മലയാള കഥയുടെ പതിവുവഴികളിൽ നിന്ന് മാറി നടക്കുന്ന, എപ്പോഴും പുതുതായിരിക്കാൻ ശ്രമിക്കുന്ന കഥകളാണ് ബിജു.സി.പിയുടേത്. സമകാലകേരളീയജീവിതത്തിന്റെ വിളുമ്പുകളിലെയും ഘനകേന്ദ്രങ്ങളിലെയും അനുഭവലോകങ്ങളിലേക്ക് ഭാവനാവെളിച്ചം പ്രസരിപ്പിക്കുന്ന കഥകളാണ് ബിജുവിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ 'ജലം പോലെ'യിലുള്ളത്.
പ്രമുഖ എഴുത്തുകാരി വി.എം. ഗിരിജ ബിജുവിന്റെ കഥകളെ ഇങ്ങനെ വിലയിരുത്തുന്നു. ''ജലം പോലെ-സി. പി. ബിജു എഴുതിയ കഥകളുടെ പുസ്തകം വായിച്ചു. മുൻപ് ഒക്കെ പുസ്തകം വായിച്ചു സന്തോഷിച്ചാൽ ഒരു കുറിപ്പ് എഴുതണം എന്ന് നീട്ടി വെയ്ക്കും. പിന്നെ വേണ്ട പോലെ എഴുതാൻ പറ്റാതെ മാറ്റി വെയ്ക്കും. ഇവിടെ ,ഫേസ് ബുക്കിൽ ,ഒരു പഠനം വേണ്ടല്ലോ,ഒരു ചെറിയ ആസ്വാദനം മതിയല്ലോ എന്ന് ധൈര്യപ്പെട്ട് എഴുതുന്നു. ജലം സ്‌നേഹവും കനിവും ആനന്ദവും തന്നെ. എല്ലാ കഥകളിലും ഒരേ സമയം അകന്ന് നിസ്സംഗനായും അടുത്ത് അലിഞ്ഞും ആഖ്യാതാവ് നിൽക്കുന്നു . രതിധമ്മ നാഥന്റെ മൂന്നു കഥകൾ എനിക്ക് ഏറെ ഇഷ്ടമായി. ശരിക്കും ഒരു ചരിത്ര പുരുഷനല്ല ,കഥാകൃത്തിന്റെ ജീവിത സങ്കൽപ്പത്തിന്റെ പ്രതിപുരുഷൻ ഈ ഗുരു. ആനന്ദവും ധർമ്മവും ചേർന്ന ഇയാൾ ഒരു പ്രകാശധാര പോലെ വരും,സ്ത്രീകൾ പുണർന്നു പൊട്ടിച്ചിരിക്കും വിധം ലളിതൻ. എന്നാൽ ചരിത്രം നമ്മളെയത്ര മേൽ ജാതിമത രാഷ്ട്രീയ സദാചാരങ്ങളാൽ കെട്ടിയിട്ട കാരണം ലളിതം,സഹജം,ആനന്ദം എന്നെ വാക്കുകൾക്ക് നമ്മുടെ ജീവിതത്തിൽ സ്ഥാനമില്ല. സങ്കൽപ്പത്തിൽ മാത്രം ജ്വലിക്കുന്ന പൂർണ്ണതയ്ക്ക് എന്റെ സ്‌നേഹാഞ്ജലി . വെള്ളം പോലെ ഈ കഥകൾ,കളർ /കലർ വെള്ളം പോലല്ല.'' 
'ജലം പോലെ'യിലെ 'പോത്തുകല്ലുങ്കടവ്' എന്ന കഥ വായിക്കാം.


‘‘ഹലോ... ആ... മെമ്പറേ... ഇത് വെള്ളരിപ്പാറേന്ന് നിഖിലാ. മാതിയേച്ചീടെ മോള് മോഹനയ്ക്ക് വേദന കേറിയേക്കുവാ. ആശൂത്രീ കൊണ്ടോകാൻ ആംബുലൻസ് വേണാരുന്ന്.’’
‘‘അയ്യോ! കൊച്ചേ, നിഖിലേ... ഈ രാത്രിക്ക് ഇപ്പം ആരെയാടാ വിളിക്കണേ. വെള്ളരിപ്പാറേന്ന് അവരെ പോത്തുകല്ലുങ്കടവിലേക്ക് കൊണ്ടന്നോ? പോത്തുകല്ലുങ്കടവിലേക്ക് കൊണ്ടവരാണ്ട് എങ്ങനെയാടാ ആശൂത്രീ കൊണ്ടോണത്. ഞാൻ നമ്മടെ ജനമൈത്രീലെ റഫീക്ക് സാറിനെയൊന്ന് വിളിച്ച് നോക്കട്ടെ. മോഹനേടെ കെട്ടിയോൻ ഇല്ലേടാ അവിടെ?’’
‘‘ഇല്ല മെമ്പറേ. മണിയേട്ടൻ തേനെടുക്കാനാന്ന് പറഞ്ഞ് കാട്ടിലേക്ക് കേറീട്ട് കൊറച്ചു ദിവസായി. മോഹന കഴിഞ്ഞയാഴ്ച നെലമ്പൂര് ആശൂത്രീ ചെന്നപ്പം 21–ാം ദിവസം ചെന്നാ മതീന്ന് പറഞ്ഞ് വിട്ടിരുന്നതാ. പെട്ടെന്ന് വേദനയായതാന്നാ പറഞ്ഞേ. രാത്രിയായ കാരണാ കാട്ടിനകത്ത്ന്ന് ചങ്ങാടത്തേല്‌ പൊഴ കടത്തി കൊണ്ടുവരാൻ ഇത്രേം താമസിക്കണത്.’’
‘‘അയ്യോ... കൊച്ചേ നിഖിലേ... ഇപ്പം മണി പതിനൊന്നായല്ലോടാ. കരണ്ടില്ലാരുന്ന കാരണം കൃഷ്‌ണേട്ടന് കഞ്ഞി അടിച്ചുകൊടുക്കാൻ മിക്‌സീല് ഇട്ടതല്ലാതെ അടിച്ചെടുക്കാൻ പറ്റീല്ലെടാ. നീ ഏതായാലും അവരെ പൊഴ കടത്തി കൊണ്ടവരാൻ നോക്കിക്കോ. ഞാൻ റഫീക്ക് സാറിനെ വിളിച്ച് ആംബുലൻസിന്റെ കാര്യം പറയാം.’’

* * *
‘‘ആ... ഹലോ... റഫീക്ക് സാറേ... ഇത് തങ്കമ്മയാ... മെമ്പറാ. അയ്യോ! സാറേ, നമ്മടെ വെള്ളരിപ്പാറേലെ മാതിയേച്ചീടെ മോള് മോഹനയ്ക്ക് വേദന കേറിയേക്കുവാന്ന് നിഖില് വിളിച്ചു പറഞ്ഞ്. അവളെയൊന്ന് ആശൂത്രീ കൊണ്ടോകാൻ ഒരാംബുലൻസ് വേണോല്ലോ.’’
‘‘ആ... മെമ്പറേ... ഇപ്പം പാതിരാത്രി ആയല്ലോ! അവരെ വെള്ളരിപ്പാറേന്ന് പോത്തുകല്ലുങ്കടവില് കൊണ്ടവന്നോ. ഈ രാത്രിക്ക് ആ കാട്ടിക്കൂടി ചൊമന്നോണ്ട് വരണ്ടേ? ആ കടവൊന്ന് കടന്നാലല്ലേ മനുഷ്യവാസം ആകുവൊള്ള്. വെട്ടോം വെളിച്ചോം ഇല്ലാണ്ട് എങ്ങനെയാ മെമ്പറേ അതുങ്ങളെയാ കടവ് കടത്തി കൊണ്ടവരണത്? ആംബുലൻസ് വിളിക്കാം മെമ്പറേ. അവരുടെ കൂടെയൊന്ന് പോകാനിപ്പം ആരാ ഒള്ളത്? നിലമ്പൂര് ആശൂത്രീല് പോയാ മതിയോ? മഞ്ചേരി മെഡിക്കൽ കോളേജില് പോകണ്ടിവരൂല്ലേ? മെമ്പർക്ക് പോകാൻ പറ്റുവോ?’’
‘‘അയ്യോ! എന്റെ റഫീക്ക് സാറേ... കൃഷ്‌ണേട്ടൻ ഇങ്ങനെ കെടക്കുമ്പം ഞാൻ എങ്ങനെ വരാനാ? സന്ധ്യവരെ രാജിമോള് വീട്ടിലൊണ്ടാരുന്ന്. അവള് രാത്രി കാളികാവിലേക്ക് പോയല്ലോ.’’
‘‘പഞ്ചായത്തീന്ന് ആരെങ്കിലും കാണുവോ മെമ്പറേ പോകാൻ? കൂടെ ആരെങ്കിലും പോയില്ലേല് എങ്ങനെയാ? കുടീലൊള്ളവര് ആരെങ്കിലും പോയട്ട് എന്നതാ മെമ്പറേ കാര്യം?’’
‘‘അയ്യോ! റഫീക്ക് സാറേ... മോഹനേടെ കെട്ടിയോൻ തേനെടുക്കാനാന്നും പറഞ്ഞ് കാട്ടിലോട്ട് കേറീട്ട് ആഴ്ചയൊന്ന് കഴിഞ്ഞെന്നാ നിഖില് പറഞ്ഞത്.’’
‘‘വേറേ ഇപ്പം ആരെയാ മെമ്പറേ അവരുടെ കൂടെയൊന്ന് വിടണത്? അല്ലെങ്കി പിന്നെ നമ്മടെ അംഗനവാടീലെ ടീച്ചറോട് പറയണ്ടിവരുവോ? ഇങ്ങനത്തെ കാര്യങ്ങളെല്ലാം അവരല്ലേ പിടിക്കണത്!’’
‘‘അയ്യോ... റഫീക്ക് സാറേ... സഫിയയ്ക്ക് രാവിലെ അംഗനവാടി തൊറക്കണ്ടതല്ലേ. അല്ലെങ്കി ആ കുഞ്ഞുങ്ങളും കൂടി കഷ്ടത്തിലാവൂല്ലേ! നമ്മടെ നിഖിലില്ലേ, എസ്.ടി. പ്രമോട്ടറ്. അവൻ അവരുടെ കൂടെ പൊക്കോളും എന്തായാലും.’’
‘‘ശരി മെമ്പറേ. ആംബുലൻസ് പോത്തുകല്ലുങ്കടവിലേക്ക് വിട്ടേക്കാം.

To advertise here,



* * *
‘‘ഹലോ റഫീക്ക് സാറേ... നിഖിലാ. ഞങ്ങള് നെലമ്പൂര് ആശൂത്രീ ചെന്നാരുന്ന്. അവടെ രാത്രിയായ കാരണം കാഷ്വാലിറ്റീല് മാത്രേ ആളൊള്ളൂ. ഞങ്ങള് നേരേ മഞ്ചേരീല് മെഡിക്കൽ കോളേജിലോട്ട് പോകുവാ.’’
‘‘ആ നിഖിലേ, നിങ്ങള് വിട്ടോള്. ഞാൻ മഞ്ചേരി സ്‌റ്റേഷൻല് പറഞ്ഞേക്കാം. അവടെ നമ്മടെ മൻസൂർ സാറ് ഒണ്ടെങ്കി എന്തായാലും ആശൂത്രീലേക്ക് വരും. ഇല്ലെങ്കിലും ഞാൻ സ്‌റ്റേഷൻല് പറഞ്ഞേക്കാം. നിങ്ങള് നേരേ വിട്ടോള്. അവക്കെങ്ങനെയൊണ്ട്? പോണവഴി പ്രശ്‌നമൊന്നും വരുകേലല്ലോ, അല്ലേ?’’
‘‘അതറിയില്ല സാറേ! രണ്ട് സിസ്റ്റർമാരൊണ്ട് കൂടെ. നെലമ്പൂരാശൂത്രീന്ന് ഒരു ഇഞ്ചക്ഷൻ കൊടുത്തട്ടൊണ്ട്.’’

* * *
‘‘ഹലോ... ആ റഫീക്ക് സാറേ... ആകെ പ്രശ്‌നവാ. ഡോക്ടറ് പറഞ്ഞത് എരട്ടക്കൊച്ചുങ്ങളാ മോഹനേടെ വയറ്റിലെന്നാ. ഓപ്പറേഷൻ വേണം. റിസ്‌കാന്നാ പറഞ്ഞത്. കോഴിക്കോട്ട് മെഡിക്കൽ കോളേജിലോട്ട് കൊണ്ടുപോണോന്നാ പറഞ്ഞത്. എന്നതാ സാറേ ചെയ്യണേ?’’
‘‘ആ... നിഖിലേ... നിങ്ങള് അവിടുന്ന് ആംബുലൻസേലങ്ങ് പൊക്കോള്. ഞാൻ ദേ വരുവാ. അല്ലാണ്ട് ഈ പാതിരാത്രിക്ക് ആരെ വിളിച്ചു വരുത്താനാടാ.’’

placeholder
ബിജു.സി.പി

‘‘ഹലോ... റഫീക്ക് സാറേ... നെലമ്പൂര് ആശൂത്രീലെ സിസ്റ്റർമാരെ തിരിച്ചുവിടണം. അവര് കോഴിക്കോട്ട് വരുകേലെന്നാ പറഞ്ഞത്.’’
‘‘അത് കൊഴപ്പമില്ല നിഖിലേ. ഞാൻ സ്റ്റേഷനീന്ന് ജീപ്പേല് വരാം. അവരെ തിരികെ നിലമ്പൂര് വിടാം. ഇത്രേം രാത്രി ആയതല്ലേ. ഇത്രേം നെറവയറൊള്ള ഒരു ഗർഭിണീനെ വിടുമ്പം മഞ്ചേരീന്നു നഴ്‌സുമാരെ വിടും. നിങ്ങളങ്ങ് പൊക്കോള്. ഞാനും വന്നേക്കാം. നീയാ മെമ്പറ് തങ്കമ്മ കൃഷ്ണനേം ഐ.ടി.ഡി.പിലെ നിങ്ങടെ സാറുമ്മാരേം വിവരം അറിയിച്ചേര്.’’
‘‘ആ സാറേ. മെമ്പർക്കും ശ്രീരേഖ മാഡത്തിനും പഞ്ചായത്തിലെ നിഷമാഡത്തിനും വാട്‌സ് ആപ്പില് ഞാൻ വോയിസ് ക്ലിപ്പ് ഇട്ടട്ടൊണ്ട്.’’
‘‘ആ... എന്നാ ശരി. നിങ്ങള് സമയം കളയണ്ട. കോഴിക്കോട്ടേക്ക് വിട്ടോള്. ഞാൻ ഗ്രേഡ് എസ്.ഐ. രാജേഷ് സാറിനെ ഒന്നറിയിച്ചട്ട് കോഴിക്കോട്ടേക്ക് വന്നേക്കാം.’’

* * *
‘‘നിഖിലേ... നീ വാ. നേരം വെളുത്തില്ലേ. നമുക്ക് പോയി വല്ലതും കഴിച്ച് വരാം.’’
‘‘എന്റെ റഫീക്ക് സാറേ... എങ്ങോട്ടും പോയേക്കരുതന്നാ സിസ്റ്റർമാര് പറഞ്ഞത്. രാത്രീ തന്നെ ഓപ്പറേഷൻ ചെയ്ത്. മഞ്ചേരി മെഡിക്കൽ കോളേജീന്ന് ഇവിടെ വിളിച്ച് പറഞ്ഞട്ടൊണ്ടായിരുന്ന്. നമ്മള് വന്നപ്പ, നട്ടപ്പാതിരായ്ക്കും ഡോക്ടർമാരൊക്കെ റെഡിയായിട്ട് നോക്കിനിക്കുവായിരുന്ന്. രണ്ട് കൊച്ചുങ്ങളേം പെട്ടീല് വെച്ചേക്കുവാന്നാ പറഞ്ഞത്. നാളെയേ കൊച്ചുങ്ങളെ മോഹനേടെ അടുത്തോട്ട് വിടുവൊള്ള്. എല്ലാരേം കൂടി വിട്ടായിരുന്നെങ്കി ആംബുലൻസ് പിടിച്ച് നെലമ്പൂരേക്ക് പോകാരുന്ന്.’’
‘‘ഇല്ലെടാ നിഖിലേ. ആറുദിവസം കഴിഞ്ഞേ വിടുവൊള്ള്. ഞാനേതായാലും നിലമ്പൂരേക്ക് അങ്ങു പോകുവാ. നീ അവരുടെ കൂടെ നിക്കണം.’’
‘‘അയ്യോ സാറേ... ഞാൻ നിക്കണത് എന്തിനാ? ഞാനും പോരാം സാറിന്റെ കൂടെ.’’
‘‘അത് ശരി നീ എസ്.ടി. പ്രൊമോട്ടറല്ലേടാ. നിനക്ക് എന്താ പണി? നീയല്ലേ ഇവരുടെ കാര്യങ്ങളെല്ലാം നോക്കണ്ടത്. അതിനല്ലേടാ നിനക്ക് ശമ്പളം തരണത്. നീ ഇപ്പ പോരണ്ട. അവരെ ഡിസ്ചാർജു ചെയ്തട്ട് ഒന്നിച്ചു പോന്നാ മതി.’’
‘‘എന്റെ റഫീക്ക് സാറേ... ദേ, ഈ ഉടുത്ത മുണ്ടല്ലാണ്ട് വേറേ ഒന്നും എന്റെ കൈയിലില്ല. ഒരു തോർത്തുപോലും ഇല്ല. മൊബൈലിന്റെ ചാർജറില്ല. രാത്രി ഇവടെ കെടത്തുകേല. പൊറത്തെങ്ങും കെടക്കാൻ ഒരെടയില്ല. ഭക്ഷണം കഴിക്കാൻ കാശില്ല. ഇത്രയ്ക്ക് പെണ്ണുങ്ങള് ഇങ്ങനെ പെറ്റ് കെടക്കണേടത്ത് ഞാൻ എന്തോ ചെയ്യാനാ സാറേ?’’
‘‘കാശ് ഞാൻ എ.ടി.എമ്മീന്ന് എടുത്ത് തരാം. നീ ഇവടെ നിക്കണം. നിനക്കെന്താ കൊഴപ്പം? മൂന്നാല് ദിവസം കാട്ടിലോട്ട് കേറീതാന്ന് വിചാരിച്ചാ മതി. അല്ലെങ്കി പിന്നെ എരട്ട പെറ്റ ആദിവാസിസ്ത്രീയെ ആശുപത്രിയിലുപേക്ഷിച്ച് അധികാരികൾ മുങ്ങിയെന്നും പറഞ്ഞ് നിന്റെ മൊബൈലിലും വീഡിയോ വരും.’’
‘‘ങ്...ഹാ... അധികാരികളോ? അത് സാറല്ലേ! എസ്.ടി. പ്രൊമോട്ടറെങ്ങനെയാ സാറേ അധികാരിയാവുന്നേ?’’
‘‘അത് ശരി! പിന്നെ പോലീസുകാരാണോടാ പെണ്ണുങ്ങളെ പ്രസവിപ്പിക്കണത്! എസ്.ടി. പ്രൊമോട്ടർക്കല്ലേടാ അതിന്റെ ഉത്തരവാദിത്വം?’’
‘‘ങ്..ഹാ... ഇനി സാറ് അതും കൂടി പറഞ്ഞോ! എനിക്കാ ഉത്തരവാദിത്തോന്ന്!’’
‘‘ഹാ...ഹാ...ഹാ... അതല്ലടാ. എന്തായാലും നീ ഇവിടെ നിക്കണം. നിന്നേ പറ്റുവൊള്ള്. അവരെ ഡിസ്ചാർജ് ചെയ്യുമ്പം വിളിച്ചുപറഞ്ഞാ മതി. ഞാൻ ഐ.ടി.ഡി.പിലെ ശ്രീരേഖ മാഡത്തിനോട് പറഞ്ഞ് ആംബുലൻസ് വിടാം.’’
* * *
‘‘ആ... ഹലോ... റഫീക്ക് സാറേ... അയ്യോ! ഇത് തങ്കമ്മയാ, മെമ്പറാ. എന്റെ ഫോൺ ചാർജ് ചെയ്യാൻ പറ്റീല്ല. അതാ വിളിക്കാൻ പറ്റാതിരുന്നത്. ഇത് രാജിമോടെ നമ്പറാ. ആ നിഖില്, സാറിനെ വിളിച്ചാരുന്നോ? സാറ് അവനെ പേടിപ്പിച്ചെന്ന് പറഞ്ഞ്. അതാ അവൻ സാറിനെ വിളിക്കാത്തത്. ഡിസ്ചാർജ് ചെയ്യുമ്പം സാറിനെ വിളിച്ചാ മതിയെന്ന് പറഞ്ഞായിരുന്നോ?’’
‘‘ഏയ്. മെമ്പറേ, ഞാൻ പേടിപ്പിച്ചതൊന്നുവല്ല. അവനെ അവടെയങ്ങ് നിർത്തിയതല്ലേ! അവളെ ഡിസ്ചാർജ് ചെയ്‌തോ?’’
‘‘അയ്യോ! അതെങ്ങനെയാ സാറേ ഡിസ്ചാർജ് ചെയ്യണത്! മോഹനയ്ക്ക് കൊച്ചുങ്ങളെ വേണ്ടെന്നും പറഞ്ഞ് അവടെ ആകെ പ്രശ്‌നവല്ലേ? അവക്ക് കൊച്ചുങ്ങളെ കാണുവോം കൂടി വേണ്ടന്നാ പറയണത്. അവടെ നിഖില് മാത്രേ ഒള്ളൂ. അവൻ കൊച്ചല്ലേ സാറേ! ഇരുവത്തിരണ്ടോ ഇരുവത്തിനാലോ വയസ്സ് കാണും. അവനാകെ പേടിച്ച് നിക്കുവാ സാറേ. എരട്ട പെറ്റട്ട് കുഞ്ഞുങ്ങളെ വേണ്ടന്ന് പറഞ്ഞാ ആശുപത്രിക്കാര് എന്തോ ചെയ്യും?’’
‘‘ശ്ശെന്റെ തങ്കമ്മച്ചേച്ചീ! പെറ്റ തള്ളയ്ക്ക് കുഞ്ഞുങ്ങളെ വേണ്ടന്ന് പറഞ്ഞാ എങ്ങനെ ശരിയാകും! അതുങ്ങളെ പിന്നെ എന്തോ ചെയ്യും?’’
‘‘അയ്യോ... എന്റെ റഫീക്ക് സാറേ... ഇതൊക്കെ ആരോടു പറയും! അവളാ കൊച്ചുങ്ങളെ കാണാൻപോലും കൂട്ടാക്കീട്ടില്ലെന്നാ നിഖില് പറയുന്നേ!’’
‘‘ആ... മെമ്പറേ... ഇവിടെ ആദിവാസിക്കോളനി കാണാൻ മന്ത്രി വരണതിന്റെയൊരു തെരക്കായിരുന്ന്. അതിന്റെടക്ക് ഞാനീ കഥയങ്ങ് മറന്നുപോയതാ. അതാ നിഖിലിനെ വിളിക്കാൻ പറ്റാതെ പോയത്. ഏതായാലും ഞാൻ അവനെയൊന്ന് വിളിച്ചു നോക്കട്ടെ. എന്നട്ട് ഞാൻ മെമ്പറെ തിരിച്ച് വിളിക്കാം.’’

* * *
‘‘ആ... ഹലോ... എടാ നിഖിലേ, എന്താടാ അവടെ പ്രശ്‌നം? അവള് പെറ്റട്ട് ഡിസ്ചാർജ് ആയെങ്കി നീ അവിടുന്ന് ആംബുലൻസ് വിളിച്ച് ഇങ്ങു പോരേ. ആംബുലൻസ് വിളിക്കണ്ടത് എങ്ങനെയാന്ന് നിനക്ക് അറിയാവുന്നതല്ലേ? അവിടത്തെ ഐ.ടി.ഡി.പിക്കാരോട് പറ. ആംബുലൻസ് കിട്ടും.’’
‘‘ആ... റഫീക്ക് സാറേ... നിഖിലാ. എനിക്ക് പേടിയാകുവാ സാറേ. ആംബുലൻസ് വിളിക്കാൻ എനിക്ക് അറിയാം. അതല്ല പ്രശ്‌നം. മോഹനയ്ക്ക് കൊച്ചുങ്ങളെ വേണ്ടന്നാ പറയണത്.’’
‘‘അതൊക്കെ നിങ്ങള് ഡിസ്ചാർജ് ചെയ്ത് പോയിട്ട് തീരുമാനിച്ചോ.’’
‘‘ഇവിടുന്ന് വേഗം ഡിസ്ചാർജാകണോന്ന് ഡോക്ടറും പറഞ്ഞ്. എന്താ സാറേ ചെയ്യണേ?’’
‘‘എടാ നിഖിലേ... എരട്ട പെറ്റട്ട് കൊച്ചുങ്ങളെ വേണ്ടെന്ന് പറഞ്ഞാ എന്തോ ചെയ്യും? അമ്മയാവുകാന്ന് വെച്ചാ ദൈവല്ലേടാ. അമ്മമാര് ജീവിക്കണത് തന്നെ മക്കക്ക് വേണ്ടിയല്ലേടാ! നീ അവളെയൊന്ന് പറഞ്ഞ് മനസ്സിലാക്ക്.’’
‘‘എന്റെ സാറേ... ഞാനെങ്ങനെ മനസ്സിലാക്കാനാ സാറേ? മോഹനയൊന്ന് നേരേ നോക്കുവോം കൂടി ചെയ്യണില്ല. അവക്ക് കൊച്ചുങ്ങളെ വേണ്ടന്നാ പറയണത്. അതുങ്ങളെ നീയെടുത്തോളാനാ എന്നോട് പറഞ്ഞത്.’’
‘‘ആ നിഖിലേ... ഞാൻ ശ്രീരേഖ മാഡത്തിനോടും മെമ്പറോടും പഞ്ചായത്തിലെ നിഷ മാഡത്തിനോടും ഒക്കെയൊന്ന് പറയട്ടെ. എന്നട്ട് വിളിക്കാം.’’

* * *
‘‘ആ... ഹലോ... മെമ്പറേ... സ്‌റ്റേഷനീന്നാ. റഫീക്കാ. മെമ്പറേ... ആ മോഹനേടെ കാര്യത്തില് എന്തോ ചെയ്യും? ഞാൻ ശ്രീരേഖ മാഡത്തിനോടും നിഷ മാഡത്തിനോടും സംസാരിച്ചു. സ്റ്റേഷനില് സി.ഐയോടും പറഞ്ഞട്ടൊണ്ട്. അതുങ്ങടെ കോളനീല് കൊച്ചുങ്ങളെ ഉത്തരവാദിത്വവായിട്ട് നോക്കാൻ ആരെങ്കിലും ഒണ്ടാകുവോന്ന് ചോദിച്ചു സി.ഐ. ഇവൾടെ കെട്ടിയോൻ ഇപ്പം കൂടെയില്ലെന്നല്ലേ പറഞ്ഞത്. ഇവൾടെ മറ്റേ മക്കളെയൊക്കെ ആരാ നോക്കണത്?’’
‘‘ആ... അയ്യോ! റഫീക്ക് സാറേ... അവക്ക് ഇപ്പം തന്നെ നാലു മക്കളൊണ്ട്. ഇതും കൂടി കൂട്ടിയാ ആറായി. മൂത്ത കൊച്ചുങ്ങള് അവര്‌ടെ കുടീലൊണ്ട്. ഒരു കൊച്ച് രണ്ടു കൊല്ലം മുമ്പ് ചത്തുപോയാരുന്ന്. മാതിയേച്ചിയൊണ്ടല്ലോ, മോഹനേടെ അമ്മ. അവരാ പിള്ളേരെ നോക്കുന്നേ. ഇങ്ങനത്തെ ഇള്ളക്കൊച്ചുങ്ങളെ നോക്കാൻ മാതിയേച്ചിക്ക് പറ്റുകേല.’’
‘‘ആ... മെമ്പറേ... കൊച്ചുങ്ങളെ ഇവൾടെ കൈയില് കൊടുത്ത് കാട്ടിലോട്ട് വിട്ടാ ശരിയാവുകേലന്നാ സി.ഐ. പറഞ്ഞത്. ഇവള് അതുങ്ങളെ വല്ലോടത്തും കൊണ്ടുപോയി കളഞ്ഞാ പിന്നെ അതിന്റെ പൊറകേം ഞങ്ങള് പോലീസുകാര് തൂങ്ങണ്ടിവരും. ഇങ്ങനെയായ സ്ഥിതിക്ക് അമ്മത്തൊട്ടിലില് കൊണ്ടുവെക്കാനും പറ്റുകേല. ഒരു ഒന്നൊന്നര വയസ്സുവരെ ആയിക്കിട്ടിയാ നമ്മടെ സ്‌നേഹത്തണലില്ലേ, അനാഥാലയം. അവിടെ കൊടുക്കാരുന്ന്.’’
‘‘ആ... അയ്യോ സാറേ! രണ്ട് കൊച്ചുങ്ങളില്ലേ! ഒരു വയസ്സുവരെയാണേലും ആര് നോക്കും?’’
‘‘ആ മെമ്പറേ... ഞാൻ അവളെയൊന്ന് പേടിപ്പിച്ച് നോക്കിയാലോ?’’
‘‘അയ്യോ! സാറേ... ചങ്ങാടത്തേ കേറ്റി കടവ് കടത്തി കാട്ടിലോട്ട് വിട്ടാലും, കുടീലെത്തിയാ അവള് പിള്ളേരെ തിരിഞ്ഞു നോക്കുകേല. അതുങ്ങളെ വല്ല കുറുക്കനോ പട്ടിയോ കൊണ്ടുപോയെന്നു വരും. ആ... ദേ! നിഖില് വിളിക്കണൊണ്ട് സാറേ.’’

* * *
‘‘ആ... നിഖിലേ... പറയെടാ.’’
‘‘ഹലോ... മെമ്പറേ... ഞാൻ മോഹനയോട് സംസാരിച്ച്. അവള് ചോദിക്കണത് അവക്ക് കൊച്ചുങ്ങളെ എന്തിനാന്നാ! ഈ കാട്ടില് അതുങ്ങക്ക് തീറ്റ കൊടുക്കാനും വളത്താനും എന്തോ ചെയ്യുവെന്ന്! അവള് പറഞ്ഞിട്ടല്ലല്ലോ മക്കള് ഒണ്ടാകണത്ന്ന്. ഇപ്പളാണേലും അവള് അവക്കടെ കൊച്ചുങ്ങളെ തിരിഞ്ഞ് നോക്കാറില്ലെന്ന് മാതിയേച്ചി പറയാറൊണ്ട്. അവള് പറയണത് വയറ്റുകണ്ണിയായിട്ടിരിക്കുമ്പം കെട്ടിയോമ്മാര് ഇട്ടേച്ചുംപോകും. കുഞ്ഞി പിള്ളേരൊള്ളപ്പളും കെട്ടിയോമ്മാര് ഇട്ടേച്ചും പോകും. അതുങ്ങക്ക് തീറ്റ കൊടുക്കാൻ നീ തരുവോന്ന് ചോദിച്ച് എന്നോട്.’’
‘‘അയ്യോ നിഖിലേ... അവൾടെ കെട്ടിയോൻ അവളെ ഇട്ടേച്ചും പോയതാണോ?’’
‘‘ആ തങ്കമ്മേച്ചീ. മണിയേട്ടൻ കാട് കേറി വയനാട്ടിലേക്ക് പോയതാ. ഇനി കൊറേ മാസം കഴിഞ്ഞട്ടേ വരുവൊള്ള്. അവടെ വേറെ കുടിയൊണ്ട് മണിയേട്ടന്. കൊറേപ്പേരൊണ്ട് അങ്ങനെ ഇട്ടേച്ചും പോണവര്. പെറ്റൊണ്ടാകണ കൊച്ചുങ്ങളെ മാറ്റിക്കെടത്താറാകുമ്പളേ പിന്നെ അവര് വരുവോള്ളൂ. കൊച്ചുങ്ങളെ തള്ളമാര് തന്നെ നോക്കണം. തീറ്റ കൊടുക്കാനാണേലും ഒന്നും ഇല്ലല്ലോ!’’
‘‘അയ്യോ... കൊച്ചേ നിഖിലേ... ഇതിപ്പം എന്താടാ ചെയ്യണത്. കൊറച്ചൊന്ന് വല്ലോം കഴിക്കാറായാ സിസ്റ്റർമാര്‌ടെ അനാഥാലയത്തി കൊടുക്കാരുന്നന്ന് റഫീക്ക് സാറ് പറഞ്ഞ്. സാറ് സിസ്റ്റർമാര്‌ടെ അടുത്ത് പോയി സംസാരിച്ചെന്ന് പറഞ്ഞ്. ഇപ്പളേ കൊടുത്താ കൊച്ചുങ്ങളെങ്ങാൻ ചത്തുപോകുവോന്ന് സിസ്റ്റർക്ക് പേടിയാന്ന് പറയുന്ന്.’’
‘‘എന്റെ മെമ്പറേ... ഞാൻ ഒരാഴ്ചയായി കുടീന്ന് പോന്നട്ട്. എനിക്കങ്ങ് പോണം. ആ റഫീക്ക് സാറിനോട് ഒര് തീരുമാനം ഒണ്ടാക്കാൻ പറ മെമ്പറേ. പോലീസുകാർക്ക് ഇതിലൊക്കെ ഉത്തരവാദിത്വം വേണ്ടേ മെമ്പറേ!’’
‘‘അയ്യോ... നിഖിലേ... റഫീക്ക് സാറ് ഇപ്പം ഇതിന്റെ പൊറകേയാടാ. കൊച്ചുങ്ങള് ചത്തുപോയാ പോലീസുകാര് നോക്കും. ഇതിപ്പം ജീവനൊള്ള കൊച്ചുങ്ങടെ കാര്യത്തില് പോലീസുകാർക്ക് എന്നതാടാ ചെയ്യാൻ പറ്റണത്?’’

* * *
‘‘അയ്യോ... കൃഷ്‌ണേട്ടാ... കൃഷ്‌ണേട്ടാ... ദേ... ഇങ്ങോട്ടൊന്ന് നോക്കിക്കേ. വേദനയൊണ്ടോ? ദേ... ആരൊക്കെയാ വന്നേക്കണേന്ന് നോക്കിക്കേ. ദേ! ഇത് റഫീക്ക് സാറ്. കൃഷ്‌ണേട്ടന് അറിയില്ലേ? ജനമൈത്രീലെ. ഇത് നിഖില്. ഞാൻ പറഞ്ഞട്ടില്ലേ, കൊച്ചിന്റെ കാര്യം. ദേ... കൃഷ്‌ണേട്ടാ... അയ്യോ... ഇത് ഞാൻ പറഞ്ഞില്ലേ... അവടെ വെള്ളരിപ്പാറേലെ മോഹനേടെ കൊച്ചുങ്ങള്. എരട്ട പെറ്റതാ. അവക്ക് കൊച്ചുങ്ങളെ വേണ്ടന്ന്. അല്ലേലും അവള് കാട്ടില് ഈ ഇള്ളക്കൊച്ചുങ്ങളേം കൊണ്ട് എന്തോ ചെയ്യും! കൊറച്ചു നാള് നമ്മക്കൊരു കൂട്ടായിട്ട് ഇവടെ കെടക്കട്ടെ കൃഷ്‌ണേട്ടാ. ഏതായാലും കൃഷ്‌ണേട്ടന് ട്യൂബിക്കൂടി തരാൻവേണ്ടി ഞാൻ കഞ്ഞി മിക്‌സീല് അടിച്ചെടുക്കണം. അത് തന്നെ മതിയല്ലോ ഇതുങ്ങക്കും. കൃഷ്‌ണേട്ടൻ ഇങ്ങനെ കെടക്കുമ്പം എനിക്കിവിടുന്ന് മാറാനും പറ്റുകേലല്ലോ. ഒരു തീരുമാനം ആകുന്നതുവരെ ഇതുങ്ങളെ ഞാൻ ഇങ്ങ് കൊണ്ടുപോന്നട്ടൊണ്ട്. കൃഷ്‌ണേട്ടാ... അയ്യോ... ദേ... ഒന്നിങ്ങ് നോക്കിക്കേ...’’
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2024)