സാമ്പത്തിക ഭദ്രതയുള്ള മുതിര്ന്നവര് തങ്ങളുടെ മാനസിക ആശ്വാസത്തിനും സന്തോഷത്തിനുമായി പണം ചെലവഴിക്കാന് മടിക്കുന്നില്ല എന്നതാണ് ഈ മേഖലയിലെ വന് കുതിച്ചുചാട്ടത്തിന് കാരണം.

ഇതെന്താ ടോയ് കാറുകളുടെ ഷോറൂമോ? എന്ന് സഹപ്രവർത്തകന്റെ വർക്ക് സ്റ്റേഷൻകണ്ട് അന്തംവിട്ടിട്ടുണ്ടോ? ലാപ്‌ടോപ്പിന്റെ കീബോഡിൽ നിറയെ സ്റ്റിക്കറുകൾ കണ്ട് ജോലിയിൽ ഇയാൾക്ക് ഒട്ടും ഉത്തരവാദിത്തമില്ലേ, എല്ലാം കുട്ടിക്കളിയാണോ എന്ന് ചിന്തിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ ചിന്തകൾ അല്പം പഴഞ്ചനായിത്തുടങ്ങിയെന്ന് സ്വയം സമ്മതിക്കാൻ ഒരുങ്ങിക്കോളൂ..കാരണം അവരെല്ലാം കിഡൾട്ട് തരംഗത്തിന്റെ ഭാഗമാണ്. കളിപ്പാട്ടങ്ങളുടെ യഥാർഥ ഉപഭോക്താവ് ആരാണ്? കുട്ടികൾ എന്നുത്തരം പറയാൻ വരട്ടെ, പുതിയ വിപണി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കളിപ്പാട്ടങ്ങളുടെ യഥാർഥ ഉപയോക്താക്കൾ മുതിർന്നവരാണെന്നാണ്. കളിപ്പാട്ടങ്ങൾ കേവലം കുട്ടികളുടെ കളിക്കോപ്പുകൾ എന്നതിലുപരി, മുതിർന്നവരുടെ ഹോബികളായും വ്യക്തിപരമായ ശേഖരങ്ങളായും സമ്മർദത്തിൽ നിന്ന് രക്ഷനൽകുന്നവയായും മാറിക്കഴിഞ്ഞുവെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സൂപ്പർ ഹീറോകളുടെ മിനിയേച്ചറുകൾ, ബോർഡ് ഗെയിമുകൾ, പ്ലഷ് ടോയ്‌സ്, സോഫ്റ്റ് ടോയ്‌സ്, ടോയ് കാറുകൾ, പോപ്പ് മാർട്ടിന്റെ ബ്ലാക്ക് ബോക്‌സ് കളക്ടബിളുകൾ തുടങ്ങിയ കളിപ്പാട്ടങ്ങളെല്ലാം തേടി ഇന്ന് കടകളിലെത്തുന്നവർ ഭൂരിഭാഗവും മുതിർന്നവരാണ്. കിഡൾട്ട്‌സ് എന്നറിയപ്പെടുന്ന, ഉള്ളിൽ കുട്ടിത്തം സൂക്ഷിക്കുന്ന ഈ മുതിർന്ന ഉപഭോക്തൃവിഭാഗം ആഗോള കളിപ്പാട്ട വ്യവസായത്തിന്റെ ഭാവിയെത്തന്നെ മാറ്റിമറിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാരണങ്ങൾ ഇതാണ്
എന്തുകൊണ്ടാണ് കൈനിറയെ പണവും ഉത്തരവാദിത്തങ്ങളുമുള്ള 'മുതിർന്ന കുട്ടികൾ' കളിപ്പാട്ടങ്ങളിലേക്ക് വീണ്ടും മടങ്ങിയെത്തുന്നത്? ഒന്നാമത്തെ കാരണം നൊസ്റ്റുതന്നെ, ബാല്യകാലത്തെ ഓർമകളെ തിരികെപ്പിടിക്കാനുള്ള ഗൃഹാതുരത. കുട്ടിക്കാലത്ത് ആഗ്രഹിച്ചിട്ടും സ്വന്തമാക്കാൻ കഴിയാതെ പോയ കളിപ്പാട്ടങ്ങൾ സ്വന്തം വരുമാനത്തിൽ നിന്ന് വാങ്ങുന്നത് വലിയൊരു മാനസിക തൃപ്തി നൽകുന്നു. സ്റ്റാർ വാർസ്, മാർവൽ, പോക്കിമോൻ, ബാർബി, ഹാരി പോട്ടർ തുടങ്ങിയ ആഗോള പോപ്പ് കൾച്ചർ ഫ്രാഞ്ചൈസികൾ ഈ നൊസ്റ്റാൾജിയയെ കൃത്യമായി ഉപയോഗപ്പെടുത്തുന്നു. മറ്റൊന്ന് കുറച്ചു ഗൗരവമാണ്, ജോലിസ്ഥലത്തെയും ദിനംപ്രതിയുള്ള ജീവിതത്തിലെയും കടുത്ത മാനസിക സമ്മർദങ്ങളിൽ നിന്നുള്ള മോചനം! ഡിജിറ്റൽ സ്‌ക്രീനുകളിലും ജോലിയിലെ കടുത്ത മത്സരാന്തരീക്ഷത്തിലും അമർന്നിരിക്കുന്ന മുതിർന്നവർക്ക് കളിപ്പാട്ടങ്ങൾ ഒരു മികച്ച ആശ്വാസമാർഗ്ഗമാണ്. ലെഗോ സെറ്റുകൾ അടുക്കിവെക്കുമ്പോഴോ വലിയ പസിലുകൾ പൂർത്തിയാക്കുമ്പോഴോ ലഭിക്കുന്ന ഏകാഗ്രത തലച്ചോറിന് വലിയ ശാന്തത നൽകുന്നു. വിർച്വൽ ലോകത്തെ ജീവിതത്തിൽ നിന്ന് തൊട്ടറിഞ്ഞ് കളിക്കാൻ സാധിക്കുന്ന യഥാർത്ഥ കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നത് മനസ്സിന് സന്തോഷവും സമാധാനവും നൽകുമെന്ന് പഠനങ്ങൾ പറയുന്നു. വിനോദത്തോടൊപ്പം കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നത് ഹോബിയാക്കിയരും ഈ ഉപഭോക്താക്കളുടെ പട്ടികയിലുണ്ട്. അങ്ങനെ കളിപ്പാട്ട വിപണിയുടെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിവിഭാഗമായി മാറിയിരിക്കുകയാണ് കിഡൾട്ട് മേഖല.
നയം മാറ്റി കളിപ്പാട്ട ബ്രാൻഡുകളും
ഉപഭോക്താക്കളുടെ ഈ വലിയ മാറ്റം തിരിച്ചറിഞ്ഞ കളിപ്പാട്ട നിർമ്മാണ കമ്പനികൾ തങ്ങളുടെ വിപണന തന്ത്രങ്ങളിൽ വൻ അഴിച്ചുപണി നടത്തിക്കഴിഞ്ഞു. കുട്ടികൾക്ക് വേണ്ടിയുള്ള കളിക്കോപ്പുകൾ എന്നതിനപ്പുറം മുതിർന്നവരുടെ അഭിരുചിക്കനുസരിച്ചുള്ള ആഡംബര ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ കളിപ്പാട്ട കമ്പനിയായ ലെഗോ, ലെഗോ ഫോർ അഡൾട്ട്‌സ് എന്ന പേരിൽ പ്രത്യേകം സീരീസുകൾ ആരംഭിച്ചിരുന്നു. അതുപോലെ പ്രശസ്ത ആഗോള ബ്രാൻഡായ 'പോപ്പ് മാർട്ട്' തങ്ങളുടെ ബ്ലൈൻഡ് ബോക്‌സുകളിലൂടെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ വരുമാനം കോടികളിലേക്ക് ഉയർത്തിയത് ഈ മുതിർന്ന ഉപഭോക്താക്കളുടെ പിന്തുണയിലാണ്.
കണക്കുകൾ പറയുന്നത്
വിപണി ഗവേഷണ സ്ഥാപനമായ സിർക്കാനയുടെയും ടോയ് അസോസിയേഷന്റെയും കണക്കുകൾ പ്രകാരം ആഗോള കിഡൾട്ടിങ് ടോയ്‌സ് വിപണി മൂല്യം 43.4 ശതകോടി യു.എസ്. ഡോളറായി ഉയർന്നിരിക്കുകയാണ്. 2030-ഓടെ 67.86 ശതകോടി ഡോളറിലേക്ക് കുതിച്ചുയരുമെന്നാണ് ഗവേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും കളിപ്പാട്ട വില്പനയിൽ 28-31 ശതമാനത്തിന്റെയും ഉപഭോക്താക്കൾ 12 വയസ്സിന് മുകളിലുള്ള കുട്ടികളും മുതിർന്നവരുമാണ്. ടോയ് അസോസിയേഷൻ നടത്തിയ സർവേ അനുസരിച്ച്, 89 ശതമാനം മാതാപിതാക്കളും തങ്ങളുടെ പങ്കാളികൾക്കോ മറ്റ് മുതിർന്ന സൗഹൃദങ്ങൾക്കോ വേണ്ടി കളിപ്പാട്ടങ്ങൾ വാങ്ങുന്നുണ്ട്. ഇതിൽ 40 വയസ്സിൽ താഴെയുള്ള 53 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളും സ്വന്തം ആനന്ദത്തിനും ശേഖരണത്തിനുമായി പതിവായി കളിപ്പാട്ടങ്ങൾ സ്വന്തമാക്കുന്നവരാണ്. പോപ്പ് മാർട്ട്, ലെഗോ, ഹാസ്‌ബ്രോ , ബിൽഡ്-എ-ബെയർ തുടങ്ങിയ വൻകിട കളിപ്പാട്ട ബ്രാൻഡുകളുടെ ആകെ ബിസിനസ്സിന്റെ 35 മുതൽ 40 ശതമാനം ഉപഭോക്താക്കളും ടീനേജുകാരും മുതിർന്നവരുമാണ്. അതുപോലെ കുട്ടികളില്ലാത്ത കുടുംബങ്ങളിലെ മുതിർന്നവരാണ് കൂടുതലും കളിപ്പാട്ടങ്ങൾ വാങ്ങുന്നതെന്നും സിർക്കാനയുടെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. യുഎസ് കളിപ്പാട്ട വിപണിയിൽ 55 ശതമാനം ഉപയോക്താക്കളും കുട്ടികളില്ലാത്ത കുടുംബങ്ങളിൽനിന്ന് കളിപ്പാട്ടം വാങ്ങുന്നവരാണ്. 2017-ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടിയ ടോയ്സ് ആർ അസ് 120 സ്റ്റോറുകളുമായി തിരിച്ചുവരികയാണ് എന്നതുതന്നെ
കാഴ്ചപ്പാടിലുമുണ്ട് മാറ്റം
മുതിർന്നവർ കളിപ്പാട്ടങ്ങൾ വാങ്ങുന്നത് പക്വതയില്ലായ്മയുടെ ലക്ഷണമായി കണ്ടിരുന്ന കാഴ്ചപ്പാടുകൾ ഇപ്പോഴില്ല. കളിപ്പാട്ടം ഫാഷന്റെയും ട്രെൻഡിന്റെയും ഒരു ആത്മസംതൃപ്തിയുടെയും സാമ്പത്തിക സ്വതന്ത്രതയുടെയും ഭാഗമാണ് ഇന്ന്. സാമ്പത്തിക ഭദ്രതയുള്ള മുതിർന്നവർ തങ്ങളുടെ മാനസിക ആശ്വാസത്തിനും സന്തോഷത്തിനുമായി പണം ചെലവഴിക്കാൻ മടിക്കുന്നില്ല എന്നതാണ് ഈ മേഖലയിലെ വൻ കുതിച്ചുചാട്ടത്തിന് കാരണം. കളിപ്പാട്ട വിപണിയിലെ ഈ 'കിഡൾട്ട്' തരംഗം വരുംവർഷങ്ങളിലും തുടർക്കഥയാകുമെന്നും പരമ്പരാഗത വിപണി സങ്കൽപ്പങ്ങളെ അത് പൂർണമായും പുനർനിർവചിക്കുമെന്നും ഉറപ്പാണ്. മുതിർന്നവർക്കുള്ള കളിപ്പാട്ട വിൽപ്പനയിൽ 25 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. കൗമാരക്കാരുടെ എണ്ണത്തിൽ 33 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്.
Published: 25 Sept 2026, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented