മുംബൈ: ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുമെന്ന മാധ്യമവാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി ഫ്രാഞ്ചൈസി. ഹാർദിക്കിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് മറ്റു ടീമുകളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് മുബൈ ഇന്ത്യൻസിന്റെ വക്താവ് അറിയിച്ചു. സ്‌പോർട്‌സ് സ്റ്റാറിനോടാണ് ഇക്കാര്യം അറിയിച്ചത്. പാണ്ഡ്യയുടെ കൂടുമാറ്റം സംബന്ധിച്ച് ചെന്നൈയുമായി ചർച്ചകൾ നടന്നുവരികയാണെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
മറ്റു ഫ്രാഞ്ചൈസികളുമായുള്ള താരക്കൈമാറ്റത്തെ കുറിച്ച് നിലവിൽ നീക്കങ്ങൾ നടത്തുന്നില്ലെന്ന് മാത്രമാണ് അദ്ദേഹം അറിയിച്ചത്. ഹാർദിക്കുൾപ്പെടെയുള്ള താരങ്ങൾ ടീം വിടുമോ എന്ന കാര്യത്തിൽ വ്യക്തമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സീസണിന് ശേഷമുള്ള വിലയിരുത്തലുകളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞിട്ടില്ല. അത് കഴിഞ്ഞാൽ മാത്രമേ വിഷയത്തിൽ വ്യക്ത ലഭിക്കുകയുള്ളൂവെന്നും മുംബൈ ഇന്ത്യൻസ് വക്താവ് കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ സീസണിന് ശേഷമുള്ള വിലയിരുത്തൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്, ടീമിന്റെ എല്ലാ വശങ്ങളും ഞങ്ങൾ പരിശോധിച്ചുവരികയാണ്. കളിക്കാരെ കൈമാറുന്നത് സംബന്ധിച്ചുള്ള ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ല. വിലയിരുത്തൽ പൂർത്തിയായതിന് ശേഷം മാത്രമേ അത്തരം കാര്യങ്ങൾ നടക്കുകയുള്ളൂ. നിരവധി ഓപ്ഷനുകളുണ്ട്. തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.’- മുംബൈ ഇന്ത്യൻസ് വക്താവ് സ്‌പോർട്‌സ് സ്റ്റാറിനോട് പറഞ്ഞു.
എന്നാൽ, ഹാർദികിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് ശ്രമം തുടങ്ങിയിരിക്കുകയാണെന്നാണ് വിവരം. 20 കോടിയിൽ അധികം മൂല്യമുള്ള ഈ ട്രേഡിൽ രണ്ട് സാധ്യതകളാണ് ഇരുടീമുകളും മുന്നോട്ടുവെച്ചിരിക്കുന്നതെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഹാർദികിന് പകരമായി ഓൾറൗണ്ടർ ശിവം ദുബെയേയും 19-കാരൻ ആയുഷ് മാത്രെയുമാണ് മുംബൈ ആവശ്യപ്പെടുന്നത്. മാത്രയെപ്പോലുള്ള ഒരു യുവതാരം തങ്ങളുടെ ടീമിൽ അനിവാര്യമാണെന്ന് മുംബൈ കരുതുന്നു. എന്നാൽ മാത്രയെ വിട്ടുകൊടുക്കാൻ ചെന്നൈ തയ്യാറല്ല. മറ്റൊരു ഓഫറാണ് അവർ മുന്നോട്ടുവെയ്ക്കുന്നത്. ശിവം ദുബെയേയും ദക്ഷിണാഫ്രിക്കൻ പവർ ഹിറ്റർ ഡെവാൾഡ് ബ്രെവിസിനേയും തരാമെന്ന് ചെന്നൈ പറയുന്നു. ഇതിനൊപ്പം 10 കോടി രൂപയും നൽകാമെന്നാണ് അവരുടെ ഓഫർ.- റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ സീസണിൽ ഹാർദിക്കിന്റെ പ്രകടനം ദയനീയമായിരുന്നു. എട്ട് ഇന്നിങ്സുകളിൽ നിന്ന് ആകെ 146 റൺസാണ് ഹാർദിക്കിന്റെ സമ്പാദ്യം. മൂന്ന് വിക്കറ്റുകൾ മാത്രമാണ് നേടാനായത്. മുംബൈയാകട്ടെ ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. 14 മത്സരങ്ങളിൽനിന്ന് നാല് ജയം മാത്രമാണ് ടീമിന് നേടാനായത്. എട്ടുപോയന്റ് മാത്രമാണ് സ്വന്തമാക്കിയിരുന്നത്. ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിൽ നായകൻ ഹാർദിക് പാണ്ഡ്യക്കെതിരേ വൻ വിമർശനങ്ങളുയർന്നിരുന്നു.
Content Highlights: Mumbai Indians official denies any ongoing transfer talks for Hardik Pandya
Published: 02 Aug 2026, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented