മാറനല്ലൂര്‍: നൂറാംവയസ്സില്‍ കാഴ്ചമങ്ങിയെങ്കിലും അത് രാമന്‍നായരുടെ പത്രവായനയെ ബാധിച്ചിട്ടില്ല. കണ്ണിനു സഹായിയായി ഭൂതക്കണ്ണാടിവെച്ച് രാമന്‍നായര്‍ വായന തുടരുന്നു. മാറനല്ലൂര്‍ ഡിവിഎംഎന്‍എന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപകനും മാറനല്ലൂര്‍ നിര്‍മല്‍ ഭവനില്‍ രാമന്‍നായരാണ് ദിവസേന പത്രം വായിക്കാന്‍ ലെന്‍സും ഒപ്പംകൂട്ടുന്നത്.

To advertise here,

രാവിലെ ഏഴുകഴിഞ്ഞാല്‍ പത്രംവന്നോയെന്ന് മകന്‍ ബാലചന്ദ്രനോട് അന്വേഷിച്ചുതുടങ്ങും. പത്രമെത്തിയാല്‍ മകന്‍ രാമന്‍നായരുടെ കൈയില്‍ കൊടുക്കും. ഉടന്‍തന്നെ സമീപത്തു സൂക്ഷിച്ചിരിക്കുന്ന ലെന്‍സ് എടുത്ത് രാമന്‍നായര്‍ വായന തുടങ്ങും. ഇടതുകൈയില്‍ പത്രവും വലതുകൈയില്‍ ലെന്‍സുമായി പിന്നെയങ്ങോട്ട് നീണ്ട വായനയാണ്.

75 വര്‍ഷമായി മാതൃഭൂമി പത്രമാണ് രാമന്‍നായര്‍ വായിക്കുന്നത്. പത്രവിതരണക്കാരന്‍ അബദ്ധത്തില്‍ ഏതെങ്കിലും ദിവസം പത്രം മാറ്റിയിട്ടാല്‍ മാതൃഭൂമി കിട്ടുന്നതുവരെ മകനോട് അന്വേഷിച്ചുകൊണ്ടേയിരിക്കും.

ആറുമാസം മുന്‍പ് വീട്ടില്‍ തെന്നിവീണതുകാരണം ഇപ്പോള്‍ കിടക്കയില്‍ കിടന്നാണ് പത്രം വായിക്കുന്നത്. വീഴ്ചയ്ക്കു മുന്‍പ് ചാരുകസേരയിലിരുന്നായിരുന്നു വായന. അവസാനം എഡിറ്റോറിയല്‍ പേജ് തീര്‍ത്തുവായിച്ചശേഷമാണ് പത്രം മടക്കിവെക്കുക.

പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ ഇക്കാലത്ത് യുവതലമുറയ്ക്ക് രാമന്‍നായര്‍ ഉദാത്തമാതൃകയാണ്.