ലഖ്‌നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ കൊൽക്കത്ത താരം ആംഗ്രിഷ് രഘുവംശി പുറത്തായത് വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഫീൽഡിങ് തടസപ്പെടുത്തി എന്ന കാരണത്താൽ ലഖ്‌നൗ താരങ്ങളുടെ അപ്പീൽ പരിഗണിച്ച തേർഡ് അമ്പയർ, രഘുവംശി ഔട്ടാണെന്ന് വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒട്ടേറെപ്പേർ അമ്പയറുടെ തീരുമാനത്തിനെതിരേ രംഗത്തെത്തി. രഘുവംശി മനഃപൂർവം ഫീൽഡിങ് തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു വാദം. എന്നാൽ ഐപിഎൽ ചട്ടം അനുസരിച്ച് അതിന് പ്രസക്തിയില്ല.
കൊൽക്കത്ത ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ വിവാദമായ പുറത്താകൽ. പ്രിൻസ് യാദവ് എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് രഘുവംശി ഒരു റണ്ണിനായി ശ്രമിച്ചു. എന്നാൽ, നോൺ-സ്‌ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന കാമറൂൺ ഗ്രീൻ, രഘുവംശിയെ മടക്കിയയക്കുകയായിരുന്നു. താരം തിരികെ ക്രീസിലെത്താൻ ഓടുന്നതിനിടെ ഫീൽഡറുടെ ത്രോ അദ്ദേഹത്തിന്റെ കാലിൽ തട്ടി. ഇതോടെ ലഖ്‌നൗ താരങ്ങൾ അപ്പീൽ ചെയ്യുകയായിരുന്നു. ഇതോടെ ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു.
ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയർ രഘുവംശി ഓടുന്ന പാത മാറ്റിയെന്നും അതുവഴി പന്ത് വിക്കറ്റ് കീപ്പറുടെ അടുത്തേക്ക് എത്തുന്നത് തടഞ്ഞുവെന്നും വിലയിരുത്തി. ഇതോടെ ഔട്ടും വിധിച്ചു. കൊൽക്കത്ത ക്യാമ്പ് ഒന്നടങ്കം അമ്പയറുടെ തീരുമാനത്തിൽ അമ്പരന്നു. രഘുവംശിയും ഗ്രീനും ചേർന്ന് ഫീൽഡ് അമ്പയർമാരുമായി സംസാരിക്കുന്നതും കാണാമായിരുന്നു. എന്നാൽ, അമ്പയർമാർ താരത്തോട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങാൻ നിർദേശിച്ചു. പുറത്തായതിന്റെ അമർഷത്തിൽ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവെ ആംഗ്രിഷ് രഘുവംശി തന്റെ ഹെൽമെറ്റ് വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്.
പിന്നാലെ, നാലാം അമ്പയറുമായി കൊൽക്കത്ത പരിശീലകൻ അഭിഷേക് നായർ തർക്കിക്കുന്നതും കാണാമായിരുന്നു. കളിയുടെ ഗതിയേത്തന്നെ ബാധിച്ച ഈ വിവാദ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കും വഴിതെളിച്ചു. യൂസഫ് പഠാൻ, അമിത് മിശ്ര, രവീന്ദ്ര ജഡേജ എന്നിവർക്ക് ശേഷം ഐപിഎല്ലിൽ ഫീൽഡ് തടസ്സപ്പെടുത്തിയതിന് പുറത്താകുന്ന നാലാമത്തെ താരമാണ് രഘുവംശി.
അമ്പയറുടെ തീരുമാനത്തിന് പിന്നിൽ എന്താണ്?
‘ഒരു ബാറ്റർ വിക്കറ്റുകൾക്കിടയിൽ ഓടുമ്പോൾ, മതിയായ കാരണമില്ലാതെ ഓടുന്ന ദിശ മാറ്റുകയും റണ്ണൗട്ടാക്കാനുള്ള ഫീൽഡറുടെ ശ്രമത്തെ തടസ്സപ്പെടുത്തുകയും ചെയ്താൽ, അപ്പീൽ പ്രകാരം ബാറ്ററെ പുറത്താക്കാം. അവിടെ റണ്ണൗട്ട് നടന്നോ ഇല്ലയോ എന്നത് പ്രസക്തമല്ല.’ -ഐപിഎൽ ചട്ടത്തിൽ പറയുന്നത് ഇങ്ങനെയാണ്.
രണ്ട് ഘടകങ്ങളാണ് പ്രധാനമായും അമ്പയറുടെ തീരുമാനത്തെ സ്വാധീനിച്ചത്. ഒന്ന് രഘുവംശി ഓടുന്ന ദിശ മാറ്റി എന്നുള്ളത്. രണ്ടാമത്തേത് അതിന്റെ കാരണവുമാണ്. രഘുവംശി ഓടിയതിന് പിന്നാലെ ഓട്ടത്തിന്റെ ദിശ മാറ്റി തിരിച്ചോടി. തിരിച്ചോടിയതാകട്ടെ ആദ്യം ഓടിയതിന് സമാനമായ രീതിയിൽ ആയിരുന്നില്ല എന്നതാണ്. അൽപ്പം മാറിയാണ് തിരിച്ചോടിയത്. അത് ഔട്ട് വിധിക്കുന്നതിൽ നിർണായകമായിരുന്നു. മാത്രമല്ല, ഫീൽഡറുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചാണ് താരം തിരിച്ചോടിയത്. ഫീൽഡർ സ്റ്റമ്പ് ലക്ഷ്യമാക്കി പന്തെറിയുന്നത് കണ്ടാണ് രഘുവംശി അൽപ്പം മാറി തിരിച്ചോടിയതെന്നും തുടർന്ന് ഡൈവ് ചെയ്തതെന്നുമുള്ള നിഗമനത്തിൽ അമ്പയർ എത്തി. ഇത് ഔട്ട് വിധിക്കാൻ പര്യാപ്തവുമാണ്.
രഘുവംശി യഥാർഥത്തിൽ ഫീൽഡിങ് തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നോ എന്നതാണ് ചർച്ചാവിഷയമായത്. എന്നാൽ നിയമത്തിൽ അത്തരത്തിലൊരു വിഷയത്തെ സംബന്ധിച്ചും പ്രതിപാദിക്കുന്നില്ല. താരത്തിന് യഥാർഥത്തിൽ ഫീൽഡിങ് തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യമുണ്ടായിരുന്നോ ഇല്ലയോ എന്നുള്ളതും ഫീൽഡറുടെ ത്രോ സ്റ്റമ്പിൽ കൊള്ളുമായിരുന്നോ എന്നതും അപ്രസക്തമാണ്. ഓടുന്ന ദിശ മാറ്റുകയും ഫീൽഡറുടെ ത്രോയ്ക്ക് നേരെ താരം വരുകയും ചെയ്തതോടെ രഘുവംശിയുടെ വിധി കുറിക്കപ്പെട്ടു. നിയമപ്രകാരം തേർഡ് അമ്പയറിന് മറ്റു കാര്യങ്ങൾ പരിഗണിക്കേണ്ടിയിരുന്നില്ല.
Content Highlights: Angkrish Raghuvanshi was dismissed for 'obstructing the field' during an IPL match between LSG and KKR., The third umpire ruled that the batter changed his running path, interfering with the fielder's throw., Under IPL rules, intent to obstruct is irrelevant; the act of changing the path to block the throw is sufficient for dismissal., Raghuvanshi became the fourth player in IPL history to be dismissed for obstructing the field., The decision sparked significant debate among fans and the KKR coaching staff.
Published: 27 Apr 2026, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented