
കൊലപാതകങ്ങളും ദുരൂഹമരണങ്ങളും ഞെട്ടിക്കുന്ന കവര്‍ച്ചകളും. 2024-ലും കേരളം വിറങ്ങലിച്ച ഒട്ടേറെ കുറ്റകൃത്യങ്ങള്‍ അരങ്ങേറി. മനസിനെ മരവിപ്പിക്കുന്ന അരുംകൊലകള്‍ മുതല്‍ നാടിനെ ഞെട്ടിച്ച വന്‍ കവര്‍ച്ചകള്‍വരെ. പലതും സിനിമാക്കഥകളെപോലും വെല്ലുന്ന രീതിയിലുള്ള സംഭവങ്ങളായിരുന്നു. 2024-ല്‍ കേരളത്തെ നടുക്കിയ അത്തരം ചില കുറ്റകൃത്യങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
ആവര്‍ത്തിക്കുന്ന ദൃശ്യം മോഡല്‍; ആലപ്പുഴയില്‍ മാത്രം കൊന്ന് കുഴിച്ചിട്ടത് ആറുപേരെ...
നവജാതശിശുക്കള്‍ മുതല്‍ വയോധികര്‍വരെ ആറുപേരെയാണ് 2024-ല്‍ ആലപ്പുഴ ജില്ലയില്‍ കൊന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. 15 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും പ്രസവിച്ചയുടന്‍ കുഞ്ഞിനെ കുഴിച്ചിട്ട സംഭവവും കേരളത്തെ ഞെട്ടിച്ചു. ആലപ്പുഴയില്‍ നടന്ന ദൃശ്യം മോഡല്‍ കൊലപാതകങ്ങളിലൂടെ...
ഏപ്രില്‍ 18-നാണ് ആലപ്പുഴ പൂങ്കാവ് പടിഞ്ഞാറ് വടക്കുപറമ്പില്‍ റോസമ്മയെ സഹോദരന്‍ ബെന്നി തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം വീടിന്റെ അടുക്കളയോട് ചേര്‍ന്ന് കുഴിച്ചിട്ടത്. റോസമ്മയുടെ രണ്ടാംവിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തിന് കാരണം. സംഭവം നടന്ന് അഞ്ചാംനാള്‍ ബെന്നി അറസ്റ്റിലായി.

ഒരു മദ്യപാനസദസ്സിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയതാണെന്നു പോലീസ് കണ്ടെത്തിയത് 2024 ജൂലായിലായിരുന്നു. പോലീസിന് ഊമക്കത്തു ലഭിച്ചതോടെയാണ് സംഭവത്തില്‍ വീണ്ടും അന്വേഷണം നടക്കുന്നത്. ചെന്നിത്തല ഇരമത്തൂര്‍ മീനത്തേതില്‍ കലയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ അനില്‍കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിലിട്ടെന്നായിരുന്നു പോലീസിന്റെ നിഗമനം. കേസില്‍ അന്വേഷണം നടക്കുകയാണ്.

ഓഗസ്റ്റ് 11-ാം തീയതിയാണ് വീട്ടില്‍ പ്രസവിച്ച നാലുദിവസംമാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹം തകഴി കുന്നുമ്മയിലെ പാടശേഖരത്തിന്റെ ബണ്ടില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല സ്വദേശിനിയും അവിവാഹിതയുമായ ഡോണാ ജോജി, കാമുകന്‍ തകഴി വിരുപ്പാല സ്വദേശി തോമസ് ജോസഫ്, ഇയാളുടെ സുഹൃത്ത് കുന്നുമ്മല്‍ സ്വദേശി അശോക് ജോസഫ് എന്നിവര്‍ കേസില്‍ അറസ്റ്റിലായി. യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയതോടെയാണ് വിവരം പുറത്തറിയുന്നത്.

സെപ്റ്റംബര്‍ രണ്ടാം തീയതി തകഴിയിലേതിന് സമാനമായി മറ്റൊരു നവജാതശിശുവിനെയും കൊന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. നവജാതശിശുവിനെ കൊന്നു കുഴിച്ചുമൂടിയതിന് അമ്മയും കാമുകനും പിടിയിലായി. ചേന്നംപള്ളിപ്പുറം പല്ലുവേലി കായിപ്പുറം വീട്ടില്‍ ആശ, പല്ലുവേലി രാജേഷ് ഭവനത്തില്‍ രതീഷ് എന്നിവരാണ് അറസ്റ്റിലായത്.
പ്രസവശേഷം വീട്ടിലെത്തിയ യുവതി ആശാ പ്രവര്‍ത്തകയോട് കുഞ്ഞിനെ ദത്തുനല്‍കിയെന്നു പറഞ്ഞതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. അഞ്ചുദിവസം പ്രായമായ കുഞ്ഞിനെ രതീഷ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു. സംഭവം പുറത്തായതോടെ മാന്തിയെടുത്ത് ശൗചാലയത്തില്‍വെച്ച് കത്തിക്കാനും ശ്രമിച്ചു. ഓഗസ്റ്റ് 31-നു നടത്തിയ കൊലപാതകത്തില്‍ മൂന്നാംദിവസം പ്രതികള്‍ പിടിയിലായി.
സെപ്റ്റംബര്‍ പത്താം തീയതിയാണ് കേരളത്തെ ഞെട്ടിച്ച മറ്റൊരു ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ വിവരം ആലപ്പുഴയില്‍നിന്ന് പുറത്തുവന്നത്. ഒരുമാസം മുന്‍പ് കാണാതായ എറണാകുളം കടവന്ത്ര സ്വദേശിനി സുഭദ്രയുടെ മൃതദേഹം കലവൂര്‍ കോര്‍ത്തുശ്ശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. കേസില്‍ കലവൂര്‍ കാട്ടൂര്‍ സ്വദേശി മാത്യൂസ്, ഭാര്യ ശര്‍മിള എന്നിവര്‍ പിടിയിലായി. ഒളിവില്‍പ്പോയ ദമ്പതിമാര്‍ 13-നു കര്‍ണാടകയിലെ മണിപ്പാലില്‍നിന്നാണ് പിടിയിലായത്. സുഭദ്രയില്‍നിന്നു കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ തിരികെ ചോദിച്ചതാണ് കൊലയിലേക്കു നയിച്ചത്. ഇവരെ സഹായിച്ച കാട്ടൂര്‍ സ്വദേശി റെയ്നോള്‍ഡും കേസില്‍ അറസ്റ്റിലായി.

2024 നവംബര്‍ അവസാനത്തോടെയാണ് ആലപ്പുഴ അമ്പലപ്പുഴയില്‍ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. കൊല്ലം കുലശേഖരപുരം കൊച്ചുമാമ്മൂട് സ്വദേശി വിജയലക്ഷ്മി (48) ആണ് കൊല്ലപ്പെട്ടത്. കേസില്‍ വിജയലക്ഷ്മിയുടെ സുഹൃത്തും അമ്പലപ്പുഴ പുറക്കാട് കരൂര്‍ സ്വദേശിയുമായ ജയചന്ദ്രനന്‍(53) പിടിയിലായി. നവംബര്‍ ഏഴാം തീയതി കരൂരിലെ സ്വന്തം വീട്ടില്‍വെച്ച് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ പ്രതി സമീപത്തെ മറ്റൊരാളുടെ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടത്. ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി വിജയലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ ദീര്‍ഘദൂര ബസില്‍ ഉപേക്ഷിച്ചു.

കൊല്ലത്ത് മീന്‍പിടിക്കാന്‍ പോകുന്നതിനിടെയാണ് ഭാര്യയും മകനുമുള്ള ജയചന്ദ്രന്‍ വിജയലക്ഷ്മിയുമായി പരിചയത്തിലായത്. വിജയലക്ഷ്മിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ജയചന്ദ്രന്റെ കുടുംബത്തിലും പ്രശ്നങ്ങളുണ്ടായിരുന്നു. വിജയലക്ഷ്മിയുമായി കരൂരിലെ വീട്ടിലെത്തിയ പ്രതി ഇവിടെവെച്ചാണ് കൃത്യം നടത്തിയത്. വിജയലക്ഷ്മി മറ്റൊരു സുഹൃത്തുമായി ഫോണില്‍ സംസാരിച്ചതായിരുന്നു പ്രതിയെ പ്രകോപിപ്പിച്ചത്. വെട്ടുകത്തികൊണ്ട് തലയ്ക്ക് പിന്നില്‍ വെട്ടിയും കട്ടിങ് പ്ലയര്‍കൊണ്ട് തലയ്ക്കടിച്ചുമാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയി സമീപത്തെ മറ്റൊരാളുടെ പറമ്പില്‍ കുഴിച്ചിട്ടു. ഇതിനുമുകളില്‍ മെറ്റലും സിമന്റും വിതറുകയുംചെയ്തു. പിന്നീട് എറണാകുളത്തേക്ക് ബസ്സില്‍ പോയ പ്രതി ഇവിടെവെച്ച് വിജയലക്ഷ്മിയുടെ മൊബൈല്‍ഫോണ്‍ മറ്റൊരു ബസ്സില്‍ ഉപേക്ഷിച്ചു. കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിലാണ് ഫോണ്‍ ഉപേക്ഷിച്ചത്. ഇതിനിടെ വിജയലക്ഷ്മിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് സംഘത്തിന് ഈ ഫോണ്‍ ലഭിച്ചു. തുടര്‍ന്നുനടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
കൊച്ചിയെ കണ്ണീരിലാഴ്ത്തിയ നവജാതശിശുവിന്റെ കൊലപാതകം...
പ്രസവിച്ച് മണിക്കൂറുകള്‍ തികയുംമുമ്പേ നവജാതശിശുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം അരങ്ങേറിയത് കൊച്ചിയിലായിരുന്നു. 2024 മേയ് മൂന്നാം തീയതി രാവിലെ അതിദാരുണമായ ആ വാര്‍ത്ത കേട്ടാണ് കേരളം ഞെട്ടിയത്. റോഡില്‍ കണ്ട കുറിയര്‍ കവറിനുള്ളില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. തൊട്ടുപിന്നാലെ സമീപത്തെ ഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ റോഡിലെറിഞ്ഞതാണെന്ന് വ്യക്തമായി. സംഭവത്തില്‍ ഫ്ളാറ്റിലെ താമസക്കാരിയും കുഞ്ഞിന്റെ അമ്മയുമായ യുവതി അറസ്റ്റിലായി.

പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കവറില്‍ പൊതിഞ്ഞ് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് യുവതി സമ്മതിച്ചു. ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയായിരുന്ന 23-കാരി പീഡനത്തിനിരയായി ഗര്‍ഭിണിയായതാണെന്ന് വ്യക്തമായതോടെ ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ കൊലപാതകത്തില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യുവതിക്ക് പിന്നീട് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരിയുടെ കൊലപാതകം, ചുരുളഴിഞ്ഞത് ഒരാഴ്ചയ്ക്ക് ശേഷം...
2024 നവംബര്‍ 17-നാണ് കൊച്ചി കളമശ്ശേരിയിലെ അപ്പാര്‍ട്ട്മെന്റില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരിയായ ജെയ്സി എബ്രഹാമിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമായിരുന്നു മരണകാരണം. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. ഒരാഴ്ചയ്ക്ക് ശേഷം നവംബര്‍ 25-ന് കേസിലെ പ്രതികളായ ഗിരീഷ് ബാബുവിനെയും ഇയാളുടെ സുഹൃത്തായ ഖദീജയെയും പോലീസ് പിടികൂടി. നവംബര്‍ 17-ന് അപ്പാര്‍ട്ട്മെന്റിലെത്തിയ ഗിരീഷ് ബാബുവാണ് ജെയ്സിയെ കൊലപ്പെടുത്തിയതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. സുഹൃത്തായ ഖദീജയ്ക്കൊപ്പമാണ് പ്രതി കൊലപാതകം ആസൂത്രണംചെയ്തത്.

ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ ഗിരീഷ് ബാബുവും ഒറ്റയ്ക്ക് താമസിച്ചിരുന്ന ജെയ്സിയും ഡേറ്റിങ് ആപ്പ് വഴിയാണ് പരിചയപ്പെട്ടത്. വിവിധ ലോണ്‍ ആപ്പുകള്‍ വഴിയും ക്രെഡിറ്റ് കാര്‍ഡുകളിലുമായി ഏകദേശം 85 ലക്ഷം രൂപയുടെ കടബാധ്യത ഗിരീഷിനുണ്ടായിരുന്നു. ഇതിനിടെയാണ് ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാട് വഴി ജെയ്സിയ്ക്ക് 30 ലക്ഷം രൂപ കിട്ടിയതായി അറിഞ്ഞത്. ഈ പണവും ജെയ്സിയുടെ സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കാനായിരുന്നു പ്രതികള്‍ കൊലപാതകം ആസൂത്രണംചെയ്തത്. സംഭവദിവസം ജെയ്സിയുടെ അപ്പാര്‍ട്ട്മെന്റിലെത്തിയ ഗിരീഷ് ബാബു ജെയ്സിക്കൊപ്പം മദ്യപിച്ചു. മദ്യലഹരിയില്‍ ജെയ്സി കട്ടിലില്‍ കിടന്നതോടെ പ്രതി ബാഗില്‍ കരുതിയിരുന്ന ഡംബല്‍ ഉപയോഗിച്ച് ഇവരുടെ തലയ്ക്കടിച്ചു. നിലവിളിക്കാതിരിക്കാന്‍ മുഖത്ത് തലയണവെച്ചു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം വലിച്ചിഴച്ച് കുളിമുറിയിലെത്തിച്ചു. പിന്നാലെ ഫ്ളാറ്റില്‍നിന്ന് മറ്റൊരു വഴിയിലൂടെ കടന്നുകളഞ്ഞു. എന്നാല്‍, സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണം വൈകാതെ ഗിരീഷ് ബാബുവിലെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.
ബസ്സിലിട്ട് കണ്ടക്ടറെ കുത്തിക്കൊന്നു...
ഓഗസ്റ്റ് 31-നാണ് കൊച്ചിയെ നടുക്കി പട്ടാപ്പകല്‍ മറ്റൊരു കൊലപാതകം അരങ്ങേറിയത്. സ്വകാര്യബസ്സിലിട്ട് കണ്ടക്ടറെ കുത്തിക്കൊന്നതായിരുന്നു സംഭവം. 'അസ്ത്ര' ബസ്സിലെ കണ്ടക്ടറായ ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെ സംഭവദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒപ്പംതാമസിച്ചിരുന്ന യുവതിക്ക് അനീഷുമായി ബന്ധമുണ്ടെന്ന സംശയമാണ് മിനൂപിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.
പൂക്കോട് കാംപസിലെ ക്രൂരത, തീരാനോവായി സിദ്ധാര്‍ഥന്‍...
2024-ല്‍ കേരളത്തെ പിടിച്ചുലച്ച സംഭവങ്ങളിലൊന്നായിരുന്നു പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥ(21)ന്റെ മരണം. കാമ്പസിലെ ക്രൂരമായ റാഗിങ്ങിനും ആള്‍കൂട്ട വിചാരണയ്ക്കും ഇരയായതിന് പിന്നാലെയാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൂക്കോട് കാംപസിലെ എസ്.എഫ്.ഐ. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളായി.

ഫെബ്രുവരി 18-നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റല്‍മുറിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വാലന്റൈന്‍സ് ഡേയില്‍ കോളേജില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും പരസ്യവിചാരണയും നേരിടേണ്ടിവന്നിരുന്നുവെന്നാണ് ആരോപണം. ഇതിനുപിന്നാലെയാണ് സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ വിദ്യാര്‍ഥിയുടെ മരണം കേരളമാകെ കത്തിപ്പടര്‍ന്നു. സംഭവത്തില്‍ സര്‍വകലാശാല അധികൃതരുടെ വീഴ്ചകളും നടപടികളും അടിമുടി ദുരൂഹതയ്ക്കിടയാക്കി. ഇതിനിടെ, സിദ്ധാര്‍ഥനെ മര്‍ദിക്കുകയും ആള്‍ക്കൂട്ട വിചാരണയ്ക്കിരയാക്കുകയും ചെയ്ത എസ്.എഫ്.ഐ. നേതാക്കളടക്കമുള്ള 18 പ്രതികളെയും പോലീസ് പിടികൂടി. കാമ്പസിലെ റാഗിങ്ങും ക്രൂരമര്‍ദനവും ചര്‍ച്ചാവിഷയമായി. എസ്.എഫ്.ഐ.ക്കെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നു. ഇതിനിടെ, കേസ് പിന്നീട് സി.ബി.ഐ.ക്ക് കൈമാറി.
സിനിമയെ വെല്ലും ആസൂത്രണം, കാറിടിപ്പിച്ച് കൊലപാതകം...
സിനിമാക്കഥകളെവെല്ലുന്നരീതിയിലാണ് കൊല്ലം പാപ്പച്ചന്‍ വധക്കേസില്‍ പ്രതികള്‍ കൃത്യം ആസൂത്രണംചെയ്തത്. റിട്ട. ബി.എസ്.എന്‍.എല്‍. അസി. ജനറല്‍ മാനേജരും കോടീശ്വരനുമായ പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയശേഷം സംഭവം സാധാരണ വാഹനാപകടമായി ചിത്രീകരിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. സൈക്കിളില്‍ പോകുന്നതിനിടെ 2024 മെയ് 23-നാണ് പാപ്പച്ചനെ ഒരു വാഗണ്‍ആര്‍ കാര്‍ ഇടിച്ചിട്ടത്. ചികിത്സയിലിരിക്കെ പിറ്റേദിവസം പാപ്പച്ചന്‍ മരിച്ചു.

സാധാരണ അപകടമെന്ന നിലയില്‍ പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുമ്പോഴാണ് അപകടത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. കാറിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിനുണ്ടായ സംശയവും തുടര്‍ന്ന് നടത്തിയ അന്വേഷണവുമാണ് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഒടുവില്‍ പാപ്പച്ചനെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ മാനേജരും തേവള്ളിയില്‍ താമസക്കാരിയുമായ സരിത (45), സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ് മരുതടി വാസുപ്പിള്ള ജങ്ഷനിലെ അനൂപ് (37), പോളയത്തോട് സ്വദേശി അനിമോന്‍ (44), കടപ്പാക്കട സ്വദേശി മാഹീന്‍(47), പോളയത്തോട് ഹാഷിഫ് അലി (27) എന്നിവരെ ഓഗസ്റ്റ് എട്ടാം തീയതി പോലീസ് പിടികൂടി.
ധനകാര്യസ്ഥാപനത്തില്‍ സ്ഥിരനിക്ഷേപവും കോടികളുടെ ആസ്തിയുമുണ്ടായിരുന്ന പാപ്പച്ചന്‍ കുടുംബപ്രശ്‌നം കാരണം കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. തന്റെ 90 ലക്ഷത്തിന്റെ നിക്ഷേപത്തില്‍നിന്ന് 40 ലക്ഷം രൂപ അനധികൃതമായി സരിത പിന്‍വലിച്ചത് പാപ്പച്ചന്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് സരിതയും കൂട്ടാളികളും പാപ്പച്ചനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.
പണം തട്ടിയത് പാപ്പച്ചന്‍ ചോദ്യംചെയ്തപ്പോള്‍ പ്രശ്‌നം പരിഹരിക്കാം, കണക്കുകള്‍ നോക്കട്ടെ, പിന്നീടൊരു ദിവസം വന്നാല്‍ മതിയെന്ന് പറഞ്ഞ് സരിത ഇദ്ദേഹത്തെ തിരിച്ചയച്ചു. പിന്നാലെ സരിത മറ്റുപ്രതികളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു. ക്വട്ടേഷന്‍ സംഘാംഗമായ അനിയാണ് കാറിടിപ്പിച്ച് പാപ്പച്ചനെ കൊലപ്പെടുത്തിയത്. വാടകയ്‌ക്കെടുത്ത കാറാണ് പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ചത്. പ്രതികളിലൊരാളായ അനൂപ് ആണ് കാര്‍ വാടകയ്‌ക്കെടുത്ത് നല്‍കിയതെന്നും പോലീസ് പറഞ്ഞു.

വിരമിക്കല്‍ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചന്‍, ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍, പാപ്പച്ചന്‍ കുടുംബവുമായി നല്ല ബന്ധത്തിലല്ലെന്ന വിവരം മാനേജര്‍ അടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു. പാപ്പച്ചന്‍ മരിച്ചാല്‍ തുക ചോദിച്ച് ആരുംവരില്ലെന്നും വ്യക്തമായി മനസ്സിലാക്കിയാണ് സരിത പദ്ധതികള്‍ ആസൂത്രണം ചെയ്തത്. വാടകയ്ക്കെടുത്ത കാര്‍ പാപ്പച്ചന്‍ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിനു തൊട്ടടുത്ത ഇടവഴിയില്‍ ആയിരുന്നു അപകടം. സ്ഥിരമായി സൈക്കിള്‍ മാത്രം ഉപയോഗിച്ചിരുന്ന ലളിതമായ ജീവിതം നയിച്ചിരുന്ന ആളായിരുന്നു പാപ്പച്ചന്‍.
യുവാവിനെ കുത്തിക്കൊന്നത് പെണ്‍സുഹൃത്തിന്റെ അച്ഛന്‍...
2024 സെപ്റ്റംബര്‍ 21-നാണ് കൊല്ലം ഇരട്ടക്കടയില്‍ 19-കാരനെ പെണ്‍സുഹൃത്തിന്റെ അച്ഛന്‍ കുത്തിക്കൊന്നത്. ഇരവിപുരം നാന്‍സി വില്ലയില്‍ അരുണ്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ പ്രസാദ് കൃത്യത്തിന് പിന്നാലെ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രതിയുടെ മകളുമായി അരുണ്‍കുമാറിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. സംഭവ ദിവസം രാവിലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വൈകിട്ട് അരുണ്‍കുമാര്‍ വീണ്ടും സുഹൃത്തിനെയും കൂട്ടി പ്രസാദിനെ കണ്ട് സംസാരിക്കാനെത്തി. ഇതിനിടെയാണ് പ്രസാദ് യുവാവിനെ കുത്തിക്കൊന്നത്. സംഭവം ദുരഭിമാനക്കൊലയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
കാറിന് തീയിട്ട് ഭാര്യയെ കൊന്നു, കൂസലില്ലാതെ പ്രതി...
ഡിസംബര്‍ മൂന്നാം തീയതി രാത്രിയാണ് കൊല്ലം ചെമ്മാന്‍മുക്കില്‍ കാറിന് തീയിട്ട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. കൊട്ടിയം തഴുത്തല തുണ്ടില്‍ മേക്കതില്‍ അനില(44)യെയാണ് ഭര്‍ത്താവ് പത്മരാജന്‍(60) അതിക്രൂരമായി കൊലപ്പെടുത്തിയത്.
നായേഴ്‌സ് ആശുപത്രിക്കു സമീപം മൂന്നുമാസംമുന്‍പു തുടങ്ങിയ ബേക്കറിപൂട്ടി കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു അനില. അതേ ദിശയില്‍ മറ്റൊരു കാര്‍ ഓടിച്ചുവന്ന് വശംചേര്‍ത്ത് ഉരസിനിര്‍ത്തിയശേഷം പത്മരാജന്‍ ബക്കറ്റില്‍ കരുതിയ പെട്രോള്‍ കാറിലിരുന്നുതന്നെ അനിലയുടെമേല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇടതുവശത്തെ സീറ്റിലിരുന്ന ബേക്കറി ജീവനക്കാരനായ യുവാവ് ഇതിനിടെ ഇറങ്ങിയോടി. ഇയാള്‍ക്കും സംഭവത്തില്‍ സാരമായി പരിക്കേറ്റു. അനിലയുടെ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. പിന്നാലെ പ്രതിയായ പത്മരാജന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

അനില ആരംഭിച്ച ബേക്കറിയില്‍ സുഹൃത്തായ ഒരു യുവാവിനും പങ്കാളിത്തമുണ്ടായിരുന്നു. ഇക്കാര്യം പത്മരാജന്‍ വൈകിയാണ് അറിഞ്ഞത്. ഇതേച്ചൊല്ലി വഴക്കുണ്ടായപ്പോള്‍ യുവാവ് പത്മരാജനെ മര്‍ദിച്ചു. ഈ സമയം ഭാര്യ നോക്കിനിന്നെന്നായിരുന്നു പത്മരാജന്റെ മൊഴി. മാത്രമല്ല, ബേക്കറി നടത്തിപ്പിനായി അനില ഒരു വീട് വാടകയ്ക്കെടുത്തതും പ്രകോപനത്തിന് കാരണമായി. യുവാവുമായി അടുപ്പമുണ്ടെന്നും സംശയമായി. തുടര്‍ന്നാണ് വൈരാഗ്യം മൂര്‍ച്ഛിച്ച് ഇരുവരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. സംഭവദിവസം ഭാര്യയ്ക്കൊപ്പം കാറിലുണ്ടായിരുന്നത് പാര്‍ട്ണറായ യുവാവാണെന്നാണ് പ്രതി കരുതിയത്. എന്നാല്‍, ഇത് ബേക്കറിയിലെ ജീവനക്കാരനായിരുന്നു.
പാപ്പച്ചന്റെ കൊലപാതകത്തിന് സമാനം, വയനാട്ടില്‍ ജീപ്പിടിപ്പിച്ച് കൊന്നത് ഓട്ടോ ഡ്രൈവറെ...
കൊല്ലത്ത് പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതിന് സമാനമായിരുന്നു വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറായ നവാസിന്റെ കൊലപാതകവും. ഓട്ടോയില്‍ പോകുന്നതിനിടെ ജീപ്പിടിപ്പിച്ചാണ് നവാസിനെ കൊലപ്പെടുത്തിയത്. ഡിസംബര്‍ രണ്ടാം തീയതിയായിരുന്നു സംഭവം. കേസില്‍ സുമില്‍ ഷാദ്, സഹോദരന്‍ അജിന്‍ ഷാദ് എന്നിവരായിരുന്നു പ്രതികള്‍.

നവാസിന്റേത് അപകടമരണമാണെന്ന് ആദ്യം കരുതിയെങ്കിലും യാതൊരു അപകടസാധ്യതയുമില്ലാത്ത മേഖലയില്‍ ഇത്തരമൊരു അപകടം നടന്നതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും തുടക്കംമുതലേ ആരോപിച്ചിരുന്നു. മാത്രമല്ല, ജീപ്പോടിച്ചിരുന്ന സുമില്‍ഷാദിന് നവാസിനോട് വൈരാഗ്യമുണ്ടെന്ന കാര്യവും നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് കണ്ടെത്തിയത്. സുമില്‍ ഷാദിന്റെയും അജിന്‍ഷാദിന്റെയും ഹോട്ടലിന് മുന്നില്‍ നവാസ് കൂടോത്രം ചെയ്തെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
കളിയിക്കാവിളയില്‍ ക്വാറി ഉടമയുടെ കൊലപാതകം
ജൂണ്‍ 24 തിങ്കളാഴ്ച രാത്രിയാണ് ക്വാറി വ്യവസായിയായ മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം. ദീപുവിന്റെ കൈയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗുണ്ടയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയുമായിരുന്ന അമ്പിളി എന്ന സജികുമാറാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. ദീപുവില്‍നിന്ന് കവര്‍ന്ന പണത്തില്‍ ഏഴുലക്ഷം രൂപയും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യസൂത്രധാരനായ സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം അമ്പിളി എന്ന സജികുമാര്‍ നടത്തിയ ക്വട്ടേഷന്‍ കൊലപാതകമാണെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.
തുടരുന്ന സ്ത്രീധനപീഡനങ്ങള്‍, യുവതികളുടെ മരണങ്ങള്‍...
സ്ത്രീധനപീഡനവും ഇതേത്തുടര്‍ന്നുണ്ടായ മരണങ്ങളും 2024-ലും മലയാളികളെ കണ്ണീരിലാഴ്ത്തി. മലയാളി കോളേജ് അധ്യാപികയായ ശ്രുതി നാഗര്‍കോവിലില്‍ ജീവനൊടുക്കിയ സംഭവവും തിരുവനന്തപുരത്തെ നവവധു ഇന്ദുജയുടെ മരണവുമെല്ലാം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്.
കൊല്ലം പിറവന്തൂര്‍ സ്വദേശി ബാബുവിന്റെ മകളും നാഗര്‍കോവിലില്‍ കോളേജ് അധ്യാപികയുമായ ശ്രുതി(25)യുടെ മരണം വിവാഹം കഴിഞ്ഞ് ആറുമാസത്തിന് ശേഷമായിരുന്നു. തമിഴ്നാട് വൈദ്യുതിവകുപ്പിലെ ജീവനക്കാരനായ ഭര്‍ത്താവും ഭര്‍തൃമാതാവും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചതിനെതുടര്‍ന്നാണ് ശ്രുതി ജീവനൊടുക്കിയതെന്നായിരുന്നു പരാതി. വിവാഹസമയത്ത് 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും ശ്രുതിയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍, ഇത് കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു ഭര്‍തൃവീട്ടുകാരുടെ ഉപദ്രവം.
തൃശ്ശൂര്‍ കാഞ്ഞാണിയില്‍ 24-കാരിയെയും ഒന്നരവയസ്സുള്ള മകളെയും കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നിലെ കാരണവും സ്ത്രീധനപീഡനമായിരുന്നു. അന്തിക്കാട് കല്ലിടവഴി അഖിലിന്റെ ഭാര്യ കൃഷ്ണപ്രിയ, മകള്‍ പൂജിത എന്നിവരെയാണ് 2024 ഏപ്രില്‍ 30-ന് കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഖിലും കൃഷ്ണപ്രിയയും നാലുവര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹിതരായത്. എന്നാല്‍, വിവാഹത്തിന് ശേഷം ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും സ്ത്രീധനം പോരെന്ന് പറഞ്ഞ് യുവതിയെ നിരന്തരം ശല്യംചെയ്തിരുന്നതായാണ് പരാതി. ഇതോടെ യുവതിയുടെ മരണത്തില്‍ ഭര്‍തൃമാതാവ് അനിത, ഭര്‍തൃസഹോദരന്‍ അഷില്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം പാലോട് നവവധുവായ ഇന്ദുജ ജീവനൊടുക്കിയ സംഭവവും 2024-ന്റെ വേദനയായി. ആദിവാസിയുവതിയായ ഇന്ദുജയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അഭിജിത്ത്, ഇരുവരുടെയും സുഹൃത്തായ അജാസ് എന്നിവരാണ് പിടിയിലായത്. അഭിജിത്തും അജാസും ഇന്ദുജയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. രണ്ടരവര്‍ഷത്തെ പ്രണയത്തിന് ശേഷം നാലുമാസം മുന്‍പാണ് ഇന്ദുജ അഭിജിത്തിനൊപ്പം വീട് വിട്ടിറങ്ങിയത്. എന്നാല്‍, ഇരുവരും നിയമപരമായ വിവാഹിതരായിരുന്നില്ല. ഇതിനുപിന്നാലെ അഭിജിത്തും അജാസും ചേര്‍ന്ന് ഇന്ദുജയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു.
റോഡിലെ കണ്ണില്ലാ ക്രൂരതകള്‍...
കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവിലും കോഴിക്കോട് വടകര ചോറോടും സംഭവിച്ച രണ്ട് വാഹനാപകടങ്ങള്‍ 2024-ല്‍ കേരളം ഒരിക്കലും മറക്കില്ല. വാഹനം അപകടത്തില്‍പ്പെട്ടതിന് പുറമേ, രണ്ട് സംഭവങ്ങളിലും വാഹനമോടിച്ചവര്‍ ചെയ്ത കണ്ണില്ലാത്ത ക്രൂരതയാണ് ഈ രണ്ടുസംഭവങ്ങളിലും മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചത്.
വടകര ചോറോട് ദേശീയപാതയില്‍ കാറിടിച്ച് സ്ത്രീ മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്ത സംഭവത്തില്‍ നിര്‍ത്താതെ പോയ കാറും വാഹനമോടിച്ചിരുന്ന ആളെയും പത്തുമാസത്തിന് ശേഷം പോലീസ് കണ്ടെത്തിയത് ഏറെ വാര്‍ത്താപ്രധാന്യം നേടിയ സംഭവമായിരുന്നു. 2024 ഫെബ്രുവരി 17-നാണ് ആ അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാറിടിച്ച് കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒന്‍പതുവയസ്സുകാരിയായ പേരമകള്‍ ദൃഷാനയ്ക്ക് ഗുരുതരമായ പരിക്കേറ്റു. അന്നുമുതല്‍ അബോധാവസ്ഥയിലാണ് ദൃഷാന. അപകടമുണ്ടാക്കിയശേഷം ഒന്നു തിരിഞ്ഞുപോലും നോക്കാതെ നിര്‍ത്താതെ പോയ ആ കാര്‍ കണ്ടെത്താന്‍ പത്തുമാസത്തോളമാണ് പോലീസ് അന്വേഷണം നടത്തിയത്.

സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കാര്‍ സ്വിഫ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞതോടെ ഇതേരീതിയിലുള്ള ആയിരക്കണക്കിന് വാഹനങ്ങളാണ് പോലീസ് പരിശോധിച്ചത്. ഒപ്പം വിവിധ ജില്ലകളിലെ വര്‍ക്ക്ഷോപ്പുകളിലും ഇന്‍ഷുറന്‍സ് കമ്പനികള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തി. ഒടുവില്‍ പത്തുമാസത്തിന് ശേഷം ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ടത് കെ.എല്‍. 18 ആര്‍. 1846 രജിസ്ട്രേഷന്‍ നമ്പറിലുള്ള സ്വിഫ്റ്റ് കാറാണെന്ന് പോലീസ് കണ്ടെത്തി. കാറോടിച്ചിരുന്നത് പുറമേരി സ്വദേശി ഷജീലാണെന്നും വ്യക്തമായി. ഭാര്യയും കുട്ടികളും കാറിലുണ്ടായിരിക്കെയാണ് രണ്ടുപേരെ ഇടിച്ചിട്ടശേഷം ഇയാള്‍ വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞത്. സംഭവത്തില്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തേക്ക് കടന്ന ഷജീലിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു.
2024-ലെ തിരുവോണദിവസം മലയാളികളെ കണ്ണീരണിയിച്ച സംഭവമായിരുന്നു കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവിലെ വാഹനാപകടം. സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ടശേഷം വീണ്ടും അതേ യാത്രക്കാരിയുടെ ദേഹത്തുകൂടെ കാര്‍ കയറ്റിയിറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് അന്ന് ഏവരും കണ്ടത്. ഇടക്കുളങ്ങര സ്വദേശി മുഹമ്മദ് അജ്മല്‍(29) ഓടിച്ചിരുന്ന കാറാണ് സ്‌കൂട്ടര്‍ യാത്രികയായ പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോളെ (47) ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍വീണ കുഞ്ഞുമോളുടെ ദേഹത്തുകൂടെ അജ്മല്‍ വീണ്ടും കാര്‍ കയറ്റുകയും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നു. സുഹൃത്തും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ നെയ്യാറ്റിന്‍കര സ്വദേശിനി ശ്രീക്കുട്ടിയും സംഭവസമയം അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു.

കാര്‍ മുന്നോട്ടെടുക്കല്ലേയെന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടും അജ്മല്‍ കുഞ്ഞുമോളുടെ ശരീരത്തിന് മുകളിലൂടെ കാര്‍ കയറ്റിയെന്നായിരുന്നു ദൃക്സാക്ഷികളുടെ മൊഴി. വാഹനം മുന്നോട്ടെടുക്കാന്‍ കാറിലുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടി അജ്മലിനോട് ആവശ്യപ്പെട്ടിരുന്നതായും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് കണ്ടെത്തി. അജ്മലിനെ ഒന്നാംപ്രതിയാക്കിയും ഡോ. ശ്രീക്കുട്ടിയെ രണ്ടാംപ്രതിയാക്കിയുമാണ് പോലീസ് സംഭവത്തില്‍ കേസെടുത്തത്. ഇരുവരും അറസ്റ്റിലാവുകയുംചെയ്തു.
ജിന്നുമ്മയുടെ മന്ത്രവാദം, പിന്നാലെ കൊലപാതകം; ചുരുളഴിഞ്ഞ ഗഫൂര്‍ഹാജി വധക്കേസ്...
കാസര്‍കോട് പൂച്ചക്കാട് ഗഫൂര്‍ഹാജി വധക്കേസില്‍ ഒന്നരവര്‍ഷത്തിന് ശേഷം പോലീസ് പ്രതികളെ പിടികൂടിയതും പോയവര്‍ഷമായിരുന്നു. പ്രവാസി വ്യവസായിയായ എം.സി. ഗഫൂര്‍ഹാജി(55)യെ കൊലപ്പെടുത്തിയ കേസില്‍ മന്ത്രവാദിനിയായ ജിന്നുമ്മയെന്ന കെ.എച്ച്. ഷമീന, ഭര്‍ത്താവ് ഉവൈസ്, കൂട്ടാളികളായ അസ്നീഫ, ആയിഷ എന്നിവരെയാണ് പ്രത്യേക പോലീസ് സംഘം 2024 ഡിസംബര്‍ അഞ്ചിന് അറസ്റ്റ് ചെയ്തത്.

2023 ഏപ്രില്‍ 14-നാണ് ഗഫൂര്‍ഹാജിയെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രവാസിവ്യവസായിയും സമ്പന്നനുമായ ഗഫൂര്‍ഹാജിയുടെ മരണത്തിന് പിന്നാലെ ഇദ്ദേഹം ബന്ധുക്കളില്‍നിന്നടക്കം സ്വര്‍ണം വായ്പ വാങ്ങിയിരുന്നതായി വീട്ടുകാരറിഞ്ഞു. ഇത്തരത്തിലുള്ള സ്വര്‍ണവും വീട്ടിലെ സ്വര്‍ണവും ഉള്‍പ്പെടെ 596 പവന്‍ സ്വര്‍ണം കാണാനില്ലെന്നും വ്യക്തമായി. ഇതോടെ സംശയം ബലപ്പെട്ട ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ജിന്നുമ്മയെന്ന മന്ത്രവാദിനിയെ സംശയമുണ്ടെന്നും വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യഘട്ടത്തിലൊന്നും പ്രതികള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചില്ല. ഒടുവില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.
സ്വര്‍ണം ഇരട്ടിയാക്കാന്‍ മന്ത്രവാദം ചെയ്യാമെന്ന് പറഞ്ഞാണ് പ്രതികള്‍ ഗഫൂര്‍ഹാജിയുടെ വിശ്വാസം പിടിച്ചുപറ്റിയത്. എന്നാല്‍, മന്ത്രവാദത്തിന്റെ മറവില്‍ ഗഫൂര്‍ഹാജിയില്‍നിന്ന് ഇവര്‍ സ്വര്‍ണം തട്ടിയെടുത്തു. ഇത് ഗഫൂര്‍ഹാജി തിരികെചോദിച്ചതാണ് കൊലപാതകത്തിന് കാരണമായത്.
കേരളം ഞെട്ടിയ തട്ടിപ്പുകളും കവര്‍ച്ചകളും...
തൃശ്ശൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍നിന്ന് അസി. ജനറല്‍ മാനേജരായ യുവതി തട്ടിയെടുത്തത് ഇരുപതുകോടിയോളം രൂപയായിരുന്നു. മണപ്പുറം ഗ്രൂപ്പിന്റെ സഹസ്ഥാപനമായ വലപ്പാട് മണപ്പുറം കോംപ്ടക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡില്‍നിന്നാണ് സ്ഥാപനത്തിലെ അസി. ജനറല്‍ മാനേജറായിരുന്ന കൊല്ലം സ്വദേശി ധന്യാ മോഹന്‍(40) ഇത്രയും തുക തട്ടിയെടുത്തത്. വായ്പകളില്‍ തിരിമറി നടത്തിയും മറ്റു ക്രമക്കേടുകളിലൂടെയുമാണ് ധന്യ സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും വന്‍തുകകള്‍ ട്രാന്‍സ്ഫര്‍ചെയ്തിരുന്നത്. 18 വര്‍ഷമായി സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന യുവതി ആഡംബരജീവിതത്തിനും ഓണ്‍ലൈന്‍ റമ്മിയിലും റിയല്‍ എസ്റ്റേറ്റ് ബിസിനസിലും പണംമുടക്കിയെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. സാമ്പത്തിക തട്ടിപ്പ് സ്ഥാപനം തിരിച്ചറിഞ്ഞതിന് പിന്നാലെ ഒളിവില്‍പോയ യുവതി പിന്നീട് കൊല്ലത്തെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
എത്രകണ്ടാലും കൊണ്ടാലും മലയാളികള്‍ പഠിക്കില്ലെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഹൈറിച്ച് കമ്പനിയുടെ സാമ്പത്തിക തട്ടിപ്പ്. ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ ഹൈറിച്ച് ഉടമകള്‍ 1157 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഇ.ഡി. മരവിപ്പിക്കുകയുംചെയ്തു. ഇതിനൊപ്പം ക്രിപ്റ്റോകറന്‍സിയുടെ പേരില്‍ ചെറുതും വലുതുമായ നിരവധി സാമ്പത്തിക തട്ടിപ്പുകളും കേരളത്തില്‍ അരങ്ങേറി. എളുപ്പത്തില്‍ പണം സമ്പാദിക്കാനും പണം ഇരട്ടിയാക്കാനുമുള്ള അത്യാഗ്രഹമാണ് പലരും ഇത്തരം തട്ടിപ്പില്‍ ഇരകളാകാന്‍ കാരണമായത്.
കണ്ണൂര്‍ വളപട്ടണത്തെ പ്രമുഖ അരിവ്യാപാരി കെ.പി. അഷ്റഫിന്റെ വീട്ടില്‍നിന്ന് 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണവും മോഷ്ടിച്ചസംഭവം പോയവര്‍ഷം കേരളത്തില്‍ നടന്ന ഏറ്റവും വലിയ കവര്‍ച്ചകളിലൊന്നായിരുന്നു. നവംബര്‍ 19-ന് വീട് പൂട്ടി മധുരയിലെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ അഷ്റഫും കുടുംബം നവംബര്‍ 24-ന് രാത്രി തിരിച്ചെത്തിയപ്പോളാണ് വീട്ടില്‍ കവര്‍ച്ച നടന്നവിവരമറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഒരാഴ്ചയ്ക്കിടെ കള്ളനെ കൈയോടെ പിടികൂടി. അഷ്റഫിന്റെ അയല്‍വാസിയും വെല്‍ഡിങ് തൊഴിലാളിയുമായ ലിജേഷ് ആയിരുന്നു കേസിലെ പ്രതി. മോഷ്ടിച്ച സ്വര്‍ണവും പണവും പോലീസ് ഇയാളുടെ വീട്ടിലെ രഹസ്യഅറയില്‍നിന്ന് കണ്ടെടുക്കുകയുംചെയ്തു.
2024 സെപ്റ്റംബര്‍ 20-ന് പുലര്‍ച്ചെ തൃശ്ശൂരിലെ മൂന്ന് എ.ടി.എം. കൗണ്ടറുകള്‍ തകര്‍ത്ത് 65 ലക്ഷം രൂപ കവര്‍ന്ന സംഭവം വലിയ വാര്‍ത്തയായിരുന്നു. സിനിമയെവെല്ലും രീതിയില്‍ കവര്‍ച്ച നടത്തിയ ഉത്തരേന്ത്യന്‍സംഘം കണ്ടെയ്നര്‍ ലോറിയിലാണ് കേരളംവിട്ടത്. സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്നരീതിയില്‍ നടന്ന കവര്‍ച്ചയും പിന്നാലെ തമിഴ്നാട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലും ദേശീയമാധ്യമങ്ങളിലടക്കം പ്രധാനവാര്‍ത്തയായി.
ഹരിയാണയില്‍നിന്ന് കണ്ടെയ്നര്‍ ലോറിയിലും കാറിലുമായെത്തിയ ഏഴംഗസംഘമാണ് എ.ടി.എമ്മുകള്‍ കൊള്ളയടിച്ചത്. കാറിലെത്തി മോഷണം നടത്തിയശേഷം ഈ കാര്‍ ദേശീയപാതയില്‍ നേരത്തെ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിക്കുള്ളിലേക്ക് ഓടിച്ചുകയറ്റി. പിന്നാലെ ഈ ലോറിയിലാണ് കവര്‍ച്ചാസംഘം കേരളം വിട്ടത്. മോഷണവിവരം പുറത്തറിഞ്ഞതോടെ തൃശ്ശൂര്‍ പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. സംശയാസ്പദമായ ചില കണ്ടെയ്നര്‍ ലോറികളുടെ വിവരങ്ങള്‍ തമിഴ്നാട് പോലീസിന് കൈമാറി. തമിഴ്നാട്ടിലെ നാമക്കലില്‍വെച്ച് തമിഴ്നാട് പോലീസ് ഈ കണ്ടെയ്നര്‍ ലോറിക്ക് കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല. ഇതോടെ പോലീസ് പിന്തുടര്‍ന്നു. ചേസിങ്ങിനിടെ ലോറി ഒട്ടേറെ വാഹനങ്ങളിലിടിച്ചു. ലോറി പിടികൂടാനായി നാട്ടുകാരും പോലീസിനൊപ്പം ചേര്‍ന്നു. ഒടുവില്‍ പോലീസ് ലോറി തടഞ്ഞതോടെ കൊള്ളസംഘം പോലീസിനെ ആക്രമിച്ചു. ഇതോടെ പോലീസ് വെടിയുതിര്‍ത്തു. വെടിവെപ്പില്‍ കൊള്ളസംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു. പ്രതികളുടെ ആക്രമണത്തില്‍ ഒരു പോലീസുകാരനും പരിക്കേറ്റു. എന്തായാലും സംഘത്തിലെ ബാക്കി പ്രതികളെയെല്ലാം തമിഴ്നാട് പോലീസ് കൈയോടെ പിടികൂടി. ഹരിയാണയിലെ കുപ്രസിദ്ധമായ മേവാത് സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നും പോലീസ് സ്ഥിരീകരിച്ചു.
മലപ്പുറം പൊന്നാനിയിലെ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 550 പവന്‍ സ്വര്‍ണം കവര്‍ന്ന മോഷ്ടാക്കളെ പോലീസ് പിടികൂടിയതും പോയവര്‍ഷം ഏറെ ചര്‍ച്ചയായ വാര്‍ത്തയായിരുന്നു. 2024 ഏപ്രില്‍ 13-ന് പുലര്‍ച്ചെയാണ് പ്രവാസി വ്യവസായി മണപ്പറമ്പില്‍ രാജീവിന്റെ ബിയ്യത്തുള്ള വീട്ടില്‍ മോഷണം നടന്നത്. 350 പവനാണ് മോഷണം പോയതെന്നായിരുന്നു പ്രാഥമിക നിഗമനം. വിദേശത്തായിരുന്ന വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് 550 പവനോളം മോഷണംപോയതായി മനസ്സിലായത്. സി.സി.ടി.വി.യുടെ ഡി.വി.ആര്‍., വിലകൂടിയ നാല് കുപ്പി വിദേശമദ്യം എന്നിവയും മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നു.
മോഷണം നടത്തിയവരെക്കുറിച്ച് യാതൊരു സൂചനയുമില്ലാതിരുന്ന കേസില്‍ എട്ടു മാസത്തോളമെടുത്താണ് പ്രതികളെ പോലീസ് പിടികൂടിയത്. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്പനയില്‍ താമസക്കാരനുമായ രായര്‍മരക്കാര്‍ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പംവീട്ടില്‍ നാസര്‍ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പ്രതികളില്‍നിന്ന് 438 പവന്‍ സ്വര്‍ണവും പോലീസ് കണ്ടെടുത്തു.
കേസിലെ ഒന്നാം പ്രതിയായ സുഹൈലിന്റെ ആദ്യ ഭാര്യ താമസിക്കുന്ന തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ വാടകവീടിന്റെ തറയോടുചേര്‍ന്ന് കുഴിച്ചിട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രത്തില്‍ ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ച് രണ്ടു പൊതികളിലായാണ് രണ്ടരക്കിലോ സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങള്‍ക്കുപുറമേ ഉരുക്കി കട്ടിയാക്കി വിറ്റ സ്വര്‍ണവും പോലീസ് പിടിച്ചെടുത്തു. ഒളിപ്പിച്ച സ്വര്‍ണം പോലീസിന് കാണിച്ചുകൊടുക്കാതിരിക്കാന്‍ പ്രതികള്‍ പല അടവുകളും പയറ്റിയെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളുടെ വാദങ്ങളെ പോലീസ് പൊളിച്ചടുക്കുകയായിരുന്നു. എട്ടു മാസമെടുത്താണ് പ്രതികളെ പിടികൂടിയതെങ്കിലും അഞ്ച് ദിവസംകൊണ്ട് മോഷണമുതല്‍ ഏതാണ്ട് മുഴുവനായി കണ്ടെത്താനായത് പോലീസിന് അഭിമാനമായി.
Content Highlights: year ender major crimes in kerala 2024
Published: 26 Dec 2024, 03:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented