നാദാപുരം (കോഴിക്കോട്): വായിച്ചുവളരുന്ന സ്‌കൂൾ കുട്ടികൾ, അവർക്കൊപ്പം വായിച്ചുയരുന്ന നാടും. കോഴിക്കോട് നാദാപുരത്ത് ഇപ്പോൾ എല്ലാവരും വായനയുടെ ലോകത്താണ്. കുട്ടികളും അധ്യാപകരും ഇപ്പോഴിതാ അമ്മമാരും.

To advertise here,

ഉപജില്ലയിലെ എൽ.പി., യു.പി. വിദ്യാർഥികൾ ഒരുവർഷത്തിനിടെ വായിച്ചത് 12,000 പുസ്തകങ്ങൾ. അധ്യാപകർ 3000 പുസ്തകങ്ങളും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.എച്ച്. സനൂപാണ് നാടിനെയൊന്നാകെ വായനയുടെ ഹരത്തിലേക്ക് നയിച്ചത്.

2025-ലെ വായനാദിനത്തിൽ എല്ലാ സ്‌കൂളുകളിലും 'വാക്കുകളുടെ പൂക്കാലം' പദ്ധതി തുടങ്ങി. എൽ.പി. സ്‌കൂളിൽ ദിവസം ഒരുമണിക്കൂറും യു.പി.യിൽ 45 മിനിറ്റും നിർബന്ധമായും വായനയ്ക്കായി മാറ്റിവെക്കും. മൂന്ന്, നാല് ക്ലാസ് വിദ്യാർഥികൾ ചുരുങ്ങിയത് ഒരു അധ്യയനവർഷം മൂന്നുപുസ്തകമെങ്കിലും വായിക്കണം. യു.പി. കുട്ടികൾ അഞ്ചും. പുസ്തകപ്പട്ടിക എ.ഇ.ഒ. നൽകിയിരുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബാബു എബ്രഹാമിന്റെ 'കന്പിളികണ്ടത്തെ കൽഭരണികൾ' ഉൾപ്പെടെ ഇതിലുണ്ട്. വെറുതേ വായിച്ചെന്നു പറഞ്ഞാൽപോരാ, പുസ്തകത്തിന്റെ ആസ്വാദകക്കുറിപ്പ് തയ്യാറാക്കിനൽകണം. മിക്ക സ്‌കൂളുകളും വായനക്കുറിപ്പുകൾ പുസ്തകരൂപത്തിലാക്കിയിട്ടുണ്ട്. പുസ്തകത്തെ അധികരിച്ച് റീൽസും ഷോർട്ട് ഫിലിമുകളും നിർമിച്ച സ്‌കൂളുകളുമുണ്ട്. മികച്ച സ്‌കൂളുകൾക്ക് ഉപജില്ലാതലത്തിൽ സമ്മാനവും ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മധ്യവേനലവധിക്കാലത്താണ് അധ്യാപകവായന തുടങ്ങിയത്. ചുരുങ്ങിയത് അഞ്ച് പുസ്തകമെങ്കിലും വായിക്കാനും കുറിപ്പ് തയ്യാറാക്കാനുമായിരുന്നു നിർദേശം. സ്‌കൂൾ പരിശോധനാ സമയത്ത് അധ്യാപകരോട് വായിച്ച പുസ്തകങ്ങളെക്കുറിച്ചും എ.ഇ.ഒ. ചോദിക്കും. വായിക്കാത്ത അധ്യാപകർ പെടുമെന്നുചുരുക്കം. ഈ അധ്യയനവർഷം ക്ലാസ് പി.ടി.എ. മുഖേന 'അമ്മവായന'യും തുടങ്ങി.