കോഴിക്കോട്: പുസ്തകത്താളുകളിലെ അക്ഷരങ്ങളെ കൂട്ടുപിടിച്ച് ലോകം കാണാം, ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യങ്ങളറിയാം എന്ന് ഓര്‍മ്മിപ്പിച്ച് വായനദിനാചരണം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ വായനദിനാഘോഷത്തിന്റെയും വായനപക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കാരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.

To advertise here,

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. എഡിഎം പി. സുരേഷ് അധ്യക്ഷനായി. യു.കെ. കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്‌കെ പ്രോജക്ട് ഓഫീസര്‍ ഡോ. എ.കെ. അബ്ദുല്‍ ഹക്കീം പി.എന്‍. പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി.

മാനാഞ്ചിറ പബ്ലിക് ലൈബ്രറിയില്‍ പുസ്തകങ്ങളും എഴുത്തുകാരെക്കുറിച്ചുള്ള കുറിപ്പുകളുമായി പ്രത്യേക പ്രദര്‍ശനമൊരുക്കി. വായനശാലാപ്രസ്ഥാനത്തിന് നേതൃത്വംനല്‍കിയ പി.എന്‍. പണിക്കരുടെ ചരമവാര്‍ഷികദിനംമുതല്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായിരുന്ന ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലായ് ഏഴുവരെയാണ് വായനപക്ഷാചരണം നടത്തുന്നത്. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ജില്ലാതല വായനപക്ഷാചരണം ജില്ലാപ്രസിഡന്റ് ഡോ. കെ. ദിനേശന്‍ ഉദ്ഘാടനംചെയ്തു. ഡോ. എസ്. നാഗേഷ് മുഖ്യാതിഥിയായി. എന്‍. ശങ്കരന്‍ അധ്യക്ഷനായി.

എസ്എന്‍ഇഎസ് ഇംസാറില്‍ 'റീഡ് ഫോര്‍ എ ഫ്രണ്ട്' പ്രോഗ്രാം എസ്എന്‍ഇഎസ് ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത് ഉദ്ഘാടനംചെയ്തു. ഇംസാര്‍ ഡയറക്ടര്‍ ഡോ. സജി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.

ഈസ്റ്റ്നടക്കാവ് ഗവ. യുപി സ്‌കൂളില്‍ സംവിധായകന്‍ ടി. ദീപേഷ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് അബ്ദുള്‍ അസീസ് അധ്യക്ഷനായി. പ്രധാനാധ്യാപിക കെ.എസ്. ബിന്ദു സംസാരിച്ചു. വെള്ളിമാടുകുന്ന് സെയ്ന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രമേശ് കാവില്‍ ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. സജീവ് വര്‍ഗീസ് അധ്യക്ഷനായി. വായനക്കൂട്ടം കേരളയുടെ പരിപാടിയില്‍ രാമദാസ് വേങ്ങേരി അധ്യക്ഷനായി.

വായനദിനത്തോടനുബന്ധിച്ച് സംസ്‌കാരസാഹിതി ജില്ലാകമ്മിറ്റിയുടെയും എ. സുജനപാല്‍ ലൈബ്രറി ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ വായനദിനാഘോഷം സംഘടിപ്പിച്ചു.

ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനംചെയ്തു. എഴുത്തുകാരി സുധാമേനോന്റെ 'ഇന്ത്യ എന്ന ആശയം' പുസ്തകത്തെക്കുറിച്ച് ചര്‍ച്ചനടത്തി. സംസ്‌കാരസാഹിതി ജില്ലാ ചെയര്‍മാന്‍ കാവില്‍ പി. മാധവന്‍ അധ്യക്ഷനായി.

വെള്ളിമാടുകുന്ന് ഗവ. എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ഹൈസ്‌കൂളില്‍ സി. പ്രതീഷ് കുമാര്‍ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക എം. സുബിത അധ്യക്ഷയായി. കോട്ടൂളി സരസ്വതി വിദ്യാമന്ദിരം സ്‌കൂളില്‍ കാവാലം ശശികുമാര്‍ ഉദ്ഘാടനംചെയ്തു. സി.കെ. ബാലകൃഷ്ണന്‍ ക്ലാസ് ലൈബ്രറി ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ എന്‍. പദ്മ അധ്യക്ഷയായി.

മാത്തറ പികെസിഐസിഎസ് കോളേജ് റീഡേഴ്‌സ് ഫോറം നടത്തിയ പരിപാടിയില്‍ എഴുത്തുകാരി നന്ദിതാ ബിജു മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ പ്രൊഫ. എ. കുട്ടിയാലിക്കുട്ടി അധ്യക്ഷനായി. പെരുന്തിരുത്തി ഭാരതീയ വിദ്യാഭവനില്‍ എഴുത്തുകാരന്‍ കെ.ജി. രഘുനാഥ് ഉദ്ഘാടനംചെയ്തു. ഭവന്‍സ് കോഴിക്കോട് കേന്ദ്രസെക്രട്ടറി ലെഫ്റ്റനന്റ് കേണല്‍ പ്രേമനാഥന്‍ അധ്യക്ഷനായി. വേണു താമരശ്ശേരി, പ്രേമരാജ് അന്നശ്ശേരി എന്നിവരെ ആദരിച്ചു. പ്രിന്‍സിപ്പല്‍ ശ്രീജിത്ത് വായനദിനസന്ദേശം നല്‍കി.

സിയസ്‌കൊ ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്ററും ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസും നടത്തിയ വായനദിനം സെയ്ന്റ്് സേവിയേഴ്‌സ് കോളജ് മുന്‍പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗീസ് മാത്യു ഉദ്ഘാടനംചെയ്തു. സി.പി.എം. സഈദ് അഹമ്മദ് അധ്യക്ഷനായി.

ദേശപോഷിണി പബ്ലിക് ലൈബ്രറി പറയഞ്ചേരി ഗവ. ഗേള്‍സ് സ്‌കൂളില്‍ നടത്തിയ പരിപാടി ലൈബ്രറി കൗണ്‍സില്‍ താലൂക്ക് കമ്മിറ്റിയംഗം കെ.പി. ഗിരീഷ് ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക സിന്ധു അധ്യക്ഷയായി. ലൈബ്രറി പ്രസിഡന്റ് കെ. യതീന്ദ്രന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി. ചിന്മയവിദ്യാലയത്തില്‍ വായനദിനം സമുചിതമായി ആഘോഷിച്ചു. സാഹിത്യകാരിയും എല്‍ഐസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ പി. ജയശ്രീ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ പി.എന്‍. പണിക്കര്‍ അനുസ്മരണവും വായനദിനാചരണവും സംഘടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കുന്ദമംഗലം ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റര്‍ എം. പ്രവീണ്‍ അധ്യക്ഷനായി.

ദര്‍ശനം സാംസ്‌കാരികവേദിയും സ്വതന്ത്ര ബുക്‌സും സംയുക്തമായി വായനോത്സവും പി.എന്‍. പണിക്കര്‍ അനുസ്മരണവും നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കുഞ്ഞന്‍ പെരിഞ്ചേരി അനുസ്മരണപ്രഭാഷണം നടത്തി.

 'വ്യക്തിത്വവികസനത്തില്‍ വായനയുടെ പ്രാധാന്യം' എന്ന വിഷയത്തെ ആസ്പദമാക്കി ഇംസാറില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

മാനേജ്‌മെന്റ് വിദ്യാര്‍ഥികളില്‍ പരന്ന വായന പ്രോത്സാഹിപ്പിക്കാന്‍ ഓരോ വിദ്യാര്‍ഥിയും തിരഞ്ഞെടുത്ത ഓരോ സുഹൃത്തിനും വിവിധ മേഖലയുമായി ബന്ധപ്പെട്ട് വായിച്ചിരിക്കേണ്ട അഞ്ചുപുസ്തകങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന 'റീഡ് ഫോര്‍ എ ഫ്രണ്ട്' പ്രോഗ്രാം എസ്എന്‍ഇഎസ് ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത് ഉദ്ഘാടനം ചെയ്തു. ലോകം കണ്ട വിവിധ മേഖലകളിലെ പ്രശസ്തനേതാക്കളെയും അവരുടെ വായനചരിത്രത്തെയും മുന്‍നിര്‍ത്തി ഇംസാര്‍ ഡയറക്ടര്‍ ഡോ. സജി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.