മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയം രാജ്യമെങ്ങും ആഘോഷിക്കുകയാണ്. ടീമിന്റെ വിജയത്തിനു പിന്നാലെ വിവിധ സര്‍ക്കാരുകളും പരസ്യ ബ്രാന്‍ഡുകളും വരെ വനിതാ ടീമിന്റെ ജനപ്രീതിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ പലരും വാഗ്ദാനം ചെയ്ത ചില സമ്മാനത്തുകകളോ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളോ ലഭിച്ചില്ലെങ്കില്‍ നിരാശരാകരുതെന്ന് ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍.
ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന് 40 കോടി രൂപയാണ് ഐസിസി നല്‍കുന്ന സമ്മാനത്തുക. ഇതിനു പുറമെ പിന്നാലെ ബിസിസിഐ 51 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിച്ച ഘോഷ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍ തുടങ്ങിയ കളിക്കാര്‍ക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകളും സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് 1983-ല്‍ ഇന്ത്യന്‍ പുരുഷ ടീം ലോകകപ്പ് നേടിയപ്പോഴുള്ള സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി, ചില പാരിതോഷികങ്ങള്‍ ലഭിക്കാതെ പോയേക്കാമെന്ന് ഗവാസ്‌കര്‍ ടീമിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
'പെണ്‍കുട്ടികള്‍ക്ക് ഒരു മുന്നറിയിപ്പ് മാത്രം. വാഗ്ദാനം ചെയ്ത ചില അവാര്‍ഡുകള്‍ നിങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ ദയവായി നിരാശപ്പെടരുത്. ഇന്ത്യയില്‍, പരസ്യദാതാക്കളും ബ്രാന്‍ഡുകളും വ്യക്തികളും വേഗത്തില്‍ വിജയികളുടെ ചുമലില്‍ കയറി ചുളുവില്‍ പബ്ലിസിറ്റി നേടാന്‍ ശ്രമിക്കുകയാണ്. ടീമിനെ അഭിനന്ദിക്കുന്ന മുഴുവന്‍ പേജ് പരസ്യങ്ങളും ഹോര്‍ഡിങ്ങുകളും നോക്കൂ. അവര്‍ ടീമിന്റെയും വ്യക്തിഗത കളിക്കാരുടെയും സ്‌പോണ്‍സര്‍മാരല്ലെങ്കില്‍, ബാക്കിയുള്ളവര്‍ അവരുടെ ബ്രാന്‍ഡുകളെയോ തങ്ങളെയോ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയാണ്, ഇന്ത്യന്‍ ക്രിക്കറ്റിന് മഹത്വം കൊണ്ടുവന്നവര്‍ക്ക് അവര്‍ ഒന്നും നല്‍കില്ല.' - ഗാവസ്‌കര്‍ മിഡ് ഡേയില്‍ തന്റെ കോളത്തിലെഴുതി.
1983-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് സമാനമായ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും അവയില്‍ ചിലത് ഒരിക്കലും യാഥാര്‍ഥ്യമായില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
'1983-ലെ ടീമിനും അന്ന് മാധ്യമങ്ങളില്‍ ധാരാളം വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. അതിന് ധാരാളം കവറേജ് ലഭിക്കുകയും ചെയ്തു. മിക്കവാറുമെല്ലാം യാഥാര്‍ഥ്യമായില്ല. ഈ നാണമില്ലാത്ത ആളുകള്‍ തങ്ങളെയും ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കാതെ, വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരായതിനാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ പെണ്‍കുട്ടികളേ, ഈ നാണമില്ലാത്തവര്‍ നിങ്ങളുടെ വിജയം സ്വയം പ്രമോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വിഷമിക്കേണ്ട.' - ഗാവസ്‌കര്‍ കുറിച്ചു.
Content Highlights: Sunil Gavaskar advises the Indian Women`s Cricket team not to be disappointed if promised rewards aren`t fulfilled, citing past experiences
Published: 10 Nov 2025, 05:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented