ന്യൂഡൽഹി: മന്ത്രിമാർക്കും എംഎൽഎമാർക്കും എംപിമാർക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ മുസ്ലിം ലീഗ് തീരുമാനം. ഒക്ടോബർ മൂന്നിന് മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ യോഗം കോഴിക്കോട് ചേരും. ഈ യോഗത്തിൽ ലീഗ് മന്ത്രിമാർക്കുള്ള മാർഗ്ഗനിർദേശങ്ങൾ പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ വിശദീകരിക്കും.

To advertise here,

തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി സർക്കാർ വാഹനം ഒഴിവാക്കി സ്വകാര്യ വ്യക്തിയുടെ റെയ്ഞ്ച് റോവർ ഉപയോഗിച്ചത് വിവാദമായതിനെ തുടർന്നാണ് മാർഗരേഖ കൊണ്ടുവരാനുള്ള തീരുമാനം എന്നാണ് സൂചന. ഷാജിയുടെ നടപടിയിൽ ലീഗ് നേതൃത്വത്തിലെ പലർക്കും അതൃപ്തി ഉണ്ട്. എന്നാൽ, ഷാജിക്കെതിരെ സംഘടനാതലത്തിലുള്ള നടപടി ഉണ്ടാകാൻ സാധ്യതയില്ലെന്ന് മുതിർന്ന നേതാക്കൾ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.

മുസ്ലിം ലീഗ് മന്ത്രിമാരിൽ പി.കെ. കുഞ്ഞാലികുട്ടി ഒഴികെയുള്ളവർ എല്ലാം പുതുമുഖങ്ങളാണ്. എംഎൽഎമാരിലും അധികം പുതുമുഖങ്ങളാണ്. ഈ സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തികളുടെ സേവനങ്ങൾ ഉൾപ്പെടെ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട ജാഗ്രത സംബന്ധിച്ച മാർഗ്ഗരേഖ നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.