ഹരാരെ: ജൂലായില്‍ ഇന്ത്യക്കെതിരേ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിനെ സിക്കന്ദര്‍ റാസ നയിക്കും. ലോകചാമ്പ്യന്മാരായ ഇന്ത്യക്കെതിരേ അഞ്ച് ടി20 മത്സരങ്ങളാണുള്ളത്. ജൂലായ് ആറ് മുതല്‍ സിംബാബ്‌വെയില്‍ നടക്കുന്ന മത്സരത്തിനായി ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെടും. ബെല്‍ജിയത്തില്‍ ജനിച്ച ആന്റം നഖ്‌വിയെയും സിംബാബ്‌വെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പൗരത്വം സംബന്ധിച്ച ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹാരമാകുന്നതോടെയാണ് അന്തിമ സ്‌ക്വാഡില്‍ ഉള്‍പ്പെടുന്നത് സംബന്ധിച്ച് ഉറപ്പു പറയാനാവുകയെന്ന് സിംബാബ്‌വെ ക്രിക്കറ്റ് പ്രസ്താവനയില്‍ അറിയിച്ചു. 

To advertise here,

ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ പാകിസ്താന്‍ ദമ്പതികളുടെ മകനായാണ് നഖ്‌വി ജനിച്ചത്. തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിംബാബ്‌വെയെ പ്രതിനിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നഖ്‌വി പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹത്തെ സെലക്ഷനില്‍ പരിഗണിച്ചത്. പൗരത്വം സംബന്ധിച്ച അപേക്ഷകള്‍ പരിഗണനയിലാണ്. 

ശനിയാഴ്ച അവസാനിച്ച ടി20 ലോകകപ്പിലേക്ക് സിംബാബ്‌വെ യോഗ്യത നേടിയിരുന്നില്ല. ഇതോടെ ടീമില്‍ അഴിച്ചുപണികള്‍ നടത്താന്‍ നിശ്ചയിച്ചു. ആദ്യ പടിയെന്നോണം മുഖ്യപരിശീലകനായി ജസ്റ്റിന്‍ സാമണ്‍സിനെ നിയമിച്ചു. റാസയുടെ നേതൃത്വത്തില്‍ യുവനിരയെയാണ് സിംബാബ്‌വെ അണിനിരത്തുക. 

സിംബാബ്‌വെ സ്‌ക്വാഡ്: സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), അക്രം ഫറസ്, ബെന്നറ്റ് ബ്രയാന്‍, കാംബെല്‍ ജോനാഥന്‍, ചതര ടെന്‍ഡെ, ജോങ്‌വെ ലൂക്ക്, കയ്യ ഇന്നസെന്റ്, മഥനെ ക്ലൈവ്, മധ്‌വീരെ വെസ്ലി, മാരുമനി ടാഡിവനാഷെ, മസകദ്‌സ വെല്ലിങ്ടണ്‍, മവുത ബ്രന്‍ഡന്‍, മുസാറബനി ബ്ലെസ്സിങ്, മിയേഴ്‌സ് ഡിയന്‍, നഖ്‌വി ആന്റും, എന്‍ഗരാവ റിച്ചാര്‍ഡ്, ശുംബ മില്‍ട്ടണ്‍. 

അതേസമയം ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിലും യുവനിരയാണുള്ളത്. സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പര്‍. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഐ.പി.എലില്‍ യങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാര്‍ റെഡ്ഢിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്ക് വിനയായി. ഇതോടെ ദേശീയ ടീമില്‍ അരങ്ങേറാനുള്ള അവസരം നഷ്ടപ്പെട്ടു. പകരം ശിവം ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തി. അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ തുടങ്ങിയ പുതുമുഖങ്ങളും ടീമിലുണ്ട്.  

ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.