മാരകമായൊരു പ്രണയകഥ. അതോ, ഏകാന്തതയുടെ നിര്‍ദയമായ വ്യാഖ്യാനമോ? അതുമല്ലെങ്കില്‍ താളംതെറ്റിയ മനസ്സിന്റെ അസ്വസ്ഥഭരിതമായ വിഭ്രാന്തികളോ?
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ അവസാനത്തോടെയാണ് 'ദ ടണല്‍' എന്ന ചെറുനോവല്‍ എഴുതപ്പെടുന്നത്. ലാറ്റിന്‍ അമേരിക്കന്‍ ബൂം എന്ന പ്രഖ്യാപിതമായ തരംഗം ലോകസാഹിത്യത്തില്‍ വേരുറപ്പിക്കുന്നതിനും മുന്‍പ്. അര്‍ജന്റീനയിലെ പ്രമുഖനായ എഴുത്തുകാരന് ഏണസ്റ്റോ സബാട്ടോയുടെ ആദ്യ കൃതിയാണിത്. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ തന്നെ വിഖ്യാത കൃതികളില്‍ ഒന്നായ On heroes and tombs എന്ന രചനയോടെ ലോകസാഹിത്യത്തിലെ തന്നെ എഴുത്തുകാരുടെ മുന്‍നിരയില്‍ ഇടം പിടിച്ച സബാട്ടോയുടെ ആദ്യനോവല്‍ തന്നെയാണ് വ്യാപകമായി വായിക്കപ്പെട്ടത്. വായനയെ ആനന്ദമെന്നതിനെക്കാളേറെ അസ്വസ്ഥഭരിതമാക്കിയ ഈ ചെറുനോവലിലേക്ക് ലോകമെങ്ങുമുള്ള വായനക്കാര്‍ വീണ്ടും വീണ്ടും കടന്നുചെല്ലുന്നു. ഒരു നെടുവീര്‍പ്പോടെ വായന അവസാനിപ്പിക്കുകയും കാലം കടന്നുചെല്ലുമ്പോള്‍ പുതിയൊരു വെളിച്ചം തേടി വീണ്ടും നോവലിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു.
പ്രണയത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും കാവ്യാത്മകമല്ല ആഖ്യാനം.
ഹുവാന്‍ പാബ്ലോ കാസ്റ്റെല്‍ എന്ന നായകന് അറിയപ്പെടുന്ന ചിത്രകാരനാണ്. തന്റെ ചിത്രങ്ങളെക്കുറിച്ച് സാങ്കേതികപദങ്ങളുപയോഗിച്ച് നിരൂപണം നടത്തുന്ന കലാനിരൂപകരെ വെറുപ്പാണയാള്ക്ക്.
ഒരു ചിത്രപ്രദര്‍ശനത്തിനിടയില്‍ തന്റെ ഒരു ചിത്രത്തില്‍ സൂക്ഷിച്ചു നോക്കുന്ന ഒരു യുവതിയെ കാസ്റ്റെല്‍ കാണുന്നു. ആ ചിത്രത്തിന്റെ ഒരു മൂലയ്ക്കായി ഒരു ജാലകവും അതിലൂടെ ദൂരെ കടല്‍ തീരത്തേക്ക് നോക്കി നില്ക്കുന്ന ഒരു സ്ത്രീയുമുണ്ടായിരുന്നു. മറ്റാരും ശ്രദ്ധിക്കാതിരുന്ന വളരെ പ്രധാനപ്പെട്ട ആ വിശദാംശത്തിലേക്ക് വളരെ ശ്രദ്ധയോടെ നോക്കി നിന്ന യുവതിയെ കാസ്റ്റെലും ശ്രദ്ധിക്കുന്നു.
പിന്നീട്, കാസ്റ്റെല്‍ ഈ യുവതിയെ കാണാനായി നഗരത്തില്‍ അലയുന്നു. അവരെ കണ്ടാല്‍ എങ്ങനെ സംഭാഷണം ആരംഭിക്കണം എന്നൊക്കെ ആലോചിച്ചുറപ്പിക്കുന്നു. കാസ്റ്റെല്‍ യാദൃച്ഛികമായി യുവതിയെ കണ്ടുമുട്ടുന്നു.
ദുരൂഹതകള്‍ ഏറെ ചുറ്റി നില്ക്കുന്ന ഒരു സ്ത്രീയാണ് മരിയ ഇറി ബേയ്ന്‍ എന്ന് കാസ്റ്റെല്‍ കരുതുന്നു. അനിയതമായ മാനസികാവസ്ഥയുള്ള കാസ്റ്റെലും ദുരൂഹവ്യക്തിത്വമുള്ള മരിയയും പ്രണയത്തിലാവുന്നു.
കഥ ചുരുള്‍ നിവരുന്നത് കാസ്റ്റെലിന്റെ കണ്ണിലൂടെ മാത്രമായതിനാല്‍ അയാളുടെ കാഴ്ചയ്ക്കപ്പുറമുള്ള കാര്യങ്ങള്‍ നോവലിസ്റ്റ് വായനക്കാര്‍ക്കു മുന്നില്‍ തുറന്നിടുന്നില്ല.
കാസ്റ്റെല്‍ അസഹിഷ്ണുവും മുന്‍കോപിയും ആണെന്നതിന്റെ സൂചനകള്‍ ഏറെ നോവലില്‍ തരുന്നുണ്ട്. പോസ്റ്റ്ഓഫീസില്‍ താന്‍ മരിയയ്ക്ക് അയച്ച കത്ത് ഒരു വീണ്ടുവിചാരമുണ്ടായി തിരിച്ചെടുക്കാന്‍ ചെല്ലുന്ന രംഗത്തില്‍ ഒക്കെ അതു ഉച്ചത്തില്‍ വിശദീകരിക്കപ്പെടുന്നുണ്ട്.
മരിയയുടെ ഇടയ്ക്കിടെയുള്ള അപ്രത്യക്ഷമാകലുകളും തന്റെ സംശയങ്ങള്‍ക്കുള്ള അപൂര്‍ണമായ മറുപടികളിലും കാസ്റ്റല്‍ അസ്വസ്ഥനാകുന്നു.
തന്നോട് അടുക്കുന്നവര്‍ക്ക് ദുഃഖം മാത്രമേ തനിക്ക് നല്‍കാനാവൂ എന്നു പറയുന്ന മരിയ കാസ്റ്റെലിനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി അന്ധനായ ഭര്‍ത്താവിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്.
മരിയ തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തില്‍ കാസ്റ്റെല്‍ നീറിയെരിയുന്നു. മരിയ തന്റെ ബന്ധുവായ ഹണ്ടറിന്റെ വീട്ടില്‍ പോയ ഒരു ദിവസം കാസ്റ്റെല്‍ രാത്രിയില്‍ ആ വീട്ടില്‍ കയറി മരിയയെ കൊലപ്പെടുത്തുന്നു.
'ഹുവാന്‍ പാബ്ലോ...നീയെന്താണ് ചെയ്യാന്‍ പോവുന്നത്?'
'നീ എന്നെ തനിച്ചാക്കി. എനിക്ക് നിന്നെ കൊല്ലണം' കരഞ്ഞുകൊണ്ട് കാസ്റ്റെല്‍ പറഞ്ഞു.
കത്തി അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോള് മരിയയുടെ കണ്ണുകളില്‍ സങ്കടമുണ്ടായിരുന്നു.
പൊലീസിനു കീഴടങ്ങുന്നതിനു മുന്‍പ് കാസ്റ്റെല്‍ മരിയയുടെ ഭര്‍ത്താവിനോട് താന്‍ മരിയയെ കൊന്നു എന്നു പറയുന്നുണ്ട്. കരയുന്നതിനിടയില്‍ അയേന്ദെ കാസ്റ്റെലിനെ വിഡ്ഢി എന്നു വിളിക്കുന്നു.
ഈ നോവല്‍ പല എഡിറ്റര്‍മാരും ആദ്യം തള്ളിക്കളഞ്ഞു. ഒരുപാട് തിരസ്കാരങ്ങള്ക്കു ശേഷം ഫ്രാന്‍സിലെ Sur മാഗസിന് ആണ് ഇത് ആദ്യം പ്രസിദ്ധീകരിക്കുന്നത്. നോവല്‍ വായിക്കാനിടയായ ആല്‍ബേര്‍ കമ്യു ഫ്രാന്‍സിലെ പ്രമുഖ പ്രസാധകരായ Gallimard -ന് ഈ പുസ്തകം ശുപാര്‍ശ ചെയ്യുന്നു. താമസിയാതെ വലിയ എഴുത്തുകാരായ തോമസ് മന്, ഗ്രേയം ഗ്രീന്‍ എന്നിവരും ഈ ചെറിയ പുസ്തകത്തിന്റെ മഹത്വത്തെ ലോകത്തിനു മുന്നില്‍ വിളിച്ചു പറയുകയുണ്ടായി.
രാഷ്ട്രീയം, യുദ്ധം, ഫാന്റസികള്‍, മാജിക്കല്‍ റിയലിസം, കെട്ടുകഥകള്‍...എന്നിവ നിറഞ്ഞ ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിന്റെ മുഖ്യധാരയില്‍ പെടാത്ത ഒരു കൃതിയെന്ന് വേണമെങ്കില്‍ ഈ 'തുരങ്ക'ത്തെ വിശേഷിപ്പിക്കാം.
വീണ്ടും വീണ്ടുമുള്ള വായനകളില്‍ കാസ്റ്റെലിന്റെയും മരിയയുടെയും ഓരോ പ്രവൃത്തിയിലും വായനക്കാരന് അര്‍ത്ഥങ്ങള്‍ തേടുന്നു. വായന അസ്വസ്ഥ ഭരിതമായ അനുഭവമാകുന്നു. നായികയുടെ ദുരൂഹത പോലെ, വീണ്ടും വീണ്ടും വായന ഒരു തുരങ്കത്തിലൂടെ കടന്നുപോകുന്നു.
Content Highlights: reading day 2025 ma rajivkumar ernesto sabato novel the tunnel
Published: 20 Jun 2025, 11:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented