മുംബൈ: ഓൾറൗണ്ടർ ദീപ്തി ശർമയുടെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ കൂടിയാണ് ഇന്ത്യ പ്രഥമ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ടൂർണമെന്റിലുടനീളം ബാറ്റുകൊണ്ടും പന്തുകൊണ്ടും ദീപ്തി ടീമിന് മുതൽക്കൂട്ടായി. ലോകകപ്പിലെ താരവും മറ്റാരുമായിരുന്നില്ല. ടൂര്‍ണമെന്റില്‍ 215 റണ്‍സും 22 വിക്കറ്റുകളുമാണ് ദീപ്തിയുടെ സമ്പാദ്യം. ലോകവേദികളിൽ തിളങ്ങിയ ദീപ്തിക്കായി നിറഞ്ഞകയ്യടികളാണ് ചുറ്റും. എന്നാൽ ദീപ്തി മാത്രമല്ല സഹോദരൻ സുമിത്തും കയ്യടി അർഹിക്കുന്നുണ്ട്. കാരണം, സഹോദരിയെ ക്രിക്കറ്റ് താരമാക്കാനായി സ്വന്തം ജോലി ഉപേക്ഷിച്ചയാളാണ് സുമിത്. സഹോദരൻ നൽകിയ പിന്തുണയെക്കുറിച്ച് ദീപ്തിയും നേരത്തേ തുറന്നുപറഞ്ഞിട്ടുണ്ട്.
ഞാൻ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ, ദീപ്തി എപ്പോൾ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്നോ, എത്ര വർഷം കളിക്കുമെന്നോ, ലോകകപ്പിൽ എപ്പോഴെങ്കിലും കളിക്കുമോ എന്നോ എനിക്കറിയില്ലായിരുന്നു. എനിക്ക് ഒരേയൊരു കാര്യം മാത്രമേ അറിയാമായിരുന്നുള്ളൂ. അവൾ ഒരുനാൾ ഇന്ത്യക്ക് വേണ്ടി കളിക്കാനായി ഞാൻ കഴിവിൻ്റെ പരമാവധി ചെയ്യുക."- സുമിത് ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഫൈനലിന് മുമ്പ് ദീപ്തി എനിക്കൊരു വാക്ക് തന്നിരുന്നു. എന്തുതന്നെ ചെയ്താലും 100 ശതമാനവും നൽകുമെന്നും ട്രോഫി ഇന്ത്യയിൽ നിന്ന് വിട്ടുപോകാൻ അനുവദിക്കില്ലെന്നും. മുൻപും പലതവണ അവൾ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പിന്നീട് ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ വാക്ക് പാലിച്ചില്ലേ എന്ന് അവൾ എന്നോട് ചോദിച്ചു. - സുമിത് കൂട്ടിച്ചേർത്തു.
തൻ്റെ സഹോദരൻ കാരണമാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം ഒരുപാട് ത്യാഗങ്ങൾ ചെയ്തതായും ദീപ്തി തുറന്നുപറഞ്ഞിട്ടുണ്ട്. എൻ്റെ സ്വപ്നം പിന്തുടരാൻ വേണ്ടി അദ്ദേഹം തൻ്റെ ജോലി ഉപേക്ഷിച്ചു. ഇങ്ങനെയൊരു വേദിയിൽ, കുടുംബത്തിന് മുന്നിൽവെച്ച്, മികച്ച പ്രകടനം നടത്തി ട്രോഫി ഉയർത്തുന്നത് ശരിക്കും ഒരു പ്രത്യേക അനുഭവമാണ്."- കിരീടനേട്ടത്തിന് പിന്നാലെ ദീപ്തി ഐസിസിയോട് പറഞ്ഞു.
ഫൈനലിൽ ദീപ്തിയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഫലം ഇന്ത്യക്ക് അനുകൂലമാക്കിയത്. 58 പന്തുകള്‍ നേരിട്ട് 58 റണ്‍സ് നേടിയ ദീപ്തി, 9.3 ഓവറില്‍ 39 റണ്‍സ് വിട്ടുനല്‍കി അഞ്ചുവിക്കറ്റുമെടുത്തു. സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിനെ (101) പുറത്താക്കിയതും ദീപ്തിയാണ്. ടൂർണമെന്റിന്റെ താരമായി മാറിയ ദീപ്തി ഒരു ഐസിസി വനിതാ ലോകകപ്പില്‍ ഇരുന്നൂറിലധികം റണ്‍സും പതിനഞ്ചിലധികം വിക്കറ്റുകളും നേടുന്ന ആദ്യ ക്രിക്കറ്ററെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
Content Highlights: Deepti Sharma's Brother Made Ultimate Sacrifice For Her Cricket Career
Published: 09 Nov 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented