മുംബൈ: ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് വനിതാ ലോകകപ്പ് കലാശപ്പോരിലേക്കുള്ള വഴിതുറന്നത്. സെമിയിൽ ഓസീസിനെതിരേ 134 പന്തിൽ നിന്ന് 14 ഫോറുകളുടെ അകമ്പടിയോടെ 127 റൺസെടുത്ത ജെമീമ പുറത്താകാതെ ഇന്ത്യക്ക് ജയം സമ്മാനിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്ന താരത്തിന്റെ ഉഗ്രൻ തിരിച്ചുവരവ് കൂടിയായിരുന്നു അത്. ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും ഇന്ത്യ കിരീടത്തിൽ മുത്തമിട്ടു. അന്ന് സെമി ഫൈനലിന് ശേഷം വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തുവെന്ന് പറയുകയാണ് ജെമീമ.
“സെമി ഫൈനലിലെ ആ ഇന്നിങ്സിന് ശേഷം, എൻ്റെ ഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. എല്ലായിടത്തുനിന്നും എനിക്ക് കോളുകൾ വന്നു. എങ്ങനെയാണ് പലർക്കും എൻ്റെ നമ്പർ കിട്ടിയതെന്ന് അറിയില്ല. ഞാൻ ഒട്ടും അതിശയോക്തി പറയുകയല്ല, പക്ഷെ എനിക്ക് 1000 വാട്സ്ആപ്പ് സന്ദേശങ്ങൾ വന്നിരുന്നു. എനിക്കത് താങ്ങാനായില്ല. ഞാൻ ഒരു ഫൈനലിനായി തയ്യാറെടുക്കുകയായിരുന്നു. ടൂർണമെൻ്റ് കഴിഞ്ഞിട്ടില്ല. ഞാനൊരു നല്ല ഇന്നിങ്സ് കളിച്ചു. ഞങ്ങൾ ജയിച്ച് ഫൈനലിലെത്തി. പക്ഷെ, ഞങ്ങൾക്ക് ഇനിയും ഒരു ലോകകപ്പ് ഫൈനൽ ജയിക്കാനുണ്ടായിരുന്നു.- ജെമീമ ക്രിക്ക്ബസിനോട് പറഞ്ഞു.
"ഒരു ഘട്ടം കഴിഞ്ഞപ്പോൾ അതെനിക്ക് താങ്ങാവുന്നതിലും അപ്പുറമായി, അതുകൊണ്ട് ഞാൻ വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തു. ഏറ്റവും അടുത്ത നാലഞ്ചു പേരെ ഇക്കാര്യം അറിയിച്ചു. ഒന്നുകിൽ എന്നെ വിളിക്കുകയോ അല്ലെങ്കിൽ സാധാരണ മെസ്സേജ് അയക്കുകയോ ചെയ്യാം. വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുകയാണെന്ന് പറഞ്ഞു. ഞാൻ സന്ദേശങ്ങൾ വായിക്കുന്നില്ലെങ്കിലും അത് നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. ആളുകൾ എനിക്ക് സന്ദേശമയക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷെ എനിക്ക് ഫൈനലിനായി തയ്യാറെടുക്കണമായിരുന്നു. അതുകൊണ്ട്, ഫൈനൽ വരെ ഞാൻ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ല. ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.- അവർ കൂട്ടിച്ചേർത്തു.
ലോകകപ്പിന് ശേഷമാണ് പിന്നീട് സജീവമായി സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചതെന്നും ജെമീമ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ മുഴുവൻ ഒന്നുകിൽ സെമി ഫൈനലിനെക്കുറിച്ചോ അല്ലെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയതിനെക്കുറിച്ചോ ആയിരുന്നു. അങ്ങനെയൊരു കാഴ്ച ഞാനിതുവരെ കണ്ടിട്ടില്ല. ഇപ്പോഴും, ഇൻസ്റ്റാഗ്രാം വെറുതെ സ്ക്രോൾ ചെയ്യുമ്പോൾ പെട്ടെന്ന് എൻ്റെ വീഡിയോയോ മറ്റോ വരും. അല്ലെങ്കിൽ ആരെങ്കിലും എന്നെക്കുറിച്ച് സംസാരിക്കുന്നതായിരിക്കും".- അവർ പറഞ്ഞു.
ടൂർണമെന്റിൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു താരം. പാകിസ്താനെതിരേ 37 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ മൂന്നാം മത്സരത്തില്‍ വീണ്ടും ഡക്കായി. ദക്ഷിണാഫ്രിക്കക്കെതിരേ നാല് പന്ത് മാത്രം നേരിട്ട താരം റണ്ണൊന്നുമെടുക്കാനാവാതെ നിരാശപ്പെടുത്തി. ഓസീസിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 21 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു. അതിന് ശേഷമാണ് ഇംഗ്ലണ്ടിനെതിരേ ജെമീമയെ ആദ്യപതിനൊന്നില്‍ നിന്ന് ഒഴിവാക്കുന്നത്. എന്നാൽ അടുത്ത മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തിയ താരം മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുത്തു. കിവീസിനെതിരേ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. 55 പന്തില്‍ നിന്ന് 76 റണ്‍സാണ് ജെമീമ നേടിയത്. 11 ഫോറുകളടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. പിന്നാലെയാണ് സെമിയില്‍ ഓസീസിനെതിരേ സെഞ്ചുറി പിറക്കുന്നത്.
Content Highlights: Jemimah Rodrigues ‘uninstalled WhatsApp’ after World Cup semis
Published: 01 Dec 2025, 07:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented