മാതൃവാത്സല്യത്തിന്റെ അഗാധത തൊട്ടറിയുന്ന വൈലോപ്പിള്ളിയുടെ 'മാമ്പഴം' എന്ന കവിത തൊണ്ണൂറാമാണ്ടിലേക്ക്. കാലാതിവർത്തിയാണ് കവിതയെന്ന ദർശനത്തെ അന്വർഥമാക്കുന്ന മാമ്പഴം. മലയാളി ഹൃദയത്തിൽ സൂക്ഷിക്കുന്ന ഈ കവിത 1936-ലാണ് വൈലോപ്പിള്ളി രചിച്ചത്. ഈ കവിതയുടെ പിറവിക്കുപിന്നിൽ കവിയുടെ കണ്ണീരിന്റെ കഥയുമുണ്ട്. പ്രകടമായ വൈകാരികതയാണ് മാമ്പഴത്തിന്റെ ജീവൻ. നാടകീയമായ ആവിഷ്‌കാരത്തിലൂടെ മാതൃവാത്സല്യമാകുന്ന അമൃതിനെ കവി ഇതിൽ കടഞ്ഞെടുക്കുന്നു.

To advertise here,

അനുഭവം ചാലിച്ച കവിത 

കവി മുളന്തുരുത്തി ഹൈസ്‌കൂളിൽ ജോലിചെയ്യുന്ന കാലത്താണ് മാതൃഭൂമിയിൽനിന്ന് ഒരു കത്ത് ലഭിക്കുന്നത്- ഓണം വിശേഷാൽപ്രതിയിലേക്ക് ഒരു കവിത വേണം. കവിതയ്ക്കുള്ള വിഷയം മനസ്സിൽ ധ്യാനിക്കുന്നതിനിടയിൽ, മരിച്ചുപോയ അനുജനെ കവി ഓർത്തു. നാലഞ്ചുവയസ്സുള്ളപ്പോൾ പനിപിടിച്ചാണ് കൃഷ്ണൻകുട്ടി മരിച്ചത്. അപസ്മാരംപോലുള്ള അവസ്ഥകണ്ട്, അമ്മ വൈദ്യരെ വിളിക്കാൻ വൈലോപ്പിള്ളിയെ അയക്കുകയായിരുന്നു. മരുന്നുമായി തിരിച്ചുവരുമ്പോഴേക്കും അവൻ ലോകത്തോട് വിടപറഞ്ഞിരുന്നു. ആറുകൊല്ലംമുൻപ് മരിച്ചുപോയ അനുജന്റെ ഓർമ്മയിൽ നെയ്‌തെടുത്ത കാവ്യശില്പമാണ് മാമ്പഴം.

മധുരമൂറുന്ന വരികൾ 
''അങ്കണത്തൈമാവിൽ നി-

ന്നാദ്യത്തെപ്പഴം വീഴ്കെ

അമ്മതൻ നേത്രത്തിൽ നി-

ന്നുതിർന്നു ചുടുകണ്ണീർ'' 

എന്ന വരികളോടെയാണ് കവിതയുടെ തുടക്കം. മുറ്റത്തെ തൈമാവിൽനിന്ന് ആദ്യത്തെ പഴം വീഴുമ്പോൾ ആരും സന്തോഷിക്കും. എന്നാൽ ഇവിടെ അമ്മ കണ്ണീരണിയുന്നു. ആദ്യവരികളിൽത്തന്നെ കവിതയുടെ അകക്കാമ്പ് കവി അവതരിപ്പിക്കുന്നു. അമ്മയുടെ കണ്ണീരിന്റെ ഈർപ്പം അനുവാചകഹൃദയത്തിലേക്ക് പടരുകയാണ്.

മധുരോദാരമായ വരികളാൽ സമ്പന്നമാണ് ഈ കവിത. ഉണ്ണിയുടെ കുസൃതിയും മനസ്സും ഇതിൽ വ്യക്തമായി കാണാം. ''ചൊടിച്ചു മാതാവപ്പോൾ, ഉണ്ണികൾ വിരിഞ്ഞ പൂവൊടിച്ചു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ...'' എന്നിങ്ങനെ, കുട്ടിയുടെ കുസൃതി അമ്മമനസ്സിൽ തീർക്കുന്ന ആശങ്കയും കുട്ടിയെ ബോധ്യപ്പെടുത്താനുള്ള വെമ്പലും ഇവിടെ പ്രകടമാകുന്നു. കുട്ടികൾ ദൈവതുല്യരാണെന്ന ദാർശനികതയും കവി പങ്കുവയ്ക്കുന്നു.

മുറ്റത്തുവീണുകിടക്കുന്ന മാമ്പഴം പെറുക്കി, ഒടുവിൽ തൻഉണ്ണിയുടെ ശരീരം മറവുചെയ്ത മണ്ണിൽവെച്ച് അമ്മ നടത്തുന്ന ആത്മഭാഷണം മാതൃവാത്സല്യത്തിന്റെ മഹനീയത നമ്മെ ബോധ്യപ്പെടുത്തുന്നു.

കുട്ടിക്കാലത്തിന്റെ ഭാവചിത്രം 

വീട്ടുമുറ്റത്തെ മാവിൻചോട്ടിൽ കളിപ്പന്തൽ തീർത്ത് ഉല്ലസിച്ച ഒരു കുട്ടിക്കാലത്തിന്റെ ഓർമ്മ പങ്കുവയ്ക്കപ്പെടുന്ന കവിതകൂടിയാണിത്. അതിലേക്ക് മനസ്സുണർത്തുന്ന ബിംബകല്പനകളാൽ സമ്പന്നമാണ് മാമ്പഴം. അങ്കണത്തൈമാവ്, പൂങ്കുല തല്ലിക്കൊഴിക്കുന്ന കുട്ടികൾ, കുസൃതികൾ, അമ്മയുടെ ശാസന, കളിവീടുതീർക്കുന്ന അയൽപക്കത്തെ കിടാങ്ങൾ, വീണുകിടക്കുന്ന മാമ്പഴം, മീനച്ചൂട്... തുടങ്ങി നഷ്ടസ്മൃതികളിലേക്ക് നമ്മെ നയിക്കുന്ന നിരവധി ബിംബങ്ങൾ കവിതയിലുടനീളം കാണാം.

മികച്ചൊരു ഭാവഗീതമാണ് മാമ്പഴം. ഭാവഗീതത്തിന്റെ പരിധിക്കുള്ളിൽനിന്നുകൊണ്ടുതന്നെ നാടകീയതയുടെ അനന്തസാധ്യതകളെ സാക്ഷാത്കരിക്കാൻ കവിക്ക് കഴിഞ്ഞു. അതുതന്നെയാണ് മാമ്പഴത്തിന്റെ കാലാതിവർത്തിയായ ജനപ്രിയതയ്ക്ക് കാരണവും.