1986-ലാണ് ഞാന്‍ ആദ്യമായി കേരളത്തിലേക്ക് വരുന്നത്. ഭാഷ അറിയില്ലെങ്കില്‍ നമുക്ക് ഒന്നും ചെയ്യാനാവില്ല. ഇവിടെ വന്നപ്പോള്‍ പുതിയ പോലീസ് ട്രെയിനിംഗിന്റെ ഭാഗമായി മലയാളഭാഷ പഠിക്കേണ്ടത് നിര്‍ബന്ധമായിരുന്നു. ഞങ്ങളുടെ ഡിഐജി ആയിരുന്ന സുകുമാരന്‍ സാര്‍ പറഞ്ഞു: നിങ്ങള്‍ രണ്ടു കാര്യം ചെയ്യുക: ഒന്നാമതായി മലയാളം സിനിമ കാണുക. രണ്ടാമതായി നിങ്ങളുടെ കൂടെ നടക്കുന്ന ഡ്രൈവറും ഗണ്‍മാനുമായി നിരന്തരം സംസാരിക്കുക. ഭാഷ നന്നായിക്കോളും. അങ്ങനെയാണ് സംസാരിക്കാനുള്ള മലയാളം കൈവശമാക്കിയത്.
പക്ഷേ, കേരളത്തിന് പുറത്തുനിന്ന് വരുന്ന ഐ.എ.എസ്, ഐ.പി.എസ്. ഓഫീസര്‍മാര്‍ക്ക് മലയാളം ഭാഷയെ അടിസ്ഥാനമാക്കിയുള്ള പി.എസ്.സി.യുടെ രണ്ട് ടെസ്റ്റുകള്‍ പാസ്സാവണമായിരുന്നു. 7-ാം ക്‌ളാസ്, 9-ാം ക്‌ളാസ് പുസ്തകങ്ങളായിരുന്നു അവലംബം. ഇല്ലെങ്കില്‍ പ്രമോഷന്‍ കിട്ടില്ല. അതിന്റെ അടിസ്ഥാനത്തില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിച്ചേ മതിയാവൂ. ഈ മൂന്നു രീതിയിലുമായിരുന്നു ടെസ്റ്റ് നടത്തുക. പരീക്ഷപാസ്സാവണമെങ്കില്‍ ഒരു ടീച്ചറുടെ സഹായം അത്യാവശ്യം തന്നെയായിരുന്നു. അന്നു ഞാന്‍ നെടുമങ്ങാട് എ.എസ്.പി.യായിരുന്നു. ഭാഗ്യത്തിന് അവിടുത്തെ അറിയപ്പെടുന്ന ഒരു അധ്യാപകനായ എസ്.കെ. ആചാരി സാര്‍ മലയാളം പഠിപ്പിക്കാമെന്ന് സമ്മതിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഐസക്ക് ആയിരുന്നു എനിക്കുവേണ്ടി അദ്ദേഹത്തോട് സംസാരിച്ചത്. അങ്ങനെയാണ് മലയാളം എഴുതാനും വായിക്കാനും സാധിച്ചത്.
മലയാളം ആദ്യമായി പഠിക്കുമ്പോള്‍ അതിനൊപ്പം കുറെ രസകരമായ സംഭവങ്ങളും നടന്നു. ആചാരി സാര്‍ ഒരു ദിവസം വന്ന് അമ്മ എന്നാല്‍ മദര്‍, അച്ഛന്‍ എന്നാല്‍ ഫാദര്‍, ചേട്ടന്‍ എന്നാല്‍ സഹോദരന്‍ അങ്ങനെ കുറെ വാക്കുകള്‍ പഠിപ്പിച്ചു. ആ വാക്കുകള്‍ ഞാന്‍ പലവുരുപഠിച്ച് മനസ്സിലാക്കിവെച്ചു. അങ്ങനെയിരിക്കേ ഓഫീസിലിരിക്കുമ്പോള്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് വന്നു. അവര്‍ പറയുന്നത് ഒന്നും മനസ്സിലായില്ല. ആകെ മനസ്സിലായത് ചേട്ടന്‍ എന്ന ഒരു വാക്ക് മാത്രമായിരുന്നു. ഞാന്‍ രാവിലെ പഠിച്ചത് ചേട്ടന്‍ എന്നാല്‍ സഹോദരന്‍ എന്നാണ്. അപ്പോള്‍ ഞാന്‍ പോലീസുകാരോട് അവരുടെ സഹോദരനെ പിടിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. അതെന്തിനാണ് സഹോദരനെ പിടിക്കുന്നത് എന്ന് പോലീസുകാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. 'ഇതാ നോക്ക് ചേട്ടനെ കൊണ്ട് പ്രശ്നമാണെന്ന് തോന്നുന്നു. അതുകൊണ്ടാണ് സഹോദരനെ പിടിക്കാന്‍ പറഞ്ഞത്.' അപ്പോ അവര് പറഞ്ഞു. സര്‍, ചേട്ടന്‍ എന്നാല്‍ സഹോദരന്‍ മാത്രമല്ല, ഭര്‍ത്താവിനെയും വിളിക്കാറുണ്ട് ഇവിടെ! ഇങ്ങനെയൊക്കെയുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കാനാണെങ്കില്‍ എഴുതാനും പഠിക്കണം, വായിക്കാനും പഠിക്കണം, സംസാരിക്കാനും നന്നായിട്ട് പഠിക്കണം എന്നു മനസ്സിലായ അനുഭവമായിരുന്നു അത്.
ഒരു ദിവസം എ.എസ്.പി. എന്‍.ഐ. ഡേവിഡ് എന്നോട് പറഞ്ഞ രസകരമായ ഒരു പോലീസ് സ്‌റ്റേഷന്‍ കഥയുണ്ട്. പണ്ട് 1982-83 ല്‍ തലശ്ശേരി കലാപം നടന്നു. അന്ന് അദ്ദേഹം അവിടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ്. ഒരു ജാഥ പോലീസ് സ്റ്റേഷന് നേരെ വരികയാണ്. സി.ആര്‍.പി.എഫ്. ആണ് അവിടെ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ അന്ന് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. സി.ആര്‍.പി.എഫില്‍ ജോലി ചെയ്യുന്ന ആള്‍ക്കാര്‍ പൊതുവേ മുഴുവന്‍ ഉത്തരേന്ത്യക്കാര്‍ ആയിരിക്കും. ജാഥ വരുമ്പോള്‍ ലോക്കല്‍ ഓഫീസര്‍ എന്തോ ഒരു കാരണം കൊണ്ട് ഉണ്ടായിരുന്നില്ല. ജാഥക്കാര്‍ മലയാളത്തില്‍ സി.ആര്‍.പിഎഫുകാരോട് മാറാന്‍ പറഞ്ഞു: 'ഒരു സൈഡിലേക്ക് മാറൂ, ഞങ്ങള്‍ക്ക് അകത്തുപോയി ഓഫീസര്‍മാരെ കാണാനുണ്ട്.' പക്ഷേ കഷ്ടകാലത്തിന് ഒരു പ്രാവശ്യം മാന്യമായി മാറാന്‍ പറഞ്ഞു, ഒന്നോ രണ്ടോ പ്രാവശ്യം 'മാറ് ' എന്ന് സ്വരം മാറ്റിപ്പറഞ്ഞു. പിന്നെ വേറെയാരോ പറഞ്ഞു: 'മാറെടാ...' മാറ് എന്ന് പറഞ്ഞാല്‍ ഹിന്ദിയില്‍ അടിക്കുക എന്നാണ്. സി.ആര്‍.പി.എഫ്കാര്‍ ഒന്നും നോക്കിയില്ല. അവര് അടിക്കാന്‍ തുടങ്ങി. മറ്റാളുകള്‍ ചോദിച്ചു. എന്തിനാ അവരെ അടിക്കുന്നത്. സംസാരിക്കാമായിരുന്നു. അവര്‍ തന്നെ 'മാറ്','മാറ്' എന്ന് പറഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ അടിച്ചത് എന്നായി സി.ആര്‍.പി.എഫുകാര്‍. അത് തീര്‍ന്നില്ല. അവരെല്ലാം താഴെ വീണുപോയി. 'അയ്യോ അച്ഛാ...' എന്നായി. 'അച്ചാ' എന്ന് പറഞ്ഞാല്‍ വെരി ഗുഡ് എന്നാണ് ഹിന്ദിയില്‍. അപ്പോ സി.ആര്‍.പി.എഫുകാര്‍ വീണ്ടും അടിച്ചു. ഇത്രയും അടി കിട്ടിയിട്ടും മതിയായില്ലേ എന്നു വിചാരിച്ചിട്ട് അവിടെ വീണ്ടും അടി നടന്നുവെന്നാണ് ഡേവിഡ് സാര്‍ ഭാഷയുടെ ഗൗരവത്തെ ബോധ്യപ്പെടുത്താനായി അന്നു പറഞ്ഞുതന്ന ഈ സംഭവം. അദ്ദേഹം മരിച്ചുപോയി.
ചുരുക്കത്തില്‍ പറഞ്ഞാല്‍ നമുക്ക് ഭാഷ നന്നായിട്ട് അറിയില്ലെങ്കില്‍ ജോലി ചെയ്യാനും പറ്റില്ല, വളരെ കാര്യമായി പാവപ്പെട്ട ആളുകള്‍ നമ്മളോട് പരാതി പറയാന്‍ എത്തുമ്പോള്‍ മനസ്സിലായില്ലെങ്കില്‍ ഐ.എ.എസ്, ഐ.പി.എസ്. ഓഫീസര്‍മാരിലുള്ള അവരുടെ വിശ്വാസം കുറയും. അത് വ്യവസ്ഥിതിക്ക് ശരിയല്ല.
ചില ബാലാരിഷ്ടതകള്‍ കാരണം ആദ്യനാളുകളില്‍ എന്റെ മാതൃഭാഷയായ രാജസ്ഥാനി പോലും ശരിയാം വണ്ണം ഉച്ചരിക്കാന്‍ വിസമ്മതിച്ചിരുന്ന ഞാന്‍ പോലീസ് ഉദ്യോഗസ്ഥനായി കേരളത്തിലെത്തിയപ്പോള്‍ മലയാളം എഴുത്തുകാരന്‍ കൂടിയായി എന്നതില്‍ വലിയ അഭിമാനമുണ്ട്. മലയാളഭാഷ പഠിച്ച് മാതൃഭൂമി ബുക്‌സിനുവേണ്ടി 'വൈകും മുമ്പേ' എന്ന പുസ്തകം എഴുതി. കൗമാരക്കാരിലെ ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് 'വൈകും മുമ്പേ' എഴുതിയത്. മലയാളം വായനക്കാര്‍ പുസ്തകത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയാളത്തിലെഴുതിയ രാജസ്ഥാന്‍കാരന്‍ എന്ന വിശേഷണത്തെ ഞാന്‍ സന്തോഷത്തോടുകൂടിയാണ് കാണുന്നത്. എഴുതുകയും വായിക്കുകയും മാത്രമല്ല, മലയാളം പാട്ടുകള്‍ പാടാനും എനിക്കിഷ്ടമാണ്. നഖക്ഷതങ്ങളിലെയും ഒരു വടക്കന്‍ വീരഗാഥയിലെയും പാട്ടുകളാണ് എന്റെ ഹൃദയം കവര്‍ന്നിരിക്കുന്നത്. മലയാളം സിനിമകള്‍ക്കൊപ്പം തന്നെ യേശുദാസിന്റെ ശബ്ദമാധുരിയും എന്നെ ഈ ഭാഷയോട് ചേര്‍ത്തുനിര്‍ത്തിയതില്‍ വലിയൊരു ഘടകമാണ് എന്ന് സമ്മതിക്കാത വയ്യ.
Content Highlights: reading day 2025 rishiraj singh writes
Published: 19 Jun 2025, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented