ന്നേകാല്‍ മണിക്കൂര്‍, 24 കിലോമീറ്റര്‍ ദൂരത്തിനുള്ളിലെ മൂന്ന് എ.ടി.എമ്മുകള്‍. കവര്‍ന്നത് 65 ലക്ഷം രൂപ. പോലീസെത്തും മുന്‍പേ അതിവേഗത്തിലായിരുന്നു തൃശ്ശൂരിലെ മൂന്ന് എ.ടി.എമ്മുകളിലും സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. എന്നാല്‍, തട്ടിയെടുത്ത പണവുമായി കണ്ടെയ്‌നര്‍ ലോറിയില്‍ കേരളം വിട്ട കൊള്ളസംഘത്തിന് തമിഴ്‌നാട്ടില്‍ പിടിവീണു. തമിഴ്‌നാട് പോലീസിനെ വെട്ടിച്ച് കടക്കാനുള്ള ശ്രമം അവസാനിച്ചത് ഏറ്റുമുട്ടലിലായിരുന്നു. പോലീസിന്റെ വെടിയേറ്റ് കൊള്ളസംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. പിന്നാലെ സംഘത്തിലെ ബാക്കി അഞ്ചുപേരെയും തമിഴ്‌നാട് പോലീസ് നാട്ടുകാരുടെ സഹായത്തോടെ അതിസാഹസികമായി കീഴടക്കി. 

To advertise here,

സിനിമയെ വെല്ലുന്ന രംഗങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച നാമക്കല്‍ പള്ളിപാളയത്ത് അരങ്ങേറിയത്. കണ്ടെയ്‌നര്‍ ലോറിക്ക് പിന്നാലെയുള്ള നാമക്കല്‍ പോലീസിന്റെ ചേസിങ്ങും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലും പല ആക്ഷന്‍ ത്രില്ലര്‍ സിനിമകളെയും അനുസ്മരിപ്പിക്കുന്നതായിരുന്നു. എന്തിനും മടിയില്ലാത്ത ഹരിയാണയിലെ 'മേവാത് ഗ്യാങ്'ല്‍ ഉള്‍പ്പെട്ട കൊള്ളസംഘമായിരുന്നു തൃശ്ശൂരിലെ എ.ടി.എം. കവര്‍ച്ചയ്ക്ക് പിന്നിലും. നാമക്കലില്‍ പിടിയിലായവരില്‍ ആറുപേരും മേവാത് മേഖലയില്‍ ഉള്‍പ്പെട്ട ഹരിയാണയിലെ നൂഹ്, പല്‍വാല്‍ ജില്ലക്കാരാണ്. കൊള്ളയും സൈബര്‍ കുറ്റകൃത്യങ്ങളുമെല്ലാം പതിവാക്കിയ മേവാത് സംഘത്തിന്റെ കുപ്രസിദ്ധി നേരത്തെയും വാര്‍ത്തകളായിരുന്നു. പ്രൊഫഷണല്‍രീതിയില്‍ കവര്‍ച്ച നടത്തുന്ന, ക്രൂരമായ ആക്രമണസ്വാഭാവമുള്ള കൊള്ളസംഘങ്ങളാണ് ഹരിയാണ-രാജസ്ഥാന്‍ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന മേവാത് മേഖലയിലുള്ളത്. രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായും മേവാത് അറിയപ്പെടുന്നു. രാജ്യത്തെ ഐ.പി.എസ്. ട്രെയിനിങ് ക്ലാസുകളിലും മേവാത് ഗ്യാങ്ങിന്റെ ഓപ്പറേഷനുകളും ഇതുസംബന്ധിച്ച കുറ്റാന്വേഷണവും പഠനവിഷയമാണ്. 

തൃശ്ശൂരില്‍ നടന്നത് വന്‍കൊള്ള, കാര്‍ കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കേരളം വിട്ടു

ഹരിയാണയില്‍നിന്ന് കാറിലും കണ്ടെയ്‌നര്‍ ലോറിയിലും വിമാനമാര്‍ഗവുമാണ് ഏഴംഗ കൊള്ളസംഘം തൃശ്ശൂരിലെത്തിയത്. ചെന്നൈ വഴിയായിരുന്നു കേരളത്തിലേക്കുളള ഇവരുടെ യാത്ര. സംഘത്തിലെ രണ്ടുപേര്‍ വിമാനമാര്‍ഗം ചെന്നൈ വഴി തൃശ്ശൂരിലെത്തിയപ്പോള്‍ മൂന്നുപേര്‍ കാറുമായി സ്ഥലത്തെത്തി. കണ്ടെയ്‌നര്‍ ലോറിയുമായി രണ്ടുപേരും പിന്നാലെ കേരളത്തിലേക്ക് കടന്നു. ഹരിയാണയിലെ നൂഹ്, പല്‍വാല്‍ സ്വദേശികളായ മുബാറക്, സാബിര്‍ ഖാന്‍, ഷൗക്കീന്‍, മുഹമ്മദ് ഇക്രാം, ഇര്‍ഫാന്‍, ജമാലുദ്ദീന്‍, അസര്‍ അലി എന്നിവരായിരുന്നു കൊള്ളസംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ലോറി ഡ്രൈവറായിരുന്ന ജമാലുദ്ദീന്‍ നാമക്കലില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അസര്‍ അലി വെടിയേറ്റ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലുമാണ്. ബാക്കി അഞ്ചുപേരും നിലവില്‍ സേലം സെന്‍ട്രല്‍ ജയിലിലാണുള്ളത്. 

placeholder
തൃശ്ശൂരില്‍ എ.ടി.എം. കൊള്ളയടിച്ച സംഘം രക്ഷപ്പെട്ട കണ്ടെയ്‌നര്‍ ലോറി തമിഴ്‌നാട്ടിലെ നാമക്കലില്‍ പോലീസ് പിടികൂടിയപ്പോള്‍ | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്.ബി.ഐയുടെ മൂന്ന് എ.ടി.എമ്മുകളിലാണ് സെപ്റ്റംബര്‍ 27-ന് പുലര്‍ച്ചെ കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 2.30-ന് മാപ്രാണത്തെ എ.ടി.എമ്മിലായിരുന്നു ആദ്യകവര്‍ച്ച. കാറിലെത്തിയ മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എമ്മിലെ പണംനിറച്ച ഭാഗം മുറിച്ചുമാറ്റിയാണ് പണം കവര്‍ന്നത്. ഇതിനുമുന്നോടിയായി എ.ടി.എമ്മിലെ സിസിടിവി ക്യാമറകളില്‍ കറുത്ത പെയിന്റ് സ്‌പ്രേ ചെയ്ത് ദൃശ്യം പകര്‍ത്തുന്നത് മറച്ചു. അലാറാം സംവിധാനങ്ങളുടെ വയറുകളും മുറിച്ചുമാറ്റി. എ.ടി.എമ്മില്‍ സുരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ അതും കൊള്ളസംഘത്തിന് കാര്യങ്ങള്‍ എളുപ്പമാക്കി.

placeholder
The money and lorry seized by police from the arrested suspects (inset) | Screengrab: Mathrubhumi News
പോലീസ് പിടിച്ചെടുത്ത ലോറിയും പണവും, ഇന്‍സെറ്റില്‍ അറസ്റ്റിലായ പ്രതികളും | Screengrab: Mathrubhumi News

മിനിറ്റുകള്‍ക്കുള്ളിലാണ് കൊള്ളസംഘം ആദ്യത്തെ കവര്‍ച്ച പൂര്‍ത്തിയാക്കിയത്. പിന്നാലെ 24 കിലോമീറ്ററിനിടെ കോലഴിയിലെയും ഷൊര്‍ണൂര്‍ റോഡിലെയും എസ്.ബി.ഐ. എ.ടി.എമ്മുകള്‍ സമാനരീതിയില്‍ കൊള്ളയടിച്ചു. പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അവസാന മോഷണം. ശേഷം കാറില്‍ നഗരംവിട്ട പ്രതികള്‍ മണ്ണുത്തി പിന്നിട്ടതോടെ മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്കുള്ളിലേക്ക് കാര്‍ ഓടിച്ചുകയറ്റി. തുടര്‍ന്ന് കാറും പണവും കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ ഒളിപ്പിച്ചാണ് കൊള്ളസംഘം വാളയാര്‍ വഴി കേരള അതിര്‍ത്തി കടന്നത്. 

placeholder
തൃശ്ശൂര്‍ കോലഴിയില്‍ കവര്‍ച്ച നടന്ന എ.ടി.എമ്മില്‍ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ | ഫോട്ടോ: മനീഷ് ചേമഞ്ചേരി/ മാതൃഭൂമി

ഗൂഗിള്‍ മാപ്പ് നോക്കിയാണ് പ്രതികള്‍ തൃശ്ശൂരിലെ മൂന്ന് എ.ടി.എമ്മുകള്‍ കവര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തതെന്നാണ് തമിഴ്‌നാട് പോലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍ വ്യക്തമായത്. അധികമാരും ശ്രദ്ധിക്കപ്പെട്ടാത്ത, സുരക്ഷാജീവനക്കാരില്ലാത്ത എ.ടി.എമ്മുകളായിരുന്നു പ്രതികളുടെ ലക്ഷ്യം. മോഷണം നടത്താനുള്ള എ.ടി.എം. കണ്ടെത്തിയാല്‍ ദിവസങ്ങളോളം സ്ഥലത്തെത്തി നിരീക്ഷണം നടത്തുന്നതും സംഘത്തിന്റെ പതിവായിരുന്നു. കൂടുതല്‍ തുകയുള്ളതിനാലും കൃത്യമായി പണംനിറയ്ക്കുന്നതിനാലുമാണ് എസ്.ബി.ഐ. എ.ടി.എമ്മുകള്‍ കവര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നു. 

പോലീസ് ഉണര്‍ന്നു, തമിഴ്‌നാട് പോലീസിന് സന്ദേശം, സിനിമാസ്‌റ്റൈല്‍ ചേസിങ്

മോഷ്ടിച്ച പണവുമായി കൊള്ളസംഘം കേരള അതിര്‍ത്തി പിന്നിടുന്ന സമയത്താണ് എ.ടി.എമ്മില്‍ കവര്‍ച്ച നടന്നവിവരം ബാങ്ക് അധികൃതര്‍ വഴി പോലീസ് അറിയുന്നത്. ബാങ്കില്‍നിന്ന് മോഷണവിവരം അറിഞ്ഞതിന് പിന്നാലെ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു. കൊള്ളസംഘം കാറിലാണ് മടങ്ങിയതെന്ന് മനസിലായതോടെ ഈ കാര്‍ കണ്ടെത്താനായിരുന്നു പോലീസിന്റെ ആദ്യശ്രമം. ടോള്‍ബൂത്തുകളിലും വാളയാര്‍, കൊഴിഞ്ഞാമ്പാറ, ഗോവിന്ദാപുരം, വഴിക്കടവ് തുടങ്ങിയ അതിര്‍ത്തികളിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എവിടെയും കാര്‍ കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ തന്റെ പഴയകാല അനുഭവത്തില്‍നിന്ന് ആ സംശയം പ്രകടിപ്പിച്ചത്. മൂന്നുവര്‍ഷം മുന്‍പ് കണ്ണൂരില്‍ സമാനരീതിയില്‍ എ.ടി.എം. കവര്‍ച്ച നടത്തിയ സംഘം അന്ന് കണ്ടെയ്‌നര്‍ ലോറിയിലായിരുന്നു കേരളം വിട്ടത്. ഇത് തൃശ്ശൂരിലെ അന്വേഷണത്തിലും നിര്‍ണായകമായി. കാര്‍ പന്നിയങ്കര ടോള്‍ബൂത്തിന്റെ ദിശയിലേക്കാണ് പോയതെന്ന കണ്ടെത്തലില്‍ ടോള്‍ബൂത്ത് വഴി കടന്നുപോയ എല്ലാ കണ്ടെയ്‌നര്‍ ലോറികളുടെയും ദൃശ്യം പരിശോധിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഏകദേശം മുപ്പതിലേറെ കണ്ടെയ്‌നര്‍ ലോറികളാണ് ഈ സമയത്ത് പന്നിയങ്കര ടോള്‍ വഴി കടന്നുപോയിരുന്നത്. ഇവയില്‍ സംശയാസ്പദമായ ലോറികളുടെ നമ്പര്‍ ശേഖരിച്ചു. ഈ നമ്പറുകള്‍ പിന്നീട് തമിഴ്‌നാട് പോലീസിന് കൈമാറി. തുടര്‍ന്ന് നാമക്കല്‍ പോലീസ് പള്ളിപാളയത്ത് റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കൊള്ളസംഘം സഞ്ചരിച്ച കണ്ടെയ്‌നര്‍ ലോറി അതുവഴിയെത്തുന്നത്. പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ലോറി മുന്നോട്ടുപോയി. ഇതോടെ പോലീസ് സംഘം ലോറിയെ പിന്തുടര്‍ന്നു. അതിവേഗത്തില്‍ പോലീസിനെ വെട്ടിച്ച് പോകുന്നതിനിടെ ലോറി ചില ബൈക്കുകളിലും കാറിലും ഇടിച്ചു. ഇതോടെ നാട്ടുകാരും ലോറി പിടികൂടാനായി ഒപ്പംകൂടി. തുടര്‍ന്ന് നാമക്കല്‍ പോലീസ് ലോറി തടഞ്ഞതോടെ ലോറിയിലുണ്ടായിരുന്നവര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് പോലീസ് പ്രതികള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. ഏറ്റുമുട്ടലില്‍ കൊള്ളസംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടു. പ്രതികളുടെ ആക്രമണത്തില്‍ കുത്തേറ്റ് ഒരു പോലീസുകാരനും പരിക്കേറ്റു. 

placeholder
തൃശ്ശൂര്‍ കോലഴിയില്‍ കവര്‍ച്ച നടന്ന എ.ടി.എമ്മില്‍ ഫൊറന്‍സിക് സംഘം തെളിവെടുപ്പ് നടത്തുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി/ മാതൃഭൂമി

ലോറിയുടെ ക്യാബിനിലുണ്ടായിരുന്ന ബാക്കിയുള്ളവരെയെല്ലാം കസ്റ്റഡിയിലെടുത്ത് ലോറി സ്‌റ്റേഷനിലേക്ക് മാറ്റുന്നതിനിടെയാണ് കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ ഒരു കാര്‍ ഒളിപ്പിച്ചത് നാമക്കല്‍ പോലീസ് കണ്ടെത്തുന്നത്. തൃശ്ശൂരില്‍നിന്ന് കൊള്ളയടിച്ച പണവും ലോറിയിലുണ്ടായിരുന്നു. ഇതോടെ വിവരം തൃശ്ശൂര്‍ പോലീസിന് കൈമാറി. പിടിയിലായത് തൃശ്ശൂരില്‍ എ.ടി.എം. കൊള്ളയടിച്ച സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേരളത്തെ ഞെട്ടിച്ച കവര്‍ച്ചയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിനും ആശ്വാസമായി.

അന്ന് കണ്ണൂരില്‍ സംഭവിച്ചത്, ആര്‍. ഇളങ്കോയുടെ മിടുക്ക്

തൃശ്ശൂരിലെ എ.ടി.എം. കവര്‍ച്ചയില്‍ ഏറെ നിര്‍ണായകമായത് കണ്ടെയ്‌നര്‍ ലോറികള്‍ പരിശോധിക്കാനായി സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ നല്‍കിയ നിര്‍ദേശമാണ്. സിസിടിവിയില്‍ കണ്ടെത്തിയ കാര്‍ പകുതിവഴിയില്‍ അപ്രത്യക്ഷമായെന്ന് തിരിച്ചറിഞ്ഞതോടെയാണ് ടോള്‍പ്ലാസ വഴി കടന്നുപോയ കണ്ടെയ്‌നര്‍ ലോറികള്‍ പരിശോധിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയത്. പ്രത്യേകിച്ചും രാജസ്ഥാന്‍-ഹരിയാണ രജിസ്‌ട്രേഷനിലുള്ള ലോറികള്‍. ഒടുവില്‍ അദ്ദേഹം സംശയിച്ചതുപോലെ തന്നെ കണ്ടെയ്‌നര്‍ ലോറിയിലായിരുന്നു തൃശ്ശൂരിലെ കൊള്ളസംഘം കേരളം വിട്ടതെന്നും സ്ഥിരീകരിച്ചു. 

കണ്ടെയ്‌നര്‍ ലോറികള്‍ പരിശോധിക്കാന്‍ ആര്‍. ഇളങ്കോ നിര്‍ദേശം നല്‍കിയത് മൂന്നുവര്‍ഷം മുന്‍പ് കണ്ണൂരിലായിരിക്കെ സമാനരീതിയില്‍ നടന്ന കവര്‍ച്ചയില്‍ അദ്ദേഹം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. കണ്ണൂരിലെ കല്യാശേരിയിലാണ് അന്ന് ഹരിയാണ സംഘം എ.ടി.എം. കൊള്ളയടിച്ചത്. പിന്നാലെ കണ്ടെയ്‌നര്‍ ലോറിയില്‍ കേരളംവിട്ട സംഘത്തെ ഈ ലോറി പിന്തുടര്‍ന്ന് ഹരിയാണയില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു. 

placeholder
ആര്‍. ഇളങ്കോ | ഫയല്‍ചിത്രം | ഫോട്ടോ: റിഥിന്‍ ദാമു/ മാതൃഭൂമി

2021 ഫെബ്രുവരി 21-നാണ് കണ്ണൂര്‍ കണ്ണപുരം സ്റ്റേഷന്‍ പരിധിയിലെ കല്യാശ്ശേരിയില്‍ മൂന്ന് എ.ടി.എമ്മുകള്‍ തകര്‍ത്ത് വന്‍ കവര്‍ച്ച നടന്നത്. മാങ്ങാട് ബസാറിലെ ഇന്ത്യാവണ്‍ എ.ടി.എം, കല്യാശ്ശേരി എസ്.ബി.ഐ. എ.ടി.എം, പാപ്പിനിശ്ശേരി സഹകരണ റൂറല്‍ ബാങ്കിന്റെ ഇരിണാവിലെ എ.ടി.എം. എന്നിവിടങ്ങളിലായിരുന്നു കവര്‍ച്ച. ഞായറാഴ്ച ദിവസം പുലര്‍ച്ചെ മൂന്ന് എ.ടി.എമ്മുകള്‍ തകര്‍ത്ത കൊള്ളസംഘം ആകെ കാല്‍കോടി രൂപയാണ് മോഷ്ടിച്ചത്. 

ഫെബ്രുവരി 21-ന് രാവിലെയാണ് മാങ്ങാട് ബസാറിലെ ഇന്ത്യാവണ്‍ എ.ടി.എമ്മില്‍ മോഷണം നടന്നവിവരം പുറംലോകമറിയുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം. തകര്‍ത്ത മോഷ്ടാക്കള്‍ 1.75 ലക്ഷത്തോളം രൂപയാണ് ഇവിടെനിന്ന് കവര്‍ന്നത്. അതേദിവസം വൈകീട്ട് കല്യാശ്ശേരിയിലെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിലും സമാനരീതിയിലുള്ള കവര്‍ച്ച നടന്നതായി കണ്ടെത്തി. പുലര്‍ച്ചെയാണ് സംഭവം നടന്നതെങ്കിലും എ.ടി.എം. കൗണ്ടറിന്റെ ഷട്ടര്‍ താഴ്ത്തിയിരുന്നതിനാല്‍ ഞായറാഴ്ച വൈകീട്ടുവരെ എസ്.ബി.ഐ. എ.ടി.എമ്മിലെ കവര്‍ച്ച ആരുമറിഞ്ഞിരുന്നില്ല. ഏകദേശം 18 ലക്ഷത്തോളം രൂപയാണ് എസ്.ബി.ഐ. എ.ടി.എമ്മില്‍നിന്ന് നഷ്ടമായത്. 

തിങ്കളാഴ്ച രാവിലെയാണ് ഇരിണാവിലെ സഹകരണബാങ്കിന്റെ എ.ടി.എമ്മിലും സമാനരീതിയില്‍ മോഷണം നടന്നതായും 4.30 ലക്ഷത്തോളം രൂപ നഷ്ടമായതായും കണ്ടെത്തിയത്. ഞായറാഴ്ച ബാങ്ക് അവധിയായതിനാലാണ് മോഷണവിവരം പുറത്തറിയാന്‍ വൈകിയത്. ഒരേസ്ഥലത്ത്, ഒരേരീതിയില്‍ മൂന്ന് എ.ടി.എമ്മുകള്‍ കൊള്ളയടിച്ചതോടെ കണ്ണൂര്‍ പോലീസ് ഉണര്‍ന്നു. മൂന്നിടങ്ങളിലും എ.ടി.എം. കൗണ്ടറുകളിലെ സിസിടിവികളടക്കം നശിപ്പിച്ചതിനാല്‍ ആദ്യഘട്ടത്തില്‍ വെല്ലുവിളികളുണ്ടായി. എന്നാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ ഹരിയാണയില്‍നിന്നുള്ള കൊള്ളസംഘത്തെ പിടികൂടി കണ്ണൂര്‍ പോലീസ് മികവുകാട്ടി. 

ഹരിയാണയിലെ മേവാത് വോജനാ സ്വദേശി നുമാന്‍(30,) ജുര്‍ഹാദ് ഗ്രാമത്തിലെ മുവീന്‍ (30), തൗഡു ഗ്രാമത്തിലെ സജാദ് (33) എന്നിവരെയാണ് കല്യാശ്ശേരിയിലെ എ.ടി.എം. കവര്‍ച്ചയില്‍ പോലീസ് പിടികൂടിയത്. മോഷണം നടന്ന എ.ടി.എമ്മിന് സമീപത്തെ ഒരു സിസിടിവി ക്യാമറയില്‍ ഒരു കണ്ടെയ്നര്‍ ലോറിയുടെ ദൃശ്യം പതിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് ഈ ലോറിയെ പിന്തുടര്‍ന്ന പോലീസ് സംഘം ഹരിയാണയിലെ ഗ്രാമത്തിലെത്തി ഹരിയാണ പോലീസിന്റെ സഹായത്തോടെ മൂന്ന് പ്രതികളെയും പിടികൂടുകയായിരുന്നു. കണ്ടെയ്നര്‍ ലോറിയില്‍ ഹരിയാണയില്‍നിന്ന് ചെരിപ്പുമായാണ് പ്രൊഫഷണല്‍ കൊള്ളസംഘം അന്ന് കേരളത്തിലെത്തിയത്. തുടര്‍ന്ന് മടക്കയാത്രയ്ക്കിടെ കല്യാശ്ശേരിയിലെ മൂന്ന് എ.ടി.എമ്മുകള്‍ തകര്‍ത്ത് അതേ ലോറിയില്‍ സ്ഥലംവിടുകയായിരുന്നു. 

placeholder
കണ്ണൂര്‍ കല്യാശ്ശേരിയില്‍ എ.ടി.എം. കവര്‍ച്ച സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | ഫയല്‍ചിത്രം | മാതൃഭൂമി

സുരക്ഷാ ജീവനക്കാരില്ലാത്ത ആളുകളുടെ സാന്നിധ്യം കുറവായ എ.ടി.എം. കൗണ്ടറുകളാണ് സംഘം നോക്കിവെയ്ക്കുന്നത്. എ.ടി.എം. കണ്ടെത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഓപ്പറേഷന്‍ നടത്തും. എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന കാഷ് ബോക്സുകള്‍ അതുപോലെ തട്ടിയെടുത്ത് ലോറിക്കുള്ളില്‍ ഒളിപ്പിക്കും. പിന്നാലെ ലോറിയില്‍ കേരള അതിര്‍ത്തി കടന്ന് നാട്ടിലേക്ക് കടക്കുന്നതായിരുന്നു പ്രതികളുടെ രീതി. എന്നാല്‍, കണ്ടെയ്നര്‍ ലോറിയുടെ സാന്നിധ്യം സിസിടിവിയില്‍നിന്ന് പോലീസ് കണ്ടെത്തിയതോടെ പ്രതികളുടെ നീക്കം വിജയിച്ചില്ല. ഈ ലോറി തലപ്പാടി അതിര്‍ത്തി വഴി കര്‍ണാടകയിലേക്ക് കടന്നതായി സ്ഥിരീകരിച്ചതോടെ പോലീസും ഇതേവഴി ലോറി പോയ വഴികളിലൂടെ സഞ്ചരിച്ചു. തുടര്‍ന്നാണ് ഹരിയാണയിലെ മേവാത്തിലെത്തി ബന്ധുക്കളായ മൂന്ന് പ്രതികളെയും പിടികൂടിയത്. കവര്‍ച്ച ചെയ്ത 25 ലക്ഷത്തോളം രൂപയും പോലീസ് കണ്ടെടുത്തു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായിരുന്ന ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ എ.സി.പി. പി.ബാലകൃഷ്ണന്‍ നായര്‍, കണ്ണപുരം ഇന്‍സ്പെക്ടര്‍ സി.എം. സുകുമാരന്‍, റാഫി അഹമ്മദ്, ടി.വി.മഹിജന്‍, എന്‍.മനേഷ്, എം.പി.നികേഷ്, എം.സതീശന്‍, സി.അര്‍ജിത്, സി.പി.മഹേഷ്, പി.സി.മിഥുന്‍, കെ.പി.സുജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ ഹരിയാണയിലെത്തി കസ്റ്റഡിയിലെടുത്തത്. പിന്നീട് കവര്‍ച്ചാസംഘത്തില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. 2023 മാര്‍ച്ചില്‍ കേസിലെ ആറ് പ്രതികളില്‍ മൂന്ന് പേരെ കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 

മേവാത് ഗ്യാങ്, എന്തുംചെയ്യാന്‍ മടിക്കാത്ത കൊടുംക്രിമിനലുകള്‍

ഹരിയാണ-രാജസ്ഥാന്‍ അതിര്‍ത്തിയിലെ ജില്ലകളാണ് മേവാത് മേഖല എന്നറിയപ്പെടുന്നത്. വര്‍ഷങ്ങളായി രാജ്യത്തെ പോലീസ് സേനയ്ക്ക് തലവേദനയുണ്ടാക്കുന്ന നിരവധി കൊള്ളസംഘങ്ങളും തട്ടിപ്പുസംഘങ്ങളുമാണ് മേവാത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. 'മേവാത് ഗ്യാങ്' എന്നറിയപ്പെടുന്ന ഇത്തരം സംഘങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് എ.ടി.എം. കൊള്ളയടക്കം നടത്തിയിട്ടുള്ളത്. ഇതിനുപുറമേ സൈബര്‍ കുറ്റകൃത്യങ്ങളിലും മേവാത് ഗ്യാങ്ങുകളും സാന്നിധ്യം സജീവമാണ്.

ഹരിയാണയിലെ നൂഹ് (പഴയ മേവാത് ജില്ല), പല്‍വാല്‍ ജില്ലകളും രാജസ്ഥാനിലെ ആല്‍വാര്‍, ഭരത്പുര്‍ അടക്കമുള്ള ജില്ലകളും മേവാത് മേഖലയില്‍ ഉള്‍പ്പെടുന്നതാണ്.  ചരിത്രപരമായി ഏറെ പ്രധാന്യമുള്ള മേവാത് മേഖല, പക്ഷേ, ഇന്നറിയപ്പെടുന്നത് കുറ്റകൃത്യങ്ങളുടെ പേരിലാണ്. ഉന്നതവിദ്യാഭ്യാസം നേടിയവരും പാതിവഴിയില്‍ പഠനം നിര്‍ത്തിയവരുമെല്ലാം കുറ്റകൃത്യങ്ങളുടെ ലോകത്ത് ഒരുപോലെ വിലസുന്നു. മേവാത് ഗ്യാങ് എന്നാണ് ഇവിടങ്ങളില്‍നിന്നുള്ള കൊള്ളസംഘങ്ങളെ പോലീസ് വിശേഷിപ്പിക്കുന്നതെങ്കിലും ഇതൊരു വലിയ സംഘടിതമായ മാഫിയാസംഘമല്ല. ചിലപ്പോള്‍ ഒരാള്‍ ഒറ്റയ്‌ക്കോ അഞ്ചോ പത്തോ പേരോ അടങ്ങുന്ന സംഘമോ ആകും കുറ്റകൃത്യങ്ങളുടെ പിന്നില്‍. പലകേസുകളിലും മേവാത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ക്രിമിനലുകള്‍ പോലീസ് വലയിലായിട്ടുണ്ടെങ്കിലും  കൊള്ളസംഘങ്ങളെ പൂര്‍ണമായി അമര്‍ച്ച ചെയ്യാന്‍ പോലീസിനായിട്ടില്ല. 

കവര്‍ച്ച, പിടിച്ചുപറി, ബലാത്സംഗം, വാഹനമോഷണം, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ പല കുറ്റകൃത്യങ്ങളിലും മേവാത് മേഖലയില്‍നിന്നുള്ള പലരും നേരത്തെ പിടിയിലായിട്ടുണ്ട്. കാലംമാറിയപ്പോള്‍ കുറ്റകൃത്യങ്ങളിലും മേവാത്തിലെ സംഘങ്ങള്‍ അതിനൊപ്പം മാറ്റംവരുത്തി. നിലവില്‍ രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ മിക്കതും മേവാത് കേന്ദ്രീകരിച്ച് നടക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി വ്യാജ കോള്‍സെന്റര്‍ സംവിധാനം വരെ തട്ടിപ്പുസംഘങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. ഗ്രാമങ്ങളില്‍ കയറി പ്രതികളെ പിടികൂടുന്നത് വലിയ വെല്ലുവിളിയായതിനാല്‍ പല കേസുകളിലും പോലീസ് അന്വേഷണം പാതിവഴിക്ക് അവസാനിക്കുകയാണ് പതിവ്. ഏറെ സാഹസപ്പെട്ട് പ്രതികളെ കസ്റ്റഡിയിലെടുത്താല്‍ ഇവര്‍ ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് നടത്തുന്നതും തുടരുന്നു. 

placeholder
വ്യാജ നഗ്നവീഡിയോകള്‍ നിര്‍മിച്ച് പണം തട്ടിയ സംഭവത്തില്‍ മേവാത്തില്‍നിന്നുള്ള സംഘത്തെ ഡല്‍ഹി പോലീസ് പിടികൂടിയപ്പോള്‍ | ഫയല്‍ചിത്രം | ഫോട്ടോ: എ.എന്‍.ഐ.

മേവാത് മേഖല കേന്ദ്രീകരിച്ച് നൂറിലേറെ ക്രിമിനല്‍സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ മുപ്പതോളം സംഘങ്ങള്‍ വലിയ അംഗസംഖ്യയുള്ളതാണ്. പരീക്ഷാത്തട്ടിപ്പ് മുതല്‍ കൊലപാതകവും എ.ടി.എം. കൊള്ളയും വരെ നടത്തുന്ന സംഘങ്ങള്‍. 16 വയസ്സ് മുതല്‍ പ്രായമുള്ള കൗമാരക്കാരും യുവാക്കളുമാണ് ഈ സംഘങ്ങളിലെ കൂടുതല്‍പേരും. മോഷണം നടത്താനും ആയുധങ്ങള്‍ ഉപയോഗിക്കാനും ഇവര്‍ക്ക് കൃത്യമായ പരിശീലനം ലഭിക്കുന്നു. എ.ടി.എം. കൊള്ളയടിക്കുന്ന സംഘങ്ങള്‍ പഴയ മെഷീനുകള്‍ വാങ്ങി അതിന്റെ എല്ലാ സാങ്കേതിവശങ്ങളും പഠിച്ചശേഷമാണ് കവര്‍ച്ചയ്ക്കിറങ്ങുന്നത്. പോലീസ് പിടിക്കാനെത്തിയാല്‍ രക്ഷപ്പെടാനായി തോക്കും വാളുകളും അടക്കമുള്ള ആയുധങ്ങളും ഇവരുടെ കൈവശമുണ്ടാകും. നേരത്തെ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു മേവാത് സംഘങ്ങള്‍ അഴിഞ്ഞാടിയിരുന്നത്. പിന്നീട് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചും ഇത്തരം സംഘങ്ങള്‍ ഒട്ടേറെ മോഷണങ്ങള്‍ നടത്തി. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും വ്യാപകമായതോടെ സൈബര്‍ കുറ്റകൃത്യങ്ങളിലേക്കും ചുവടുമാറ്റി. 

ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് മേവാത് മേഖല കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങള്‍ ഉയരാന്‍ കാരണമെന്നാണ് മുന്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന സുഭാഷ് ചന്ദര്‍ നേരത്തെ ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. പണമുണ്ടാക്കാനായി എന്തുംചെയ്യാനിറങ്ങുന്നവര്‍ അത് ഭാവിയിലുണ്ടാക്കുന്ന ഭവിഷത്തുകളെക്കുറിച്ച് ചിന്തിക്കുന്നില്ല. തൊട്ടടുത്ത് ഗുരുഗ്രാം എന്ന വലിയ നഗരമുണ്ടെങ്കില്‍ അതിന്റെ നേര്‍വിപരീതമാണ് മേവാത് മേഖലയിലെ കാഴ്ച. സര്‍ക്കാരിന്റെ വികസനപദ്ധതികളിലടക്കം ഈ മേഖലയ്ക്ക് യാതൊരു മുന്‍ഗണനയും ലഭിക്കാറില്ലെന്നാണ് സാമൂഹികപ്രവര്‍ത്തകനായ രൂപീന്ദര്‍ സിങ്ങിന്റെ അഭിപ്രായം.

പരീക്ഷാത്തട്ടിപ്പ് മുതല്‍ എ.ടി.എം. കൊള്ള വരെ

ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് മേവാത് സംഘം കവര്‍ച്ചയ്ക്കിറങ്ങുക. ഒരുപക്ഷേ, സംഘത്തിലെ മിക്കവരും ബന്ധുക്കളും സുഹൃത്തുക്കളുമാകും. വാഹനമോഷണങ്ങളും ആയുധം ഉപയോഗിച്ച് ആക്രമിച്ചുള്ള കവര്‍ച്ചകളും തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കുമെല്ലാമായിരുന്നു മേവാത് ഗ്യാങ്ങിന്റെ നേരത്തെയുള്ള ക്രിമിനല്‍പ്രവര്‍ത്തനങ്ങള്‍. പിന്നീട് എ.ടി.എം. കൊള്ളയിലേക്കും സൈബര്‍ തട്ടിപ്പിലേക്കും കടന്നു. പരീക്ഷാത്തട്ടിപ്പ് വരെ തൊഴിലാക്കി മാറ്റിയ ഒട്ടേറെസംഘങ്ങളും മേവാത്തിലുണ്ട്. 

ഹരിയാണയിലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ സഹായം നല്‍കിയാണ് മേവാത്തിലെ 'ചീറ്റിങ് ഗ്യാങ്' കുപ്രസിദ്ധി നേടിയത്. പ്രധാനമായും നൂഹ് ജില്ല കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. സ്‌കൂള്‍, കോളേജ് പരീക്ഷകളും മത്സരപ്പരീക്ഷകളും ജയിക്കാന്‍ സഹായം നല്‍കാമെന്ന് പറഞ്ഞ് സാമൂഹികമാധ്യമങ്ങളിലടക്കം പരസ്യം നല്‍കിയാണ് ഇവരുടെ പ്രവര്‍ത്തനം. തുടര്‍ന്ന് പണം നല്‍കിയാല്‍ പരീക്ഷാദിവസം സംഘത്തില്‍പ്പെട്ടവര്‍ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിലെത്തും. പരീക്ഷ എഴുതുന്നവര്‍ക്ക് ഉത്തരങ്ങള്‍ കടലാസുകളില്‍ എഴുതിനല്‍കിയും മൊബൈല്‍ഫോണ്‍, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴിയും ഇവര്‍ ലഭ്യമാക്കും. ഇത്തരത്തിലൂടെ മാസം മൂന്ന് ലക്ഷം വരെ സമ്പാദിക്കുന്ന പരീക്ഷാത്തട്ടിപ്പ് സംഘങ്ങള്‍ മേവാത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.

പരീക്ഷാകേന്ദ്രങ്ങളില്‍ കാര്യമായ പരിശോധനകളില്ലാത്തതും ഇവിടങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാകുന്ന അധ്യാപകര്‍ ഒത്താശചെയ്യുന്നതുമാണ് പരീക്ഷാത്തട്ടിപ്പ് സംഘങ്ങള്‍ക്ക് സഹായകരമാകുന്നത്. ബിരുദധാരികള്‍ വരെയുള്ളവര്‍ ഇത്തരം സംഘങ്ങളിലുണ്ട്. വിദ്യാര്‍ഥികള്‍ക്ക് വേണ്ട ഉത്തരങ്ങള്‍ തയ്യാറാക്കിനല്‍കുന്നത് ഇവരാണ്. ഈ ഉത്തരങ്ങള്‍ കടലാസ് തുണ്ടില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുന്നത് മറ്റുചിലരും. രജിസ്‌ട്രേഷന്‍ നമ്പറില്ലാത്ത ബൈക്കുകളില്‍ മുഖംമറച്ചാണ് ഇവര്‍ പരീക്ഷാകേന്ദ്രങ്ങളിലെത്തുന്നത്. തുടര്‍ന്ന് കെട്ടിടങ്ങളില്‍ വലിഞ്ഞുകയറിയും സാഹസപ്പെട്ടും ഉത്തരങ്ങളടങ്ങിയ കടലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറും. ഇതിന്റെ ചില ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ഉത്തരങ്ങള്‍ കൈമാറുന്നതിനൊപ്പം 'പ്രണയലേഖനം' നല്‍കിയ സംഭവവും നൂഹ് ജില്ലയില്‍ അടുത്തിടെയുണ്ടായി. നൂഹിലെ തൗരു എം.എസ്.ഡി. സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് പരീക്ഷാഹാളിലെ ജനല്‍വഴി തനിക്ക് പ്രേമലേഖനവും അശ്ലീലച്ചുവയുള്ള കുറിപ്പുകളും ലഭിച്ചന്ന് പരാതിപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ സംഭവം. അതേദിവസങ്ങളില്‍ തന്നെ നൂഹ് ജില്ല കേന്ദ്രീകരിച്ച് 'ചീറ്റിങ് ഗ്യാങ്ങു'കളെ പിടികൂടാന്‍ പോലീസും പരിശോധന ശക്തമാക്കിയിരുന്നു. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ അഞ്ചുപേരെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സ്‌കൂള്‍ ബോര്‍ഡ് പരീക്ഷയ്ക്കിടെ പോലീസ് പിടികൂടിയത്. 

placeholder
ഹരിയാണയിലെ നൂഹ് ജില്ലയിലെ പരീക്ഷാത്തട്ടിപ്പിന്റെ ദൃശ്യം | Photo: x.com/ram_khatana

രാജ്യത്തെ മറ്റുസംസ്ഥാനങ്ങളിലെത്തി എ.ടി.എം. കൊള്ളയും മറ്റുകവര്‍ച്ചയും നടത്തുന്ന മേവാത് സംഘങ്ങളും കൃത്യമായ ആസൂത്രണത്തോടെയാണ് ഇതിനായി ഇറങ്ങിത്തിരിക്കുന്നത്. ഹരിയാണയില്‍നിന്ന് കണ്ടെയ്‌നര്‍ ലോറികളിലോ മോഷ്ടിച്ചെടുത്ത മറ്റുവാഹനങ്ങളിലോ ആയിരിക്കും ഇവരുടെ യാത്ര. തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ പലഭാഗങ്ങളിലും എത്തി മോഷണം നടത്തേണ്ട എ.ടി.എമ്മുകള്‍ കണ്ടുവെയ്ക്കും. ഇതിനായി ഗ്യാസ് കട്ടര്‍ അടക്കമുള്ള യന്ത്രങ്ങളും പോലീസിനെ നേരിടാനായി തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരുടെ പക്കലുണ്ടാകും. എ.ടി.എം. തകര്‍ത്ത് വന്‍തുകകള്‍ കൊള്ളയടിച്ചാല്‍ എത്രയും വേഗം സ്ഥലംവിട്ട് തിരികെ ഹരിയാണയില്‍ എത്താനാകും സംഘത്തിന്റെ ശ്രമം. 2023 ഓഗസ്റ്റില്‍ കര്‍ണാടകയിലെ വിജയപുരയില്‍ വന്‍ എ.ടി.എം. കവര്‍ച്ചയ്‌ക്കെത്തിയ സംഘം മോഷണശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിനിടെ ഡല്‍ഹിയില്‍വെച്ചാണ് പോലീസിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ലോറിയില്‍നിന്ന് അഞ്ച് തോക്കുകളും മറ്റു ഉപകരണങ്ങളും പോലീസ് അന്ന് പിടിച്ചെടുത്തു. മേവാത് കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ ക്രിമിനലായ ഹഫീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഡല്‍ഹിയില്‍ പിടിയിലായത്. ലോറിയില്‍ കര്‍ണാടകയിലെ വിജയപുരയിലെത്തിയ സംഘം എ.ടി.എം. കവര്‍ച്ചയ്ക്കിടെ പോലീസെത്തിയതോടെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ ഡല്‍ഹിയില്‍വെച്ച് പോലീസ് വളഞ്ഞിട്ട് പിടികൂടിയത്. അന്ന് പിടിയിലായ മുഖ്യപ്രതി ഹഫീസ് വിവിധ സംസ്ഥാനങ്ങളിലായി 17-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. 

2023 ഒക്ടോബറില്‍ തിരുപ്പതിയിലെ എസ്.ബി.ഐ. എ.ടി.എം. കൊള്ളയടിച്ച് 18 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിന് പിന്നിലും മേവാത് മേഖലയില്‍നിന്നുള്ള കൊള്ളസംഘമായിരുന്നു. കഴിഞ്ഞയാഴ്ച തൃശ്ശൂരില്‍ നടന്ന എ.ടി.എം. കവര്‍ച്ചയുടെ അതേരീതിയിലാണ് കഴിഞ്ഞ ഒക്ടോബറില്‍ തിരുപ്പതിയിലും കവര്‍ച്ച നടന്നത്. ലോറിയില്‍ ഹരിയാണയില്‍നിന്നെത്തിയ സംഘം പിന്നീട് തിരുവള്ളൂരില്‍നിന്ന് മോഷ്ടിച്ച കാറിലാണ് തിരുപ്പതിയിലെ എ.ടി.എം. കവര്‍ച്ചയ്‌ക്കെത്തിയത്. തിരുപ്പതിയിലെ കവര്‍ച്ചയ്ക്കുശേഷം ഈ കാര്‍ കടപ്പയില്‍ ഉപേക്ഷിച്ചസംഘം നേരത്തെ തയ്യാറാക്കി നിര്‍ത്തിയ ലോറിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വെറും പത്തുമിനിറ്റ് കൊണ്ടാണ് തിരുപ്പതിയില്‍ എ.ടി.എം. കൊള്ളയടിച്ചതെന്നും തിരികെ ഹരിയാണയിലേക്ക് മടങ്ങുന്നതിനിടെ 21 കിലോ കഞ്ചാവും പ്രതികള്‍ കടത്തിയിരുന്നു. ഇവരില്‍നിന്ന് രണ്ട് ലോറികളും കഞ്ചാവും നാടന്‍തോക്കുകളും രണ്ട് ലക്ഷം രൂപയുമാണ് അന്ന് പോലീസ് പിടികൂടിയത്. ആന്ധ്രയിലെ വിജയനഗരം, കര്‍ണാടകയിലെ ചിന്താമണി, ചിക്കമഗളൂര്‍, തുമകുരു എന്നിവിടങ്ങളിലെ എ.ടി.എം. കവര്‍ച്ചയ്ക്ക് പിന്നിലും ഇതേസംഘമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

സൈബര്‍ കുറ്റകൃത്യങ്ങളിലും മുന്നില്‍

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സൈബര്‍ കുറ്റകൃത്യങ്ങളിലും മേവാത് മേഖലയില്‍നിന്നുള്ള ക്രിമിനലുകളുടെ പങ്ക് വലുതാണ്. ഒരാള്‍ ഒറ്റയ്ക്കും ഒട്ടേറെപേരുള്ള സംഘങ്ങളായും മേവാത്തില്‍നിന്നുള്ള സൈബര്‍ ക്രിമിനലുകള്‍ രംഗത്തുണ്ട്. ഒരു ഫോണും ബാങ്ക് അക്കൗണ്ടും ഉണ്ടെങ്കില്‍ സംഭവം എളുപ്പമാണെന്നായിരുന്നു 2023-ല്‍ ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തില്‍ മേവാതില്‍നിന്നുള്ള ഒരു 21-കാരന്‍ പ്രതികരിച്ചത്. സാമൂഹികമാധ്യമങ്ങളില്‍ സ്ത്രീകളുടെ വ്യാജ അക്കൗണ്ട് നിര്‍മിച്ച് ഇതിലൂടെ ആളുകളുമായി സൗഹൃദത്തിലായി പണം തട്ടുന്നതായിരുന്നു സ്‌കൂള്‍പഠനം പാതിവഴിയില്‍ നിര്‍ത്തിയ 21-കാരന്റെ 'ജോലി'. തന്റെ സുഹൃത്തും ഇതേ 'ബിസിനസ്' ആണ് ചെയ്യുന്നതെന്നും 21-കാരന്‍ ഇന്ത്യാ ടുഡേയോട് വെളിപ്പെടുത്തിയിരുന്നു. 

placeholder
Representational image | Photo: Canva
പ്രതീകാത്മക ചിത്രം | ഫോട്ടോ; Canva

''ലോക്ക്ഡൗണ്‍ കാലത്ത് ഭരത്പുരില്‍നിന്നെത്തിയ ബന്ധുവില്‍നിന്നാണ് ഞാന്‍ ഈ തട്ടിപ്പ് പഠിച്ചത്. ഇത് വളരെ എളുപ്പമാണ്. നിങ്ങള്‍ക്ക് ഒരു ഫോണ്‍ മതി. നിങ്ങള്‍ക്ക് ആരെയും വിളിക്കാം. ഇതിന് ഉപയോഗിക്കുന്ന സിം കാര്‍ഡും ബാങ്ക് അക്കൗണ്ടുമെല്ലാം വ്യാജമാണ്. അതല്ലൊം മറ്റുള്ളവരുടെ പേരിലാകും. പക്ഷേ, പോലീസിന് വിവരം നല്‍കുന്ന 'ഇന്‍ഫോര്‍മർമാരെ' ഭയക്കണം. അവരെ മാത്രമാണ് എനിക്ക് ഭയമുള്ളത്. ചിലപ്പോള്‍ സ്വന്തം കുടുംബത്തിലുള്ളവര്‍ വരെ നമ്മളെ ചതിച്ചേക്കാം''- പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത 21-കാരന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. 

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചാണ് തട്ടിപ്പിന്റെ തുടക്കം. ഇന്‍സ്റ്റഗ്രാം ചാറ്റിങ് വഴിയാകും ആദ്യം ഇരകളുമായി ബന്ധം സ്ഥാപിക്കുക. ഫോണില്‍ സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കാനുള്ള സംവിധാനം അടക്കമുള്ളതിനാല്‍ ഫോണ്‍കോളുകളിലൂടെ വിശ്വാസം വര്‍ധിപ്പിക്കും. തുടര്‍ന്ന് വീഡിയോകോള്‍ വരെ കാര്യങ്ങളെത്തും. പിന്നീടാണ് നഗ്നചിത്രങ്ങളും വ്യാജ സെക്‌സ് വീഡിയോകളും പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നത്. അതേസമയം, ഇപ്പോള്‍ പലര്‍ക്കും തട്ടിപ്പ് മനസിലാകുന്നുണ്ടെന്നും പത്തുപേരെ ബന്ധപ്പെട്ടാല്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് വലയില്‍വീഴുന്നതെന്നും 21-കാരന്‍ പറയുന്നു. പ്രായമുള്ളവരെ കെണിയില്‍ വീഴ്ത്താനാണ് ഏറ്റവും എളുപ്പമെന്നും ഇവരാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിനിരയാകുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി. 

placeholder
പ്രതീകാത്മക ചിത്രം | Photo: Kevin Frayer/ Getty Images

'ഈ ജോലിക്ക് ഒരു ബോസ് ഇല്ല. ഞങ്ങളുടെ സ്വന്തം താത്പര്യങ്ങളില്‍ ഞങ്ങള്‍ തന്നെയാണ് തലവന്മാര്‍. എന്താണ് പഠിച്ചത്, അതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സമ്പാദിക്കുന്നത്. ഇതില്‍ ഒരു മാഫിയയും ഇല്ല', 21-കാരന്‍ പറഞ്ഞു. 

മേവാത്തില്‍നിന്നുള്ള മറ്റൊരു യുവാവും സമാന അനുഭവമാണ് വെളിപ്പെടുത്തിയത്. ഒ.എല്‍.എക്‌സില്‍ പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്നതായിരുന്നു ഇയാളുടെ 'ജോലി'. ഭരത്പുരിലെ ഒരു ബന്ധുവാണ് ഇത് പഠിപ്പിച്ചതെന്നും 10-15 ദിവസത്തിനുള്ളില്‍ എല്ലാം പഠിച്ച് രണ്ടുപേരെ തട്ടിപ്പിനിരയാക്കാന്‍ കഴിഞ്ഞെന്നും ഇയാള്‍ പറയുന്നു. പക്ഷേ, ആ സംഭവത്തില്‍ പോലീസിന്റെ പിടിയിലായി. പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാല്‍, തനിക്ക് ഈ തട്ടിപ്പ് പഠിപ്പിച്ച് നല്‍കിയവര്‍ ഇതുവരെ പോലീസിന്റെ പിടിയിലായിട്ടില്ലെന്നും യുവാവ് പറഞ്ഞിരുന്നു. 

പലഘട്ടങ്ങളിലായി ഹരിയാണയിലെ നൂഹ് ജില്ലയിലടക്കം പോലീസ് സംഘം പരിശോധനകള്‍ നടത്തിയിരുന്നു. 'ഓപ്പറേഷന്‍ ആന്റി വൈറസ്' എന്ന പേരില്‍ അടുത്തിടെ പോലീസ് നടത്തിയ റെയ്ഡില്‍ അന്താരാഷ്ട്ര ബന്ധമുള്ള സൈബര്‍ തട്ടിപ്പുസംഘങ്ങളാണ് പിടിയിലായത്. കഴിഞ്ഞവര്‍ഷം മാത്രം നൂഹ് ജില്ലയിലെ 320 കേന്ദ്രങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ 126 പേരെ കസ്റ്റഡിയിലെടുത്തു. നൂറിലേറെ വ്യാജ ആധാര്‍ കാര്‍ഡുകളും 128 എ.ടി.എം. കാര്‍ഡുകളും നൂറുകണക്കിന് സിംകാര്‍ഡുകളും നിരവധി മൊബൈല്‍ ഫോണുകളും നോട്ടെണ്ണല്‍ മെഷീനുകളും അടക്കം പോലീസ് പിടിച്ചെടുത്തിരുന്നു. മേവാത് മേഖലയില്‍ പ്രവേശിച്ച് പ്രതികളെ പിടികൂടാന്‍ ഗ്രാമങ്ങളില്‍ തന്നെയുള്ള 'ഇന്‍ഫോര്‍മർമാര്‍' തന്നെയാണ് പോലീസിന് ആശ്രയം. അല്ലെങ്കില്‍ ജീവന്‍വരെ നഷ്ടമായേക്കുമെന്ന് പോലീസ് തന്നെ പറയുന്നു.