ആഭരണ നിർമാണമായിരുന്നു റോത്തക്കുകാരൻ സഞ്ജീവ് വർമയുടെ നിത്യവൃത്തി. സഞ്ജീവ് സമ്മാനിച്ച ഏറ്റവും വിലയേറിയ ഒരു സമ്മാനം ഇപ്പോൾ രാജ്യത്തിന്റെ അമൂല്യമായ നിധിയാണ്. ലോകചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂൺ ഷെഫാലി വർമ. സഞ്ജീവിന്റെ മകൾ. ഒരു സാധാരണ ആഭരണ നിർമാണ തൊഴിലാളിയുടെ മകളിൽ നിന്ന് ലോകചാമ്പ്യൻ വരെയുള്ള ഷെഫാലിയുടെ ജീവിതം ഏതൊരു ത്രില്ലർ സിനിമയെയും വെല്ലും.

To advertise here,

ഗുസ്തിക്കാരുടെ നാട്ടിൽ നിന്ന് വന്നിട്ടും എന്തുകൊണ്ട് ഗോദയിലിറങ്ങിയില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിരുന്നില്ല ഷെഫാലിക്ക്. ക്രിക്കറ്റ് കളിക്കാരനാവാൻ കൊതിച്ച് ജീവിതപ്രാരബ്ധം കാരണം പാതിവഴിയിൽ ഉപേക്ഷിച്ച അച്ഛന്റെ സ്വപ്‌നം ഏറ്റെടുത്ത് സഫലമാക്കുകയാണ് താൻ ചെയ്തതെന്നാണ് ഷെഫാലി പ്രധാനമന്ത്രിക്ക് നൽകിയ മറുപടി. അത്രയേറെ ദുരിതങ്ങൾ മറികടന്നാണ് സഞ്ജീവ് മകളെ ഇന്നത്തെ ഈ നിലയിലെത്തിച്ചത്. ചെറിയ വരുമാനം കൊണ്ട് മകളെ ഒരു ക്രിക്കറ്റ് താരമാക്കാൻ പരിശ്രമിക്കുന്ന സഞ്ജീവിന് തട്ടിപ്പിന് ഇരയായി സകല സ്വത്തും നഷ്ടമായ ഒരു അനുഭവവുമുണ്ട്. റോ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ ഒരാൾ ഒരിക്കൽ ഒരു നല്ല ജോലി വാഗ്ദാനം ചെയ്ത് ഭാര്യയുടെ ആഭരണങ്ങൾ ഉൾപ്പടെ മുഴുവൻ സ്വത്തും തട്ടിയെടുത്തു. ഒടുവിൽ സഞ്ജീവും ഭാര്യയും മൂന്ന് മക്കളും ജീവിക്കാൻ കൈയിൽ അഞ്ഞൂറ് രൂപ പോലുമില്ലാത്ത അവസ്ഥയുണ്ടായതായി ഇയ്യിടെ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സഞ്ജീവ് പറഞ്ഞു.

നിത്യജീവിതം തന്നെ വഴിമുട്ടിയെങ്കിലും മകളുടെ പരിശീലനം മുടക്കാൻ സഞ്ജീവ് തയ്യാറായില്ല. മുടി മുറിച്ച് ആൺകുട്ടിയെപ്പോലെയാക്കിയാണ് അവൾക്ക് അവിടെ പ്രവേശനം സംഘടിപ്പിച്ചതുതന്നെ. പണം ഇല്ലാത്തതുകൊണ്ട് അതെങ്ങനെ ഉപേക്ഷിക്കും. പകരം പതിവുകൾ ഒന്ന് മാറ്റി. പരിശീലനത്തിന് പോകുംമുൻപ് ആദ്യം കുട്ടികളെയും കൊണ്ട് റോത്തക്കിലെ ഒരു പ്രശസ്തമായ സ്‌കൂളിന് സമീപത്തേയ്ക്ക് പോകും. അവിടെ ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാട്ടിൽ കുട്ടികൾ തിരയാൻ മടിച്ച് ഉപേക്ഷിക്കുന്ന ക്രിക്കറ്റ് പന്തുകളുണ്ടാവും. സഞ്ജീവു ഷെഫാലിയും സഹോദരനും ചേർന്ന് ആ പന്തുകൾ തിരഞ്ഞ് കണ്ടുപിടിക്കും. ഇതുമായാണ് പിന്നീട് പരിശീലനത്തിന് അക്കാദമിയിലേയ്ക്ക് പോവുക. വീട്ടിലും മകൾക്ക് പരിശീലനത്തിന് വേണ്ടി ചെറിയ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തിരുന്നു സഞ്ജീവ്. അങ്ങനെ മകൾ ഈ കഷ്ടപ്പാടുകളെല്ലാം താണ്ടി പടിപടിയായി 2019ൽ ഇന്ത്യൻ ടീമിലെത്തി. തുടക്കത്തിൽ മുഴുവൻ കഴിവും പുറത്തെടുക്കുന്നില്ലെന്ന ആരോപണമെല്ലാം കേട്ടെങ്കിലും ക്രമേണ ഇന്ത്യൻ നിരയിലെ അവിഭാജ്യ ഘടകമായി.

എന്നാൽ, ഇത്തവണ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടാൻ ഷെഫാലിക്കായില്ല. പോരാത്തതിന് ആ സമയം ഹൃദ്രോഗം വന്ന് അച്ഛൻ ആശുപത്രിയിലുമായി. എന്നാൽ, കാലത്തിന്റെ നിയോഗം മറ്റൊന്നായിരുന്നു. സെമിക്ക് തൊട്ടുമുൻപ് പ്രതിക റാവലിന് പരിക്കേറ്റു. അതോടെ തീർത്തും അപ്രതീക്ഷിതമായി റിസർവ് ടീമിൽ പോലുമില്ലാതിരുന്ന ഷെഫാലിയെ ടീമിലേയ്ക്ക് വിളിച്ചു. ഫൈനലിലെ തിരക്കഥയാകെ മാറ്റിയെഴുതിയവരിൽ ഒരാൾ ഷെഫാലിയാണ്. സ്മൃതി മന്ദാനയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത് നേടിയത് 78 പന്തിൽ നിന്ന് 87 റൺസ്. ബൗളിങ്ങിൽ ആദ്യ രണ്ട് ഓവറിൽ തന്നെ രണ്ട് വിലപ്പെട്ട ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയ്ക്ക് മേൽക്കൈ നൽകുകയും ചെയ്തു. ഈ പ്രകടനമാണ് ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിക്കൊടുത്തതും. അങ്ങനെ ആണായും പെണ്ണായും ഏതെങ്കിലുമൊരു ലോകകപ്പിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന ബഹുമതിയും ഇരുപത്തിയൊന്നുകാരിയായാ ഷെഫാലി സ്വന്തമാക്കി.