2019 സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഫൈനലിന്റെ തലേദിനം മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കമന്റേറ്ററുമായ അഞ്ജും ചോപ്ര പ്രവചന സ്വഭാവമുള്ള ഒരു പരാമര്‍ശം നടത്തിയിരുന്നു. ഐപിഎല്ലിനിടെ മൂന്നു വനിതാ ടീമുകള്‍ പരസ്പരം മത്സരിച്ച ട്വന്റി 20 ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരത്തിനുള്ള ട്രോഫി പതിനെട്ടുകാരിയായ ബാറ്റിങ് സെന്‍സേഷന്‍ ജെമീമ റോഡ്രിഗസിന് നല്‍കിയ ശേഷമായിരുന്നു അഞ്ജുമിന്റെ പ്രവചനം.' ജെമീ ...ഇത് ഭാരമുള്ള ട്രോഫിയാണ്... മുറുകെ പിടിച്ചോളൂ... ഇനിയും ഇതുപോലെ എത്രയോ ട്രോഫികള്‍ പിടിക്കേണ്ടതാണ് '
ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാശാലിയായ തന്റെ മുന്‍ഗാമിയുടെ വാക്കുകകള്‍ കേട്ടപ്പോള്‍ നാണം കലര്‍ന്ന പുഞ്ചിരിയിലും അമ്പരപ്പിലുമായിരുന്നു ജെമീമയെന്ന ടീനേജ് താരം. അന്നത്തെ ആ ടീനേജ് താരം കുതിച്ചും കിതച്ചും വീണ്ടും കുതിച്ചും മുന്നോട്ടുപോയി. തന്നിലര്‍പ്പിച്ച റോളുകളൊക്കെ തികഞ്ഞ ആത്മാര്‍ത്ഥതയോടെ നിറഞ്ഞാടി. ചിലപ്പോള്‍ വീണു. ചിലപ്പോള്‍ ക്രൂശിക്കപ്പെട്ടു. വീണിടത്തുനിന്ന് എഴുന്നേറ്റ് വീണ്ടും യാത്ര തുടര്‍ന്നു. അഞ്ജും ചോപ്ര ആറ് വര്‍ഷം മുമ്പ് നടത്തിയ പ്രവചനത്തിന്റെ യഥാര്‍ഥ പൂര്‍ത്തീകരണമാണ് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ മുഖ്യ വിജയശില്‍പ്പിയായതിലൂടെ ജെമീമ നടത്തിയത്.
2018 സീസണില്‍ ഐപിഎല്ലിനൊപ്പം വനിതകളുടെ ഒരു പ്രദര്‍ശന മത്സരം മാത്രമാണ് നടന്നത്. 2019-ല്‍ അത് മൂന്നു ടീമുകളുടെ ചാമ്പ്യന്‍ഷിപ്പായി മാറി. 2023-ല്‍ വനിതാ പ്രീമിയര്‍ ലീഗ് ( ഡബ്ലുപിഎല്‍) എത്തിയതോടെ കളം മാറി. ലോക ക്രിക്കറ്റിലെ മികച്ച വനിതാ താരങ്ങളൊക്കെ ഇന്ത്യയില്‍ എത്തി. മൂന്ന് സീസണ്‍ പിന്നിട്ടപ്പോഴേക്കും ലോകത്തെ മികച്ച വനിതാ ടൂര്‍ണമെന്റായി ഡബ്ല്യുപിഎല്‍ മാറുകയും ചെയ്തു. സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും ദീപ്തി ശര്‍മയുമൊക്കെ ലോകത്തെ എല്ലാ പ്രമുഖ വനിതാ ലീഗുകളിലെയും അവിഭാജ്യ ഘടകങ്ങളായി മാറി. അതായിരുന്നു വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ച. ആ വളര്‍ച്ചയില്‍ മുന്‍നിരയില്‍ തന്നെയാണ് ജെമീമ ജസീക്ക റോഡ്രിഗസെന്ന മുംബൈക്കാരിയുടെ സ്ഥാനം.
ഒറ്റദിനത്തിലെ താരമല്ല
ജെമീമ ക്രിക്കറ്റ് പ്രേമികളുടെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ സെന്‍സേഷനായി മാറിയത് ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയ ആ ഒറ്റ ഇന്നിങ്‌സു കൊണ്ടാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റിനായി രക്തവും വിയര്‍പ്പും ഒഴുക്കിയിട്ടും നൂറ്റിപ്പത്തു ശതമാനം ആത്മാര്‍ത്ഥതയോടെ ടീമിനായി കളിച്ചിട്ടും പലപ്പോഴും അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ താരമാണ് ജെമി. ചിലപ്പോഴൊക്കെ നല്ല തുടക്കങ്ങളും അവസരങ്ങളും കളഞ്ഞു കുളിക്കുകയും ചെയ്തു. കളിക്കളത്തിലും പുറത്തും ഒരു യഥാര്‍ഥ ഓള്‍റൗണ്ടറായ ജെമി പ്രോത്സാഹനങ്ങളേക്കാള്‍ കൂടുതല്‍ നേടിയത് വിമര്‍ശനങ്ങളാണ് . കൂട്ടുകാരുമൊത്ത് റീല്‍സ് ചിത്രീകരിച്ചും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ഹോട്ടല്‍ സ്റ്റാഫുകള്‍ക്കുമൊപ്പം ചുവടുകള്‍വച്ചും ജീവിതത്തിന്റെ തന്നെ ഭാഗമായ ഗിറ്റാര്‍ മീട്ടിയും സദാ ഒരു സന്തോഷ മൂഡ് സൃഷ്ടിക്കാന്‍ ജെമി ശ്രമിച്ചിരുന്നു. പക്ഷേ, ഇതിനെയൊക്കെ വിമര്‍ശനത്തോടെ കണ്ട് വാക്കുകള്‍കൊണ്ട് താരത്തെ ദ്രോഹിച്ചവരായിരുന്നു ഒരു കൂട്ടര്‍.
ഇവര്‍ക്കെല്ലാം മറുപടി പറയാന്‍ ജെമിക്ക് ജീവിതത്തിലെ അസാധ്യമായ ഒരു ഇന്നിങ്‌സ് കളിക്കേണ്ടിയിരുന്നു. ഓസ്‌ട്രേലിയ പോലൊരു ചാമ്പ്യന്‍ ടീമിനെതിരായ നിര്‍ണായകമായ സെമിയില്‍ ആ ഇന്നിങ്‌സ് കളിക്കാനായത് കാവ്യനീതിയായി. ' ധീരരെ ഭാഗ്യം തുണയ്ക്കുമെന്നാ'ണല്ലോ പഴമൊഴി. ഇവിടെ' ധീരരെ ദൈവം തുണ'യ്ക്കുമെന്ന് ജെമി തിരുത്തിയെഴുതി. ജെമിയുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ . അതില്‍ നമ്മള്‍ കായികപ്രേമികള്‍ക്കെന്ത് കാര്യം.
സൂര്യ മാത്രമല്ല, സഞ്ജുവും
വനിതാ ക്രിക്കറ്റ് പിന്തുടരുന്നവര്‍ക്കറിയാം ജെമീമ റോഡ്രിഗസെന്ന ബാറ്ററുടെയും ഫീല്‍ഡറുടെയും മൂല്യം. വണ്‍ ഡൗണാണ് ജെമീമയുടെ സ്വഭാവികമായ ബാറ്റിങ് പൊസിഷന്‍. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിക്കുകയും അതിനൊപ്പം കൂട്ടുകെട്ടുകളുണ്ടാക്കി ടീമിനെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നതാണ് താരത്തിന്റെ ശൈലി. പക്ഷേ, ടീമിന്റെ ആവശ്യമനുസരിച്ച് പൊസിഷന്‍ മാറി ട്വന്റി 20-യിലും ഏകദിനത്തിലും ജെമിക്ക് കളിക്കേണ്ടി വന്നു. ഒരു ബാറ്ററുടെ സ്വഭാവിക ശൈലിക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നത് ഉറപ്പാണ്. ചിലപ്പോഴൊക്കെ പ്രകടനങ്ങള്‍ മോശമായി. ടീമിലെ സ്ഥാനം നഷ്ടമായി. ഇന്ത്യന്‍ പുരുഷ ടീമില്‍ സഞ്ജു സാംസണ്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അതേ അവസ്ഥ
അതിനു മുമ്പു തന്നെ വനിതാ ടീമില്‍ ജെമിക്ക് കടന്നു പോകേണ്ടി വന്നു. പക്ഷേ ജെമി വിട്ടുകൊടുത്തില്ല. സാഹചര്യത്തിനനുസരിച്ച് വേണ്ട ഷോട്ടുകള്‍ പരിശീലിച്ചെടുത്തു. തന്റെ കളിത്തൊട്ടിലായ മുംബൈയിലെ ഗ്രൗണ്ടുകളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പരിശീലിച്ച് തന്നിലെ താരത്തെ മൂര്‍ച്ചപ്പെടുത്തി. ട്വന്റി 20, ഏക ദിന ലോകകപ്പ് ടീമുകളില്‍ സ്ഥാനം നഷ്ടമായതിന്റെ ദുഃഖം തിരിച്ചു വരവില്‍ ജെമി തീര്‍ത്തു. ഇന്ന് വനിതാ ക്രിക്കറ്റിലെ സൂര്യ കുമാര്‍ യാദവെന്നാണ് ജെമി വിളിക്കപ്പെടുന്നത്.
ജെമിയുടെ ആവനാഴിയില്‍ ഗ്രൗണ്ടിന്റെ 360 ഡിഗ്രിയും കവര്‍ ചെയ്യുന്ന ഷോട്ടുകളുണ്ട്. അതാണല്ലോ ഓസ്‌ട്രേലിയയിലെ വുമണ്‍സ് ബിഗ് ബാഷ് ലീഗ് (ഡബ്ല്യുബിബിഎല്‍) അടക്കമുള്ള ഏത് ലീഗിലും ആദ്യം വിളിയെത്തുന്ന ഇന്ത്യന്‍ താരമായി ജെമി മാറിയത്. അതേബാറ്റിങ് ശൈലിയില്‍ സൂര്യകുമാറും ബാറ്റിങ് പൊസിഷനില്‍ സഞ്ജു സാംസണുമായി മാറി ഈ മുംബൈക്കാരി തിളങ്ങുകയാണ്. ലോകകപ്പ് വിജയത്തിനു പിന്നാലെ ഇപ്പോള്‍ ഡബ്ല്യുബിബിഎല്ലില്‍ ബ്രിസ്‌ബേന്‍ ഹീറ്റ്‌സിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് താരം.
ജെമിയെപ്പോലൊരു ഫീല്‍ഡറെ ഏത് ടീമും ആഗ്രഹിക്കും. ഇന്‍ഫീല്‍ഡിലും ഔട്ട് ഫീല്‍ഡിലും ഒരു പോലെ തിളങ്ങാന്‍ ഗ്രൗണ്ടിലെ ഈ മിന്നല്‍പ്പിണറിന് സാധിക്കും. അസാധ്യമായ ക്യാച്ചുകളും റണ്ണൗട്ടുകളും ഫീല്‍ഡിങുമൊക്കെയായി ജെമി കൂട്ടുകാര്‍ക്ക് പ്രചോദനമായി മുന്നില്‍ തന്നെ കാണും. പതിമൂന്നാം വയസില്‍ മഹാരാഷ്ട്രയുടെ അണ്ടര്‍ 17 ഹോക്കി ടീമില്‍ കളിച്ചതാണ് ജെമിമ. ബാറ്റിങിലും ഫീല്‍ഡിങിലും മികവ് കാണിക്കാന്‍ ജെമിയെ സഹായിക്കുന്നതില്‍ ഈ ഹോക്കി പാരമ്പര്യത്തിനും പങ്കുണ്ട്.
മനം തകര്‍ന്ന പ്രൊഫഷണല്‍
പ്രൊഫഷണല്‍ താരങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം എത്രയാണെന്ന് അവര്‍ക്കു മാത്രമേ അറിയൂ. ഇത് മറികടക്കാന്‍ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റുകളും കൗണ്‍സിലര്‍മാരുമൊക്കെ നല്‍കുന്ന പിന്തുണ വലുതാണ്.
ലോകത്തെ മികച്ച പ്രൊഫഷണല്‍ ടീമുകളും താരങ്ങളുമൊക്കെ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റുകളുടെ സഹായം തേടാറുണ്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ഇഗാ സ്വിയാടെക്കിന് സ്വന്തമായി ഒരു സൈക്കോളജിസ്റ്റ് ഉണ്ടെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ മത്സര വിജയത്തിനുശേഷം മനസ് തുറന്ന ജെമീമയെയാണ് എല്ലാവര്‍ക്കും പരിചയം. പക്ഷേ, ഇക്കുറി ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഒരു അഭിമുഖത്തില്‍ ജെമീമ താരങ്ങള്‍ കടന്നു പോകുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് പറയുന്നുണ്ട്. 'രാജ്യത്തിന് വേണ്ടി നല്ല പ്രകടനം കാഴ്ചവെയ്ക്കണമെന്നാണ് ഞങ്ങളുടെ എല്ലാം ആഗ്രഹം. ചിലപ്പോഴൊക്കെ നമ്മള്‍ക്ക് അതിന് സാധിക്കാതെ വരും. ലോകത്തിന്റെ കോണിലെവിടെയോ ഇരുന്നുകൊണ്ട് ഒരു മൊബൈല്‍ ഫോണില്‍ അഭിപ്രായങ്ങള്‍ എഴുതി വിടുന്നവര്‍ക്കറിയില്ലല്ലോ ഞങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദം.' ലോകകപ്പ് സെമിയിലെ വിജയ പ്രകടനത്തിനുശേഷം ആ സമ്മര്‍ദ്ദം എന്തായിരുന്നുവെന്ന് ജെമി ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി. ലോകം അത് ആത്മാര്‍ഥതയോടെ മനസിലാക്കി. ചില തിരിച്ചറിവുകള്‍ക്ക് അനുയോജ്യമായ ചില സമയങ്ങള്‍ വേണ്ടി വരും.
കളിക്കളത്തിനകത്തും പുറത്തും താരം
നല്ല ഒരു താരം ആകുവാന്‍ മിക്കവര്‍ക്കും സാധിക്കും. അതിനൊപ്പം നല്ലൊരു വ്യക്തികൂടി ആകാന്‍ സാധിച്ചാലോ ? സ്വര്‍ണത്തിന് സുഗന്ധമെന്നത് തേഞ്ഞു പഴകിയ ഒരു പ്രയോഗവും ഒരിക്കലും നടക്കാത്ത ഒരു കാര്യവുമാണ് (ഇനി എഐക്കാലത്ത് അത് സംഭവിച്ചാല്‍ എന്റെ അറിവില്ലായ്മ പൊറുക്കുക). പക്ഷേ. സുഗന്ധമുള്ള സ്വര്‍ണമെന്ന് ജെമീമയെ വിശേഷിപ്പിച്ചാല്‍ അതൊരു അതിശയോക്തിയാകുകയില്ല. ഗുരുത്വമുള്ള, സഹതാരങ്ങള്‍ക്ക് താങ്ങാകുന്ന ജെമീമയെ പലരുടെ വാക്കുകളിലൂടെ വായിച്ചറിഞ്ഞിട്ടുണ്ട്. റീലുകളില്‍ കണ്ടിട്ടുമുണ്ട്.
ജെമീമയുടെ ഫീല്‍ഡിങ് പരിശീലകനായിരുന്ന ബിജു ജോര്‍ജും സാഹിത്യകാരനും ലിറ്ററി ക്യുറേറ്റുമായ സബിന്‍ ഇഖ്ബാലുമൊക്കെ ജെമീമയെന്ന വ്യക്തിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത് സാമൂഹിക മാധ്യമങ്ങളില്‍ നമ്മളൊക്കെ കണ്ടിട്ടുള്ളതാണല്ലോ. ജീവനുള്ള തെളിവുകളായി അത് അവിടെ തന്നെ തുടരുകയും ചെയ്യും.
ജെമീമ 18-ാം വയസില്‍ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം ആദ്യം വിളിച്ചറിയിക്കുന്നത് പ്രിയപ്പെട്ട ബിജു സാറാണെന്ന് പല അഭിമുഖങ്ങളിലും ജെമീമ പറഞ്ഞിട്ടുണ്ട്. ഒരു ഫീല്‍ഡറെന്ന നിലയില്‍ തന്നെ പരുവപ്പെടുത്തിയതിനും താരം തന്റെ കോച്ചിന് നന്ദി പറയുന്നുണ്ട്.
മറ്റുള്ളവര്‍ക്ക് ഏറെ കരുതല്‍ നല്‍കുന്ന, അവരെ ചേര്‍ത്തു പിടിക്കുന്ന അപൂര്‍വ വ്യക്തിത്വമെന്നാണ് ശിഷ്യയെ ബിജു വിശേഷിപ്പിക്കുന്നത്. ഒരു സ്വാഭാവിക വണ്‍ഡൗണ്‍ താരമായ ജെമിക്ക് ഓസ്‌ട്രേലിയെക്കെതിരായ കരിയറിലെ നിര്‍ണായക ഇന്നിങ്‌സ് പുതിയ വഴികള്‍ തുറക്കുമെന്നും അദ്ദേഹം പറയുന്നു. ഭാവിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള താരമായാണ് ബിജു ശിഷ്യയെ വിലയിരുത്തുന്നത്.
ഓസ്‌ട്രേലിയക്കെതിരായ ഇന്നിങ്‌സിനു ശേഷം സബിന്‍ ഇഖ്ബാല്‍ ഫേസ്ബുക്കില്‍ ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ മകളും ക്രിക്കറ്റ് താരവുമായ കെസിയ പരിക്കിനെത്തുടര്‍ന്ന് കരിയറിലെ ഒരു പ്രതിസന്ധി ഘട്ടത്തിലെത്തി. ഒരു തവണ ക്രിക്കറ്റ് ഉപേക്ഷിച്ചേക്കുമെന്നുവരെയെത്തി കാര്യങ്ങള്‍. തന്റെ വിഷമ കാലത്ത് ജെമിമയുടെ ഉപദേശം തേടി കെസിയ താരത്തിന് മെസേജ് അയച്ചിരുന്നു. രാത്രിയില്‍ തിരികെ വിളിക്കാമെന്ന് പറഞ്ഞ് ജെമി തിരിച്ച് മെസേജ് അയച്ചു.
ജെമിയെപ്പോലെ തിരക്കുള്ള ഒരു അന്താരാഷ്ട്ര താരം ഒരു അണ്ടര്‍ -19 താരത്തിന്റെ പ്രയാസങ്ങള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് സബിന്‍ പറയുന്നു. പക്ഷേ ജെമി ഞെട്ടിച്ചു കളഞ്ഞു. തിരിച്ചു വിളിക്കുകയും കെസിയയ്ക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും നല്‍കുകയും ചെയ്തു ജെമി. മാത്രമല്ല കെസിയക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. തന്നോടും കെസിയയുടെ അമ്മയോടും സഹോദരനോടും സംസാരിക്കാനും ജെമി സമയം കണ്ടെത്തി. അന്നു മുതല്‍ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും കെസിയക്ക് കൂട്ടായി ജെമി ഉണ്ടെന്ന് സബിന്‍ കുറിക്കുന്നു.ജെമിയും കെസിയയും കൂടി ഒരുമിച്ചു നില്‍ക്കുന്ന ചിത്രം കൂടി പോസ്റ്റ് ചെയ്താണ് സബിന്‍ തന്റെ കുറിപ്പ് നല്‍കിയത്.
രണ്ടോ മൂന്നോ വര്‍ഷം മുമ്പാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് (വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നെടുംതൂണാണല്ലോ ജെമി) പുറത്തു വിട്ട ഒരു റീല്‍സ് ഓര്‍ക്കുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ തന്റെ സഹതാരമായിരുന്ന മിന്നു മണിയും നാട്ടുകാരും വയനാട്ടിലെ പ്രളയത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടിനെക്കുറിച്ചും അതില്‍നിന്ന് അവര്‍ കരകയറിയതിനെക്കുറിച്ചുമൊക്കെയാണ് ജെമി ആ റീല്‍സില്‍ പറയുന്നത്. അന്ന് താരതമ്യേന പുതുമുഖമാണ് മിന്നു. ജെമിയാകട്ടെ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള കളിക്കാരിയും. സഹതാരങ്ങളെ കരുതലോടെ കാണുന്ന ജെമിയെയാണ് അവിടെ കണ്ടത്.
ഇന്ത്യന്‍ വനിതാ ടീം ലോകകപ്പ് നേടിക്കഴിഞ്ഞ ശേഷം സഹതാരം അരുന്ധതി റെഡ്ഡിയെ ചേര്‍ത്തു പിടിക്കുന്ന ജെമിയെ കണ്ടു. ലോകകപ്പില്‍ ഒറ്റ മത്സരത്തില്‍ പ്പോലും ഇന്ത്യയുടെ ആദ്യ ഇലവനില്‍ അരുന്ധതി ഉണ്ടായിരുന്നില്ല. പക്ഷേ അരുന്ധതി നല്‍കിയ പ്രോത്സാഹനവും പിന്തുണയും എത്രയധികം സഹായിച്ചുവെന്ന് അഭിമുഖത്തില്‍ ജെമി പറയുന്നുണ്ട്. സെമിയില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം അരുന്ധതിയുടെ തോളില്‍ ചാഞ്ഞു കരയുന്ന ജെമി കായിക രംഗത്തെ എന്നും മറക്കാത്ത ഒരു കാഴ്ചയാണ്.
ട്വന്റി 20, ഏകദിന ടീമുകളില്‍ ഇന്ത്യയുടെ സ്ഥിരസാന്നിധ്യമായ ജെമി , ടെസ്റ്റ് ടീമില്‍ ഇടം നേടിയപ്പോള്‍ അനുഭവിച്ച ടെന്‍ഷനെക്കുറിച്ച് വായിച്ചിട്ടുണ്ട്. മറ്റ് രണ്ട് ഫോര്‍മാറ്റുകളും തനിക്ക് പരിചിതമാണ്. പക്ഷേ ടെസ്റ്റ് ക്രിക്കറ്റ് ...അവിടെ എങ്ങനെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകും. പരിഭ്രാന്തിയിലായ ജെമി കോച്ചിനെ വിളിക്കുന്നു. ജെമിയുടെ സ്വഭാവാകിമായ ശൈലി പിന്തുടരുക എന്നതായിരുന്നു കോച്ചിന്റെ ഉപദേശം. അത് പ്രാവര്‍ത്തികമാക്കിയ താരം ഇന്ത്യയുടെ ടെസ്റ്റ് ടീമിലും തന്റെ സ്ഥാനം ഉറപ്പിക്കുന്നതാണ് കണ്ടത്. ഇരുപത്തിയഞ്ചുവയസ്സെന്ന ചെറുപ്രായത്തില്‍ തന്നെ ഇന്ത്യന്‍ ടീമിലെ വെറ്ററന്‍ സ്ഥാനം എല്ലാ അര്‍ഥത്തിലും ജെമി ഉറപ്പിച്ചു. ഹര്‍മൻപ്രീത് കൗര്‍, സ്മൃതി മന്ദാന എന്നിവര്‍ക്ക് പിന്നാലെ ഏത് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാന്‍ പ്രാപ്തയായ താരമെന്ന വിശേഷണം നേടിയെടുക്കുകയും ചെയ്തു.
'ഫോം എന്നത് ആപേക്ഷികമാണ്. ക്ലാസ് എന്നത് സ്ഥിരമായി നിലനില്‍ക്കുന്നതും'- കായിക രംഗത്തെ ഈ ചൊല്ല് ഏറ്റവും ചേരുന്ന ജെമിക്കായിരിക്കുമെന്നതാണ് താരത്തിന്റെ കരിയര്‍ കാണിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച യഥാര്‍ത്ഥ ജെം (രത്‌നം ) തന്നെയാണ് ജെമീമ .
Content Highlights: jemimah rodrigues life story
Published: 21 Nov 2025, 08:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented