രാത്രി ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപരിചിതനായ വ്യക്തിയില്‍നിന്ന് തിരുവനന്തപുരം സ്വദേശിയായ യുവതി അശ്ലീലം കേള്‍ക്കുന്നത്. ലൈംഗികവൈകൃത പ്രയോഗം നടത്തിയ അക്രമിയുടെ വണ്ടി നമ്പര്‍ കുറിച്ച് പോലീസില്‍ പരാതി നല്‍കുകയും സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതി രാധാകൃഷ്ണനെ  പോലീസ് കണ്ടെത്തുകയും ചെയ്തു. പ്രതി തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റിനെപ്പോലെ ഉത്തരവാദിത്വപ്പെട്ട ചുമതലയില്‍ നില്‍ക്കുന്ന വ്യക്തിയാണെന്നത് പരാതിക്കാരിയെ സംബന്ധിച്ചും ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ, കേസെടുത്ത നാൾ മുതൽ പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന പ്രസ്താവനകളാണ് പ്രതിയിൽനിന്ന്‌ തുടർച്ചയായുണ്ടാവുന്നത്. എന്ത് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും, എത്ര ബുദ്ധിമുട്ട് സഹിച്ചാലും താന്‍ നേരിട്ട അപമാനത്തിനെതിരേ നിയയമപോരാട്ടം നടത്തും എന്ന ഉറച്ച വിശ്വാസത്തിലാണ് യുവതി.സംഭവദിവസവും അതിനു ശേഷവും താന്‍ നേരിടേണ്ടി വന്ന മാനസികാഘാതത്തെ കുറിച്ചും അതിജീവിനത്തെ കുറിച്ചും സംസാരിക്കുകയാണ് യുവതി.

To advertise here,

ബൈക്കിൽ പോകുമ്പോൾ അന്ന് സംഭവിച്ചത്:

"ഫെബ്രുവരി മൂന്നിന്‌ ശനിയാഴ്ച വൈകീട്ട് 7.30-ന് തിരുവനന്തപുരത്തെ  ജോലിസ്ഥലത്തുനിന്ന് വണ്ടിയോടിച്ചു പോവുകയായിരുന്നു ഞാൻ. മുണ്ടുടുത്ത് ഇരുചക്രവാഹനം ഓടിച്ച് വന്നയാൾ പെട്ടെന്നാണ് എന്നെ നോക്കി അറപ്പു തോന്നിക്കും വിധം അശ്ലീലം പറയുന്നത്. അത് കേട്ട് സ്തബ്ധയായി നില്‍ക്കുമ്പോള്‍ അല്‍പം കൂടി പരിധിവിട്ടുകൊണ്ടുള്ള വെർബൽ റേപ്പും നടത്തി. വെര്‍ബല്‍ റേപ്പിനു സമാനമായ അശ്ലീലപരാമര്‍ശമായിരുന്നു അത്. പിങ്ക് നിറമുള്ള ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു അയാളുടെ വേഷം. വണ്ടിയോടിച്ചു മുന്നോട്ടു പോയ അയാളെ ഞാന്‍ ചേസ് ചെയ്തു . 'താന്‍ പറഞ്ഞത് ഒന്നു കൂടി പറയൂ' എന്ന് പറഞ്ഞ് അയാളെ ചോദ്യം ചെയ്തു. വണ്ടി നമ്പർ ഏതാണ്ട് മനസ്സിലാക്കിയപ്പോഴേക്കും അവിടെനിന്നും അയാള്‍ വേഗത്തില്‍ വണ്ടിയോടിച്ചു പോയി.  അയാളുടെ പിന്നാലെ പോയി ഫ്‌ളൈയിങ് സ്‌ക്വാഡിനെ വിളിച്ചു വരുത്താമെന്ന് കരുതിയെങ്കിലും അപ്രതീക്ഷിതമായി അയാള്‍ ഇടറോഡിലേക്ക് വണ്ടിയോടിച്ചു പോയതോടെ ആ പദ്ധതി പാളി. പിന്നീട് പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.

ഇയാള്‍ സ്ഥിരം സ്ത്രീകളോട് അശ്ലീലം പറയുന്നവനായിരിക്കുമെന്നും പെണ്‍കുട്ടികളിൽ പലരും ഇനിയങ്ങോട്ട് ഈ അശ്ലീലത്തിനിരയാകുമെന്നതും എന്നെ ആശങ്കപ്പെടുത്തി. അതിനാല്‍തന്നെ അയാളെ പിടിക്കുക എന്നത് എന്നെ സംബന്ധിച്ച് ഒരു സാമൂഹിക ഉത്തരവാദിത്വം കൂടിയായിരുന്നു. ദുബായിലും കൊച്ചിയിലും ജോലി ചെയ്തപ്പോഴൊന്നും എനിക്കിത്തരമൊരു മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ല. രാത്രി ജോലി കഴിഞ്ഞ് എങ്ങനെയെങ്കിലും വീട്ടിലിരിക്കുന്ന കുഞ്ഞിനടുത്തെത്തണമെന്ന ചിന്തയിൽ നിൽക്കുമ്പോഴാണ് ഈ വക ലൈംഗിക വൈകൃത വര്‍ത്തമാനങ്ങള്‍ പൊതുവിടത്തില്‍നിന്നു  എനിക്ക് കേള്‍ക്കേണ്ടി വന്നത്. പരിസരത്തെ ഗേള്‍സ് സ്‌കൂളിലെ കുട്ടികളോടും ഇയാളിനി അശ്ലീലം പറയുമല്ലോ എന്ന ചിന്ത എന്നെ അലട്ടി. ആദ്യം ഭർത്താവിനെ വിളിച്ചു. അയാളെ വെറുതെ വിടരുതെന്ന ധൈര്യം ആദ്യം നല്‍കുന്നത് ഭര്‍ത്താവാണ്. ഇയാള്‍ ഇനി ഇതാവര്‍ത്തിക്കരുതെന്ന ബോധ്യത്തില്‍ വീട്ടിലെത്തിയ ഉടന്‍ ഡി.സി.പിയെ വിളിച്ചു. വീട്ടിലേക്ക് പോലീസിനെ വിടാമെന്ന് പറഞ്ഞെങ്കെിലും ഞങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ ഞാൻ നേരിട്ട് പോലീസ് സ്‌റ്റേഷനിലേക്ക് പോയി. ആ സമയത്ത് അപ്രതീക്ഷിതമായി എത്തിയ സുഹൃത്തും എനിക്കൊപ്പം സ്‌റ്റേഷനിലേക്ക് വന്നു. മനസ്സില്‍ കുറിച്ച് വെച്ച വണ്ടി നമ്പര്‍ പോലീസിന് നല്‍കി. അയാളുടെ ഏതാണ്ടുയരവും രൂപവും ഇട്ട വസ്ത്രത്തിന്റെ വിവരവുമെല്ലാം പറഞ്ഞു കൊടുത്തു. മുഴുവനായി മുഖം മറക്കാത്ത ചട്ടിത്തലയുള്ള ഹെല്‍മറ്റായതിനാല്‍ അയാളുടെ മുഖം വ്യക്തമായി ഞാന്‍ കണ്ടിരുന്നു. ഈ എല്ലാ വിവരങ്ങളും ഞാന്‍ പോലീസിന് നല്‍കി. 

സിസിടിവി കേന്ദ്രീകരിച്ചുള്ള  പോലീസ് അന്വേഷണം 

ഏത് സമയത്താണ് സംഭവം നടന്നതെന്ന് കൃത്യമായി മനസസിലായത് പെട്രോള്‍ പമ്പില്‍ ഗൂഗിള്‍ പേ ചെയ്ത സമയം മനസ്സിലാക്കിയാണ്. അത് കഴിഞ്ഞ് രണ്ട് മിനുട്ടിനുള്ളിലാണ് കാര്യങ്ങളെല്ലാം സംഭവിക്കുന്നത്. ഈ സമയകൃത്യത പോലീസിനെ സിസിടിവി നോക്കി ആളെ കണ്ടെത്താൻ സഹായിച്ചു. ഒരാളെ കാമറ വിഷ്വല്‍ നോക്കി ട്രേസ് ചെയ്തു തിരിച്ചറിയാനായി പോലീസ് എന്നെ വിളിപ്പിച്ചെങ്കിലും അയാളല്ലായിരുന്നു. നേരില്‍ കണ്ടാല്‍ കൃത്യമായി തിരിച്ചറിയാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു ആദ്യം കാണിച്ചയാളല്ല എന്ന് ഞാൻ തീർത്തു പറഞ്ഞു. ഒരു ദിവസം പ്രതിയെന്ന് സംശയിക്കുന്ന മറ്റൊരാളുടെ ഫോട്ടോ പോലീസ് അയച്ചു തന്നു. അതയാളു തന്നെയായിരുന്നു. ഒന്നു കൂടി ഉറപ്പിക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തി തിരിച്ചറിയാമെന്ന് പോലീസ് പറഞ്ഞു. പല തവണ സമയം മാറ്റിയ തിരിച്ചറിയല്‍ പിന്നീട് വൈകിട്ട് നടത്താമെന്ന് പോലീസ് വിളിച്ചറിയിച്ചു. പനിക്കിടക്കയിലായിരുന്നു അപ്പോള്‍ ഞാന്‍. വണ്ടിയോടിച്ചു പോകാന്‍ കഴിയാത്ത ഞാന്‍ ഊബര്‍ വിളിച്ചാണ് അന്ന് പോലീസ് സ്‌റ്റേഷനിലേക്ക് പോയത്. പക്ഷെ എന്റെതല്ലാത്ത കാരണങ്ങളാല്‍ അന്നത്തെ തിരിച്ചറിയല്‍ പോലീസ് മാറ്റി വെച്ചു. എന്തോ ഇടപെടല്‍ നടക്കുന്നുണ്ടോ എന്ന ഭയം എന്നെ അലട്ടി. പ്രതിയെ പിടികൂടുന്നത് വൈകുന്നതില്‍ മനസ്സ് മടുത്ത് കേസ്സവസാനിപ്പിക്കുകയാണെന്ന് അന്ന് പോലീസിനെ വിളിച്ചറിയിച്ചു. എന്റെ നിരാശ ഞാന്‍ ഡി.സി.പിയെ വിളിച്ചറിയിച്ചു. പിന്നീട് പോലീസ് എന്നെ വിളിക്കുകയും അയാള്‍ ഹാജരാവാത്തതുകൊണ്ടാണ് പല തവണയായി തിരിച്ചറിയല്‍ മാറ്റിവെക്കേണ്ടി വന്നതെന്നും അറിയിച്ചു.

ഒടുവില്‍ അഞ്ചരക്ക് ഡോക്ടറുടെ അടുത്ത് നിന്ന് വന്ന് ഞാന്‍ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ വെച്ച് മാറി നിന്നു കൊണ്ട് ആളെ തിരിച്ചറിഞ്ഞു. ഉറപ്പാണോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ നൂറ് ശതമാനം ഉറപ്പാണെന്ന് ഞാന്‍ പറഞ്ഞു. ഉള്ളില്‍നിന്ന് തികട്ടി വന്ന ദേഷ്യം തിളച്ച് അയാൾക്ക് ഒരൊറ്റയടി വെച്ചു കൊടുക്കാനാണ് എനിക്കാദ്യം തോന്നിയത്. ആ നിമിഷം അവിടെ വെച്ചാണ് ഇയാളുടെ പേര് രാധാകൃഷ്ണനാണെന്നും പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആണെന്നും ഇയാളുടെ പേരില്‍ നിലവില്‍ കേസുണ്ടെന്നും അറിയുന്നത്. അയാള്‍ കുറ്റം സമ്മതിച്ചുവെന്നാണ് ഡി.സി.പിയും അന്ന് എന്നോട് പറഞ്ഞത്. കേസെടുത്ത ശേഷം വാർത്ത പലതിലും വരുന്നത് അങ്ങനെയാണ് പുറം ലോകം ഇക്കാര്യമറിയുന്നത്.

എന്റെ സഹോദരൻ മരിച്ചിട്ട് 60 ദിവസം ആകുമ്പോഴാണ് ഇത്തരം മാനസികാഘാതങ്ങളിലൂടെ എനിക്ക് കടന്നു പോവേണ്ടി വന്നതെന്നത് മറ്റൊരു കാര്യം.

ഒരുവിധം ഇതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടു പോവുമ്പോഴാണ് പ്രസ്‌ ക്ലബ്ബിന്റെ ഗ്രൂപ്പില്‍ അയാള്‍ എന്നെ വ്യക്തിഹത്യ ചെയ്ത് പ്രസ്താവന ഇറക്കുന്നത് ഞാനറിയുന്നത്. തന്നെയും തന്റെ പ്രസ്ഥാനത്തെയും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയുള്ള വ്യാജ കേസാണെന്നും ആരോ ഒരാള്‍ കാറില്‍നിന്ന് അസഭ്യം പറഞ്ഞത് അയാളാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചതാണെന്നുമുള്ള പച്ചനുണയാണ് അയാള്‍ പ്രചരിപ്പിച്ചത്. ഇരുചക്ര വാഹനത്തില്‍ വന്നവര്‍ തമ്മില്‍ തര്‍ക്കമെന്ന മട്ടില്‍ അയാള്‍ കാര്യങ്ങള്‍ വളച്ചൊടിക്കാനും ശ്രമിച്ചു. എന്റെ കാതും എന്റെ കണ്ണും എന്നെ ചതിക്കില്ല എന്നാണ് എനിക്ക് പൊതുസമൂഹത്തോട് പറയാനുള്ളത്". 

ഇപ്പോൾ നടക്കുന്നത് അതിനീചമായ വ്യക്തിഹത്യ

പരാതിക്കാരിയായ  എന്റെ പേര് എന്തെല്ലാമോ സ്വാധീനം ഉപയോഗിച്ച് പ്രതി മനസ്സിലാക്കി എന്ന് ഞാൻ തിരിച്ചറിഞ്ഞത് എനിക്ക് വന്ന പലവിധയാളുകളുടെ ഫോൺകോളിൽ നിന്നാണ്. പരാതിയുമായി മുന്നോട്ടു പോവുന്ന എന്നെ നിരുത്സാഹപ്പെടുത്തുന്ന അവരുടെ വാക്കുകൾ എന്നെ അസ്വസ്ഥപ്പെടുത്തി. ചെറിയ കുട്ടിയുള്ളതിനാല്‍ പലരുടെയും മുന്നറിയിപ്പുകളിൽ ഭയന്ന് എനിക്ക് സ്വന്തം വീട്ടില്‍ തങ്ങാന്‍ ഭയമായി. അവധിയെടുത്ത് 17 ദിവസത്തോളം മംഗലാപുരത്ത് പോയി താമസിക്കേണ്ടി വന്നു.  ദുബായിലും മറ്റും ജോലി ചെയ്തിരുന്നപ്പോള്‍ രാത്രി രണ്ട് മണി വരെ ഒരു പ്രയാസവുമില്ലാതെ സഞ്ചരിച്ചയാളാണ് ഞാന്‍. ഇന്നലെ ഓഫീസിലെ ജോലി കഴിഞ്ഞ് 9 മണിക്കു പുറത്തിറങ്ങുമ്പോൾ എനിക്ക് ഭയമായിരുന്നു. ഈ സംഭവ ശേഷം രാത്രി സഞ്ചരിക്കാന്‍ എനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥയും ഭീതിയുമാണ്. വീട്ടിലേക്ക് കുറുക്ക് വഴിയുണ്ടായിട്ടും പോലീസ് പട്രോളിങ്ങും നല്ല വെളിച്ചവുമുള്ള റോഡിലൂടെയെ ഇപ്പോള്‍ പോകാറുള്ളൂ. ഈ രീതിയിൽ അതിജീവിച്ച് മുന്നോട്ടു പോകുമ്പോഴാണ് വ്യക്തിഹത്യ ചെയ്തുകൊണ്ടുള്ള പ്രസ്താവന ഉണ്ടാവുന്നത്.

'കേസുമായി മുന്നോട്ടു പോയാല്‍ കുറെ ബുദ്ധിമുട്ടേണ്ടി വരും, കോടതി കയറി ഇറങ്ങേണ്ടി വരും' എന്ന 'സ്‌നേഹോപദേശങ്ങള്‍'ക്കിടയിലും എന്തൊക്കെ സംഭവിച്ചാലും നേരിട്ട അപമാനത്തിന് എതിരേ നിയമപരമായി പോരാടാന്‍ തന്നെയാണ് എന്റെ തീരുമാനം". യുവതി പറയുന്നു

വ്യക്തിഹത്യകൾ ഇപ്പോഴും തുടരുകയാണ്. "സ്ത്രീയുടെ പരാതിക്ക് തെളിവ് ശേഖരിക്കാന്‍ പോലീസിന്റെ 7 ക്യാമറകളും നാട്ടുകാരുടെ 11 ക്യാമറകളും കഴിഞ്ഞ ഒരു മാസമായി പോലീസ് തലങ്ങും വിലങ്ങും പരിശോധിച്ചു. അതിലൊന്നും എന്റെ ഭാഗത്ത് ഒരു പിശകും ഉണ്ടായിട്ടില്ലെന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു" എന്നാണ് രാധാകൃഷ്ണൻ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസ്താവനയിലെ ഒരുഭാഗം. ഈ പ്രസ്താവനയില്‍ ചില പ്രശ്‌നങ്ങളുണ്ട്. സിസിടിവി പരിശോധിച്ച് ഒന്നും പോലീസിന് ലഭിച്ചില്ല എന്നകാര്യവും പെണ്‍കുട്ടി ഇയാളെ പ്രതിയായി തെറ്റിദ്ധരിച്ചു എന്നതും തെറ്റിദ്ധരിപ്പിക്കുന്നതാണ്. സിസിടിവി നോക്കി പോലീസാണ് പ്രതിയെ കണ്ടെത്തുന്നത്. അപരിചിതനായ ആള്‍ എന്നാണ് യുവതി ആദ്യം നല്‍കിയ പരാതി. പോലീസ് സിസിടിവി ഉപയോഗിച്ച് രാധാകൃഷ്ണനെ കണ്ടെത്തുകയും യുവതി അയാളെ വ്യക്തമായി തിരിച്ചറിഞ്ഞതിനും ശേഷമാണ് അയാള്‍ക്കെതിരേ പോലീസ് കേസെടുക്കുന്നത്. വസ്തുത ഇങ്ങനെയാണെന്നിരിക്കെയുള്ള മറുപ്രചാരണങ്ങൾ വ്യക്തിഹത്യയാണ്

 ഇതിനു പുറമെ പ്രസ്താവനകളിലൊന്നടങ്കം തെറിയെന്നാണ് പ്രതി പരാമര്‍ശിക്കുന്നത്. അത് തെറിയല്ല പകരം തന്റെ ശരീരം നോക്കിയുള്ള അങ്ങേയറ്റം അശ്ലീലമാണ് അയാള്‍ പറഞ്ഞതെന്നാണ് യുവതി സാക്ഷ്യപ്പെടുത്തുന്നത്. വെര്‍ബല്‍ റേപ്പിനു തുല്യമായ അശ്ലീല പ്രയോഗമാണയാള്‍ നടത്തിയത്. തന്റെ ശരീരം നോക്കിയുള്ള അശ്ലീല പരാമര്‍ശത്തെ നടുറോഡില്‍ വെച്ച് കേള്‍ക്കേണ്ടി വന്ന ട്രോമയില്‍നിന്ന് മുക്തമാവുന്നതിനു പുറമെയാണ് വ്യാജവാർത്തയും മറ്റും സൃഷ്ടിച്ച്‌ പ്രതി തനിക്കെതിരേ വ്യക്തിഹത്യ നടത്തുന്നതെന്നും അതിജീവിത പറഞ്ഞു.