കൊല്ലം: ബിഹാറിൽ ആർ.ജെ.ഡി. നേതാവ് ബൈദുനാഥ് മാത്തൊ ഉൾപ്പെടെ രണ്ടുപേരെ വെടിവെച്ചുകൊന്ന കേസിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ കുറ്റവാളി കൊല്ലത്ത് പിടിയിൽ. സീതാമഠി ജില്ലയിലെ ഡുമ്ര, കേഥരിയ സ്വദേശി മുഹമ്മദ് അജാജ് അഹമ്മദിനെ (30) വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെ കൊല്ലം ആണ്ടാമുക്കത്തുനിന്ന് കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. അതാബുൽ റഹ്‌മാൻ എന്നും ഇയാൾക്ക് പേരുണ്ട്.

To advertise here,

കുടുംബത്തോടൊപ്പം ആണ്ടാമുക്കത്ത് ഒളിവിൽ താമസിച്ചുവരികയായിരുന്നു പ്രതി. കൊല്ലത്തെ ചെരുപ്പുകടയിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന ഇയാൾ ഒരു അഭിഭാഷകന്റെ ഡ്രൈവറായും ജോലിചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് എസ്.ഐ. രഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്.

കൊലപാതകം, വധശ്രമം, ആയുധനിയമ ലംഘനം, കവർച്ച, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ബിഹാറിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ പതിനൊന്നിലേറെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡുമ്ര, പുപ്രി, ബാജ്പട്ടി സ്റ്റേഷനുകളിൽ മോഷണം, കവർച്ച, ഭവനഭേദനം, ആയുധം കൈവശംവെക്കൽ തുടങ്ങിയ കുറ്റങ്ങൾക്കും മുസഫർപുരിലെ കത്ര സ്റ്റേഷനിൽ കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കും കേസുകളുണ്ട്.

ബിഹാറിലെ കൊലപാതകത്തിനുശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്ന പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ചാണ് കൊല്ലത്തെത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് ബിഹാർ പോലീസിന് കൈമാറുമെന്ന് കൊല്ലം പോലീസ് അറിയിച്ചു.