ന്യൂഡൽഹി: മൈതാനത്ത് മാത്രമല്ല, കളത്തിന് പുറത്തും മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോനിയുടെ പെരുമാറ്റം ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്. മറ്റുതാരങ്ങൾക്ക് അനായാസം സമീപിക്കാവുന്ന നായകനായിരുന്നു ധോനി. പ്രത്യേകിച്ച് യുവതാരങ്ങൾക്ക്. യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ മുൻ നായകൻ വഹിച്ച പങ്ക് ചെറുതല്ല. ഇപ്പോഴിതാ ടൂർണമെന്റുകളും പരമ്പരകളും നടക്കുന്ന വേളയിൽ ധോനിയുടെ സമീപനം സംബന്ധിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അടുത്തിടെ വിരമിച്ച ഇന്ത്യൻ താരം അജിങ്ക്യ രഹാനെ.

To advertise here,

"അദ്ദേഹം മറ്റെല്ലാവരെയും പോലെ സാധാരണ മനുഷ്യനാണ്. വളരെ ശാന്തനും. അദ്ദേഹത്തിന്റെ മുറി എല്ലാവർക്കും എപ്പോഴും തുറന്നുകിടന്നിരുന്നു. പലപ്പോഴും പത്തോ പതിനഞ്ചോ പേരോ അല്ലെങ്കിൽ ടീം മുഴുവനോ അദ്ദേഹത്തിന്റെ മുറിയിൽ ഉണ്ടാകുമായിരുന്നു.എന്നാൽ മുറിയുടെ വാതിൽ അടച്ചാൽ ആർക്കും പ്രവേശനമുണ്ടായിരുന്നില്ല."-സ്റ്റിക്കി ടു ക്രിക്കറ്റ് പോഡ്കാസ്റ്റിൽ രഹാനെ പറഞ്ഞു. രഹാനെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്കായി അരങ്ങേറുന്നത് ധോനിയുടെ നായകത്വത്തിലാണ്. മാത്രമല്ല, ഐപിഎല്ലിൽ ചെന്നൈക്കായും ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്.

"പരമ്പര നടക്കുമ്പോൾ ഞാൻ സോഷ്യൽ മീഡിയ ആപ്പുകളെല്ലാം ഡിലീറ്റ് ചെയ്യും. പക്ഷേ, ആരും അങ്ങനെ ചെയ്യാൻ ഞങ്ങളെ ഉപദേശിക്കാറില്ല. അത് ഞാൻ എനിക്ക് തന്നെ നൽകുന്ന ഉപദേശമാണ്. 2017-ൽ ഐപിഎല്ലിൽ ഞങ്ങൾ ഒരുമിച്ച് കളിക്കുമ്പോൾ സോഷ്യൽ മീഡിയ കാണരുതെന്ന് ബെൻ സ്റ്റോക്സ് എന്നെ ഉപദേശിച്ചതോർക്കുന്നു. ഇത്തരം ദിനചര്യകൾ തന്നെ സഹായിച്ചിട്ടുണ്ടെന്നും രഹാനെ കൂട്ടിച്ചേർത്തു.

അതേസമയം ധോനി ടെസ്റ്റിൽ നിന്ന് വിരമിച്ചശേഷം കോലിയും അന്നത്തെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും നടത്തിയ ഇടപെടലുകളെ കുറിച്ചും രഹാനെ പ്രതികരിച്ചു. ഇന്ത്യൻ ടെസ്റ്റ് ടീമിനെ മാറ്റിയെഴുതിയതിൽ കോലിക്കും ശാസ്ത്രിക്കും രഹാനെ നന്ദി പറഞ്ഞു. ധോനി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പോയ ഘട്ടത്തിൽ, കോലിയും ശാസ്ത്രിയും ഇന്ത്യൻ ടീമിനെ, പ്രത്യേകിച്ച് വിദേശ സാഹചര്യങ്ങളിൽ ശക്തമാക്കി. പ്രതിരോധമല്ല, മറിച്ച് ആക്രമണോത്സുകമായ മാനസികാവസ്ഥയായിരുന്നു."-രഹാനെ പറഞ്ഞു.

2020-21 കാലത്ത് ഓസ്‌ട്രേലിയയിൽ രഹാനെക്കു കീഴിൽ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ജയം അവിസ്മരണീയമായ ഒന്നായിരുന്നു. അന്ന് ഒന്നാം ടെസ്റ്റിൽ വിരാട് കോലിക്കു കീഴിൽ ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 36 റൺസിന് പുറത്തായി തോൽവി ഏറ്റുവാങ്ങി. പിന്നീട് കോലി, ജസ്‌പ്രീത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയവർ ഇല്ലാതെ തളർന്നുകിടന്ന ഇന്ത്യ രഹാനെയുടെ നായകത്വത്തിൽ രണ്ടു ടെസ്റ്റുകൾ ജയിച്ച് പരമ്പര സ്വന്തമക്കി (2-1). മെൽബണിലെ രണ്ടാം ടെസ്റ്റിൽ സെഞ്ചുറിയും നേടി. 2011-ൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20-യിലൂടെയായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. പിന്നീട് ഏകദിന, ടെസ്റ്റ് ടീമുകളിലെ സ്ഥിരം സാന്നിധ്യമായി. 2023-24 സീസണിൽ മുംബൈ രഞ്ജി കിരീടം നേടുമ്പോൾ ക്യാപ്റ്റനുമായിരുന്നു.