ചന്തമെഴുന്നോരെൻ ഗ്രാമത്തിൻ കാഴ്ചതൻ
ചിത്രമെഴുതാമോ ചിത്രകാരാ
ചെമ്പകം പൂത്തൊരു പാതയോരത്തതാ
ചോപ്പു വസന്തമായ് വാകമരം
ചെന്താമരപ്പൂക്കൾ നൃത്തം വയ്ക്കുന്ന
ചിറയതു കാണുവാനെന്തു ചന്തം
ചിത്രശലഭങ്ങളുമ്മ വെച്ചീടുന്ന
കൃഷ്ണ കിരീടങ്ങളെന്ത് ഭംഗി
ചെത്തിയും ചേമന്തീം ചെമ്പരത്തി പൂവും
ചേലിൽ വളരുന്ന അങ്കണങ്ങൾ
ചെങ്കദളി പൂവിൽ തേൻ നുകരാനായി
ചുണ്ടു കൂർപ്പിച്ചൊരു സൂചിമുഖി
ചക്കരമാവുണ്ട്, പ്ലാവുണ്ടനവധി,
ചേലുള്ള വൃക്ഷങ്ങളേറെയുണ്ട്
ചാമ്പയും പേരയും നെല്ലിയുമങ്ങനെ
ചെക്കന്മാർ കേറും മരങ്ങളുണ്ട്
ചിരിതൂകും പൂക്കൾ വിടരുന്നു വേലിയിൽ
ചുറ്റിപ്പടരുന്ന വള്ളിച്ചെടിയിൽ
ചെത്തിമിനുക്കിയ വീടിന്റെ മുറ്റത്ത്
ചാഞ്ഞുപടർന്നൊരു മുല്ലപ്പന്തൽ
ചിറകനക്കാതെ നീങ്ങുന്നു മാനത്ത്
ചക്കിപ്പരുന്ത് ഇരയും തേടി
ചക്കിപ്പരുന്തിനെ പേടിച്ചു അമ്മ തൻ
ചിറകിൽ ഒളിക്കുന്നു കുഞ്ഞു കോഴി.
ചെറുപുള്ളി, പൂവാലി പയ്യുകൾ കുന്നിന്റെ
ചെരിവിലെ പുൽമേട്ടിൽ മേയുന്നുണ്ടേ
ചാരുതയുള്ളോരീ ഗ്രാമത്തിൻ കാഴ്ചകൾ
ചൊല്ലിയാൽ തീരില്ല ചിത്രകാരാ....
ചന്തമെഴുന്നോരെൻ ഗ്രാമത്തിൻ കാഴ്ചതൻ
ചിത്രമെഴുതാമോ ചിത്രകാരാ.....
Content Highlights: Depicts the vibrant and colorful sights of a traditional village, Describes blooming flowers, trees, and domestic animals, Captures rural life and natural beauty.
Published: 16 Sept 2026, 12:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented