മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. 2028-ലെ സീസൺ മുതൽ ലീഗിൽ 12 ടീമുകളെ ഉൾപ്പെടുത്തിയേക്കുമെന്ന മാധ്യമ വാർത്തകൾ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ തള്ളി.

To advertise here,

ഐപിഎൽ 12 ടീമുകളുടെ ടൂർണമെന്റാക്കി മാറ്റുന്നതിനെക്കുറിച്ച് ബോർഡിനുള്ളിൽ ഔദ്യോഗികമായോ അനൗദ്യോഗികമായോ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവേ ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി. മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ചിലരുടെ ഭാവനയിൽ വിരിഞ്ഞ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും നിലവിൽ ലീഗ് വിപുലീകരണം ബിസിസിഐയുടെ പരിഗണനയിലില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

2027-ൽ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 20-ാം പതിപ്പ് വിജയകരമായി സംഘടിപ്പിക്കുന്നതിലാണ് ബിസിസിഐയുടെ നിലവിലെ മുഴുവൻ ശ്രദ്ധയെന്നും അതിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് ബോർഡ് ചിന്തിക്കുന്നില്ലെന്നും സൈകിയ ചൂണ്ടിക്കാട്ടി.

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിൽ വന്ന റിപ്പോർട്ട് അനുസരിച്ച് 2028-ലെ മീഡിയ റൈറ്റ്‌സ് സൈക്കിളിൽ വഡോദര, പുണെ എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ച് ബിസിസിഐ രണ്ട് പുതിയ ടീമുകളെക്കൂടി ലീഗിലേക്ക് കൊണ്ടുവരുമെന്ന് അവകാശപ്പെട്ടിരുന്നു. പുതിയ ടീമുകൾക്ക് ഒരു ബില്യൺ ഡോളറിലധികം (ഏകദേശം 8,300 കോടിയിലധികം രൂപ) മൂല്യമുണ്ടാകുമെന്നും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ പെർമിറ, വെസ്റ്റ് ഏഷ്യൻ പരമാധികാര ഫണ്ടുകൾ, പ്രമുഖ ഇന്ത്യൻ കോർപ്പറേറ്റ് ഗ്രൂപ്പുകൾ എന്നിവർ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.