കൊൽക്കത്ത: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അറുത്തുമാറ്റിയ തലയുമായി കാളീക്ഷേത്രത്തിൽ ഇരുന്ന യുവാവ് അറസ്റ്റിൽ. രക്തം പുരണ്ട കത്തിയുമായി ഭാര്യയുടെ തല മടിയിൽ വെച്ചിരിക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഈ സമയം ഇവരുടെ രണ്ട് ആൺമക്കളും ഇയാൾക്കൊപ്പമുണ്ടായിരുന്നു.

To advertise here,

പശ്ചിമ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ജില്ലയിലെ ഗംഗാറാംപൂരിലാണ് സംഭവം. നോർത്ത് ബംഗാൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ബസ് കണ്ടക്ടറായ റിന്റു ഘോഷ് ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ സീമ സർക്കാർ (35) ആണ് കൊല്ലപ്പെട്ടത്. അറുത്തുമാറ്റിയ തലയുമായി ക്ഷേത്രത്തിൽ യുവാവിനെ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഗംഗാറാംപൂർ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

ജോലി നഷ്ടപ്പെട്ടതിന് ശേഷം താൻ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് പ്രതി പറഞ്ഞു. "ഞാനൊരു സൈക്കോ ആയി മാറി," എന്നാണ് പോലീസ് വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ഇയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ബസ് കണ്ടക്ടർ ജോലി നഷ്ടപ്പെട്ടതിന് ശേഷം ഇയാൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി ബന്ധു രാജേഷ് പ്രമാണിക് പറഞ്ഞു. പിന്നീട് ചെറുകിട ബിസിനസുകൾ നടത്തിയെങ്കിലും സ്ഥിരവരുമാനം കണ്ടെത്താൻ കഴിഞ്ഞില്ല.

അടുത്തിടെ പ്രതിയുടെ ജീവിതരീതിയിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങൾ പ്രകടമായിരുന്നതായി ബന്ധുക്കൾ പറയുന്നു. മാംസാഹാരം ഉപേക്ഷിച്ച് പൂർണമായും സസ്യാഹാരിയായ ഇയാൾ താന്ത്രിക ആചാരങ്ങളിൽ താല്പര്യം കാണിച്ചിരുന്നതായും അവർ വ്യക്തമാക്കി. പ്രതിയുടെ വ്യക്തിപരമായ സാഹചര്യങ്ങൾ, തൊഴിൽ നഷ്ടം, സാമ്പത്തിക പ്രശ്നങ്ങൾ, അടുത്തിടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങൾ എന്നിവ പരിശോധിച്ച് കൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.