ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വൈറ്റ്‌ബോൾ പരമ്പരയ്ക്കുള്ള ചർച്ചകൾ പുരോഗമിക്കവേ, വരാനിരിക്കുന്ന ഐപിഎൽ ലേലത്തിൽ ബംഗ്ലാദേശ് താരങ്ങൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ലേലത്തിൽ ബംഗ്ലാദേശ് താരങ്ങൾക്ക് പങ്കെടുക്കാൻ ബിസിസിഐ അനുമതി നൽകിയതായാണ് വിവരം. കഴിഞ്ഞ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെടുക്കുകയും പിന്നാലെ പുറത്താക്കുകയും ചെയ്ത മുസ്തഫിസുർ റഹ്‌മാൻ ഉൾപ്പെടെ ഏഴ് താരങ്ങൾ ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പ് ബംഗ്ലാദേശ് ബഹിഷ്കരിച്ചതോടെയാണ് ബിസിസിഐയും ബിസിബിയും തമ്മിലുള്ള ബന്ധം വഷളായത്. നിലവിൽ മഞ്ഞുരുകിത്തുടങ്ങിയതിന്റെ സൂചനയാണ് പുറത്തുവരുന്നത്. മുസ്തഫിസുറിനെ കൂടാതെ നഹിദ് റാണ, റിഷാദ് ഹൊസ്സൈൻ, ഹസൻ മഹ്‌മുദ്, തൗഹിദ് ഹൃദോയ്, ടസ്‌കിൻ അഹമ്മദ്, ഷൊറിഫുൾ ഇസ്ലാം എന്നിവരാണ് ഇക്കുറി ലേലത്തിൽ പങ്കെടുക്കുന്നത്. ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി താരലേലത്തിനായുള്ള മുന്നൊരുക്കത്തിലാണ് ഫ്രാഞ്ചൈസികൾ. ടീമിലെടുക്കേണ്ട താരങ്ങളെ കുറിച്ചും ടീമിൽ നിലനിർത്തേണ്ട താരങ്ങളെ കുറിച്ചും ടീമുകൾ തലപുകയ്ക്കുകയാണ്. നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കേണ്ട അവസാനതീയതി നവംബർ 15 ആണ്. ഡിസംബർ 16 നാണ് ലേലം നടക്കുന്നത്.
കഴിഞ്ഞ ഐപിഎൽ സീസണിന് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്.
അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ ടി20 ലോകകപ്പ് കളിക്കാനാകില്ലെന്നും അതുകൊണ്ട് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ഐസിസി ആവശ്യം തള്ളുകയും തീരുമാനം അറിയിക്കാൻ സമയം നൽകുകയും ചെയ്തു. നിലപാടിൽ ഉറച്ചുനിന്നതോടെ പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കുകയായിരുന്നു.
Content Highlights: BCCI has permitted Bangladesh players to participate in the upcoming IPL auction
Published: 12 Nov 2026, 10:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented