വായനദിനത്തോടനുബന്ധിച്ച് എ.എം.എം.എച്ച്.എസ് പുളിക്കൽ യു.പി. വിഭാഗത്തിലെ 7-ാം ക്ലാസിൽ ജൂൺ 19 ന് ആരംഭിച്ച 'എന്റെ പുസ്തകം നമ്മുടെ ലൈബ്രറി' പദ്ധതി ശ്രദ്ധേയമാകുന്നു.

To advertise here,

ക്ലാസ് ലൈബ്രറി കൂടുതൽ സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ വിദ്യാർത്ഥികൾ സ്വന്തം പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയാണ്. കഥ, നോവൽ, ജീവചരിത്രം, ശാസ്ത്രം, ചരിത്രം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളാണ് കുട്ടികൾ ലൈബ്രറിയിലേക്ക് കൈമാറുന്നത്. ജന്മദിനം പോലുള്ള ദിവസങ്ങളിൽ മധുരവും മിഠായിയും നൽകുന്നതിനും പകരം കുട്ടികൾ ഒരു പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക് സ്‌പോൺസർ ചെയ്യാനാണ് ക്ലാസ് അധ്യാപകൻ ജുനൈദ് നൽകിയ നിർദേശം. കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തതോടെ ഈ പദ്ധതി ശ്രദ്ധേയമായി. പുസ്തകങ്ങൾ വായിക്കുന്ന ശീലം വളർത്തുന്നതിനും അറിവ് പങ്കുവെക്കുന്നതിനും സഹപാഠികൾക്ക് വായനയുടെ ലോകം തുറന്നുകൊടുക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.

ക്ലാസ് ടീച്ചർ ജുനൈദ് എം.വിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മികച്ച സഹകരണത്തോടെ പദ്ധതി വിജയകരമായി മുന്നേറുകയാണ്.

'ഒരു പുസ്തകം സമ്മാനിക്കൂ... ഒരു ലൈബ്രറി വളർത്തൂ.' എന്ന സന്ദേശമാണ് ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നത്.