രണം മണത്തുകൊണ്ടിരുന്ന മഹാമാരിക്കാലത്ത് സച്ചി യാത്രയായിട്ട് ഇത് അഞ്ചാം വര്‍ഷം. അല്പസമയം കൂടി അനുവദിച്ചിരുന്നെങ്കില്‍ സഫലമാകും എന്നുറപ്പുള്ള അനേകം സ്വപ്നങ്ങളില്‍ നിന്നുള്ള ഒരു ഇറങ്ങിപ്പോക്ക്. എത്രയധികം സഹനം, അശ്രാന്തമായ പരിശ്രമം, കാത്തിരുപ്പ്, ഇനിയുമെത്രയോ ചെയ്യാനുള്ള പ്രതിഭയും പ്രാപ്തിയുമുണ്ടായിരുന്നു. എന്നിട്ടും അവന്റെ ആഗ്രഹങ്ങളൊന്നും പ്രാവര്‍ത്തികമാക്കാന്‍ കാലം അനുവദിച്ചില്ല...

To advertise here,

ഓര്‍ക്കുമ്പോള്‍ കുളിരണിയുന്ന കുട്ടിക്കാലമൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഞങ്ങള്‍ നാലുമക്കളായിരുന്നു. മൂന്നാണും ഏകമകളായി ഞാനും. മൂത്ത രണ്ടാണ്‍കുട്ടികള്‍ ജനിച്ച് ഒരു ഇടവേളയ്ക്കുശേഷമാണ് ഞാന്‍ ജനിക്കുന്നത്. എനിക്കു പിന്നാലെ തന്നെ സച്ചിയും പിറന്നു.. ഒന്നിച്ചു ഒരേ സ്‌കൂളില്‍ പോയി, ഒരേ കോളേജില്‍ പഠിച്ചു. ഞങ്ങള്‍ ഒരുമിച്ച് ചിന്തിച്ചു. സ്വപ്നങ്ങള്‍ കണ്ടു. അന്നൊന്നും എനിക്കായിട്ട് ഒരു സ്വപ്‌നവും ഉണ്ടായിരുന്നില്ല. അവന്റെ സ്വപ്നങ്ങള്‍ തന്നെയായിരുന്നു എന്റെയും.

ഹൈസ്‌കൂളിലായിരിക്കുമ്പോള്‍ തന്നെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കാന്‍ പോകുന്നതിനെക്കുറിച്ചൊക്കെ പറയുമായിരുന്നു. നടക്കാത്ത സുന്ദരസ്വപ്നങ്ങളായി ഞാന്‍ ആശയോടെ കേട്ടുകൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒരുനല്ല ബാല്യ-കൗമാര-യൗവ്വനാരംഭങ്ങളുടെ ഓര്‍മകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നുവേണം പറയാന്‍.

അച്ഛന്‍, ഞങ്ങളുടെ ഹൈസ്‌കൂള്‍ കാലത്തേ മരിച്ചു. അച്ഛന്‍ വലിയ ബിസിനസ്സുകള്‍ ഒക്കെ ചെയ്തു. എന്നാല്‍ അതിന്റെ സമൃദ്ധിയൊന്നും അനുഭവിക്കാനുള്ള യോഗം ഞങ്ങള്‍ മക്കള്‍ക്കുണ്ടായില്ല. ബിസിനസ്സിന്റെ തകര്‍ച്ചയും സ്വതവേ നേത്രരോഗo ഉണ്ടായിരുന്നത് ഒരു അപകടത്തെ തുടര്‍ന്ന് അത് പൂര്‍ണ അന്ധതയായിത്തീര്‍ന്നതും എല്ലാം അതിനു കാരണങ്ങളായിരുന്നു. എല്ലാവരും കഴിയുന്നത്ര പഠിക്കണം എന്നായിരുന്നു അമ്മയ്ക്ക്. അമ്മയുടെ ഭാഗത്തു നിന്ന് കഴിയുന്നത്ര ശ്രമം അതിനായി ഉണ്ടായിരുന്നു. വളരെ നേരത്തെ, ഞങ്ങള്‍ അക്ഷരങ്ങളുടെ ലോകത്തേക്ക് ഏറ്റെടുക്കപ്പെട്ടു. അച്ഛന് പത്രവായന നിര്‍ബന്ധമായിരുന്നു. കഷ്ടിച്ച് അക്ഷരം ഉറച്ചുതുടങ്ങുമ്പോഴേക്കും അച്ഛന്‍ ഞങ്ങളെക്കൊണ്ട് പത്രം വായിപ്പിക്കുമായിരുന്നു. ഏറ്റവും ഭാരമേറിയ ഒരു നിത്യജോലിയായിരുന്നു അന്നത്.

പതിമൂന്ന് വയസ്സ് ആകുന്നതോടെ സച്ചി കവിതയെഴുതാന്‍ തുടങ്ങി. സ്‌കൂള്‍ കാലത്ത് ധാരാളം സമ്മാനം കിട്ടിയിട്ടുണ്ട്. ഡിഗ്രി രണ്ടാം വര്‍ഷം വരെ മാത്രം കോളേജ് മാഗസിനില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ഒന്നും പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ, എഴുത്ത് അനസ്യൂതം തുടര്‍ന്നു. 20 വയസ്സ് വരെ കവിത പോലെ എന്തോ ആണ് എഴുതുന്നത് എന്ന തോന്നലുണ്ടായിരുന്നു. എഴുതിയതിനുശേഷം വായിക്കുകയും തിരുത്തുകയും ചെയ്തു. പതിനാല് വയസ്സു മുതല്‍ എഴുതുന്നത് മുഴുവന്‍ ഞാന്‍ പിറകെ നടന്ന്? പെറുക്കി സൂക്ഷിച്ചു.

എന്തെഴുതിയാലും ഞാനാണ് ആദ്യം വായിക്കുക. എല്‍.എല്‍.ബിക്ക് ചേര്‍ന്നപ്പോഴും പിന്നീട് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയപ്പോഴും കവിതയെഴുത്ത് തുടര്‍ന്നു. വരുന്നത് കയ്യില്‍ കിട്ടുന്ന കടലാസില്‍ എഴുതിക്കളയുക എന്നതായിരുന്നു രീതി. കേസ് പഠിക്കുമ്പോഴും തിരക്കഥ എഴുതുമ്പോഴും ഇത് ചെയ്തുകൊണ്ടിരുന്നു. ശ്വസിക്കുന്നതുപോലെ ആയാസരഹിതമായ ഒരു സ്വാഭാവിക പ്രക്രിയ. വല്യേട്ടന്‍ സോവിയറ്റ് യൂണിയന്‍ മാസിക വരുത്തിയിരുന്നു. റഷ്യന്‍ വിവര്‍ത്തനകഥകളും നോവലുകളും ഞങ്ങള്‍ക്ക് വായിക്കാന്‍ കിട്ടി. വല്യേട്ടന്‍ സ്‌കൂളില്‍ നിന്ന് കൊണ്ടുവരുന്ന കഥാപുസ്തകങ്ങള്‍ രാത്രി അത്താഴം കഴിഞ്ഞ് ഉറക്കെ വായിച്ചുകേള്‍പ്പിച്ചിരുന്നു. പിന്നീട് കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ടുവരും. അമ്മയാണെങ്കില്‍ മംഗളം, മനോരമ, പൗരധ്വനി എന്നിവയുടെ വായനക്കാരിയായിരുന്നു. ചേട്ടന്‍ വഴി ചിത്രഭൂമിയും നാനയും സ്ഥിരമായി വീട്ടിലെത്തിയിരുന്നു. ഞാനും സച്ചിയുമാകട്ടെ കിട്ടുന്നതെല്ലാം വായിച്ചു.

വായനയുടെ ആദ്യകാലത്ത് തളിരും ബാലരമയും പൂമ്പാറ്റയും ഞങ്ങളില്‍ ഒരാള്‍ വായിക്കുകയും മറ്റൊരാള്‍ കേള്‍ക്കുകയും ചെയ്തു. ഹൈസ്‌കൂളിലായതോടെ കുറച്ചു കൂടി ഗൗരവത്തോടെ വായിക്കാന്‍ തുടങ്ങി. സമീപ ലൈബ്രറികളില്‍ അംഗത്വം എടുക്കുകയും പുസ്തകങ്ങള്‍ക്കായി വായിക്കുന്ന സുഹൃത്തുക്കളെ ആശ്രയിക്കാനും തുടങ്ങി. വായിക്കുന്ന പുസ്തകങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

വായനയുടെ കാര്യത്തില്‍ അവന്‍ എപ്പോഴും അത്ഭുതപ്പെടുത്തി. കവിതയും ഫിക്ഷനും വൈജ്ഞാനിക സാഹിത്യവും എല്ലാം ഒരുപോലെ വായിച്ചു. എത്ര തിരക്കുണ്ടായിരുന്നപ്പോഴും ഇറങ്ങുന്ന മികച്ച പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തി. കുടുംബത്തിന്റേയും ജോലിയുടേയും തിരക്കില്‍ എന്റെ വായന നിലച്ചു പോയിരുന്നു. ചിലതെല്ലാം എന്നെ വായിക്കാന്‍ നിര്‍ബന്ധിച്ചു. 'നല്ല പുസ്തകം ഒന്നും വായിക്കാതെ നീയൊക്കെ ചത്തുപോക്കോടി'
എന്ന് ചീത്ത പറഞ്ഞു. 

സച്ചിയുടെ മറ്റൊരു ലോകം നാടകമായിരുന്നു. സ്‌കൂള്‍ യുവജനവേദികളില്‍ നിന്ന് ധാരാളം സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. പിന്നീട് സ്‌കൂള്‍ നാടകങ്ങള്‍ക്കും ക്ലബ്ബുകളുടെ വാര്‍ഷികാഘോഷത്തിലുമൊക്കെ നാടകം സംവിധാനം ചെയ്യാന്‍ കുട്ടികള്‍ അവനെ വിളിച്ചു കൊണ്ട് പോകുമായിരുന്നു. 'സംവിധായകനതാ വരുന്നു' എന്നു പറഞ്ഞ് ഞങ്ങള്‍ കളിയാക്കി. അവന്‍ അതൊക്കെ ഒരു ഊര്‍ജമായി എടുത്തു. നാടകം കളിക്കുകയും കളിപ്പിക്കുകയും ചെയ്തു. പണ്ടേ അവന്റെയുള്ളില്‍ ഒരു നാടകക്കാരനുണ്ടായിരുന്നു.

placeholder
സച്ചിയും സഹോദരി സജിതയും (ഫയൽ ഫോട്ടോ)

പെട്ടെന്ന് ജോലി വേണം എന്ന ഉദ്ദേശ്യത്തോടെ ഡിഗ്രി കഴിഞ്ഞതും സര്‍ക്കാര്‍ ജോലിയൊന്നും നോക്കാതെ നേരെ നിയമപഠനത്തില്‍ ബിരുദമെടുത്തു. രണ്ടുവര്‍ഷത്തിനു ശേഷം സ്വന്തമായി പ്രാക്ടീസു തുടങ്ങി. വേഗം തന്നെ ഒരു ക്രിമിനല്‍ അഭിഭാഷകനായി മാറി. നല്ല തിരക്കുള്ള അഭിഭാഷകനായിരിക്കുന്ന സമയത്താണ് എല്ലാം ഉപേക്ഷിച്ച് സിനിമയില്‍ പരിശ്രമം തുടങ്ങുന്നത്. അതിന് നിമിത്തമായത് സേതുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് വക്കീല്‍ ഓഫീസ് മാറ്റിയതാണ്. സച്ചിയെപ്പോലെ തന്നെ സിനിമാമോഹം കൊണ്ടുനടന്നയാളായിരുന്നു സേതു. രണ്ടുപേരുടെയും പൊതുചര്‍ച്ചകളില്‍ സിനിമ മുഖ്യമായ ഇടം പിടിച്ചുതുടങ്ങിയതോടെ ഒന്നിച്ച് എഴുതാനാരംഭിച്ചു.

അവര്‍ ആദ്യം ഒന്നിച്ചെഴുതിയത് റോബിന്‍ഹുഡ് എന്ന സിനിമയായിരുന്നു. പക്ഷേ അതു വിചാരിച്ചതുപോലെ നടന്നില്ല. പിന്നെയാണ് ചോക്ലേറ്റ് എഴുതുന്നത്. പക്ഷേ സച്ചിയുടെ മനസ്സിലുണ്ടായിരുന്ന സിനിമ ഇതൊന്നുമല്ലായിരുന്നു. എഴുതിയ തിരക്കഥകള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ എന്നെ വായിച്ചുകേള്‍പ്പിക്കും. ഒരു പുതിയ സബ്ജക്റ്റ് കിട്ടിയാല്‍ ആവേശത്തോടെ പാതിരായ്ക്കായാലും വിളിച്ച് അതിന്റെ കഥ പറയും. എന്തെങ്കിലും സീനുകള്‍ മാറ്റിയെഴുതുമ്പോള്‍ പാതിരായ്ക്കും പുലര്‍ച്ചയ്ക്കുമൊക്കെ വിളിച്ച് വായിച്ചുകേള്‍പ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു.

സിനിമകള്‍ സാമ്പത്തികമായി വിജയിക്കുമ്പോഴും ഒരു നല്ല വാക്ക് പറയാന്‍ ഞാന്‍ പിശുക്കു കാണിച്ചു. നിന്റെ സിനിമ വന്നിട്ടില്ല, ഇതുകൊണ്ടൊന്നും മലയാള സിനിമ നിന്നെ അടയാളപ്പെടുത്തില്ല എന്നൊക്കെ ഞാന്‍ പറഞ്ഞു; അയ്യപ്പനും കോശിയും വരുന്നതുവരെ. അവന്റെ അസാന്നിധ്യത്തില്‍ ഇതൊക്കെ ആലോചിക്കുമ്പോളാണ് വേദന വന്നുനിറയുന്നത്. സച്ചിയുടെ തിരക്കഥയെ വിമര്‍ശിക്കുമ്പോള്‍ അവന്‍ പറയുമായിരുന്നു നമ്മുടെ ആത്മരതിക്കുവേണ്ടി മറ്റുള്ളവരുടെ കാശ് ചെലവാക്കിക്കാന്‍ പാടില്ല. അവര്‍ക്ക് നഷ്ടമുണ്ടാക്കാന്‍ പാടില്ല. ഇവിടെ ആദ്യം ചവിട്ടിനിക്കട്ടെ എന്നിട്ട് നോക്കാം...

ഇനി സച്ചി പറയുന്ന ഏതു കഥയും സിനിമയാക്കാന്‍ ആളുണ്ടായിരുന്നു. ആഗ്രഹിച്ച സിനിമകള്‍ ചെയ്യാനുള്ള ഇരിപ്പിടം സ്വന്തമാക്കിയിരുന്നു. അവന്‍ തന്നെ എവിടെയോ എഴുതിയിട്ടതുപോലെ, 'വരാന്‍ പോകുന്നത് എത്രമാത്രം അവിശ്വസനീയ വസന്തകാലമായിരുന്നു! സച്ചിയുടെ മനസ്സിലെ മികച്ച സിനിമകളെക്കുറിച്ച് വിശദമായി തന്നെ എനിക്ക് അറിയാമായിരുന്നു എന്നതുകൊണ്ട്, ആ വാക്കുകള്‍ സത്യമാകാന്‍ സാധ്യതയുണ്ടായിരുന്നു.

ഏത് പാതിരാത്രിക്കും വീടിനു മുന്നിലൂടെ കടന്നുപോകുമ്പോള്‍ കോളിങ് ബെല്‍ അടിക്കാതെ വാതില്‍ തല്ലിത്തുറപ്പിച്ച് ദര്‍ശനം തന്നു. മൂകാംബിയില്‍ നിന്നാണ്, ദുബായില്‍ നിന്നാണ് എന്നൊക്കെ പറഞ്ഞ് വിളിക്കും. അത് ഫോണില്‍ നിന്നാണോ അടുത്തുനിന്നാണോ എന്ന് ശങ്കിച്ച് നോക്കുമ്പോള്‍ മുന്നിലോ പിന്നിലോ പ്രത്യക്ഷപ്പെട്ട് എന്നെ അത്ഭുതപ്പെടുത്തും. ഓണം, വിഷു, ക്രിസ്തുമസ് ആവുമ്പോള്‍ തുടങ്ങും വിളി, നീ വരുന്നില്ലേ, എപ്പോ എത്തും, പുറപ്പെട്ടോ എന്നൊക്കെ ചോദിച്ച്. എത്തുന്നതുവരെ സ്വൈരം കെടുത്തുന്ന വിളികളാല്‍ കാതുനിറയും.

സച്ചി എല്ലാക്കാലത്തും ഒരു സര്‍ഗാത്മക സംഘര്‍ഷാവസ്ഥ അനുഭവിച്ചിരുന്നു. തനിച്ചിരിക്കുക എന്നത് അവന് സാധ്യമല്ലായിരുന്നു. വൈകാരികമായ ഒരുതരം അരക്ഷിതാവസ്ഥ അവനെ ചൂഴ്ന്ന് നിന്നു. സച്ചിയുടെ ചുറ്റുമുള്ള ജീവിതങ്ങള്‍ സച്ചിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. സൗഹൃദങ്ങളോട് വളരെയധികം ആത്മാര്‍ഥമായി അവന്‍ ഇടപഴകി. സച്ചിയുടെ ക്രിയേറ്റിവിറ്റിക്ക് പലപ്പോഴും സമയം തികയാത്തവണ്ണം അവന്റെ സൗഹൃദങ്ങള്‍ നിറഞ്ഞുകവിഞ്ഞു. പലപ്പോഴും സ്വയം നിയന്ത്രിക്കാനായി ശബരിമലവ്രതവും മൂകാംബികയും അവന്‍ അഭയകേന്ദ്രങ്ങളാക്കി. സച്ചി ചിന്തിച്ചുകൂട്ടിയ കഥകളുടെ എണ്ണവും ആഴവും നോക്കിയാല്‍ മലയാളസിനിമയില്‍ സച്ചി എന്ന പേര് അടയാളപ്പെടുത്തിയ സിനിമകള്‍ ഇതൊന്നും അല്ലായിരുന്നു.

കുടുംബത്തോടൊപ്പം ഇരിക്കുക എന്നത് സച്ചിയുടെ സ്വപ്നമായിരുന്നു. സിജി നല്‍കിയ പ്രതീക്ഷയിലും സ്നേഹത്തിലും സച്ചി ജീവിതത്തില്‍ മറ്റൊരാളായിത്തീര്‍ന്നു. ഏറ്റവും സമാധാനത്തോടെയും സ്വസ്ഥതയോടെയും കാണപ്പെട്ടത് അവള്‍ മുഴുവന്‍ സമയവും കൂടെയുള്ള അവസാന നാളുകളിലാണ്. ഇനി ഞാന്‍ രണ്ടുകൈകൊണ്ടും എഴുതാന്‍ പോകുന്നു എന്നാണ് ആ സമയത്ത് പറഞ്ഞത്. ഒന്നും നടന്നില്ല. 

ഒരു ജിം ട്രെയിനര്‍, ട്രെയിന്‍ ചെയ്യുന്നതിനിടയില്‍ ഭാരമെടുത്ത് ഇരുന്നപ്പോഴോ നിവര്‍ന്നപ്പോഴോ മറ്റോ പറ്റിയതാണ് ഇടുപ്പിലെ ഇടര്‍ച്ച. ഭയങ്കര വേദനയായി, പിന്നെ ചികിത്സിച്ച് മാറ്റി. ഒരു മാസത്തിനുള്ളില്‍ തന്നെ ശബരിമല കയറിയപ്പോള്‍ വീണ്ടും എണീക്കാന്‍ വയ്യാതായി. കുറച്ചു ദിവസം ആശുപത്രിയില്‍ കിടന്നു. മാറിയെങ്കിലും പിന്നെ ഇടയ്ക്കിടയ്ക്ക് അലട്ടാന്‍ തുടങ്ങി. തുടര്‍ച്ചയായ വേദനയായി മാറി. കേരളത്തിലെ മിക്കവാറും ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രങ്ങളിലും ചികിത്സിച്ചു, നാലുവര്‍ഷത്തോളം.

പലപ്പോഴും വേദനകൊണ്ട് അവന്‍ പുളയുമായിരുന്നു. നടക്കാന്‍ വയ്യായിരുന്നു. രാത്രി ഉറങ്ങാനാവാതെ എഴുന്നേറ്റിരുന്നു. ഒടുക്കം സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചു. ഒന്നാമത്തെ ഓപ്പറേഷന്‍ വിജയകരമായി നടന്നു. ഒരു മാസത്തിനുശേഷം അടുത്തത്. രണ്ടാമത്തെ സര്‍ജറിയും സക്സസായിരുന്നു. ഐസിയുവില്‍ നിന്നും ഒബ്സര്‍വേഷന് റൂമിലേക്ക് മാറ്റി. പതിനൊന്നു മണിയായപ്പോള്‍ കാര്‍ഡിയാക് അറസ്റ്റ് വന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നെ നിര്‍ണായകമായ മണിക്കൂറുകള്‍... ഞങ്ങളുടെ ഉള്ളില്‍ തീരാവേദനയായി അവന്‍ മടങ്ങി. 

അവന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 'അകാലത്തില്‍ പൊലിഞ്ഞുപോകുന്ന അപൂര്‍ണതയുടെ പരുഷ സൗന്ദര്യമുള്ള ഒരു കവിത...