“നിലാവിൽ കുതിർന്നുനിൽക്കുന്ന വില്ലോമരത്തെ കാണാൻ
തോന്നിയപ്പോഴാണ് മുൻവശത്തേക്കുള്ള ജനാലപ്പാളി ഒച്ചയില്ലാതെ തുറന്നത്. കാറ്റിൽ കിതച്ചിളകുന്ന വില്ലോമരം കണ്ടു, സ്പഷ്ടമായിത്തന്നെ. അതിനു കീഴിൽ അതാ ഗ്വാങ്‌ലിൻ! 
ജാവേദിൽ കയ്പുള്ള ഉമിനീരിറങ്ങി. ഉലയുന്ന തീനാളത്തോടെ മരത്തിനു ചുറ്റും മെലിഞ്ഞ മെഴുകുതിരികൾ. കറുത്ത ജാക്കറ്റിട്ട അയാൾ കൈയിലുള്ള മൺവെട്ടികൊണ്ട് ആഞ്ഞു കുഴിക്കുകയാണ്. ഇരുചെവിയിലേക്കും ചെറുവിരൽ കേറ്റി തല കുടഞ്ഞു ജാവേദ്. അത്രയേറെ അടുത്തുനിന്നൊരാൾ കുഴിവെട്ടിയിട്ടും ഒട്ടും ശബ്ദമില്ലായിരുന്നു. ഭയച്ചീളുകളാൽ മേനിയാകെ ഉരഞ്ഞു.
വിറച്ച്, കൂട്ടിയിടിക്കുന്ന കാൽമുട്ടിൽ കൈകളമർത്തി ബോധം
നഷ്ടമായവനെപ്പോലെ തറയിലേക്കിരുന്നു ജാവേദ്.”


മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം ആഴ്ചപ്പതിപ്പ്, മലയാളം വാരിക, ഭാഷാപോഷിണി, ചന്ദ്രിക തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ വന്ന് വായനക്കാരുടെ ശ്രദ്ധനേടിയ കഥകളാണ് ഫർസാനയുടെ  'വേട്ടാള' എന്ന കഥാസമാഹാരത്തിലുള്ളത്. അതുകൊണ്ടുതന്നെ, പുനർവായനയിലും ഈ കഥകൾ വായനക്കാരെ തങ്ങളിലേക്ക് ചേർത്തുപിടിക്കുന്നു. 

To advertise here,

ഓരോ കഥയിലും എഴുത്തുകാരിയുടെ വേറിട്ട ഭാഷാശൈലി തന്നെയാണ് പ്രധാന ആകർഷണം. വർത്തമാനകാലത്തിന്റെ എല്ലാ ആകുലതകളും നിറഞ്ഞുതുളുമ്പുന്ന, ലോകത്തിലെ വിവിധ പ്രദേശങ്ങളും മനുഷ്യരുമാണ് കഥകളുടെ പ്രമേയം. സ്ത്രീ കഥാപാത്രങ്ങളുടെ ആന്തരികലോകവും അവരുടെ വൈകാരിക സംഘർഷങ്ങളും ആഖ്യാനത്തിൽ മനോഹരമായി നിറഞ്ഞുനിൽക്കുന്നു. ബാഹ്യലോകത്തോട് നിരന്തരം പോരാടുമ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന പ്രണയവും വേദനയും ആത്മവിശ്വാസവും ഈ കഥാവിഷ്കാരത്തിന്റെ സവിശേഷതകളാണ്.

കാവ്യാത്മകമായ ശൈലിയിലാണ് ഓരോ കഥയും വികസിക്കുന്നത്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളും ചിന്തകളും കാലാതീതമായ രീതിയിൽ എഴുത്തുകാരി കൊത്തിവെച്ചിരിക്കുന്നു. മനസ്സിനെ വേട്ടയാടുന്ന വൈകാരിക നിമിഷങ്ങളിലൂടെയുള്ള യാത്രയിൽ ഒളിഞ്ഞിരിക്കുന്ന വേറിട്ട വ്യാഖ്യാനങ്ങൾ മലയാള കഥയ്ക്ക് പുതിയൊരു ഭാവുകത്വം കൂടി നൽകുന്നു.

ഇമേജറിയും പ്രതീകാത്മകതയുമാണ് ഇതിലെ കഥകളുടെ ജീവൻ. ഇരുളടഞ്ഞ ചുറ്റുപാടിൽ നിന്നും തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളിലേക്ക് പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുന്ന മനുഷ്യരാണ് ഇതിലെ കഥാപാത്രങ്ങൾ. വ്യക്തിപരമായ പ്രതീക്ഷകളുടെയും അതിജീവനത്തിന്റെയും പ്രതീകങ്ങളായി അവർ വായനക്കാരുടെ മനസ്സിൽ നിലനിൽക്കുന്നു.

ചെന്താരകം, ചൈനീസ് ബാർബിക്യു, ആകാശവണ്ടി, വേട്ടാള, ഒരു ചൈനീസ് തെരുവ്, ഇരട്ടനാളങ്ങൾ, ച്യേ, ഇഫ്ത്തിരീത്തെന്ന് പേരുള്ള പെൺ ജിന്നിന്റെ കഥ, ഒപ്പീസ്, തുരങ്കം, പാവക്കൂട്ട് എന്നിങ്ങനെ 11 കഥകളാണ് ഈ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

മലയാള കഥകൾക്ക് പശ്ചാത്തലമായി വിവിധ പ്രദേശങ്ങളും രാജ്യങ്ങളുമൊക്കെ നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി, ഓരോ നാടിന്റെയും ഭക്ഷണവും കാലാവസ്ഥയും സംസ്കാരവും പ്രണയവും മഞ്ഞും മറ്റു സംസ്‌കൃതികളുമെല്ലാം കഥാകാരി കഥകളിൽ മനോഹരമായി ചേർത്തുവെക്കുമ്പോൾ അതൊരു അപൂർവ്വ ഫാന്റസിയായി വായനക്കാരനു മുന്നിൽ മാറുന്നു. പ്രത്യേകിച്ചും, ചൈനയുടെ ഓരോ മിടിപ്പും ഇത്രത്തോളം ജീവസ്സുറ്റതായി ആവിഷ്കരിച്ച മറ്റൊരു എഴുത്തുകാരി മലയാളത്തിലുണ്ടോ എന്ന് സംശയമാണ്.

ഫർസാന എന്ന എഴുത്തുകാരിയെ അടുത്തറിയാൻ മലയാളിക്ക് ലഭിച്ച മികച്ചൊരു സമ്മാനമാണ് 'വേട്ടാള'. ഒട്ടും മടുപ്പില്ലാതെ വായിച്ചുതീർക്കാവുന്ന 'വേട്ടാള'സമാഹാരത്തിലെ വാക്കുകളും വർണ്ണങ്ങളും വായനക്കാരോടൊപ്പം നിരന്തരം സഞ്ചരിക്കുന്ന അനുഭൂതിയാണ് സമ്മാനിക്കുന്നത്.