ആരോഗ്യമുള്ള അമ്മമാരും കുഞ്ഞുങ്ങളുമെവിടെ? ആദിവാസിയുടെ ഭക്ഷ്യക്കൊട്ടയിൽ എന്തുണ്ട് / Part 4


നീനു മോഹൻ

ആരോഗ്യദായകമായ ഭക്ഷണശീലം -സമീകൃതാഹാരം എന്തേ പണിയഊരുകളിൽ എത്തുന്നില്ല , പൊതുവിതരണ സമ്പ്രദായവും സർക്കാരും ഇത്രയധികം ചെലവഴിച്ചിട്ടും ഭക്ഷ്യക്കിറ്റുകൾ നൽകിയിട്ടും എന്തുകൊണ്ടാണ് ഊരുകളിൽനിന്ന് പോഷകാഹാരക്കുറവും വിളർച്ചയും തൂക്കക്കുറവും വിട്ടുമാറാത്തത്. പണിയന്റെ ഭക്ഷ്യക്കൊട്ടയിൽ എന്താണ് അവശേഷിക്കുന്നത് ?

Premium

Representational image

പണിയന് ചപ്പെന്നാൽ (ഇലക്കറികൾ) വായിൽ വെള്ളംപൊടിയും - കരിന്താൾ, മുടുങ്ങ, മുരിങ്ങ, പൊന്നാങ്കണ്ണി, തക്കാളിമുളക് ചപ്പ്, മുരിക്കിന്റെ ഇളംചപ്പ്, വേലിച്ചീര, കുമ്പളത്തിന്റെ ചപ്പ്, പങ്കിത്താള്. കാന്താരിമുളക്‌ ചതച്ചിട്ട് ഉപ്പുമിട്ടിളക്കി വേവിച്ച് അടുപ്പത്തുനിന്ന് വാങ്ങിവെക്കുമ്പോൾ ഇത്തിരി വെളിച്ചെണ്ണ തൂകിയെടുത്താൽ ചപ്പായി. ഓപ്പഞണ്ടും കുണ്ടുഞണ്ടുമെന്ന് വയലിൽ കാണുന്ന രണ്ടിനം ഞണ്ടുകളെ വിളിക്കും. ഒരിനം കക്കയായ നൂഞ്ചി, മീനാണെങ്കിൽ പരൽക്കണ്ണി, ആരൽ, കല്ലേമുട്ടി, തോട, കടുവ, ചേറ്മീൻ, പരൽ... മീനും ഞണ്ടും ചുട്ടോ കറിയാക്കിയോ കഴിക്കാം. കിഴങ്ങാണെങ്കിൽ നൂറക്കിഴങ്ങും കവിലയും നാരക്കിഴങ്ങും. മസാലകളില്ല. പണ്ടായിരുന്നേൽ വല്ലിയായി കിട്ടിയ നെല്ല് കുത്തിയെടുത്ത് കഞ്ഞിയുണ്ടാകും. വെള്ളംപോലും കളയാതെ കുടിച്ചുതീർക്കും.

റേഷനരിച്ചോറും കടലയും അമൃതം പൊടിയും കൊണ്ട് സമീകൃതാഹാരശീലങ്ങളെക്കുറിച്ച് ബോധവത്കരിക്കാൻ വരുന്ന അധികൃതർ ഏറ്റവും ചുരുങ്ങിയ തോതിൽ അറിഞ്ഞിരിക്കേണ്ട പണിയരുടെ ഭക്ഷണവൈവിധ്യമാണിത്. ഗവേഷകനായ എം.കെ. രതീഷ് നാരായണൻ പ്രസിദ്ധീകരിച്ച പഠനപ്രകാരം, പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാട്ടിൽ അധിവസിക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങൾ 224 ഇനം പച്ചക്കറിയിനങ്ങളെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. 40 ഇനം കൂണുകൾ, 84 ഇനം ഇലക്കറികൾ, 62 ഇനം പഴങ്ങളും വിത്തുകളും അവരുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു.

അട്ടിമറിക്കപ്പെട്ട ശീലങ്ങൾ

വയൽ അധിഷ്ഠിത ജൈവവൈവിധ്യ വ്യവസ്ഥയിലെ ആഹാരശീലങ്ങളാണ് പണിയർ പിന്തുടർന്നത്. ഭൂവിനിയോഗത്തിലെ മാറ്റവും വയലുകളിൽ വാഴക്കൃഷി തുടങ്ങിയതും രാസവളങ്ങളുടെ ഉപയോഗവും ഇവരുടെ ഭക്ഷണക്രമത്തെ ആകെ അട്ടിമറിച്ചു. ഇപ്പോൾ ഊരിലെ പ്രായമായ മുത്തശ്ശിമാരുടെ ഓർമകളിലേ പല ചപ്പും കിഴങ്ങുമുള്ളൂ. വയലിലിറങ്ങി സ്ഥിരമായി നൂഞ്ചി പിടിച്ചു കഴിച്ചിരുന്ന പാറ്റയമ്മ ഓർമയ്ക്കായി നൂഞ്ചിയുടെ തോട് സൂക്ഷിച്ചുവെച്ചിടത്തേക്കുള്ള മാറ്റമാണ് പണിയരുടെ സമീകൃതാഹാരത്തെ അട്ടിമറിച്ചത്. കാലങ്ങളായി അവർ ശീലിച്ച ഭക്ഷണങ്ങളൊന്നും ലഭ്യമല്ലാതായി.

വൈകീട്ട് പണികഴിഞ്ഞുവന്ന് കഞ്ഞിയും ചപ്പും കറികളുമുണ്ടാക്കി കഴിച്ച് പിറ്റേന്ന് രാവിലെ ബാക്കിയുള്ള പഴങ്കഞ്ഞിയും കഴിക്കുന്നതായിരുന്നു പണിയരുടെ ആഹാരക്രമം. ഇടനേരങ്ങളിൽ വിശക്കുമ്പോൾ കുഞ്ഞുങ്ങൾ ഉൾപ്പെടെ ചക്കയോ മാങ്ങയോ മറ്റു പഴങ്ങളോ പച്ചക്കറികളോ ലഭ്യമായതെല്ലാം കഴിക്കും. അവിടെനിന്ന് പൊതുസമൂഹത്തിന്റെ മൂന്നുനേരത്തെ ആഹാരക്രമത്തിലേക്കുള്ള മാറ്റത്തിലാണ് ഊരുകളും. എന്നാൽ, മൂന്നുനേരങ്ങളിലേക്ക് പോഷകസമൃദ്ധമായ ഭക്ഷ്യവിഭവങ്ങൾ ശേഖരിക്കുന്ന പതിവ് തുടങ്ങിയിട്ടുമില്ല. വംശീയ ഭക്ഷണങ്ങൾക്ക് പകരം ഭക്ഷ്യക്കൊട്ടയിൽ ഇടംപിടിച്ചതാകട്ടെ പൊേറാട്ടയും റേഷനരിയും തക്കാളിയും പരിപ്പും ഉള്ളിയും ചെറിയ വൈവിധ്യങ്ങൾ. വളർത്തുമൃഗങ്ങളെ കൊല്ലാനാവില്ലെന്ന ശീലം പിന്തുടരുന്ന ഊരുകളിൽ കോഴിയിറച്ചി പുറത്തുനിന്ന് വാങ്ങണമെന്നായി. പുതിയ തലമുറയ്ക്ക് മാത്രമാണ് കോഴിയിറച്ചി പഥ്യം. വനനിയമങ്ങളിലെ മാറ്റം വനവിഭവങ്ങളെ ഭക്ഷ്യക്കൊട്ടയിൽനിന്ന് പുറത്താക്കി. മുൻകാലങ്ങളിൽ കാപ്പിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചിരുന്നവർ കടുംകട്ടൻചായയ്ക്ക് അടിമയായതോടെ വിശപ്പില്ലാതായി. മദ്യപാനവും പുകയിലയും ശീലമായതോടെ പോഷകങ്ങളെ ശരീരത്തിലേക്ക് ആഗിരണംചെയ്യാനുള്ള ശേഷിയും കുറഞ്ഞു. ഭക്ഷ്യക്കൊട്ടയുടെ ഈ അട്ടിമറി വഴി ആരോഗ്യമില്ലായ്മയുടെ എല്ലാ സൂചകങ്ങളിലും പണിയർ ഒന്നാമത്തെത്തി എന്നതാണ് പരിണതഫലം.

ആരോഗ്യമുള്ള അമ്മമാരും കുഞ്ഞുങ്ങളുമെവിടെ?

ആദിവാസി ആരോഗ്യം സംബന്ധിച്ചുള്ള പൊതുകണക്കല്ലാതെ ഗോത്രം തിരിച്ചുള്ള കണക്കുകൾ ഇപ്പോഴും ആരോഗ്യവകുപ്പിന്റെ കൈവശമില്ല. അതേസമയം, ക്ലിനിക്കൽ അനുഭവങ്ങളിൽ ആരോഗ്യസൂചികകളിൽ പണിയരും അടിയരും കാട്ടുനായ്ക്കരുമാണ് പിന്നാക്കം നിൽക്കുന്നതെന്നും ആദിവാസികൾക്കിടയിൽത്തന്നെ വലിയ അന്തരമുണ്ടെന്നും ഡോക്ടർമാർ പറയുന്നു. പണിയരിലെ പോഷകാഹാരക്കുറവിനെ സംബന്ധിച്ച് 2017 ജനുവരിയിൽ കല്പറ്റ അമൃതകൃപ ചാരിറ്റബിൾ ഹോസ്പിറ്റൽ നടത്തിയ പഠനമാണ് മേഖലയിലെ ആദ്യപഠനങ്ങളിലൊന്ന്. 223 പണിയ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ച് പഠിച്ചതിൽ 53.8 ശതമാനം പേർക്കും പോഷകാഹാരക്കുറവുള്ളതായും 25 ശതമാനം പേർക്ക് ഗുരുതര പോഷകാഹാരക്കുറവുള്ളതായും കണ്ടെത്തി. നാലിൽ ഒരാൾ പോഷകാഹാരക്കുറവ് നേരിടുന്നതിനാൽത്തന്നെ മികച്ച ആസൂത്രണത്തോടു കൂടിയുള്ള സമഗ്രമായ ഇടപെടൽ മേഖലയിൽ വേണമെന്നാണ് പഠനം ശുപാർശ ചെയ്തത്.

2018-ൽ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിന് കീഴിൽ നടന്ന പണിയ, കുറിച്യ വിഭാഗങ്ങളുടെ താരതമ്യപഠനത്തിൽ പണിയവിഭാഗത്തിലെ രണ്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളിൽ 52.3 ശതമാനത്തിനും വളർച്ചമുരടിപ്പും 58.9 ശതമാനത്തിനും തൂക്കക്കുറവും 66.9 ശതമാനം കുട്ടികളിലും പോഷകാഹാരക്കുറവും കണ്ടെത്തി. ഭക്ഷ്യസുരക്ഷയും സ്ത്രീശാക്തീകരണ നടപടികളും ഗോത്രാടിസ്ഥാനത്തിൽ ഉണ്ടാവണമെന്ന ശുപാർശയായിരുന്നു പഠനം മുന്നോട്ടുവെച്ചത്.

പട്ടികവർഗ വികസനവകുപ്പും ഐ.സി.ഡി.എസും ആരോഗ്യവകുപ്പുമെല്ലാം ഇപ്പോഴും അമ്മമാരുടെയും കുട്ടികളുടെയും തൂക്കക്കുറവും ശിശുമരണനിരക്കും മാതൃമരണനിരക്കും പോഷകാഹാരക്കുറവുമെല്ലാം പഠിക്കുന്നുണ്ട്. ക്രോഡീകരിച്ച വിവരങ്ങളും ലഭ്യമാണ്. ബത്തേരിയിലെ ന്യൂട്രീഷൻ റിഹാബിറ്റേഷൻ സെന്ററിൽ ചികിത്സതേടുന്നവരിൽ വലിയ ശതമാനം ആദിവാസി കുട്ടികളാണ്. ഫലമില്ലാതെ തുടർചികിത്സയ്ക്കായി വീണ്ടുമെത്തുന്നതും ആദിവാസിക്കുട്ടികൾ തന്നെ. എന്നാൽ, ആദിവാസികളിൽ പണിയർക്കും കുറിച്യർക്കുമിടയിൽത്തന്നെ വലിയ അന്തരമുണ്ടെന്നിരിക്കെ യഥാർഥചിത്രം ലഭിക്കാനും പദ്ധതികൾ ആവിഷ്കരിക്കാനും ഈ ഇടപെടലുകൾക്കാവുന്നില്ല.

പണിയരുടെ ഭക്ഷണവൈവിധ്യം ഉറപ്പാക്കാനോ പുതിയ ഭക്ഷണശീലങ്ങളിലേക്ക് അവരെയെത്തിക്കാനോ നമുക്കായിട്ടില്ല. തൂക്കക്കുറവുള്ള രണ്ടു വയസ്സുകാരിയെ കണ്ടത് കല്പറ്റയ്ക്ക് അടുത്തുള്ള കോളനിയിലാണ്. കണ്ടാൽ ഒരുവയസ്സുപോലും തോന്നില്ല. മുപ്പത് പിന്നിട്ട അമ്മയ്ക്കും തൂക്കക്കുറവും വിളർച്ചയുമുണ്ട്. കുഞ്ഞിന് എന്തു കഴിക്കാൻ കൊടുത്തുവെന്ന ചോദ്യത്തിന് അമൃതം പൊടിമാത്രം എന്നു മറുപടി കിട്ടി. രണ്ടുവയസ്സുകാരിക്ക് എല്ലാഭക്ഷണവും നൽകുന്നതിനൊപ്പം അമൃതംപൊടിയും കൊടുക്കാമെന്നായിരിക്കും അങ്കണവാടി ടീച്ചർ പഠിപ്പിച്ചിരിക്കുക. എന്നാൽ, ഭക്ഷണത്തെ അമൃതംപൊടിയിലേക്കുമാത്രം ചുരുക്കാമെന്നാണ് അമ്മ മനസ്സിലാക്കിയത്. ഇതാണ് പണിയരും പൊതുസമൂഹവുമായുള്ള ആശയവിനിമയത്തിലെ പ്രയാസം. നമ്മളും അവരുമെന്ന മേൽക്കോയ്മയിൽ നിന്നാണ് എല്ലാ ആശയവിനിമയവും നടക്കുന്നത്. ഇതിന് മാറ്റംവരാതെ, നിരന്തരം ഇടപെടാതെ മാറ്റം ഉണ്ടാവില്ല. ആരോഗ്യമുള്ള അമ്മയും കുഞ്ഞുമില്ലാതെ ആരോഗ്യമുള്ള അടുത്ത തലമുറ ഉണ്ടാവില്ലെന്ന് സർക്കാർ തിരിച്ചറിയണം.

പണിയർക്ക് ആരോഗ്യമില്ല

ഹീമോഗ്ലോബിന്റെ തോത് കുറവുണ്ടെന്ന് പറയുന്ന സ്ത്രീകളിൽ 9-10 ആയിരിക്കും സാധാരണയായിക്കാണു ന്നത്. വേണ്ടത് 12 -14 ആണ്. പണിയരിൽ എട്ട്‌ എന്നത്‌ സാധാരണ കാണുന്ന തോതാണ്. എന്റെ ക്ലിനിക്കൽ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും കുറവ് ഹീമോഗ്ലോബിൻ തോത് ഒരു പണിയ സ്ത്രീയിൽ ആയിരുന്നു. 1.8 ശതമാനം. പണിയരുടെ ഇടയിൽ ശിശുമരണങ്ങൾ ഉണ്ടാകുന്നുണ്ട്. പലപ്പോഴും മെഡിക്കൽ കാരണം പറയാൻ അവർക്കാവുന്നില്ല. പനി പിടിച്ചു മരിച്ചു എന്നായിരിക്കും മറുപടി. ആയുർദൈർഘ്യം കുറയുന്നതും നിരീക്ഷിക്കുന്നു. 40-50 പ്രായത്തിലുള്ളവരുടെ മരണനിരക്ക് ഉയരുന്നു.

- ഡോ. സഞ്ജീവ് വാസുദേവൻ

ഡയറക്ടർ അമൃതകൃപ ചാരിറ്റബിൾ ഹോസ്പിറ്റൽ. കല്പറ്റ

(തുടരും)

Content Highlights: Problems Faced by Paniyar in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented