സ്കൂളില്ലാത്ത ദിവസങ്ങളാണെങ്കിൽ അമ്മ പണിക്ക് പോയിക്കഴിഞ്ഞാൽ അപ്പോൾ തന്നെ അടുത്ത വീട്ടിലേക്ക് ഇറങ്ങിയോടുന്ന ഒരു കുട്ടിയുണ്ടായിരുന്നു, അവൾക്കാവശ്യം ആ വീട്ടിലെ കോളേജ് കുമാരികളായ ചേച്ചിമാർ അലമാരയ്ക്ക് മുകളിൽ അട്ടിയട്ടിയായി വച്ചിരിക്കുന്ന മനോരമ ആഴ്ച്ചപതിപ്പുകളാണ്, അതിലവൾ കഴിഞ്ഞ ദിവസം വായിച്ചു പാതിയിൽ വച്ച നോവലുണ്ടാകും, ചേച്ചിയോട് കെഞ്ചിയും ചിണുങ്ങിയും ആ മനോരമ എടുത്ത് തിരികെ വീട്ടിലേക്കൊരു ഓട്ടമുണ്ട്. അമ്മ വരുന്നതിന് മുൻപേ അതിലെ മുഴുവൻ നോവലുകളും വായിച്ചു തീർക്കുക എന്നതാണ് ലക്ഷ്യം. ഒറ്റയിരുപ്പിന് ആഴ്ചപ്പതിപ്പ് മുഴുവൻ വായിച്ചു തീർക്കും. ചേച്ചിക്ക് തിരികെ കൊണ്ടുകൊടുത്തതിന് ശേഷം അവളുടെ കുഞ്ഞ് ഡയറിയിൽ നോവലിൽ അവൾക്കിഷ്ടപ്പെട്ട കഥാപാത്രത്തിന്റെ പേരെഴുതും, എന്നിട്ട് അവൾക്കിഷ്ടമുള്ള രീതിയിൽ കഥാപാത്രത്തിന്റെ ജീവിതത്തെ മാറ്റിയെഴുതും, അടുത്ത ആഴ്ചയിലെ അധ്യായം ഇന്നതാണെന്ന് ഊഹിച്ചെഴുതും... അങ്ങനെ ആ നോവലിനെ മുഴുവനായി അവൾ പൊളിച്ചെഴുതാൻ നിൽക്കും. ബാലരമയേക്കാളും ബാലഭൂമിയെക്കാളും ആ പെൺകുട്ടിയെ ആകർഷിച്ചത് ഈ നോവലുകളായിരുന്നു. അത് വായിക്കുന്നതിന്റെ പേരിൽ അമ്മയുടെ കയ്യിൽ നിന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും അതേ കനത്തിൽ നിൽക്കുന്നു!

To advertise here,

ഈ നോവലുകൾക്കുമപ്പുറം മറ്റൊരു കൂട്ടം പുസ്തകങ്ങളുണ്ടെന്ന് അവൾ കണ്ടെത്തിയത് യു.പി സ്കൂളിലെത്തിയപ്പോഴാണ്. ചുരുക്കം പുസ്തകങ്ങളുള്ള പൊടി പിടിച്ച അലമാരയ്ക്ക് മുന്നിൽ മലയാളം മാഷിന്റെ കരുണയും കാത്ത് നിൽക്കുമ്പോൾ കൂടെയുള്ള കുട്ടികളൊക്കെ അവളെ കളിയാക്കുമായിരുന്നു. പുസ്തകം വായിച്ചിട്ട് എന്താവാനാണെന്ന് ചോദിക്കുമായിരുന്നു. പലതുമാവാമെന്ന് ഉത്തരം പറയുമ്പോഴും എന്താകുമെന്ന് അവൾക്ക് ഉറപ്പില്ലായിരുന്നു.

ബഷീറാണ് അവൾക്കാദ്യമായി മറ്റൊരു തരം ലോകത്തെ പരിചയപ്പെടുത്തിയത്, ബഷീറിന്റെ കൂടെ ആടിനെ തൊട്ടും, ഭൂമിയുടെ അവകാശികളെ കണ്ടും ജീവിതത്തിന്റെ പലവിധ അവസ്ഥകളെ മനസ്സിലാക്കിയും പോയപ്പോഴാണ് അവൾക്ക് മനസ്സിൽ മറ്റൊരു തരം ഉണർവ് കിട്ടിയിട്ടുള്ളത്. ബഷീറിന്റെ പുസ്തകങ്ങൾ കഴിഞ്ഞപ്പോൾ തകഴിയിലേക്കും അവിടെ നിന്ന് കാരൂറിലേക്കും ഉറൂബിലേക്കും എം. ടി യിലേക്കുമൊക്കെ ആ കുട്ടിയിങ്ങനെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. അവരോടൊപ്പം എത്രയെത്ര ജീവിതങ്ങളാണ് അവൾ കണ്ടതും അനുഭവിച്ചതും, അവർ കാരണം എത്രയിടത്താണ് അവൾ കരയുകയും ചിരിക്കുകയും ചെയ്തത്....!

പുസ്തകത്തിനുള്ളിൽ മുഖം പൂഴ്ത്തിയിരിക്കുമ്പോൾ അവൾ മറ്റെല്ലാം മറക്കുമായിരുന്നു.  കുഞ്ഞുപ്രായത്തിലുള്ള വലിയ വലിയ സങ്കടങ്ങള് കരയാൻ മുട്ടിക്കുമ്പോൾ അവൾ പുസ്തകങ്ങളിൽ കരയുന്ന കഥാപാത്രങ്ങളെ നോക്കും, അവരോടു മിണ്ടും "ഇങ്ങക്കൊക്കെ എന്നക്കാളും സങ്കടമാണല്ലോ" എന്നാശ്വസിക്കും. ഈ ആശ്വാസം കണ്ടെത്താനാണ് അവൾ വായനയെ ഒരു കാലത്തും വിടാതെ കൂടെ കൊണ്ട് നടന്നത്.

ഇരുപതിയെട്ട് വർഷങ്ങൾ കൊണ്ട് അവൾ വായിച്ചു തീർത്ത പുസ്തകങ്ങൾ നിരവധിയാണ്, അതിലവളെ കരയിപ്പിച്ചതുണ്ട്, ചിരിപ്പിച്ചതുണ്ട്, പഠിപ്പിച്ചതുണ്ട്, മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതുണ്ട്. അങ്ങനെ, പുസ്തകങ്ങൾ ഇല്ലായിരുന്നെങ്കിൽ വായന ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ പല പ്രതിസന്ധികളും അതിജീവിക്കാൻ വഴിയില്ലാത്ത പെൺകുട്ടി ഒടുവിൽ വായിച്ച കഥകളുടെയൊക്കെ പിൻബലത്തിൽ അവൾക്ക് പറയാനുള്ള ചിലതൊക്കെ എഴുതിക്കൂട്ടി. അതൊരു പുസ്തകമായി രൂപാന്തരപ്പെട്ടു.

ഇന്നെനിക്ക് വായനദിനം എന്റെ പുസ്തകത്തിന്റെയും കൂടെ ദിവസമാണ്. പുസ്തകം വായിച്ച് വിളിക്കുകയും മെസ്സേജ് അയക്കുന്നവരുടെയും കൂടെ അവരെക്കാളുമുറക്കെ സന്തോഷം പങ്കുവയ്ക്കുന്നുണ്ട്...എന്റെ പുസ്തകവും ഏതോ തുരുത്തിൽ ഏതോ ഒരു പെൺകുട്ടി ഒറ്റയ്ക്കിരുന്ന് വായിക്കുന്നുണ്ടാകുമെന്നും വായനയ്ക്കൊടുവിൽ അവളവളുടെ പുസ്തകകൂട്ടങ്ങളിലേക്ക് അതിനെയെടുത്ത് വയ്ക്കുമ്പോൾ കരയുന്നുണ്ടാകുമെന്നും ഞാനിങ്ങനെ പ്രതീക്ഷിക്കുന്നുണ്ട്.... ഞാനപ്പോൾ പഴയ എന്നെത്തന്നെ കാണുന്നുണ്ട്... വായന ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയൊന്നും എഴുതാൻ കഴിയാതിരുന്ന ആ പഴയ പെൺകുട്ടിയെ.

മനോരമയ്ക്കും ബാലരമയ്ക്കും ബാലഭൂമിക്കും ആദ്യമേ നന്ദി പറയുന്നു... പിന്നെ എനിക്ക് വെളിച്ചം കാട്ടിത്തന്ന സകല പുസ്തകങ്ങൾക്കും, അതിന്റെ ഉടയോന്മാർക്കും..