് വിക്കറ്റെടുത്ത അക്‌സർ പട്ടേലും ചേർന്നാണ് അഫ്ഗാൻ ബാറ്റിങ്ങിനെ തകർത്തത്.
Content Highlights: Abhishek Sharma scored a 30-ball century, the fastest by a player from a Test-playing nation., He scored 108 runs off 34 balls with 11 sixes and 9 fours
Published: 18 Sept 2026, 09:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented