ഭ്രൂണാവസ്ഥയിലാണ് നമ്മുടെ ആഹാരശീലങ്ങള്‍ ആരംഭിക്കുന്നത്. പിറവിക്കുശേഷം അവ സ്വാദുപരിണാമത്തിലൂടെ ഇഷ്ടാനിഷ്ടങ്ങളായി വകഭേദം ചെയ്യപ്പെടുന്നു. സ്വന്തം രുചിരസങ്ങളെ തൃപ്തിപ്പെടുത്തുന്ന ഭക്ഷണം തെരഞ്ഞെടുക്കാനും, പാചകം ചെയ്യാനും ആസ്വദിക്കാനും മനുഷ്യര്‍ക്ക് കഴിയും. നമ്മുടെ ശരീരം സ്വാംശീകരിച്ചിട്ടുള്ള വിഭവങ്ങളുടെ പോഷക സമൃദ്ധിയിലൊക്കെ ഏറ്റകുറച്ചിലുകള്‍ ഉണ്ടാവും. എന്നാലും നാളിതുവരെ കഴിച്ച മുഴുവന്‍ പദാര്‍ഥങ്ങളുടെയും ആകെത്തുകയാണ് നമ്മുടെ ശരീരവും ആരോഗ്യവും. അതുകൊണ്ടുതന്നെ ഗര്‍ഭാവസ്ഥ മുതല്‍ ആഹരിച്ചിട്ടുള്ളവയില്‍വച്ച് ഏതു ഭക്ഷണമാണ്, ആരു തന്നതാണ് നമ്മുടെ ശരീരത്തെ വളര്‍ത്തിയത് എന്ന് ആരും ചോദിക്കാനിടയില്ല. ആരെങ്കിലും ചോദിച്ചാല്‍ തന്നെ ഒറ്റവാക്കില്‍ ഉത്തരം പറയാം: കഴിച്ചതെല്ലാം. ശ്വസിച്ച പ്രാണവായു മുഴുവനും പ്രാണനായി മാറിയതുപോലെ, ഭക്ഷിച്ചതെല്ലാം ശരീരത്തിന്റെ ഭാഗമായിട്ടുണ്ട്. 

To advertise here,

വായനാദിനത്തില്‍ ഇങ്ങനെ പറയണമെന്ന് തോന്നാന്‍ പല കാരണങ്ങളുണ്ട്. എന്തെങ്കിലുമൊക്കെ വായിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാലും ചിലര്‍ക്ക് നമ്മള്‍ 'മികച്ച' വായനക്കാരി/വായനക്കാരന്‍ എന്ന 'വായനപട്ടം' നല്‍കും? ചിലരെങ്കിലും അങ്ങനെ സ്വയം അവകാശപ്പെടാറുണ്ട്. അങ്ങനെയൊരാളുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അങ്ങനെയൊരു പദവി കല്പിച്ച് നല്‍കുന്നതിന്റെ മാനദണ്ഡം എന്താണ്? ആരാണ് ഇതൊക്കെ നിശ്ചയിക്കുന്നത്?

മികച്ച വായനക്കാരാകാന്‍ ഏതൊക്കെ എഴുത്തുകാരുടെ, ഏതൊക്കെ ഭാഷയിലുള്ള, ഏതൊക്കെ പ്രസാധകരുടെ പുസ്തകങ്ങള്‍ വായിച്ചിരിക്കണം? നോബേല്‍, ബുക്കര്‍, കേരള/കേന്ദ്ര സാഹിത്യഅക്കാദമി സമ്മാനങ്ങള്‍ നേടിയ പുസ്തകങ്ങള്‍ വായിച്ചിട്ടില്ലാത്തവര്‍ മോശം വായനക്കാരാണോ? ചില പ്രത്യേക പുസ്തകങ്ങള്‍ വായിച്ചതുകൊണ്ട് ആരും മികച്ച വായനക്കാരാവില്ല. അതൊന്നും വായിക്കാത്തതുകൊണ്ട് ആരും മോശം വായനക്കാരുമാവില്ല. ഏതെങ്കിലുമൊരു പ്രത്യേക വിഭവം ഭക്ഷിച്ചതുകൊണ്ടു മാത്രം ആരും ആരോഗ്യമുള്ളവരാകാത്തതുപോലെ.

'വായന' എന്നാല്‍ അച്ചടിച്ച പുസ്തകം വായിക്കുക എന്നു മാത്രമാണോ അര്‍ത്ഥം? എഴുത്തും ലിപിയും വ്യാകരണവും കടലാസും പ്രസാധനവും നിഘണ്ടുവുമൊക്കെ ഉണ്ടാകുന്നതിനു മുന്‍പും മനുഷ്യര്‍ വായിച്ചിരുന്നു. പോസ്റ്റല്‍ സംവിധാനവും, മൊബൈല്‍ ഫോണും ഉണ്ടാകുന്നതിനു മുന്‍പും മനുഷ്യര്‍ ആശയസംവേദനം നടത്തിയിരുന്നില്ലേ? ആധുനികകാലത്തെ പുസ്തക രൂപങ്ങള്‍ അച്ചടിവിദ്യയിലൂടെ ലഭിച്ച ഒരു സാധ്യത മാത്രമാണ്. പുസ്തകങ്ങളുടെയും വായനയുടെയും പ്രാധാന്യം കുറച്ചു കാണിക്കാനല്ല ഇത്രയും പറഞ്ഞത്.

മനുഷ്യരാണ് ആദ്യമുണ്ടായത്, അച്ചടിച്ച പുസ്തകങ്ങളല്ല. മനുഷ്യരാണ് പുസ്തകങ്ങള്‍ എഴുതിയതും എഴുതുന്നതും. മനുഷ്യരും പ്രകൃതിയുമാണ് പുസ്തകങ്ങളുടെ ഉള്ളടക്കവും ഭൂമികയും. ഒരു ഭൗതിക വസ്തുവെന്ന നിലയില്‍ പറഞ്ഞാല്‍ പുസ്തകം തന്നെ ഭൂമിയുടെ വിഭവങ്ങളില്‍ നിന്നും മനുഷ്യര്‍ വികസിപ്പിച്ചെടുത്തതാണ്. ഭാഷയും അക്ഷരമാലയും ഭാവുകത്വവും സാഹിത്യരൂപങ്ങളുമെല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതാണ്. ഇവയൊന്നും സ്വയംഭൂവല്ലെന്നു സാരം.

കടലും ഉപ്പും പോലെയാണ് മനുഷ്യരും പുസ്തകവും തമ്മിലുള്ള ബന്ധം. ഉപ്പ് പുസ്തകമാണെങ്കില്‍, കടല്‍ എന്നത് മനുഷ്യര്‍ ശരീരത്തിലനുഭവിക്കുന്ന ജീവിതമാണ്. നിര്‍മാണരീതിയിലും പാക്കിങ്ങിലുമൊക്കെ വ്യത്യാസമുണ്ടെങ്കിലും ലോകത്തെല്ലായിടത്തുളള ഉപ്പ് സത്തയില്‍ ഒന്നുതന്നെയാണ്. മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ അനുഭവങ്ങളെ കാച്ചിക്കുറിക്കിയാല്‍ കിട്ടുന്നത് സന്തോഷവും ദുഃഖവും നിരാശയും രോഗവും രതിയും മരണവും പ്രത്യാശയും അതിജീവനുമൊക്കെ തന്നെയാണ്. എല്ലാ പുസ്തകങ്ങളും ഇത്തരം മനുഷ്യാനുഭവങ്ങളുടെ ഭാവുകത്വ പരീക്ഷണങ്ങളാണ്. ഓരോ ഭാവനയും ഓരോ നോട്ടരീതികളാണ്. കാലവും ദേശവും ഭാഷയുടെ സാധ്യതകളും പരിമിതികളും ധര്‍മസങ്കല്‍പങ്ങളുമനുസരിച്ച്  ഭാവുകത്വത്തിന്റെ ചേരുവകള്‍ വ്യത്യാസപ്പെടുന്നുവെന്നുമാത്രം.

മനുഷ്യരും പ്രകൃതിയുമാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍. താളിയോലകളായാലും അച്ചടിച്ചവയായാലും എഴുതപ്പെട്ട എല്ലാ പുസ്തകങ്ങളും നിഘണ്ടുവിലെ വാക്കുകള്‍ പോലെയാണ്. ഒരു വാക്കും നിഘണ്ടുവിനു പകരമാവില്ല. അതുകൊണ്ടു തന്നെ ഏറ്റവും നല്ല വായനക്കാരന്‍ ചില കനപ്പെട്ട പുസ്തകങ്ങള്‍ ഉദ്ധരിക്കുന്നയാളോ, വായിക്കുന്നയാളോ അല്ല. ഡിക്ഷണറിയിലെ ചില വാക്കുകള്‍ അറിയുന്നതുകൊണ്ട് ഭാഷ അറിയണമെന്നില്ലാത്തതുപോലെ. 

വായന എന്നത് സമഭാവനയോടെയുള്ള ജൈവിക നിരീക്ഷണമാണ്. പുസ്തകങ്ങള്‍ നമ്മുടെ നോട്ടശീലങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കും. വ്യക്തമായി കാണാന്‍ കണ്ണട ഉപയോഗിക്കുന്നതുപോലെ. കാണുന്നതാണ് പ്രധാനം, കണ്ണട ഏതായാലും. അതുകൊണ്ടു തന്നെ ഒരു പുസ്തകത്തെയും വിഗ്രഹവല്‍ക്കരിക്കുത്. ഓരോരുത്തരും ജീവിക്കുന്ന ഇടങ്ങളെ മുന്‍വിധികളില്ലാതെയും സൂക്ഷ്മതയോടെയും അനുഭവിക്കുന്നതാണ് മികച്ച വായന. 

മികച്ച പുസ്തകങ്ങള്‍ മനുഷ്യരുടെയും മനുഷ്യേതര ജീവജാലങ്ങളുടെയും അതിജീവനത്തിനായുള്ള നിലവിളികളെ നമ്മുടെ സ്വന്തം ഹൃദയത്തിലും ഉടലിലും അനുഭവിപ്പിക്കും. പുസ്തകപുഴുക്കള്‍ തങ്ങളുടെ വായനയിലൂടെ വലുതാകുന്നു, പക്ഷേ അവരുടെ ലോകം വല്ലാതെ ചെറുതാകുന്നു. എന്നാല്‍ നല്ലപുസ്തകങ്ങളും അവയുടെ അനുഭവാത്മക വായനയും പട്ടുനൂല്‍പ്പുഴുക്കളെപ്പോലെയാണ്. അവ ഹൃദയങ്ങളെ നെയ്തിണക്കുന്നു. പട്ടുനൂല്‍ വസ്ത്രംപോലെ ഇഴയടുപ്പമുള്ള സമൂഹത്തിലേക്കുള്ള എത്തിനോട്ടമാകട്ടെ ഈ വായനാദിനവും.