കാസര്‍കോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. അബ്ദുള്‍ ഗഫൂര്‍ ഹാജി(55)യുടെ ദുരൂഹമരണം കൊലപാതകമാണെന്ന് തെളിഞ്ഞത് ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം. ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണത്തിലും 596 പവന്‍ സ്വര്‍ണം കാണാതായതിലും തുടക്കംമുതലേ നിരവധി സംശയങ്ങളും ദുരൂഹതകളും നിലനിന്നിരുന്നു.

To advertise here,

മന്ത്രവാദിനിയായ ജിന്നുമ്മ എന്ന ഷെമീനയെ ചുറ്റിപ്പറ്റിയായിരുന്നു ഗഫൂര്‍ഹാജിയുടെ മരണത്തില്‍ ആരോപണങ്ങളുയര്‍ന്നിരുന്നത്. ഗഫൂര്‍ഹാജിയുടെ മരണത്തില്‍ ഈ യുവതിക്ക് പങ്കുണ്ടെന്നായിരുന്നു കുടുംബത്തിന്റെയും കര്‍മസമിതിയുടെയും പരാതി. ഒടുവില്‍ മാസങ്ങള്‍നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം കൃത്യമായ തെളിവുകള്‍ സഹിതമാണ് പോലീസ് ജിന്നുമ്മ അടക്കമുള്ള പ്രതികളെ പിടികൂടിയത്. ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമാണെന്നും 596 പവനോളം സ്വര്‍ണം കൈക്കലാക്കിയശേഷമാണ് പ്രതികള്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. 

ഗഫൂര്‍ ഹാജി കൊലക്കേസിലും സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിലും ജിന്നുമ്മ എന്ന മന്ത്രവാദിനി അടക്കം നാലുപേരെയും പോലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കാസര്‍കോട് മേല്‍പ്പറമ്പില്‍ താമസിക്കുന്ന ഉബൈസ്(38) ആണ് കേസിലെ ഒന്നാംപ്രതി. ഉബൈസിൻ്റെ ഭാര്യയും ജിന്നുമ്മയെന്ന് അറിയപ്പെടുന്ന മന്ത്രവാദിനിയുമായ ഷെമീന(38) കേസിലെ രണ്ടാംപ്രതിയാണ്. ഇവരുടെ സംഘത്തില്‍പ്പെട്ട അസ്‌നീഫ(34), വിദ്യാനഗര്‍ സ്വദേശിനി ആയിഷ(40) എന്നിവരാണ് കേസിലെ മൂന്നും നാലുംപ്രതികള്‍. ആഭിചാരക്രിയകളുടെ പേരില്‍ സ്വര്‍ണം കൈക്കലാക്കിയ സംഘം ഗഫൂര്‍ ഹാജിയെ തലയില്‍ പ്രത്യേകവസ്ത്രം ധരിപ്പിച്ചശേഷം തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 

Also Read: മന്ത്രവാദിനിയുടെ സംഘം കൈക്കലാക്കിയത് 596 പവൻ; കാസർകോട്ടെ പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം

2023 ഏപ്രില്‍ 14-ാം തീയതി പുലര്‍ച്ചെയാണ് ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവദിവസം ഗഫൂര്‍ ഹാജി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്വാഭാവിക മരണമെന്ന് കരുതി പിന്നാലെ മൃതദേഹം കബറടക്കുകയുംചെയ്തു. എന്നാല്‍, ഗഫൂര്‍ ഹാജിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കളായ ചിലര്‍ വീട്ടിലെത്തി. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഗഫൂര്‍ ഹാജി തങ്ങളില്‍നിന്ന് സ്വര്‍ണം വായ്പയായി വാങ്ങിയെന്നാണ് ഇവരെല്ലാം പറഞ്ഞിരുന്നത്. 12 പവനും 19 പവനും ഉള്‍പ്പെടെ പലരില്‍നിന്നും പല അളവുകളിലാണ് ഗഫൂര്‍ ഹാജി സ്വര്‍ണം വായ്പയായി വാങ്ങിയിരുന്നത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ അവിടെയുണ്ടായിരുന്ന സ്വര്‍ണവും കാണാനില്ലെന്ന് വ്യക്തമായി. സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള ഗഫൂര്‍ ഹാജി എന്തിനാണ് ഇത്രയും സ്വര്‍ണം വായ്പ വാങ്ങിയതെന്നത് ചോദ്യമായി. ആകെ 596 പവന്‍ സ്വര്‍ണം ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ടെന്ന് വ്യക്തമായതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു. ഇതോടെ ഗഫൂര്‍ ഹാജിയുടെ മകന്‍ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു. 

ജിന്നുമ്മയുടെ മന്ത്രവാദം, സ്വര്‍ണം കുഴിച്ചിട്ടെന്നും സംശയം...

ഗഫൂര്‍ ഹാജിയുടെ മരണത്തിലും സ്വര്‍ണം കാണാതായ സംഭവത്തിലും ജിന്നുമ്മയെയും കൂട്ടാളികളെയും സംശയമുണ്ടെന്ന് കുടുംബവും കര്‍മസമിതിയും തുടക്കത്തിലേ ആരോപണമുന്നയിച്ചിരുന്നു. ഇവര്‍ നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചതിനാല്‍ യുവതിയുടെ വീടുകളിലടക്കം പോലീസ് സംഘം പരിശോധന നടത്തി. ആഭിചാരക്രിയകളുടെ ഭാഗമായി സ്വര്‍ണം കുഴിച്ചിട്ടെന്ന സംശയത്താല്‍ ഗഫൂര്‍ ഹാജിയുടെ വീട്ടുപരിസരത്തടക്കം പോലീസ് കുഴിയെടുത്തും പരിശോധിച്ചു. മെറ്റല്‍ ഡിറ്റക്ടറുകളടക്കം എത്തിച്ചാണ് പലയിടത്തും പോലീസ് തിരച്ചില്‍ നടത്തിയത്. എന്നാല്‍, പരിശോധനയില്‍ സ്വര്‍ണമൊന്നും കണ്ടെത്താനായില്ല. 

ഗഫൂര്‍ ഹാജിയും പ്രതികളും തമ്മില്‍ നടത്തിയ ചില വാട്‌സാപ്പ് ചാറ്റുകളുടെ വിവരങ്ങള്‍ പോലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിരുന്നു. ഈ ആന്വേഷണത്തില്‍ ജിന്നുമ്മ നേരത്തെ 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഗഫൂര്‍ ഹാജിയില്‍നിന്ന് കൈക്കലാക്കിയെന്നും കണ്ടെത്തി. ആഭിചാരത്തിന്റെ പേരില്‍ സ്വര്‍ണം കൈക്കലാക്കി ഗഫൂര്‍ ഹാജിയെ വകവരുത്തിയതാണെന്ന സംശയവും ഇതോടെ ബലപ്പെട്ടു. 

മന്ത്രവാദം ഇങ്ങനെ....

സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ളവരെയാണ് ജിന്നുമ്മയും സംഘവും തട്ടിപ്പിനായി ലക്ഷ്യമിട്ടിരുന്നത്. സമ്പന്നരുടെ വിവരങ്ങള്‍ ആദ്യം തന്നെ ഇവര്‍ ശേഖരിക്കും. കുടുംബപശ്ചാത്തലം അടക്കമുള്ള സകലവിവരങ്ങളും ഇതിലുണ്ടാകും. ശേഷം ജിന്നുമ്മയുടെ സവിശേഷതകള്‍ ഇവരെ അറിയിക്കാനാകും ശ്രമം. സമ്പന്നരുടെ വീടുകളിലെത്തി മന്ത്രവാദിനിയായ ജിന്നുമ്മയാണ് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കിയതെന്ന് സംഘത്തിലെ ചിലര്‍ സാക്ഷ്യംപറയും. കാസര്‍കോട് ജില്ലയിലെ ഒട്ടേറെ പണക്കാരുടെ വീടുകളില്‍ ഈ സംഘം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. 

സമ്പന്നരായ ഇരകള്‍ തട്ടിപ്പില്‍ വീഴുന്നതോടെ ഘട്ടംഘട്ടമായി സ്വര്‍ണവും പണവും കൈക്കലാക്കുന്നതാണ് പ്രതികളുടെ രീതി. സ്വര്‍ണനിറമുള്ള കടലാസില്‍ അറബി മന്ത്രം എഴുതിയുള്ള തകിടിന് 55,000 രൂപയാണ് മന്ത്രവാദിനിയായ ജിന്നുമ്മ ഈടാക്കിയിരുന്നത്. ഇതിനുപുറമേ കൂടോത്രം കുഴിച്ചെടുക്കലും തകിട് കുഴിച്ചിടലുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അര്‍ധരാത്രിയിലാണ് ഇതെല്ലാം നടത്തുന്നത്. ഈ മന്ത്രവാദത്തിന് ശേഷം ജിന്നുമ്മ 'പാത്തൂട്ടി'യായി ഉറഞ്ഞുതുള്ളും. മലയാളം സംസാരിക്കുന്ന കര്‍ണാടകക്കാരിയാണ് പാത്തൂട്ടിയെന്നും പാത്തൂട്ടിയുടെ ആത്മാവാണ് ജിന്നുമ്മയുടെ ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്നതെന്നും ഇവര്‍ വിശ്വസിപ്പിക്കും. പാത്തൂട്ടിയായി ഉറഞ്ഞുതുള്ളുന്ന ജിന്നുമ്മ ഈ ഘട്ടത്തിലാണ് അവസാനത്തെ പരിഹാരക്രിയകള്‍ നിര്‍ദേശിക്കുക. ഇതിനുശേഷവും പ്രതികള്‍ സ്വര്‍ണവും പണവും കൈക്കലാക്കും. മന്ത്രവാദത്തിന്റെ എല്ലാ ഘട്ടങ്ങളും അവസാനിക്കുമ്പോഴേക്കും വന്‍തുകയുടെ സ്വര്‍ണമാകും പ്രതികള്‍ തട്ടിയെടുത്തിരിക്കുന്നത്. തട്ടിപ്പിനിരയാകുന്നവരെല്ലാം സമ്പന്നരും സമൂഹത്തില്‍ അറിയപ്പെടുന്നവരും ആയതിനാല്‍ ആരും പരാതിയൊന്നും നല്‍കാറില്ല. ഇതായിരുന്നു പ്രതികളുടെ ആത്മവിശ്വാസവും. 

അറസ്റ്റിലായ ജിന്നുമ്മയ്ക്ക് നേരത്തെതന്നെ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്  തീരപ്രദേശത്തെ ഒരു പ്രവാസിയെ ഹണിട്രാപ്പില്‍പ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ 14 ദിവസം യുവതി ജയിലില്‍ കിടന്നിരുന്നു. അന്ന് ഒപ്പംനിന്നവരാണ് ഇപ്പോഴത്തെ ആത്മീയതട്ടിപ്പ് സംഘത്തിലുള്ളതെന്നും പോലീസ് പറയുന്നു.