പൊൻകുന്നം : പഠിപ്പുള്ളവർക്കുപോലും പഴയ പുസ്തകം ആക്രിയാകും. അതുകൊണ്ടാണല്ലോ വീട്ടിലെ സ്ഥലം ഒഴിപ്പിക്കാൻ അവരത് തൂക്കിവിൽക്കുന്നത്. ഇങ്ങനെ കൊണ്ടുവന്ന പുസ്തകങ്ങൾ അക്ഷരനിധിയാണെന്ന് ടി.ജി.ശ്രീധരൻപിള്ളയെന്ന ആക്രിക്കടക്കാരനെ ആരും പഠിപ്പിക്കേണ്ടിവന്നില്ല. അദ്ദേഹമത് വായനശാലയ്ക്ക് സമർപ്പിച്ചു.

To advertise here,

ഒന്നും രണ്ടുമല്ല, 800 പുസ്തകം. ഇംഗ്ലീഷും മലയാളവുമുണ്ട് ഇതിൽ. കഥകൾ, കവിതകൾ, പഠനങ്ങൾ, ക്ലാസിക് നോവലുകൾ തുടങ്ങി വൈവിധ്യമാർന്ന പുസ്തകങ്ങൾ സമ്മാനിച്ചത് ചിറക്കടവ് പബ്ലിക് ലൈബ്രറിക്കാണ്. ചിറക്കടവ് കത്തലാങ്കൽപ്പടിയിൽ ആക്രിക്കട നടത്തുന്ന തണ്ണിപ്പാറ വീട്ടിൽ ടി.ജി.ശ്രീധരൻപിള്ളയ്ക്ക് പുസ്തകമഹത്ത്വം ബോധ്യപ്പെട്ടത് അനുഭവങ്ങളിലൂടെയാണ്. 1967-ൽ കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്സ് കോളേജിൽനിന്ന് പ്രീഡിഗ്രി വിജയിച്ച ശ്രീധരൻപിള്ളയ്ക്ക് അടുത്തെങ്ങും ബിരുദകോഴ്സുള്ള കോളേജുകളില്ലാത്തതിനാൽ പഠനം തുടരാൻ കഴിഞ്ഞില്ല. 12 മക്കളിൽ 11-ാമനായ ശ്രീധരൻപിള്ള പിന്നീട് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. അപ്പോഴും വായനയെ കൂടെക്കൂട്ടി.

30 വർഷമായി കത്തലാങ്കൽപ്പടിയിൽ ആക്രിക്കട നടത്തുകയാണ് ശ്രീധരൻപിള്ള. പഴയ പുസ്തകങ്ങൾ തൂക്കവില നൽകി എടുക്കും. എന്നാൽ ഒരിക്കലും ഇവ ആക്രിലോഡിനൊപ്പം അയച്ചിട്ടില്ല. നാട്ടിൽ വായനശീലമുള്ള ആൾക്കാർക്ക് ചെറിയ തുകയ്ക്ക് വിൽക്കും. കടയിലുള്ള പുസ്തകങ്ങൾ വായിക്കാനും 79-കാരനായ ശ്രീധരൻപിള്ള സമയം കണ്ടെത്തും. ഓരോ പുസ്തകങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ധാരണയുണ്ട്. പുസ്തകങ്ങൾ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നതുകണ്ട് ഗ്രന്ഥശാലാ പ്രവർത്തകനും ലഹരിവിരുദ്ധ ബോധവത്കരണപ്രവർത്തനങ്ങൾ നടത്തുന്നയാളുമായ ജോർജ് തോമസ് വായനശാലയ്ക്ക് നൽകാമോ എന്ന് അന്വേഷിച്ചു. ആക്രിക്കട പ്രവർത്തിക്കുന്ന കെട്ടിടത്തിലുള്ള പൊൻകുന്നം സഹകരണബാങ്ക് കത്തലാങ്കൽപ്പടി ശാഖയിലെ ഉദ്യോഗസ്ഥനാണ് ജോർജ് തോമസ്. ചിറക്കടവ് പബ്ലിക് ലൈബ്രറിക്ക് ഇവ സൗജന്യമായി നൽകാൻ ശ്രീധരൻപിള്ള സമ്മതിച്ചു. പ്രൊഫ.റോണി കെ.ബേബി എം.എൽ.എ.യാണ് ശ്രീധരൻപിള്ളയിൽനിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. ലൈബ്രറി പ്രസിഡന്റ് ശ്രീജാ അജിത്ത്, സെക്രട്ടറി രാജേഷ് പൊൻകുന്നം എന്നിവരും പങ്കെടുത്തു.

പൊന്നമ്മയാണ് ശ്രീധരൻപിള്ളയുടെ ഭാര്യ. ബിന്ദു, സതീഷ്, പരേതനായ സന്തോഷ് എന്നിവരാണ് മക്കൾ. ഭാര്യയ്ക്കും സന്തോഷിന്റെ ഭാര്യ പ്രവീണ, കൊച്ചുമക്കൾ എന്നിവർക്കുമൊപ്പം കത്തലാങ്കൽപ്പടിയിലെ വീട്ടിലാണ് താമസം.